Photo: transbhutantrail.com/
ചരിത്രത്തിലൂടെ, അതിമനോഹരമായ ഭൂപ്രകൃതിയിലൂടെ, ഭൂമിയുടെ മടിത്തട്ടിലൂടെ ശ്വാസമടക്കിപ്പിടിച്ച് നടത്തുന്ന യാത്ര. ട്രാന്‍സ് ഭൂട്ടാന്‍ ട്രയലിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. 60 വര്‍ഷത്തിന് ശേഷം ആദ്യമായി ഇങ്ങനെയൊരു യാത്ര നടത്താനൊരുങ്ങുകയാണ് ഭൂട്ടാന്‍ ഭരണകൂടം. ലോകത്തിലെ തന്നെ ഏറ്റവും വ്യതൃസ്തമായ രാജ്യങ്ങളിലൊന്നിലൂടെ 9 ജില്ലകളിലെ 28ഓളം ഗ്രാമങ്ങളിലൂടെ ഒരു ദേശീയ ഉദ്യാനത്തിലൂടെ 400 ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളിലൂടെ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം.
പടിഞ്ഞാറ് ഹാ താഴ്വരയ്ക്കും കിഴക്ക് ട്രാഷിഗാങ് പട്ടണത്തിനും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാത 1962 വരെ ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായിരുന്നു. പിന്നീട് ഭൂട്ടാനിലെ ആദ്യ ദേശീയപാതയുടെ പിറവിയോടെ ഈ പാത ഉപയോഗിക്കാതായി. പതിറ്റാണ്ടുകള്‍ ഉപയോഗ ശൂന്യമായി കിടന്നതോടെ ഈ പാതയിലെ റോഡുകളും പാലങ്ങളും തകര്‍ന്നിരുന്നു. രാജ്യത്തിന്റെ മഹത്തായ പൈതൃക പാതയെ പുനരുജ്ജീവിപ്പിക്കാനുള്ള ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുകിന്റെ ഇടപെടലുകളാണ് ഈ പാതയ്ക്ക് വീണ്ടും ജീവന്‍ നല്‍കിയത്. ഈ പാത സംരക്ഷിക്കപ്പെടുന്നതോടെ രാജ്യത്തിന്റെ ചരിത്രവും സംരക്ഷിക്കപ്പെടുമെന്ന് രാജാവ് വിശ്വസിക്കുന്നു. സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ഭൂട്ടാന്‍ ട്രയല്‍ ഒരുകാലത്ത് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പാതയായി കണക്കാക്കപ്പെട്ടിരുന്നത്. ഭൂട്ടാനെ ഒരു രാജ്യമായി ഒരുമിച്ച് നിര്‍ത്തുന്നതിലും ഈ പാത വലിയ പങ്ക് വഹിച്ചിരുന്നു. ലോകത്തിലെ പ്രധാന ഭരണാധികാരികള്‍, സന്യാസിമാര്‍, വ്യാപാരികള്‍, സാഹസികര്‍ തുടങ്ങിയവരെല്ലാം ഈ പാത ഉപയോഗിച്ചിരുന്നു. ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീര്‍ഥാടന പാതകളിലൊന്നായിരുന്നു ഇത്.
%20(1).jpg?$p=a257e3d&&q=0.8)
സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമായ ഭൂട്ടാനിന്റെ ഹൃദയത്തിലൂടെയുള്ള ഈ യാത്രയെ വിനോദസഞ്ചാര ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സഞ്ചാരികളുടെ പ്രവാഹം കണക്കിലെടുത്ത് ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍സ് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ ഒരു ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍ പാസ്‌പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂട്ടാനിലുടനീളം അറുപതിലധികം പാസ്‌പോര്‍ട്ട് അംബാസിഡര്‍മാരെയും നിയമിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് 18 പ്രധാന പാലങ്ങള്‍ പര്യവേക്ഷണം ചെയ്യാനും 10000 പടികള്‍ കയറാനും കഴിയും. കൂടാതെ ഈ റൂട്ടിലൂടെ മൗണ്ടന്‍ ബൈക്കുകളെടുത്ത് സാഹസികയാത്ര നടത്താനുമാവും. കിഴക്കന്‍ ഹിമാലയന്‍ മേഖലയുടെ കാഴ്ചകളാണ് ഈ വഴിയില്‍ ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നത്. സഞ്ചാരികള്‍ക്ക് മുമ്പൊരിക്കലും അനുഭവിക്കാനാവാത്ത ഭൂട്ടാന്റെ പ്രകൃതി ഭംഗി അടുത്തറിയാനുള്ള അവസരമാണിത്.
%20(1).jpg?$p=aa1ea87&&q=0.8)
യാത്രയുടെ ഭാഗമായി സഞ്ചാരികള്‍ക്ക് ഗൈഡിന്റെ സഹായത്തോടെയുള്ള നടത്തവും ബൈക്കിംഗ് ടൂറുകളും നടത്താം. അതിനായി ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണം. സഞ്ചാരികള്‍ക്ക് കാല്‍നടയായി മുഴുവന്‍ പാതയും പര്യവേക്ഷണം ചെയ്യാം, അതിന് ഒരു മാസത്തിലധികം സമയമെടുക്കും. സാഹസികര്‍, ഫോട്ടോഗ്രാഫര്‍മാര്‍, പക്ഷിനിരീക്ഷകര്‍ എന്നിവര്‍ക്ക് ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായിരിക്കുമിത്.
%20(1).jpg?$p=d0da999&&q=0.8)
യാത്ര പുനരാരംഭിച്ചത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ ഭൂട്ടാനിലേക്ക് എത്തും. ഇവര്‍ക്ക് പ്രദേശത്തെ ജനങ്ങളുടെ വീടുകളില്‍ താമസിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമുള്ള സംവിധാനങ്ങളുമുണ്ട്. ഇത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Trans Bhutan Trail Is Up And Running After 60 Years


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..