കെനിയയിലെ വൈവിധ്യമാര്‍ന്ന വന്യമൃഗസമ്പത്ത് കാണണം,ക്യാമറയില്‍ പകര്‍ത്തണം. ഇതൊക്കെ ദീര്‍ഘനാളത്തെ സ്വപ്‌നമായിരുന്നു. സുഹൃത്തായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജോണ്‍ ലയണല്‍ വഴിയാണ് അത് സാധ്യമായത്. അതിന്റെ സന്തോഷത്തോടെയാണ് തിരുവനന്തപുരത്തു നിന്നും ഞാനും സുഹൃത്ത് ഡോ.മാര്‍ട്ടിനും വിമാനം കയറിയത്. ഷാര്‍ജ വഴി നെയ്റോബിയില്‍ എത്തി. സങ്കല്‍പ്പത്തില്‍ നിന്നും ഭിന്നമായിരുന്നു അവിടം. വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട്. പുറത്ത് ഇറങ്ങിയപ്പോള്‍ സുഖകരമായ തണുപ്പ്. ആദ്യം തന്നെ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ലോക്കല്‍ സിം സംഘടിപ്പിച്ചു. പുറത്ത് സഫാരി കമ്പനി ഡ്രൈവര്‍ ഡാനിയേല്‍ ജീപ്പുമായി ഉണ്ടായിരുന്നു. 1 മണിക്കൂര്‍ ഡ്രൈവിംഗിന് ശേഷം അവിടുത്തെ ഒരു ഹോട്ടല്‍ ആയ ഐബിസ്ലെത്തി. ഫോട്ടോഗ്രാഫിയില്‍ തല്‍പ്പരരായ അമേരിക്കയില്‍ നിന്നുള്ള വിമലും സ്വാമിനാഥനും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഹോട്ടലിന് പുറത്തെ കാഴ്ചകള്‍ ആസ്വദിച്ച് സമയം ചെലവഴിച്ചു.

8 മണിയോട് കൂടി ആഫ്രിക്കയിലെ തനത് ശൈലിയില്‍ ഉള്ള ആഹാരം ലഭിക്കുന്ന കാര്‍ണിവോറസ് ഹോട്ടലില്‍ എത്തി. തീന്‍മേശയിലെ വിഭവങ്ങള്‍ ശരിക്കും അമ്പരിപ്പിച്ചു. വിളമ്പുന്ന രീതിയും വ്യത്യസ്ഥം. മേശയ്ക്ക് മുകളില്‍ ഒരു ചെറിയ കൊടി വെച്ചിട്ടുണ്ട്. സാധാരണ വേഷം ധരിച്ച ആഫ്രിക്കയിലെ ചെറുപ്പക്കാര്‍ ആയ സപ്ലെയര്‍മാര്‍ നിരനിരയായി കടന്ന് വന്ന് വിഭവങ്ങള്‍ വിളമ്പി കൊണ്ടിരിക്കും. നമ്മള്‍ ആ കൊടി താഴ്ത്തി വെക്കും വരെ ഇത് തുടരും, എത്ര മനോഹരമായ ആചാരം അല്ലേ. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും ഉണ്ടെങ്കിലും ഞാന്‍ ഓര്‍ഡര്‍ ചെയ്തത് നോണ്‍ വെജ് ആയിരുന്നു. നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത വന്യ ജീവികള്‍ ഉള്‍പ്പെടെ ഉള്ളവയുടെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ ആയിരുന്നു കൂടുതലും. നമ്മുടെ നാട്ടിലെ പോലെ അതിനൊന്നും നിരോധനമില്ല. 

ഗെയിം റിസര്‍വ്
ഗെയിം റിസര്‍വ് | Photo- Mathrubhumi Yathra

മുതല ഇറച്ചിയും ഒട്ടകപക്ഷി ഇറച്ചിയും ഒക്കെയായി പ്രത്യേക വിഭവങ്ങള്‍. കൂടാതെ അവിടുത്തെ പരമ്പരാഗത വിഭവങ്ങള്‍ ആയ റബ്സ്റ്റിക്ക് (ബീഫ്), ലെഗ് ഓഫ് ലാംബ്, ചിക്കന്‍ യാക്കിട്ടോര്‍, ചിക്കന്‍ വിംഗ്സ്, ചിക്കന്‍ ഗിസാര്‍ട്ട്സ്, ടര്‍ക്കി, ലെഗ് ഓഫ് പോര്‍ക്ക്, പോര്‍ട്ട് സോസേജസ് ഓക്സ് ബാള്‍സ്, ലാബ് റോസ്റ്റ് ലാബ് റിപ്സ് തുടങ്ങിയവയും ഉണ്ടായിരുന്നു. എല്ലാം അതീവ രുചികരവും. പരിചിതമല്ലാത്ത വിഭവങ്ങള്‍ ആയിരുന്നെങ്കിലും സമൃദ്ധമായി തന്നെ കഴിച്ചു. തിരിച്ച് ഹോട്ടലില്‍ എത്തിയുറങ്ങി. ഒരു നാടിനെ അറിയേണ്ടത് അതിന്റെ രുചിക്കൂട്ടിലൂടെയാണെന്ന് പറയാറുണ്ട്. അത് ഏതായാലും ആദ്യ ദിവസം തന്നെ ഒത്തുകിട്ടി. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ സംബുരുവിലെ വനഭംഗിയിലേക്ക് യാത്ര തിരിച്ചു. 

നെയ്റോബിയില്‍ നിന്നും വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമുള്ളതും വിശാലവും, നിലവാരമുള്ളതും, സുന്ദരവുമായ റോഡിലൂടെ 6 മണിക്കൂര്‍ ഡ്രൈവിംഗിന് ശേഷം സംബുരു നാഷണല്‍ പാര്‍ക്കില്‍ എത്തി. കടന്ന് പോകുന്ന വഴിയില്‍ ഇടയ്ക്കിടക്ക് മാത്രം ജനവാസവും ബാക്കി കൂടുതല്‍ സ്ഥലങ്ങളും ചെറിയ പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു വഴി. വഴിയോരങ്ങള്‍ക്ക് നല്ല വൃത്തിയുണ്ടായിരുന്നു. നമ്മുടെ നാടുപോലെ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ല. ഈ യാത്രയ്ക്കിടയില്‍ കെനിയന്‍ ഗ്രാമങ്ങളുടെ ഭംഗിയും അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയും ശീലങ്ങളും അവരുടെ സംസ്‌ക്കാരവും ഒക്കെ ഏറെകുറെ മനസ്സിലാക്കാന്‍ കഴിഞ്ഞു.  

വനമധ്യത്തില്‍ ഉള്ള പൊതു പാതകള്‍ ശുചിത്വത്തോടെ സംരക്ഷിക്കുന്നതിലൂടെ അവരുടെ പരിസ്ഥിതിയോടുള്ള സ്നേഹവും, കരുതലും ബോദ്ധ്യമായി. വന്യമൃഗങ്ങളുടെ ഇറച്ചി പാചകം ചെയ്യുന്നതില്‍ മാത്രം അതില്ലെന്നേയുള്ളൂ.  ഉച്ചക്ക് 1.45 യോട്‌ കൂടി അവിടുത്തെ  വനമധ്യത്തില്‍ പരമ്പരാഗത ശൈലിയില്‍ ടെന്റ് കെട്ടി നിര്‍മ്മിച്ചിട്ടുള്ള മനോഹരമായ റിസോര്‍ട്ടില്‍ എത്തി. ഇടയ്ക്ക് ചില മൃഗങ്ങളെ കാണുവാനും അവയെ ക്യാമറയില്‍ പകര്‍ത്തു വാനും കഴിഞ്ഞു. 3.30 ന് ഗെയിം ഡ്രൈവിനായി യാത്ര തിരിച്ചു. കെനിയയുടെ വനഭംഗിയിലേക്ക് ഒരു ജീപ്പ് ഡ്രൈവ്.  വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്ക് ഒരു യാത്ര. സുന്ദരമായിരുന്നു, സന്തോഷകരമായിരുന്നു ആ അനുഭവം. 


നമ്മുടെ സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്ഥമായി നിബിഡ വനമല്ലാതെ, വലിയ നിരപ്പ് വ്യത്യാസമില്ലാതെ ഇടതൂര്‍ന്ന മരങ്ങളില്ലാതെ, പുല്‍മേടുകളും സമതലങ്ങളും ഇടക്ക് ചെറിയ കുറ്റിക്കാടുകളും അതിനിടയില്‍ തന്നെ ഒറ്റപ്പെട്ടും ചെറുകൂട്ടങ്ങളുമായും ഒക്കെ നിറഞ്ഞ കാട്, ഇലകളും ഒപ്പം മുള്ളുകളും നിറഞ്ഞ കൊമ്പുകളും ഉള്ള മരങ്ങള്‍ ആണ് അവിടുത്തെ പ്രധാന വൃക്ഷം. വളരെ ദൂരത്തില്‍ വരെ വനത്തിന്റെ ഉള്‍ഭാഗവും അതിന്റെ ഭംഗിയും ജീപ്പില്‍ ഇരുന്ന് തന്നെ കാണാന്‍ കഴിയും. പിറ്റേന്ന് രാവിലെ 7 മണിക്ക് വന്യമൃഗങ്ങളെ കാണാനായി ഉള്‍വനത്തിലേക്ക് പുറപ്പെട്ടു. വനമധ്യത്തിലൂടെയുള്ള റോഡില്‍ ജീപ്പിലായിരുന്നു യാത്ര. ഉള്‍ഭാഗത്തേക്ക് കടക്കുംതോറും വനഭംഗി വര്‍ദ്ധിക്കുന്നു. 

വന്യമൃഗങ്ങള്‍ സാധാരണ മട്ടില്‍ നമ്മുടെ വാഹനങ്ങള്‍ക്ക് അരികിലൂടെ കടന്ന് പോകുന്നു. വാഹനങ്ങളോടും അതിലെ മനുഷ്യരോടും ഒരു അപരിചിതത്വവും, ആക്രമണ മനോഭാവവും കാട്ടുന്നില്ല. എങ്കിലും ആരും വാഹനത്തില്‍ നിന്നും ഇറങ്ങി അതിനരികിലേക്ക് പോകുന്നതായി കണ്ടില്ല. അങ്ങനെ പോകാനും പാടില്ല. എന്നാല്‍ നിര്‍ത്തിയിട്ട വാഹനത്തിലേക്ക് കാലുയര്‍ത്തി വെച്ച് കൗതുകത്തോടെ നോക്കുന്ന പുലികളേയും മറ്റും ഇടയ്ക്കിടക്ക് കാണാന്‍ കഴിഞ്ഞു സുലഭമായി ആഹാരം ലഭിക്കുന്നതിനാലും സ്ഥിരമായ വാഹനങ്ങളുടെയും മനുഷ്യരുടെയും സാന്നിധ്യവും ഉള്ളത് കൊണ്ടാകണം അവ മനുഷ്യരോട് ശത്രുത കാട്ടാത്തത്. വന്യമൃഗങ്ങളുടെ വിവിധങ്ങളായ ഇനങ്ങളുടെ ബാഹുല്യം ഉളളതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ സൗകര്യപ്രദമായ രീതിയില്‍ മൃഗങ്ങളെ കാണാനും ഫോട്ടോ എടുക്കുവാനും കഴിഞ്ഞു.
 
അവിടെ മാത്രം കാണപ്പെടുന്ന 5 ഇനം മൃഗങ്ങളേയും ഇവിടെ ഉള്ള മൃഗങ്ങളുടെ വകഭേദങ്ങളായ ധാരാളം മൃഗങ്ങളെയും കാണാന്‍ പറ്റി. അതിലൊന്ന് ബെയ്സാ ഓറിക്സ് ആയിരുന്നു. വളവില്ലാതെ നീണ്ട് കുത്തനെ ഉള്ള കൂര്‍ത്ത കൊമ്പോട് കൂടിയ മാന്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന ജീവി. സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള ഈ വിഭാഗത്തിന്റെ 3 വ്യത്യസ്ഥ ഇനങ്ങള്‍ കിഴക്കന്‍ ആഫ്രിക്കയിലും താനെ നദിയുടെ തീരത്തും കാണാം. അതുപോലെ റെട്ടികുലേറ്റഡ് ജിറാഫ് (സോമാലി ജിറാഫ് എന്നും ഇത് അറിയപ്പെടുന്നു). ബ്രൗണ്‍ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള പുറം തൊലിയില്‍ ദീര്‍ഘചതുരാകൃതിയില്‍ ഉള്ള വെള്ള നിറത്തില്‍ കളങ്ങള്‍ പോലെ കാണാം. സോമാലിയയിലും, തെക്കന്‍ എത്യോപ്യയിലും, വടക്കന്‍ കെനിയയിലും കാണപ്പെടുന്ന ഈ അപൂര്‍വ്വ ഇനത്തില്‍ ഏതാണ്ട് 8500 എണ്ണമേ ലോകത്ത് അവശേഷിക്കുന്നുള്ളു.

african elephant
ആഫ്രിക്കന്‍ എലിഫന്റ് | Photo-Mathrubhumi Yathra


ഗ്രേവ്സ് സീബ്ര ആണ് മറ്റൊരു അപൂര്‍വയിനം- ആഫ്രിക്കയില്‍ സാധാരണയായി കാണപ്പെടുന്ന പര്‍വ്വത സീബ്രയേയും, സമതല സീബ്രകളേക്കാളും എണ്ണത്തില്‍ കുറവും പ്രത്യേകതകള്‍ ഉള്ളതും ആയ ഈ ഇനത്തിന് 350 മുതല്‍ 450 കിലോ വരെ ഭാരമുണ്ടാവും. ഇംപീരിയല്‍ സീബ്ര എന്നും ഇതിന് പേര്. ബ്രൗണും വെള്ളയും ഇടകലര്‍ന്ന നിറമാണ് ഇതിന്. ജെറിനൂക്ക് ആഫ്രിക്കയില്‍ കാണപ്പെടുന്ന മാന്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന ജീവിയാണ്. ജിറാഫ് ഗസല്‍ എന്നും ഇത് അറിയപ്പെടുന്നു. കഴുത്ത് ജിറാഫിന് സമാനമായതിനാലാണ് ഇതിന് ഇങ്ങനെ പേര് ലഭിച്ചത്. അതിന്റെ ഫോട്ടോ പകര്‍ത്താനുള്ള ഭാഗ്യവും കിട്ടി. അതുപോലെ തന്നെ സോമാലി ഓസ്ട്രിച്ചിനെ കാണാന്‍ കഴിഞ്ഞു. ആഫ്രിക്കയില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം ഒട്ടകപക്ഷിയാണിത്. നീല നിറത്തിലുള്ള കഴുത്താണിവയ്ക്ക്. 

ബാറ്റ് ഇയേര്‍ഡ് ഫോക്സ് ജീവിതത്തില്‍ ഇതുവരെ കാണാത്ത മറ്റൊരിനമായിരുന്നു. ചിറകുകള്‍ പോലെ വലിയ ചെവിയുള്ള ഒരിനം കുറുക്കനാണിത്. ഉറുമ്പുകളും പുല്‍ച്ചാടികളും പോലെ ചെറിയ ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. ലോകത്തില്‍ 10000 എണ്ണത്തില്‍ താഴെ മാത്രമുള്ള സ്ട്രൈപ്ഡ് ഹെയ്നയെ കാണാന്‍ കഴിഞ്ഞതും ഭാഗ്യമായി. നീളമുള്ള തലയോട് കൂടിയതും കഴുത്തിനും കാലുകള്‍ക്ക് മുകളിലും ആയി പ്രത്യേക നിറമോടും കൂടിയ ടോപ്പി തീറ്റതേടി രണ്ട് കാലില്‍ പൊങ്ങി നില്‍ക്കുന്ന കാഴ്ച മനസിലിപ്പോഴും പച്ചപിടിച്ചുകിടക്കുന്നു. കാഴ്ച്ചയില്‍ മാനുകളോട് സാമ്യമുള്ള ഇവയെയാണ് മിക്ക മൃഗങ്ങളും ഭഷണത്തിനായി വേട്ടയാടുന്നത്. വലിപ്പം കൂടിയ വലിയ ചെവികളുള്ള  ആഫ്രിക്കന്‍ ആനകള്‍, വാട്ടര്‍ബക്ക്, ആഫ്രിക്കന്‍ പോത്ത്, വാര്‍ത്തോഗ് (പന്നി വര്‍ഗ്ഗത്തില്‍പ്പെട്ടത്) വള്‍ചൂറിയന്‍ ഗിനിയ ഫൗള്‍, കാണ്ടാമൃഗങ്ങള്‍ അങ്ങിനെ കണ്‍മുന്നില്‍ വിടര്‍ന്നതൊരു വന്യസൗന്ദര്യലോകമായിരുന്നു.
 
അതോടൊപ്പം ആഫ്രിക്കയില്‍ സര്‍വ്വ സാധാരണമായി കാണപ്പെടുന്ന ധാരാളം പക്ഷികളെ പകര്‍ത്താനും സാധിച്ചു. കൂട്, നെയ്തൊരുകുന്ന റുപ്പല്‍ വീവേഴ്സ്. നമ്മുടെ തൂക്കണാം കുരുവിപോലെ ഇവിടെ പച്ചപുല്ലുകള്‍ കൊണ്ട് മെനഞ്ഞെടുക്കുന്ന കൂടൊന്നു കാണേണ്ടതു തന്നെയാണ്.  ഇവയെ വനമധ്യത്തില്‍, അവയുടെ സ്വാഭാവിക ജീവിതക്രമത്തില്‍ തന്നെ കാണുവാനും അവയുടെ ചലനങ്ങളും ജീവിത രീതിയും മനസ്സിലാക്കുവാനും ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞത് അപൂര്‍വ്വ അനുഭവമായിരുന്നു. ആണ്‍പക്ഷിക്ക് വയറിന് ഓറഞ്ച് നിറവും പെണ്‍ പക്ഷിക്ക് പച്ച നിറത്തിലുള്ള വയറും ഉള്ള ആഫ്രിക്കന്‍ തത്തയായ റെഡ് ബെല്ലീഡ് പാരറ്റ് , കഴുകന്‍മാര്‍... അങ്ങനെയങ്ങനെ പക്ഷികളുടെ ലോകവും സ്വപ്നസുന്ദരമായിരുന്നു. അപ്പോഴാണ് സ്‌പെഡര്‍മാനെ കണ്ടത്. ഹോളിവുഡിലെ സ്‌പെഡര്‍മാന്‍ അല്ല, എന്നാല്‍ ആ വര്‍ണഭംഗി കാണുമ്പോള്‍ പെട്ടെന്ന് ഓര്‍ത്ത് പോവുക സ്‌പെഡര്‍മാനെ തന്നെയാവും.

മോവാന്‍സ ഫ്ളാറ്റ് ഹെഡഡ് റോക്ക് അഗാമ  എന്നാണ് കക്ഷിയുടെ പേര്. സ്പൈഡര്‍മാന്‍ അഗാന എന്നും അറിയപ്പെടുന്നു. ഉരഗവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ്. അര്‍ദ്ധമരു ഭൂമിയിലും പാറകളിലും ഒക്കെ ചൂടുള്ള സമയങ്ങളില്‍ ആണ് ഇവയെ കാണാറ്. മനസും ക്യാമറയും നിറഞ്ഞാണ് അന്ന് മടങ്ങിയത്.പിറ്റേന്ന് പ്രഭാത ഭഷണത്തിന് ശേഷം സോപ്പാ റിസോര്‍ട്ടില്‍ പ്രവേശിച്ച് നെയ്പാഷ തടാകത്തില്‍ കൂടി ബോട്ടില്‍ മറുകരയിലുള്ള ചെറു ദ്വീപിലേക്ക് പ്രവേശിച്ചു. അവിടെ നടന്ന് തന്നെ മൃഗങ്ങള്‍ക്കരികിലേക്ക് പോകാന്‍ കഴിഞ്ഞു. ജിറാഫുകള്‍ക്കും സീബ്രകള്‍ക്കും, ടോപ്പീസിനും ഇടയില്‍ സൗഹൃദത്തോടെ ഭയരഹിതമായി നടന്ന് കാണുവാന്‍ കഴിഞ്ഞ ആ അവസരം എത്ര വര്‍ണിച്ചാലും മതിയാകില്ല. 

തടാകത്തില്‍ കൂടി തിരികെ സഞ്ചരിക്കുമ്പോള്‍, അപൂര്‍വ്വങ്ങളായ പക്ഷികളും, ജല ജീവികളും ക്യാമറയ്ക്ക് ഉത്സവമേകി. ഗ്രേ ക്രൗണ്‍സ് കെയ്ന്‍ എന്ന മനോഹരമായ പക്ഷി രണ്ടെണ്ണം ചേര്‍ന്ന് ഇരുതലകളും ഒരു മെയ്പോലെയും നില്‍ക്കുന്നു. വള്ളത്തില്‍ ആയിരുന്നതിനാല്‍ ഷേക് ആവുമോ എന്നാശങ്കയുണ്ടായിരുന്നെങ്കിലും ക്ലിക്ക് ചെയ്തു. നല്ലൊരു ചിത്രം പതിഞ്ഞു. മെഡഗാ സ്‌കന്‍ ഫിഷ് ഈഗിള്‍  ഗ്രേറ്റ് വൈറ്റ് പെലിക്കന്‍ , ഗ്രേറ്റ് കോര്‍മോറണ്ട്  തുടങ്ങിയവയേയും പകര്‍ത്തി. ഈ അപൂര്‍വ്വമായ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും ശേഷം  നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ് ആശ്ചര്യവും അവിശ്വസനീയമായതെന്തോ നേരില്‍ കണ്ടതിന്റെ ഭാവത്തിലായിരുന്നു. സാഹസിക സിനിമകളിലും ടെലിവിഷന്‍ ചാനലുകളിലും ഒക്കെ കണ്ട പല കാഴ്ചകളും അനുഭവങ്ങളും നേരില്‍. എന്നിട്ടും വിശ്വാസം വരാത്ത പോലെ. സ്വപ്നമോ യഥാര്‍ത്ഥമോ. വനവും മൃഗങ്ങളും ഭയപ്പെടേണ്ടവയല്ല. മറിച്ച് സന്തോഷവും സൗഹൃദവും സ്നേഹവും പ്രദാനം ചെയ്യുന്നവയാണെന്ന ബോധം മനസിലുറച്ചു. ഇത്രയും ഹരിതഭംഗിയാര്‍ന്ന വനങ്ങളും ജൈവ വൈവിധ്യങ്ങളും കാണാന്‍ ഭാഗ്യം നല്‍കിയ ദൈവത്തിന് സ്തുതി.

(മാത്യഭൂമി യാത്ര 2021 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: travel through wildlife in kenya; unforgettable moments