-
പര്‍വതങ്ങളെ പ്രണയിക്കുന്നവരും ട്രെക്കിങ് ഭ്രാന്തുള്ളവരും നേപ്പാള്‍ തിരഞ്ഞെടുക്കുന്നത് സ്വാഭാവികം. എവറസ്റ്റും അന്നപൂര്‍ണ സര്‍ക്യൂട്ടുമൊക്കെയാണ് നേപ്പാള്‍ യാത്രികരുടെ ലിസ്റ്റില്‍ പ്രധാനം. ഈ വഴികളൊക്കെ സീസണുകളില്‍ സന്ദര്‍ശകരേക്കൊണ്ട് നിറഞ്ഞുകവിയും. അതിന് നേരെ വിപരീതമായി ലോകസഞ്ചാരികള്‍ അത്രയേറെ കടന്നുചെല്ലാത്ത ഒരിടമാണ് ലാങ്താങ്. അസാധാരണമായ ആ വഴികളിലൂടെ യാത്ര പോകാം, ലാങ്താങ്ങിന്റെ വിശുദ്ധിയില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കാണാം.
ലാങ്താങ് താഴ് വരയ്ക്ക് ഒരു ഓമനപ്പേരുണ്ട്, ഹിമാനികളുടെ താഴ് വര. കാഠ്മണ്ഡുവിന് 19 മൈല്‍ വടക്ക് ടിബറ്റന്‍ അതിര്‍ത്തിയോടുചേര്‍ന്നാണ് ഈ ഇടം. നേപ്പാളിലെ ഏറ്റവും പ്രധാനമായ മൂന്നാമത്തെ ട്രെക്കിങ് റൂട്ടാണിത്. 7246 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു മൗണ്ട് ലാങ്താങ് ലിറൂങ്ങ്. പ്രകൃതിയുടെ മനോഹര ഭൂമികയാണിത്.പുല്‍ത്തകിടികളും പൈന്‍മരക്കാടുകളും മുളങ്കൂട്ടങ്ങളും നിമ്‌നോന്നതമായ പാറക്കൂട്ടങ്ങളും കുപ്രസിദ്ധമായ ക്യാന്‍ജിന്‍ ഗൊംപയിലേക്കുള്ള മഞ്ഞുതൊപ്പിയണിഞ്ഞ മലനിരകളും.... ലാങ്താങ് സഞ്ചാരികള്‍ക്കായി ഏറെ കാത്തുവച്ചിട്ടുണ്ട്.
ലാങ്താങ് താഴ് വരയിലേക്കുള്ള വഴിയിലുടനീളം ടിബറ്റന്‍സിന്റെയും തമാങ്ങുകാരുടെയും ഷേര്‍പ്പകളുടെയും വാസസ്ഥലങ്ങളും കാണാം. നിരവധി ബുദ്ധിസ്റ്റ് മൊണാസ്ട്രികളും നിറങ്ങള്‍ ചാര്‍ത്തിയ ബുദ്ധസ്തൂപങ്ങളും ഇളകിയാടുന്ന പ്രാര്‍ത്ഥനാപതാകകളും ടിബറ്റന്‍ രീതിയിലുള്ള വീടുകളും കാണാം. ഈ കാഴ്ചകളും നിമ്‌നോന്നതമായ വഴിത്താരകളും മനസില്‍ പ്രശാന്തതയും സമാധാനവും നിറയ്ക്കും.
ലാങ്താങ്ങിലെ തനത് ഗ്രാമങ്ങള്‍ സാംസ്‌കാരിക വൈവിധ്യങ്ങളുടേയും ബുദ്ധിസത്തില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടേയും പാരമ്പര്യത്തിന്റെയും മനോഹരമായ അനുഭവങ്ങള്‍ സമ്മാനിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവരുടെ സാംസ്‌കാരികമായ അനുഷ്ഠാനങ്ങളെ ഇന്നും ആധുനികത കളങ്കപ്പെടുത്തിയിട്ടില്ല. താഴ് വരയില്‍ നിന്നാല്‍ ദോര്‍ജി ലക്പ, മൗണ്ട് ഹരിശങ്കര്‍, മൗണ്ട് ഗണേഷ് ഹിമാല്‍, ലാങ് ഹിഷ റി, ഗാങ്‌ചെന്‍പോ, യാലാ കൊടുമുടി, നയാ കങ്ക തുടങ്ങി ട്രെക്കിങ് പ്രേമികളുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന കാഴ്ചകള്‍ വേറെയുമുണ്ട്.
ത്രിശൂലി നദിയുടെ തീരത്തുകൂടിയണ് ലാങ്താങ് ട്രെക്കിങ്. 1600 മീറ്റര്‍ ഉയരമുള്ള സഫ്രു ബെന്‍സിയയില്‍ നിന്നാണ് ട്രെക്കിങ് പാതയുടെ തുടക്കം. ത്രിഭുവന്‍ ഹൈവേയിലെ വളവുകള്‍ പിന്നിട്ട് മുന്നോട്ടുള്ള ഞങ്ങളുടെ യാത്ര മലനിരകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ പ്രദേശത്താണ് അവസാനിച്ചത്. അവിടെ നിന്ന് ലാമാ ഹോട്ടലിലെത്താന്‍ ഒരു വനപ്രദേശം പിന്നിടണം. വിവിധങ്ങളായ ചെറുസസ്യങ്ങളും മരങ്ങളും ഇടതിങ്ങി വളര്‍ന്ന് സുന്ദരമായ പച്ചനിറമാര്‍ന്ന ആ വനത്തിലൂടെയുള്ള വഴി എത്തിച്ചേരുന്നത് ലാങ്താങ് ഗ്രാമത്തിലാണ്. കയറ്റം കയറവേ മിക്കപ്പോഴും മരങ്ങള്‍ക്കിടയിലൂടെ ലാങ്താങ് ലിറൂങ് കൊടുമുടിയുടെ ദൃശ്യം കണ്‍മുന്നില്‍ തെളിഞ്ഞുവന്നു.
പതിയെ കയറ്റം കയറിയ താഴ് വരയുടെ വിശാലത കൂടിവരുന്നു. വഴിയില്‍ ഇടയന്മാരുടെ താത്കാലിക താമസസ്ഥലങ്ങള്‍ കാണാം. തങ്ങളുടെ കര്‍ശനനിരീക്ഷണത്തില്‍, ആല്‍പൈന്‍ നിറഞ്ഞ വിശാലമായ പുല്‍മേടുകളില്‍ പശുക്കളേയും കുതിരകളേയും യാക്കുകളേയും മേയാന്‍ വിട്ട് കാത്തിരിക്കുകയാണവര്‍. ലാങ്താങ് ഗ്രാമം കടന്ന് മുന്നോട്ടുപോകുമ്പോള്‍ താഴ് വര കൂടുതല്‍ വിശാലമാകും. ചെറിയ ഗ്രാമങ്ങളും യാക്കുകള്‍ മേയുന്ന പുല്‍ത്തകിടികളും പിന്നിട്ടുള്ള യാത്ര. ചെറു അരുവികളും പാറക്കൂട്ടങ്ങളും കടന്ന് ക്യാന്‍ജിനിലെത്തി. ഇവിടെയാണ് പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മൊണാസ്ട്രിയായ ക്യാന്‍ജിന്‍ ഗൊംപ സ്ഥിതിചെയ്യുന്നത്. മായികമായ ഹിമാലയന്‍ ദൃശ്യങ്ങളുടെ സൗന്ദര്യം പുറംലോകത്തുനിന്നും നമ്മെ അടര്‍ത്തിയെടുത്ത് ആശ്രമത്തിന്റെ ആത്മീയമായ പ്രശാന്തതയിലേക്ക് നയിക്കുന്നു.
ഒരുദിവസം മൊണാസ്ട്രിയില്‍ തങ്ങി പ്രദേശമാകെ നടന്നുകണ്ടു. ഇവിടെ നിന്നാണ് സെര്‍ക്കോ റി കൊടുമുടിയിലേക്ക് പോകുന്നത്. 4984 മീറ്ററാണ് സെര്‍ക്കോ റിയുടെ ഉയരം. യാത്രയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റും ഇത് തന്നെ. അതല്ലെങ്കില്‍ ക്യാന്‍ജിന്‍ റിയിലേക്ക് പോകാം. 4350 മീറ്ററാണ് ഈ കൊടുമുടിയുടെ ഉയരം. ഈ യാത്രയില്‍ ഹിമശൃംഗങ്ങളുടെ മനോഹരമായ കാഴ്ചകള്‍ വന്നുപൊതിയും. ലാങ് താങ് ലിറൂങ്ങിലെ ഹിമാനികളും കാണാം.
ഇനി വന്ന വഴിയാകെ തിരിച്ചിറങ്ങണം, ലാമാ ഹോട്ടലിലേക്ക്. തിരികെ ലാങ്താങ് ഖോലയിലേക്കും ലാങ്താങ് ഗ്രാമത്തിലേക്കും. പൊയ്‌റോയിലെത്തി അവിടെ നിന്ന് തുലോ സാബ്രു ഗ്രാമത്തിലേക്ക്. പ്രധാനമായും തമാങ് വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടത്തെ താമസക്കാര്‍. ടിബറ്റന്‍ ജീവിതരീതിയാണ് ഇവരുടേത്. തിരികെ മടങ്ങും വഴി തുലോ ഭര്‍ക്കു സന്ദര്‍ശിച്ചു. ഡുഞ്ചെയിലാണ് ലാങ്താങ് ട്രെക്കിങ് അവസാനിക്കുന്നത്. മടക്കയാത്രയില്‍ ഡുഞ്ചെയില്‍ നിന്ന് സ്വകാര്യബസിലാണ് കാഠ്മണ്ഡുവിലെത്തിയത്.
മുന്‍പ് പറഞ്ഞതുപോലെ ലാങ്താങ് താഴ് വരയിലേക്ക് സ്ഥിരമായ പാതകളില്ല. സാമ്പ്രദായികമായ യാത്രാവഴികളില്ലാത്തതിനാല്‍ത്തന്നെ ഒരു സാഹസികയാത്രയുടെ രസവും റിസ്‌കും ഇതിലുണ്ട്. താരതമ്യേന മികച്ച ലോഡ്ജുകളും ഭക്ഷണശാലകളുമാണ് ഇവിടെയുള്ളത്. ഏറ്റവും നല്ല ആതിഥേയരേയും ഇവിടങ്ങളില്‍ കാണാം. അവരുടെ ഗംഭീര ആതിഥ്യം സ്വീകരിച്ച് രാത്രികള്‍ ചെലവിടാം. ലാങ്താങ് താഴ് വരയിലേക്കുള്ള യാത്ര ചിലനേരങ്ങളില്‍ ദുഷ്‌കരമായി തോന്നാമെങ്കിലും മുകളില്‍ നിന്നുള്ള കാഴ്ചകളുടെ മാന്ത്രികാനുഭവം അതിനെയെല്ലാം മായ്ച്ചുകളയും.
മഞ്ഞണിഞ്ഞ കൊടുമുടികള്‍കൊണ്ട് ചക്രവാളത്തെ അലങ്കരിക്കുന്ന ഹിമാലയം. തൂവെണ്‍മയിലൂടെ തുളച്ചുകയറുന്ന പ്രഭാതസൂര്യന്റെ രശ്മികള്‍. ഹിമാനികളുടെ ഈ താഴ് വരയിലേക്കുള്ള ട്രെക്കിങ് ആയുഷ്‌ക്കാലത്തേക്ക് ഓര്‍ത്തുവെയ്ക്കാനുള്ള അനുഭവമായിരിക്കും. പ്രകൃതിയുടെ അവാച്യമായ സൗന്ദര്യത്തിനൊപ്പം ടിബറ്റന്‍ സംസ്‌കാരത്തെ ഒന്ന് തൊട്ടുതലോടി പോരുകയുമാവാം. ഒപ്പം പ്രാദേശികമായ ജീവിതരീതികളും പരിചയപ്പെടാം. ഏറ്റവും പ്രിയപ്പെട്ട അനുഭവങ്ങളായി ഓര്‍മകളില്‍ അവ കാത്തുവെയ്ക്കാം.
മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Trekking to Mt.Lang Thong, Nepal Trekking, Nepal Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..