ലേപാക്ഷിയിലെ ശിലകൾക്കുണ്ട് പറയാൻ ഒരുപാട് കഥകൾ!


അഞ്ജന ശശി

ഒരെണ്ണം മാത്രം നിലത്തുതൊടാതെ മുകളിൽനിന്ന് തൂക്കിയിട്ട രീതിയിലാണ് നിർമിച്ചിരിക്കുന്നത്. തൂണിന് അടിയിൽ നിന്ന് ഒരു കടലാസോ ചെറിയ തുണിയോ കടത്തിവിട്ടാൽ അത് അപ്പുറത്ത് എത്തും. കാഴ്ചക്കാർക്ക് അത്ഭുതമായ ഈ സൃഷ്ടിയുടെ നിർമ്മിതി ഇന്നും അജ്ഞാതമാണ്

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

ബെം​ഗളൂരുവിൽ സുഹൃത്തുക്കളെ കാണാനായി പോയപ്പോഴാണ് ചെവിയിൽ പെട്ടെന്നൊരു പേര് വീണത്. ലേപാക്ഷി ക്ഷേത്രം. മുമ്പ് മാതൃഭൂമി യാത്രയിലുൾപ്പെടെ കുറെയിടത്ത് വായിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച്. ദൂരം എത്രയെന്നറിയാൻ ഉടനെ ഇന്റർനെറ്റിൽ തപ്പി. ആന്ധ്രപ്രദേശിൽ ആണെങ്കിലും ബെം​ഗളൂരു നഗരകേന്ദ്രത്തിൽനിന്ന് 122 കിലോമീറ്റർ ദൂരത്തിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണിതെന്ന് കണ്ടെത്തി. ഞാൻ താമസിച്ചയിടം ബാംഗ്ലൂർ വിമാനത്താവളത്തിന് അടുത്തായതുകൊണ്ടുതന്നെ ഏതാണ്ട് 100 കിലോമീറ്ററിൽതാഴേ ദൂരമേയുള്ളു അവിടേക്ക്. ഒറ്റദിവസംകൊണ്ട് പോയിവരാം. സുഹൃത്ത് കാറുമായി വരാമെന്നുകൂടി ഏറ്റതോടെ സംഗതി സെറ്റ്.

മുന്തിരിത്തോട്ടങ്ങൾ കടന്ന്...

ഉച്ചഭക്ഷണം കഴിഞ്ഞാണ് ഞങ്ങൾ ബെം​ഗളൂരുവിൽ നിന്ന് തിരിച്ചത്. ഹൈവേയിലൂടെ കടന്നുപോകുമ്പോൾ ഇരുവശവും അതിമനോഹരമായ കാഴ്ചകളായിരുന്നു. വയലുകളും പാറക്കൂട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമെല്ലാം നിറഞ്ഞ വഴി. നന്ദി ഹിൽസിലേക്കുപോകുന്ന വഴിയും കടന്ന് പിന്നെയും മുന്നോട്ടുതന്നെ.

ഒരു മണിക്കൂർ കഴിഞ്ഞുകാണും. മൊബൈലിൽ മെസേജ് വന്നു. ഞങ്ങൾ ആന്ധ്രപ്രദേശ് പരിധിയിൽ എത്തിയിരിക്കുന്നു. എ.പി. നമ്പർ പ്ലേറ്റുള്ള വണ്ടികളുടെ എണ്ണം കൂടിയെന്നല്ലാതെ കാഴ്ചകൾക്ക് വലിയ മാറ്റമൊന്നുമുണ്ടായില്ല. അൽപംകൂടി പോയപ്പോൾ മുന്നിൽ ഒരു ആട്ടിൻകൂട്ടം വഴിമുടക്കി. ഹൈവേ തന്നെയാണ്. കർണാടക-ആന്ധ്രപ്രദേശ് അതിർത്തി കടന്ന് എ.പി.ടി.ഡി.സി. റെസ്റ്റോറന്റും കടന്നാൽ ഏതാണ്ട് നാലുകിലോമീറ്ററർ ദൂരത്ത് ഇടത്തോട്ട് മറ്റൊരു റോഡ് ലേപാക്ഷി എന്നെഴുതി ഞങ്ങളെ കാത്തുകിടക്കുന്നു. പിന്നീട് ഏകദേശം 18 കിലോമീറ്റർ വരും. കാർ ആ വഴിയിലേക്ക് തിരിച്ചു. ഇടത്തോട്ട് നോക്കുമ്പോൾ വലിയ പാറയിൽ പറന്നുയരാൻ നിൽക്കുന്ന ജഡായുവിന്റെ വലിയ പ്രതിമ. ലേപാക്ഷി എത്തുന്നു എന്നതിന്റെ തെളിവ്.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

ലേ പക്ഷി!

രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന നഗരമാണ് ലേപാക്ഷി. വാൽമീകി രാമായണമനുസരിച്ച്, രാമൻ ഹനുമാന്റെ കൂടെ ലങ്കയിലേക്കുള്ള യാത്രയിൽ ജഡായുവിനെ കണ്ടുമുട്ടി. വെട്ടേറ്റു ചിറകറ്റ് മരണാസന്നനായി കിടക്കുന്ന ജഡായുവിനെ കണ്ട് അടുത്തുചെന്ന രാമൻ "ലേ പക്ഷി" എന്നു പറഞ്ഞുവെന്നാണ് പുരാണം. ‘‘എഴുന്നേൽക്കുക, പക്ഷി" എന്നാണ് ഈ വാക്കുകളുടെ അർഥം. ആ വാക്കുകൾ ചേർന്ന് ലേപാക്ഷി എന്ന ഒറ്റവാക്കുണ്ടായി എന്നാണ് വിശ്വാസം.

നന്ദി പ്രതിമ

ക്ഷേത്രത്തിലേക്കുള്ള വഴി തിരിഞ്ഞാൽ ഇരുവശത്തും നഗരവത്കരണം തൊട്ടുനോക്കുക പോലും ചെയ്യാത്ത ഗ്രാമീണജീവിതങ്ങളാണ് കാണാൻ കഴിയുക. ക്ഷേത്രത്തിലെത്തും മുമ്പായി ഒറ്റക്കല്ലിൽ തീർത്ത ഒരു വലിയ നന്ദി പ്രതിമ വലതുഭാഗത്തായി കാണാം. 27 അടി നീളവും 15 അടി ഉയരവുമുള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണ്. അതിമനോഹരമായ പ്രതിമയ്ക്ക് ചുറ്റും ഒരു പാർക്കും നിർമ്മിച്ചിട്ടുണ്ട്. പ്രതിമയ്ക്ക് ചുറ്റും ഫോട്ടോയെടുക്കാൻ നിൽക്കുന്നവരുടെ തിരക്കാണ്. കുട്ടികൾ പാർക്കിൽ ഓടിക്കളിക്കുന്നുമുണ്ട്. ഒരു കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ അവിടെനിന്നും ക്ഷേത്രത്തിലേക്ക്.

ശിരസ്സുയർത്തി ക്ഷേത്രം

ഒരു വലിയ കൽകവാടത്തിനുമുന്നിലായാണ് ഞങ്ങളെത്തിയത്. അവിടെനിന്നും ഉള്ളിലോട്ടുള്ള വഴിയിൽ ഇരുവശത്തും നിറയെ സന്ദർശകരെ ലക്ഷ്യമിട്ടുള്ള കടകളായിരുന്നു. നേരെ നോക്കിയപ്പോൾ മുമ്പിൽ തലയുയർത്തി നിൽക്കുന്ന വലിയ കവാടവും കരിങ്കൽക്ഷേത്രത്തിന്റെ മുകൾ ഭാഗവും ചുറ്റുമതിലും കണ്ടു. വണ്ടി നിർത്തി ഞങ്ങൾ പതിയെ ഇറങ്ങി.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

കൽപ്പടവുകൾ കയറിയാൽ വലിയൊരു ആൽമരം ചുറ്റും തറകെട്ടി സംരക്ഷിച്ചിരിക്കുന്നു. അവിടെനിന്നും ക്ഷേത്രകവാടത്തിലേക്ക് പിന്നെയും ആറുപടവുകൾ. പടവുകൾക്ക് ഇടതുവശത്തായി ചെരിപ്പുകൾ സൂക്ഷിക്കാനുള്ള ഇടമാണ്. പടികൾ കയറിയാൽ മുന്നിലായി വലിയ കരിങ്കൽ ഭിത്തിയാൽ സംരക്ഷിതമായ ക്ഷേത്രകവാടം. അവിടം മുതൽ തന്നെ കലാചാതുരി നമ്മെ ആകൃഷ്ടരാക്കും.

വീരഭദ്രനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവൻ, വിഷ്ണു, വീരഭദ്രൻ എന്നീ മൂന്നു ദൈവങ്ങൾക്കും ഇവിടെ പ്രത്യേക പ്രതിഷ്ഠയുണ്ട്. വടക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ചെരിപ്പുകൾ അഴിച്ചുവെച്ച് പ്രധാന പ്രവേശന കവാടത്തിന്റെ മുന്നിലെത്തുമ്പോൾ തൂണിൽ കൊത്തിവച്ചിരിക്കുന്ന ഒറ്റശരീരവും മൂന്ന് തലയുമുള്ള കാളയുടെ രൂപം.

നിലം തൊടാത്ത സ്തൂപം

ഉള്ളിൽ കയറുമ്പോൾത്തന്നെ തൂണുകളിൽ തീർത്ത കൊത്തുപണികളിലാണ് കണ്ണുടക്കുക. ഈ ശിലാക്ഷേത്രത്തിൽ 70-ൽ അധികം തൂണുകളുണ്ട്. അതിൽ ഒരെണ്ണം മാത്രം നിലത്തുതൊടാതെ മുകളിൽനിന്ന് തൂക്കിയിട്ട രീതിയിലാണ് നിർമിച്ചിരിക്കുന്നത്. തൂണിന് അടിയിൽ നിന്ന് ഒരു കടലാസോ ചെറിയ തുണിയോ കടത്തിവിട്ടാൽ അത് അപ്പുറത്ത് എത്തും. കാഴ്ചക്കാർക്ക് അത്ഭുതമായ ഈ സൃഷ്ടിയുടെ നിർമ്മിതി ഇന്നും അജ്ഞാതമാണ്.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

കലാക്ഷേത്രം

ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും വിവിധ ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വിജയനഗര രാജാക്കന്മാരുടെ മ്യൂറൽ പെയിന്റിങ്ങുകളും കന്നഡ ലിഖിതങ്ങളും ക്ഷേത്രത്തിൽ കാണാം. മേൽക്കൂരയിലെ പെയിന്റിങ്ങുകൾക്ക് പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും കല്ലുകൊണ്ട് നിർമ്മിച്ച വ്യത്യസ്ത മാതൃകകളുമുണ്ട്.
വിജയനഗര കാലഘട്ടത്തിലെ ഡിസൈനർമാരുടെ, മനസ്സിനെ ത്രസിപ്പിക്കുന്ന കഴിവുകൾ പകർത്തിയ രൂപങ്ങളും കലാസൃഷ്ടികളും അതിൽ കൊത്തിയെടുത്തിട്ടുണ്ട്.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

മണ്ഡപത്തിന്റെ തൂണുകൾ, മേളവാദ്യങ്ങൾ വായിക്കുന്ന ദിവ്യന്മാരുടെയും ദേവതകളുടെയും ജീവിത മാതൃകകളാൽ നിങ്ങളെ മയക്കും. നടരാജ താണ്ഡവം അവതരിപ്പിക്കുന്ന ശിവനെയും ഡ്രം വായിക്കുന്ന ബ്രഹ്മാവിനെയും തംബുരുവിൽ നാരദനെയും നൃത്തഭാവങ്ങളിലുള്ള നിംഫകളെയും ഡ്രംസ് വായിക്കുന്ന നിരവധി സ്വർഗ്ഗീയ കലാകാരന്മാരെയും അവരൊന്നായി സൃഷ്ടിക്കുന്ന ദിവ്യമായ ഈണങ്ങളുടെ സ്വപ്നലോകവും നിങ്ങൾക്ക് കാണാം. ഹാളിന്റെ മേൽത്തട്ട് രാമായണം, മഹാഭാരതം, മറ്റ് ഗ്രന്ഥങ്ങൾ എന്നിവയിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന മനോഹരമായ മ്യൂറൽ പെയിന്റിങ്ങുകളാൽ അലങ്കരിച്ചിരിക്കുന്നു.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

നാഗലിംഗം

ഒറ്റക്കല്ലിൽ പണികഴിച്ച ഇന്ത്യയിലെ ഏറ്റവും വലിയ നാഗലിംഗമാണ് ലേപാക്ഷിയിലേത്. ക്ഷേത്രത്തിനുള്ളിൽനിന്ന് പുറത്തുകടന്ന് ഇടതുവശത്തേക്ക് പ്രദക്ഷിണം വെയ്ക്കുമ്പോൾ അൽപം ഉയരത്തിലായാണ് ഇതുള്ളത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന ഏഴുതലയുള്ള നാഗമാണിത്. ഈ ശില്പത്തിന്റെ കിഴക്കുഭാഗത്തുള്ള ചുമരിൽ ഗണപതിയുടെ രൂപവും കൊത്തിവെച്ചിട്ടുണ്ട്.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

തൂണികളുടെ മണ്ഡപം

വലിയൊരു മണ്ഡപത്തിലേക്കാണ് പിന്നീട് എത്തുന്നത്. നിറയെ കൊത്തുപണികളുള്ള സ്തൂപങ്ങൾ നിറഞ്ഞ മണ്ഡപം. നൃത്തമണ്ഡപം, നാട്യമണ്ഡപം, രംഗമണ്ഡപം എന്നൊക്കെ അറിയപ്പെടുന്ന ഇടമാണത്. ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമെന്ന് വേണമെങ്കിൽ പറയാവുന്ന ഇടം.

സീതാദേവിയുടെ കാല്പാദം

മണ്ഡപത്തിൽനിന്നിറങ്ങി നടക്കുമ്പോൾ ക്ഷേത്രമുറ്റത്ത് വലിയൊരു കാൽപ്പാടിന്റെ ആകൃതി കാണാം. ആരോ തറയിൽ അമർത്തി ചവിട്ടിയാൽ എന്നപോലെയാണ് ഇതിന്റെ നിർമാണം. ഈ കാൽപ്പാട് സീതാദേവിയുടേതാണെന്ന് ഇവിടുത്തുകാരുടെ വിശ്വാസം. ഈ കാൽപ്പാട് എല്ലായ്പ്പോഴും നനഞ്ഞുകിടക്കുമെന്നതും ശില്പിയുടെ കഴിവ് വിളിച്ചോതുന്നു. അടിയിൽ നിന്ന് വെള്ളം തുടർച്ചയായി ഊർന്ന് വരുന്നതും ഈ കാലിലൂടെ ഒഴുകുന്നതും കാണാൻ സാധിക്കും.

മറക്കാനാവാത്ത കാഴ്ച

ഇത്രയും കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ സമയമെടുത്ത് കാണുക തന്നെ ചെയ്യണം. ഞങ്ങൾ ക്ഷേത്രം മുഴുവൻ ചുറ്റി വീണ്ടും ആൽത്തറയുടെ മുമ്പിലെത്തി. അസ്തമയസൂര്യന്റെ തിളക്കത്തിൽ ക്ഷേത്രം അതിമനോഹരമായി തോന്നി. ഉദയസൂര്യനും അസ്തമയസൂര്യനും ഒരുപോലെ വർണശോഭ പരത്തുന്ന ഇടമാണിതെന്ന് അവിടെയുള്ള ഒരാൾ പറഞ്ഞു.

ക്ഷേത്രത്തിന്റെ രൂപഭംഗിയും അതിനു ചുറ്റുമുള്ള പ്രകൃതിയും കൊണ്ട് മനസ്സിൽ മായാതെ നിൽക്കുന്നു ലോപാക്ഷി. പടികളിറങ്ങുമ്പോൾ മനസ് പറഞ്ഞു, ‘ലേപാക്ഷി, ഞാൻ ഇനിയും വരും, ഉദിച്ചുവരുന്ന സൂര്യനിൽ നിന്റെ സൗന്ദര്യം കാണാൻ.’

ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

എങ്ങനെ എത്താം

ഹിന്ദുപുർ റെയിൽവേ സ്റ്റേഷനാണ് ഇവിടെയെത്താനുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. അനന്ത്പുർ, ഹിന്ദുപുർ, ബെം​ഗളൂർ എന്നിവിടങ്ങളിൽ നിന്ന് ലേപാക്ഷിക്ക് ബസുകൾ ഉണ്ട്.

Content Highlights: Travelogue by Anjana Sasi, Veerabhadra Temple Lepakshi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented