Jeelaniജീലാനി അങ്ങനെയാണ്. യാത്ര പോകണമെന്ന് തോന്നിയാല്‍ പിന്നെ ആലോചനയില്ല. കെട്ടും ഭാണ്ഡവും തൂക്കി ഒറ്റയ്‌ക്കൊരു പോക്കാണ്. ഇക്കഴിഞ്ഞമാസം പോയത് നോര്‍ത്ത് ഈസ്റ്റിലേക്കാണ്. എട്ട് സംസ്ഥാനങ്ങള്‍ പിന്നിട്ട് ദീര്‍ഘയാത്ര.

കോഴിക്കോട്ടുനിന്നുതന്നെ തുടങ്ങി. തമിഴ്നാട്, ആന്ധ്ര, ഒഡിഷ വഴി ആദ്യം കൊല്‍ക്കത്തയിലേക്ക്. തെരുവുകളില്‍നിന്ന് വംഗനാട്ടിലെ രുചിയറിഞ്ഞ്, ഹൗറ ബ്രിഡ്ജും വിക്ടോറിയന്‍ പാലസും കടന്ന് ചായത്തോട്ടങ്ങളുടെ നാടായ അസാമിലേക്ക്. അവിടെ എന്‍.വൈ.പി. ക്യാമ്പില്‍ ഒരാഴ്ച.

ക്യാമ്പ് കഴിഞ്ഞതും സുമോയില്‍ കാടുംമലയും താണ്ടി പോയത് മേഘാലയയിലെ ചിറാപ്പുഞ്ചിലേക്കാണ്. അവിടന്ന് തെളിനീരിന്റെ നാടായ 'ഡൗകി'യെന്ന അതിര്‍ത്തിപ്രദേശം. വാഗാ ബോര്‍ഡര്‍ പോലെയല്ല ഡൗകിയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി. ഇവിടെ അന്തരീക്ഷം തീര്‍ത്തും സൗഹാര്‍ദപരം. വൃത്തിക്കും വെടിപ്പിനും പേരുകേട്ട മാവ്ലോങ് ഗ്രാമത്തിലേക്കായിരുന്നു പിന്നെ പോയത്. ഒരു രാത്രി ഗ്രാമത്തിന്റെ നന്മയില്‍.
 
തവാങ്ങിലെ സൂര്യോദയമായിരുന്നു അടുത്ത ലക്ഷ്യം. സന്തോഷത്തോടെ അധ്വാനിച്ചുജീവിക്കുന്ന ജനങ്ങള്‍, അതിര്‍ത്തികാക്കുന്ന ഭടന്മാരും സൈനികക്യാമ്പുകളും. പിന്നെ, കേരളത്തില്‍ ഭക്ഷ്യമേളകളില്‍മാത്രം കാണുന്ന 'മോമോ'യും. അതിനിടെ വ്യോമസേനയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍കാരന്‍ അഭിജിത്തിനെ കണ്ടുമുട്ടി.
 
തവാങ്ങില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് ബൈക്കില്‍ ഒരു ഓഫ് റോഡ് റൈഡ് നടത്തി. ഭൂംല പാസ്സിലെ മൈനസ് ഡിഗ്രി തണുപ്പും അതിര്‍ത്തി കവാടത്തില്‍ പോയി ചൈനയില്‍ കാലു കുത്താന്‍ അവസരം ലഭിച്ചതുമൊക്കെ ഒരു അനുഭവംതന്നെയെന്ന് ജീലാനിയുടെ ആത്മഗതം. അവസാനിക്കാത്ത യാത്രകളിലൂടെ ലോകത്തിന്റെ അതിരുകള്‍ പിന്നിടണമെന്നാണ് ജീലാനിയുടെ സ്വപ്നം. 

Content Highlights: Travels of Jeelani, Campus Cafe