ഫോട്ടോ: അനീഷ് ബാലകൃഷ്ണപിള്ള
മുന്‍കൂട്ടി നിശ്ചയിച്ച യാത്ര തുടങ്ങുന്നത് ഒരു തിങ്കളാഴ്ച വൈകുന്നേരം, കാരണം പകല്‍ സമയത്തെ ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെടണം. കോഴഞ്ചേരിയില്‍ നിന്നും സുഹൃത്തായ ലിജോ ചേട്ടനെ കൂട്ടി തെള്ളകത്തെ സ്ഥിരം തട്ടുകടയില്‍ നിന്ന് ദോശയും ഓംലെറ്റും കഴിച്ച് നേരെ അങ്കമാലിയിലേക്ക്. അവിടെ കാത്തു നിന്ന മൂന്നാമന്‍ രാജീവ് ചേട്ടനെയും കൂടെ കൂട്ടി. എല്ലാവരും തമ്മില്‍ ഫോണിലൂടെ ഉള്ള സംഭാഷണങ്ങള്‍ ഉണ്ടെങ്കിലും നേരില്‍ കാണുമ്പോള്‍ പറയാന്‍ ഒത്തിരി കാര്യങ്ങള്‍ കാണുമല്ലോ. കൂടുതലും മുന്‍യാത്രകളും ഫോട്ടോഗ്രാഫി വിശേഷങ്ങളും.. ഏകദേശം പുലര്‍ച്ചെ 4.30യ്ക്കു അടിവാരത്തെത്തി.. ചെറിയ ഒരു വിശ്രമം. അവിടെ നിന്ന് കട്ടനും മുറുക്കും കഴിച്ചു ചുരം കയറാന്‍ തുടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വയനാട് സ്വാഗതമോതുന്ന ഗേറ്റ് കടന്നു. വൈത്തിരിയില്‍ സാധാരണ നമ്മളെ സ്വീകരിക്കുന്ന കോട കണ്ടില്ല. ഏപ്രില്‍ മാസം അല്ലേ എന്ന ചിന്ത മാനന്തവാടി റോഡിലേക്ക് കടന്നപ്പോള്‍ തന്നെ മാറിക്കിട്ടി. നല്ല കട്ടിയുള്ള കോടമഞ്ഞ് വഴി മുടക്കിയായി നില്‍ക്കുന്നു.
സാവധാനം വണ്ടി ഒടിച്ചു ഞങ്ങള്‍ കാട്ടിക്കുളത്ത് എത്തി. ബാവലി വഴി പോയാല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് നമുക്ക് കബിനി പിടിക്കാം. എന്നാല്‍ ഞങ്ങള്‍ സഫാരി ബുക്ക് ചെയ്തത് ഉച്ചയ്ക്ക് ശേഷം ആയതിനാല്‍ പതുക്കെ ചെന്നാല്‍ മതി. നേരത്തെ നിശ്ചയിച്ച പ്രകാരം കാട്ടിക്കുളത്ത് നിന്നും ഇടത്തോട്ടു കാര്‍ തിരിച്ചു. ലക്ഷ്യം തിരുനെല്ലി റൂട്ടിലെ പ്രശസ്തമായ 'ഉണ്ണിയപ്പക്കട'. ആ വഴിയില്‍ ഒരു ചെറിയ ആനക്കൂട്ടത്തെ കണ്ടു. ഏകദേശം 6.30 ആയപ്പോള്‍ ഉണ്ണിയപ്പക്കടയ്ക്കു മുന്നിലെത്തി, ചേട്ടന്‍ കട തുറക്കുന്നേ ഉണ്ടാരുന്നുള്ളൂ. അവിടെ നിന്നും ഉണ്ണിയപ്പവും കട്ടനും അടിച്ചു. അടുത്തത് കുട്ട വഴി നഗര്‍ഹോള കാട്ടിലൂടെ എച്ച്.ഡി കോട്ടെ. നഗര്‍ഹോള ചെക്‌പോസ്റ്റില്‍ വേണ്ട വിവരങ്ങള്‍ നല്‍കി വണ്ടി മുന്നോട്ട്. മുന്‍പ് വന്നതിലും നല്ലതായിരുന്നു റോഡ് എന്നാലും വണ്ടിയുടെ സ്പീഡ് ഒരിക്കലും 30-40 നു മുകളിലേക്ക് പോയില്ല. ഒന്നാമത് നമ്മുടെയും വന്യ ജീവികളുടെയും സുരക്ഷ. രണ്ടാമത് ജീവികളെ കണ്ടെത്താനുള്ള എളുപ്പത്തിനായും. ആദ്യ ദര്‍ശനം തന്നത് ഒരു ചെങ്കീരി ആയിരുന്നു. ഇന്നേവരെ അവനെ ഇത്ര മനോഹരമായി കാണാനും ചിത്രങ്ങള്‍ എടുക്കാനും കഴിഞ്ഞിട്ടില്ല. ഏകദേശം 8,10 മിനിറ്റോളം ഒരു വീണ് ഉണങ്ങിയ മരത്തിനു മുകളില്‍ അവന്‍ ആഹാരം പരതിക്കൊണ്ടിരുന്നു.
.jpg?$p=f5860a0&&q=0.8)
'തുടക്കം ചെങ്കീരി ആണ് , ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാകും' ലിജോ ചേട്ടന്റെ കമന്റ്. അത് ഒരു സത്യമാണ് എന്ന് പിന്നീട് തെളിഞ്ഞു. ഭാഗ്യം എന്ന് ഉദ്ദേശിക്കുന്നത് ഇത്തരം കാഴ്ചകള്‍ ആണ് കേട്ടോ. പ്രത്യേകിച്ചും സഫാരിയില്‍ കടുവയേയോ പുലിയേയോ കാണുക എന്നത് തന്നെ. അടുത്തതായി ഒരു സുന്ദരന്‍ മയില്‍ ആയിരുന്നു ഞങ്ങളുടെ മുന്‍പിലേക്ക് ഒരുക്കിയത്. ഒരു ചിതല്‍പുറ്റിനു മുകളില്‍ അവന്‍ നമ്മളെ കാത്തു നില്‍ക്കും പോലെ തോന്നിച്ചു. വിഷുപ്പക്ഷിയുടെ പാട്ടിന്റെ അകമ്പടിയോട് കൂടിയുള്ള ആ യാത്രയില്‍ വേറേ ദര്‍ശനങ്ങള്‍ ഒന്നും ലഭിച്ചില്ല. ഞങ്ങള്‍ ഹോന്‍സുര്‍ ഗേറ്റിലൂടെ കാടിറങ്ങി നേരെ ഹാന്‍ഡ്‌പോസ്റ്റ് വഴി എച്ച്ഡി കോട്ടയിലെ താമസസ്ഥലത്ത് എത്തി. ഉച്ചഭക്ഷണം കഴിച്ച് നേരെ സഫാരി പോയിന്റില്‍ എത്തി. ആദ്യ സഫാരിയുടെ ആവേശത്തിലായിരുന്നു ഞങ്ങള്‍ മൂവരും. കാട്ടിലേക്ക് വണ്ടി ഉരുണ്ടു തുടങ്ങി, മനസ്സിനുള്ളില്‍ കബനിയില്‍ നിന്ന് പലരും പകര്‍ത്തിയ ചിത്രങ്ങള്‍ മിന്നി മറഞ്ഞുകൊണ്ടേ ഇരുന്നു. കാടിന്റെ ദൈവത്തെ കാണാനുള്ള യാത്ര ഇത്തവണ എങ്കിലും സാധിച്ചു തരണേ എന്നുള്ള പ്രാര്‍ത്ഥന ഉള്ളില്‍ ഉരുവിട്ട് കൊണ്ടേ ഇരുന്നു. കാരണം ഏകദേശം 15ന് മുകളില്‍ സഫാരി നടത്തിയിട്ടുണ്ട്. ഇവിടെ എന്നാല്‍ ഒരിക്കല്‍ പോലും 'ആ' ആഗ്രഹ സഫലീകരണം ഉണ്ടായിട്ടില്ല. പല ഇടങ്ങളിലും വണ്ടി നിര്‍ത്തി ഇട്ട് കടുവയുടെ സാന്നിധ്യം അറിയാന്‍ ഡ്രൈവറും ഞങ്ങളും ശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇത്രയും നാള്‍ നടത്തിയ യാത്രകള്‍ അങ്ങിനെ ഉള്ള ചെറിയ ചെറിയ അറിവുകള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്. മ്ലാവിന്റെയും കുരങ്ങന്റെയും മാനുകളുടെയും എല്ലാം അലാം കാള്‍സ് തിരിച്ചറിഞ്ഞാണ് കടുവയുടെയോ പുലിയുടെയോ കാട്ടുനായുടെയോ സാനിധ്യം മനസ്സിലാക്കുന്നത്.
Also Read
%20(1).jpg?$p=a80ff65&&q=0.8)

.jpeg?$p=5ed6594&f=1x1&w=284&q=0.8)

.jpeg?$p=aab655d&q=0.8&f=16x10&w=284)

പിറ്റേന്ന് അതിരാവിലെ സഫാരി പോയിന്റില്‍ വന്നു ചായ കുടിച്ചിരിക്കുമ്പോഴും ആലോചിക്കുന്നത് അതിനെ കുറിച്ച് മാത്രം ആയിരുന്നു. കബിനിയിലെ കടുവ. 6.30 വണ്ടി കാടിനുള്ളിലേക്ക് പുറപ്പെട്ടു. നല്ല മഞ്ഞുണ്ടായിരുന്നു. കാടിന്റെ സൗന്ദര്യം അവര്‍ണനീയം ആയിരുന്നു. ഒരു 15 മിനിറ്റ് കഴിഞ്ഞു കാണും ഒരു കാള്‍ കേട്ട പോലെ തോന്നി. ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അല്‍പ നേരം ഏവരും കാതുകള്‍ കൂര്‍പ്പിച്ചു, ഇല്ല ഒരു സൂചനയും കിട്ടുന്നില്ല. പക്ഷേ റോഡിനപ്പുറം നിന്ന മാനുകള്‍ ഒരു വശത്തേക്ക് മാത്രം കണ്ണുകള്‍ അയച്ചു നില്‍ക്കുന്നു. ബസിനുള്ളിലെ എല്ലാ കണ്ണുകളും അതെ ഭാഗത്തേക്ക്. ചുറ്റിനും ആകാംക്ഷ നിറഞ്ഞ നിശബ്ദത. പെട്ടെന്ന് തലക്ക് തൊട്ടു മുകളിലിരുന്ന് ഒരു ഹനുമാന്‍ കുരങ്ങ്. ഒരു അലാം കാള്‍ കൊടുത്ത് അടുത്ത കൊമ്പിലേക്കു ഒരു ചാട്ടം. ഇത്രയും മതി നമുക്ക് തൊട്ടടുത്ത് കടുവ ഉണ്ട് എന്നറുപ്പിക്കാന്‍. ഞങ്ങള്‍ ഉണ്ടായിരുന്നത് Russel Line എന്ന പ്രദേശത്തായിരുന്നു. അവിടുത്തെ റാണി ആണ് റസ്സല്‍ ലൈന്‍ ഫീമെയില്‍ അവള്‍ക്കാണെങ്കില്‍ 45 മാസം മാത്രം പ്രായമായ നാലു മക്കളും ഉണ്ട്. വണ്ടിയിലുള്ള എല്ലാവരുടെയും ആവേശം അത്യുന്നതിയില്‍ എത്തി. പക്ഷെ കാടിന്റെ വികൃതിയുടെ ഇരകള്‍ ആകാനായിരുന്നു ഞങ്ങളുടെ വിധി. ഏകദേശം അര മണിക്കൂറോളം അവിടെ കാത്തിരുന്ന ഞങ്ങളുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. മാനുകള്‍ സാധാരണ പോലെ മേഞ്ഞു തുടങ്ങി. കുരങ്ങന്മാര്‍ അവരുടെ പണികളില്‍ വ്യാപൃതരായി.
അപ്പോഴാണ് ഡ്രൈവര്‍ക്ക് ഒരു കാള്‍ വന്നത്. എം.എം റോഡില്‍ (Old Mysore - Mananthavadi Road) സൈറ്റിങ് ഉണ്ട്. ഞങ്ങള്‍ അവിടേക്കു എത്തി; വളരെ ദൂരെ ഒരു പൊട്ടായി മാത്രം കാണാം.. ഒരു കടുവ കിടന്ന് ഉറങ്ങുന്നു. അവിടെ സമയം കളയുന്നത് ഉചിതമല്ല എന്ന് തോന്നിയ ഡ്രൈവര്‍ വണ്ടി തിരിച്ചു. തിരികെ എം റോഡിലൂടെ വണ്ടി അടുത്ത ലക്ഷ്യത്തിലേക്കു കോടമഞ്ഞിലൂടെ ഓടിക്കൊണ്ടിരുന്നു. 'ടൈഗര്‍...' മുന്നിലിരുന്ന ഒരു സുഹൃത്ത് അലറി; ആ സുന്ദരനിമിഷത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഒരു മഞ്ഞു തുള്ളി വീണ തണുപ്പാണ്. റോഡിന്റെ വലത് വശത്തെ പൊന്തക്കാട്ടില്‍ നിന്നും പതിയെ റോഡിലേക്ക് നടന്നടുക്കുന്ന കാടിന്റെ ദൈവം. വലത് വശത്തെ സീറ്റില്‍ ഇരുന്ന എന്റെ ക്യാമറയുടെ മിഴികള്‍ ഒന്നൊഴിയാതെ ചിമ്മിക്കൊണ്ടേയിരുന്നു. ഒരു 15 സെക്കന്റ് മാത്രം ദര്‍ശനം തന്ന് അവള്‍ കാടിന്റെ പച്ചപ്പിലേക്ക് നടന്നു കയറി. മനസ്സും കാര്‍ഡും നിറച്ച ആ 15 സെക്കന്റ് എനിക്ക് തന്നത് എന്നെന്നും ഒമനിക്കാനായുള്ള ഒരു പിടി ചിത്രങ്ങള്‍. 9.30ക്ക് വണ്ടി കാടിറങ്ങുമ്പോള്‍ നന്ദിയോടെ അവളെ ഒന്ന് തിരിഞ്ഞു നോക്കി, വീണ്ടും വരാം എന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട്.
Content Highlights: tiger sighting at kabini wildlife photography travelogue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..