വധിക്കാലത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് കുടുംബവുമൊത്തുള്ള യാത്രകള്‍. ജോലിക്കാരായ മാതാപിതാക്കള്‍ ദീര്‍ഘദൂര യാത്രകള്‍ തീരുമാനിക്കുന്നതും മക്കളുടെ അവധികള്‍ കണക്കിലെടുത്താണ്. ഏപ്രില്‍ - മേയ് മാസങ്ങളിലാണ് കൂടുതല്‍ യാത്രകളും. എന്നാല്‍, ഇക്കുറി ചൂട് പ്രധാന തടസ്സമാണ്. ഇലക്ഷന്‍ പ്രചാരണ തിരക്കുകളും യാത്രാപ്രേമികളെ വലയ്ക്കും. എറണാകുളത്തും പരിസര ജില്ലകളിലുമായി ഒന്നോ, രണ്ടോ ദിവസംകൊണ്ട് പോയിവരാവുന്ന നിരവധിയിടങ്ങളുണ്ട്. എന്നാല്‍, ചൂട് കണക്കിലെടുത്തു വേണം കുട്ടികളെയുംകൊണ്ട് അത്തരം സ്ഥലങ്ങളിലേക്ക് പോകാന്‍. കുടിവെള്ള ക്ഷാമംകൊണ്ട് പല വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശകരെ കുറയ്ക്കുകയാണ്.

കായല്‍ക്കാഴ്ചകളുമായി കുട്ടനാട്

യാത്രാപ്രിയരുടെ പ്രിയ ഇടമാണ് കുട്ടനാട്. കായല്‍ക്കാഴ്ചകളും മികച്ച രുചിയിടങ്ങളുമാണ് പ്രത്യേകത. കായലില്‍ കെട്ടുവള്ളങ്ങളിലും തോണികളിലും ശിക്കാര വള്ളങ്ങളിലും ചുറ്റാം. ബോട്ടില്‍ യാത്രചെയ്യണമെന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ വക ബോട്ടുണ്ട്. കൈനകരിയുടെ പല ഭാഗങ്ങളിലായുള്ള ബോട്ട് ജെട്ടികളില്‍ എവിടെനിന്നു വേണമെങ്കിലും കയറാം. വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. തുരുത്തും അതിന് ചുറ്റുമുള്ള കൈത്തോടുകളുമാണ് കൈനകരിയുടെ ആകര്‍ഷണം. വേമ്പനാട്ട് കായലിലൂടെയുള്ള യാത്ര മനോഹരമായ കാഴ്ചാനുഭവമായിരിക്കും. കായലരികത്തുതന്നെയുള്ള ഓലമേഞ്ഞ കടകളില്‍ തനി നാടന്‍ ഭക്ഷണം കിട്ടും. കുത്തരിച്ചോറ്, താറാവ് കറി, കരിമീന്‍ തുടങ്ങിയ തനത് കുട്ടനാടന്‍ രുചി.

Kuttanadu

ഹില്‍ സ്റ്റേഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നെല്ലിയാമ്പതി

പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് നെല്ലിയാമ്പതി. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് ഇവിടേക്ക് 75 കിലോമീറ്ററോളം ദൂരമുണ്ട്. സ്വന്തം വാഹനങ്ങളിലും കെ.എസ്ആര്‍.ടി.സി. ബസുകളിലും ഇവിടേക്ക് വരാവുന്നതാണ്. തൃശ്ശൂര്‍ സ്റ്റാന്‍ഡില്‍നിന്ന് ഉച്ചയ്ക്ക് 12.55-ന് ഒരു ബസുണ്ട് നെല്ലിയാമ്പതിയിലേക്ക്. നെല്ലിയാമ്പതി മലമ്പ്രദേശങ്ങളില്‍ ജീപ്പുകളാണ് പിന്നീട് പൊതുവെയുള്ള ഗതാഗത മാര്‍ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിലാണ് കൊണ്ടുവരുന്നത്. നെല്ലിയാമ്പതിയിലേക്ക് പോകുന്ന വഴിയിലാണ് പ്രശസ്തമായ പോത്തുണ്ടി ഡാം സ്ഥിതിചെയ്യുന്നത്.

Nelliyambathy

പാമ്പാടുംചോല വഴി വട്ടവടയിലേക്ക്

തണുപ്പുതേടിയുള്ള യാത്ര സഞ്ചാരികളെ പാമ്പാടുംചോലയിലെത്തിക്കും. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള റൂട്ടില്‍ 35 കിലോമീറ്റര്‍ പോയാല്‍ പാമ്പാടുംചോലയിലെത്താം. പ്രഭാതക്കാഴ്ചകള്‍ മനോഹരമാണ്. യൂക്കാലിത്തോട്ടങ്ങളും മലനിരകളും പുല്‍മേടുകളും. മരനായയാണ് ഇവിടത്തെ അപൂര്‍വ കാഴ്ച. ആനയും കടുവയും ഒക്കെയുള്ള വനം. കെ.എഫ്.ഡി.സി. ഇവിടെ താമസസൗകര്യവും െട്രക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോഗ് ഹൗസ് (തടി കൊണ്ടുള്ള വീട്), മഡ് ഹൗസ് (മണ്ണുകൊണ്ടുള്ളത്,), ഡോര്‍മിറ്ററി തുടങ്ങിയ താമസസൗകര്യങ്ങളുണ്ട്. 15 പേര്‍ക്ക് താമസിക്കാനുള്ള അമിനിറ്റി സെന്ററുകളുമുണ്ട്. ഡോര്‍മിറ്ററിയില്‍ മുപ്പത് പേര്‍ക്ക് താമസിക്കാം. ചെക്ക് പോസ്റ്റില്‍നിന്ന് തുടങ്ങി അഞ്ച് കിലോമീറ്ററോളം നീളുന്നതാണ്‌ െട്രക്കിങ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോട്ട് കോം എന്ന സൈറ്റില്‍നിന്ന് ബുക്ക് ചെയ്യാം. പാമ്പാടുംചോലയില്‍നിന്ന് ഏഴു കിലോമീറ്ററേ വട്ടവടയിലേക്കുള്ളു. ശീതകാല പച്ചക്കറി കൃഷികളാണ് ഇവിടത്തെ കാഴ്ചകള്‍. സ്‌ട്രോബറി, പാഷന്‍ ഫ്രൂട്ട്, കാരറ്റ്, കാബേജ് തുടങ്ങിയവയാണ് പ്രധാന കൃഷികള്‍. തട്ടുതട്ടായുള്ള പച്ചക്കറികൃഷി കാഴ്ചകള്‍ സുന്ദരമാണ്.

Vattavada

കുമരകത്ത് ദേശാടനക്കിളികളെ കാണാം

കോട്ടയത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് കുമരകം. വേമ്പനാട്ടുകായലിനോടു ചേര്‍ന്നുള്ള കുമരകം, വിദേശികളുടെ ഇഷ്ടയിടമാണ്. ഒരുകൂട്ടം ചെറു ദ്വീപുകളായാണ് ഈ സ്ഥലം കാണപ്പെടുന്നത്. 14 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കുമരകത്തെ പക്ഷിസങ്കേതം കുട്ടികളെ ആകര്‍ഷിക്കും. കായല്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഹൗസ് ബോട്ടുകളുമുണ്ട്. നവംബര്‍ മുതല്‍ മേയ് വരെ ഇവിടെ ദേശാടനപ്പക്ഷികള്‍ കൂട്ടമായി എത്തും. സമീപത്തുള്ള കൈപ്പുഴമുട്ട്, പാതിരാമണല്‍, നാരകത്തറ, തൊള്ളായിരം കായല്‍, പൂതപ്പാണ്ടി കായല്‍ തുടങ്ങിയ സ്ഥലങ്ങളും പക്ഷിസങ്കേതത്തിന്റെ ഭാഗമാണ്. പക്ഷിസങ്കേതത്തിനു സമീപം കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ റിസോര്‍ട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രവേശനം. കുമരകത്തെ മീന്‍ രുചികളും പ്രസിദ്ധമാണ്.

Kumarakom

സാഹസികപ്രിയര്‍ക്ക് മീശപ്പുലിമല

മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ട് അധികമായിട്ടില്ല. സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. പശ്ചിമഘട്ട മലനിരകളില്‍ ആനമുടിക്ക് ശേഷം ഏറ്റവും ഉയരം കൂടിയ കൊടുമുടി. കുളുക്കുമല, എല്ലപ്പെട്ടി, അരുവിക്കാട് എന്നിവിടങ്ങളിലൂടെ ഇവിടെയെത്താം. ഇവിടെനിന്ന് മൂന്നാര്‍ വഴി സൈലന്റ് വാലിയിലും സൂര്യനെല്ലി വഴി കുളുക്കുമലയിലും എത്താം. മൂന്നാറിലൂടെ വനംവകുപ്പ് ഇവിടേക്ക്‌ െട്രക്കിങ് സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. മീശയുടെ രൂപത്തിലുള്ള മലനിരകളായതിനാലാണ് മീശപ്പുലി മല എന്ന പേരുവന്നത്. വഴി ദുര്‍ഘടം പിടിച്ചതായതിനാല്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Meeshappulimala

ചിമ്മിണി വന്യജീവി സങ്കേതം

തൃശ്ശൂരിലെ പ്രശസ്തമായ ഇക്കോ ടൂറിസം കേന്ദ്രമാണ് ചിമ്മിണി വന്യജീവി സങ്കേതം. നെല്ലിയാമ്പതിയുടെ പടിഞ്ഞാറന്‍ ചരിവിലാണ് ഇത്. മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂരിലാണ് ചിമ്മിണി വന്യജീവി സങ്കേതം. വേനലിലും തണുപ്പ് നിലനിര്‍ത്താന്‍ തക്ക സസ്യസമ്പത്ത് ഇവിടെയുണ്ട്. ആന, പുലി, കടുവ എന്നിവ സംരക്ഷിക്കപ്പെടുന്നു. ചിമ്മിണി നദിക്ക് കുറുകെ 75 മീറ്റര്‍ ഉയരത്തില്‍ ഒരു ഡാമുണ്ട്. ഇവിടെ നിന്നുള്ള തടാകക്കാഴ്ച മനോഹരമാണ്. താമസിക്കണമെന്നുള്ളവര്‍ക്ക് ഡോര്‍മിറ്ററി, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

Nelliyambathi

ഉയരം ഇഷ്ടപ്പെടുന്നവര്‍ക്ക് രാമക്കല്‍മേട്

കാറ്റാടിയന്ത്രങ്ങളുടെ നാട്. ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കാറ്റുള്ള പ്രദേശങ്ങളിലൊന്നാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയിലാണിത്. തമിഴ്നാട്-കേരള അതിര്‍ത്തിപ്രദേശം. തേക്കടിയില്‍ നിന്ന് 40 കി.മീ അകലെ. ഏതു വേനലിലും തണുത്ത കാറ്റടിക്കുന്ന മലകളാണ് സഞ്ചാരികളെ വരവേല്‍ക്കുക.

Ramakkalmedu

സന്ധ്യയായാല്‍ മഞ്ഞുമൂടിയ സുന്ദരമായ ആകാശക്കാഴ്ച. മലമുകളില്‍നിന്ന് നോക്കിയാല്‍ തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍ കാണാം. 300 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ പാറയാണ് പ്രധാന ആകര്‍ഷണം.

Content Highlights: Summer Vacation, Kerala Tourists Destinations, Mathrubhumi Yathra