പാരോ എയർപോർട്ട്, ഭൂട്ടാൻ
പൊതുവെ വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ പല തരത്തിലുളള ചിലവുകളെ കുറിച്ച് നാം ആശങ്കപ്പെടാറുണ്ട്. വിസ, താമസം, യാത്ര, ഭക്ഷണം അങ്ങനെ പലതും. എന്നാല്‍ അക്കൂട്ടത്തിലേക്ക് സമീപ കാലത്ത് വ്യാപകമായ പുതിയൊരു ചിലവ് നാം പലപ്പോഴും പരിഗണിക്കാറില്ല. ടൂറിസ്റ്റ് ടാക്‌സ് അഥവാ വിനോദസഞ്ചാര നികുതി. ടൂറിസം പ്രധാന വരുമാന മാര്‍ഗമായ പല രാജ്യങ്ങളും നഗരങ്ങളും നിലവില്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മറ്റ് പല രാജ്യങ്ങളും ഇവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേള്‍ക്കുമ്പോള്‍ ചെറുതെന്ന് തോന്നുമെങ്കിലും നിങ്ങളുടെ ബഡ്ജറ്റിനെയും യാത്രയെയും വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളവയാണ് ഈ ടൂറിസം നികുതികള്‍. ഇവ നിലവിലുള്ളതും പരിഗണനയിലുള്ളതുമായ പ്രധാന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.
തായ്‌ലന്‍ഡ്
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമായ തായ്‌ലന്‍ഡ് ടൂറിസം നികുതി ഏര്‍പ്പെടുത്താനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. നേരത്തെ 2022 ല്‍ ഇത് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്നതെങ്കിലും നീളുകയായിരുന്നു. ഏതാണ്ട് 700 രൂപയോളമാണ് ഒരാള്‍ക്ക് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന നികുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഈ ടാക്‌സിന്റെ ലക്ഷ്യം.
ബാഴ്‌സലോണ
ടൂറിസം ടാക്‌സ് നിലവിലുളള മറ്റൊരു പ്രധാന നഗരമാണ് സ്‌പെയ്‌നിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്‌സലോണ. 2012 ലാണ് നഗരത്തില്‍ ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തുന്നത്. അമിത ടൂറിസം മൂലമുള്ള പ്രതിസന്ധികള്‍ കുറയ്ക്കാനാണ് ഇവിടെ നികുതി ഏര്‍പ്പെടുത്തിയത്. സമീപകാലത്ത് ഇത് വര്‍ധിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പകരം ഗുണമേന്മയുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കലാണ് നികുതി വര്‍ധനവിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ടൂറിസ്റ്റ് ടാക്‌സിന് പുറമെ സര്‍ചാര്‍ജും നല്‍കണം. ഔദ്യോഗിക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. ലോകത്ത് ഏറ്റവുംകൂടുതല്‍ സഞ്ചാരികളെത്തുന്ന ഇരുപതാമത്തെ നഗരമാണ് ബാഴ്‌സലോണ.
വലന്‍സിയ
സ്‌പെയിനിലെ മറ്റൊരു നഗരമായ വലന്‍സിയയും മറ്റൊരു തരത്തിലുള്ള ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. നഗരത്തിലെത്തുന്ന സഞ്ചാരികളുടെ താമസ സൗകര്യത്തിനാണ് ഈ നികുതി ഈടാക്കുക. ഹോട്ടലുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും അപാര്‍ട്ട്‌മെന്റുകള്‍ക്കുമെല്ലാം ഇത് ബാധകമാണ്. 2023 അവസാനമോ 2024 ആദ്യമോ ആയി ഈ നികുതി നിലവില്‍ വരും. സ്‌പെയിനിലെ തുറമുഖ നഗരമായ വലന്‍സിയ സഞ്ചാരികളുടെയും ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെയും പ്രിയപ്പെട്ട നഗരമാണ്.
വെനീസ്
എല്ലാ സഞ്ചാരികളുടെയും സ്വപ്‌നനഗരമായ വെനീസാണ് ടൂറിസം നികുതി നിലവില്‍ വരാന്‍പോകുന്ന മറ്റൊരു നഗരം. അമിത ടൂറിസത്തിന് തടയിടല്‍ തന്നെയാണ് വെനീസ് അധികാരികളും നികുതിയിലൂടെ ലക്ഷ്യം വെക്കുന്നത്. മൂന്ന് യൂറോ മുതല്‍ പത്ത് യൂറോ വരെയുള്ള തുകയാണ് ഏര്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ തുക മലിനീകരണ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക
ഭൂട്ടാന്‍
താരതമ്യേനെ ഏറ്റവും ഉയര്‍ന്ന ടൂറിസ്റ്റ് ടാക്‌സ് നിലവിലുള്ള രാജ്യമാണ് ഭൂട്ടാന്‍. സീസണില്‍ ഈ ഫീസ് കുത്തനെ കൂടുകയും ഓഫ് സീസണില്‍ കുറയുകയും ചെയ്യും. ടൂറിസ്റ്റ് നികുതിക്ക് പുറമെ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് ഫീ എന്ന പേരില്‍ ഒരു പുതിയ നികുതി കൂടെ ഭൂട്ടാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള സഞ്ചാരികള്‍ക്ക് ഈ ഫീസ് നല്‍കേണ്ടി വരും.
ഫ്രാന്‍സ്, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്
ഇവയ്ക്ക് പുറമെ ഫ്രാന്‍സിലും അമേരിക്കയിലും ഇത്തരം നികുതികള്‍ നിലവിലുണ്ട്. അമേരിക്കയില്‍ ഒക്യുപെന്‍സി ടാക്‌സ് എന്നപേരില്‍ ഹോട്ടല്‍ ബില്ലിനോടൊപ്പമാണ് ഇത് ഈടാക്കുക. ഹ്യൂസ്റ്റണിലാണ് ഏറ്റവും ഉയര്‍ന്ന ടാക്‌സ് നിലവിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിലും വിനോദസഞ്ചാരികളില്‍ നിന്ന് നികുതി ഈടാക്കുന്നുണ്ട്.
Content Highlights: Tourist Taxes world travel


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..