
ടുറിസ്റ്റിക് ഡോഗു എക്സ്പ്രെസി | Photo: Screengrab, youtu.be/E6Srh5nicqE
ട്രെയിൻ യാത്രകൾ നല്കുന്ന അനുഭവങ്ങൾ ചില്ലറയല്ല. പലതരം ജീവിതങ്ങളെ ഒരുമിച്ച് കാണാം നമുക്കതിനുള്ളിൽ. തുർക്കിയിലെ മഞ്ഞുമൂടിയ യൂഫ്രട്ടീസ് പീഠഭൂമിയിലൂടെയുള്ള തീവണ്ടിയാത്ര അത്തരത്തിൽ അത്യന്തം വ്യത്യസ്തമായ ഒന്നാണ്. ടുറിസ്റ്റിക് ഡോഗു എക്സ്പ്രെസി എന്നാണ് ഈ തീവണ്ടിക്ക് നൽകിയിരിക്കുന്ന പേര്.
1300 കിലോമീറ്ററാണ് ആകെ ദൂരം. 32 മണിക്കൂർ വരും യാത്ര പൂർത്തിയാക്കാൻ. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നിന്ന് കാർസിലേക്കാണ് മലമടക്കുകളിലൂടെയുള്ള ഈ സാഹസികയാത്ര. അർമേനിയ, ജോർജിയ എന്നിവയുമായി തുർക്കി അതിർത്തി പങ്കിടുന്ന പുരാതന നഗരമാണ് കാർസ്.
കൊറോണ വ്യാപനം കാരണം സർവീസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിർത്തിവച്ചു. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പൂർവാധികം ശക്തിയോടെ തീവണ്ടി തിരിച്ചെത്തിയിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് താരതമ്യേന വിലയേറിയതാണെങ്കിലും മിനിറ്റുകൾക്കുള്ളിലാണ് വിറ്റുതീരുന്നത്.
അങ്കാറ-കാർസ് ലൈൻ ലോകത്തിലെ ഏറ്റവും മനോഹരമായ നാല് ട്രെയിൻ ലൈനുകളിൽ ഒന്നായാണ് ട്രാവൽ റൈറ്റർമാർ കണക്കാക്കുന്നതെന്ന് ടർക്കിഷ് സ്റ്റേറ്റ് റെയിൽവേ ഡയറക്ടർ ഹസൻ പെസുക്ക് എഎഫ്പിയോട് പറഞ്ഞു.
മഞ്ഞുമൂടിയ മലനിരകൾ ദൃശ്യമാവുന്നതിന് കണക്കാക്കി ഡിസംബർ 30 മുതൽ മാർച്ച് 31 വരെ ആഴ്ചയിൽ രണ്ടു തവണയാണ് ട്രെയിൻ ഓടുന്നത്. റഷ്യയുടെ ട്രാൻസ്-സൈബീരിയൻ റെയിൽവേയുടെ ഒരു ചെറിയ പതിപ്പാണ് ഇതിന്റെ യാത്രാമാർഗമെന്ന് എഞ്ചിനീയർ ഫാത്തിഹ് യൽസിൻ പറയുന്നു.
കമ്പാർട്ട്മെന്റിനെ ആശ്രയിച്ച്, പ്രാർത്ഥനയോ മദ്യമോ ഉണ്ടാവും. ഡൈനിംഗ് കാറിൽ, ഒരു നൈറ്റ്ക്ലബ് സ്റ്റൈൽ മിറർ ബോളിന് കീഴിൽ ഉല്ലാസക്കാർക്ക് രാത്രി മുഴുവൻ വിരുന്നു കഴിക്കാം. മധുരപലഹാരങ്ങളടക്കം. വേഗമേറിയ മറ്റൊരു ട്രെയിൻ ഏകദേശം 20 മണിക്കൂറിനുള്ളിൽ ഇതേ റൂട്ടിലൂടെ ഓടുന്നുണ്ട്. അതിന് പക്ഷേ എക്സ്പ്രെസിയുടെ അത്രയും ആഘോഷവും ദൃശ്യമനോഹാരിതയും നൽകുന്നില്ല.
കയ്സേരി, ശിവാസ്, എർസിങ്കാൻ, എർസുറം തുടങ്ങിയ അതിമനോഹരവും എന്നാൽ കടന്നുചെല്ലാനും എത്തിപ്പിടിക്കാനും പ്രയാസമുള്ളതുമായ പ്രവിശ്യകളിലൂടെയുള്ള യാത്രയുടെ ആവേശം യാത്രക്കാരിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എർസുറം എന്ന 1945 മീറ്റർ ഉയരത്തിലുള്ള പ്രദേശമാണ് തീവണ്ടിയുടെ അവസാന സ്റ്റോപ്പ്.
Content Highlights: turkish party train, Euphrates plateaus, train from Ankara to Kars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..