
-
മധുരയ്ക്കടുത്ത് തിരുച്ചുഴി ഗ്രാമത്തിലെ പതിനേഴുവയസ്സുകാരനായ വെങ്കിട്ടരമണന് എന്ന കൗമാരക്കാരനെ വിളിച്ചത് അരുണാചല എന്ന മലയായിരുന്നു. മുതിര്‍ന്ന ഒരു ബന്ധുവിന്റെ സംസാരത്തിനിടയിലാണ് വെള്ളിടിപോലെ 'അരുണാചല' എന്ന പേര് അവന് കേട്ടത്. അത് എവിടെയാണ് എന്നന്വേഷിച്ചപ്പോള്‍ അയാള്‍ സ്ഥലവും വഴിയും പറഞ്ഞുകൊടുത്തു.
വെങ്കിട്ടരമണന് ആരോടും പറയാതെ പുറപ്പെട്ടുപോന്നു. തിണ്ടിവനം വഴി വില്ലുപുരം ജങ്ഷനിലെത്തി. അവിടെയിറങ്ങി, വിശന്നപ്പോള്‍ ഹോട്ടലിനുമുന്നില്ച്ചെന്ന് ഭിക്ഷയെടുത്തു. വഴിയോരത്തെ ഒരു വേപ്പുമരച്ചുവട്ടില്‍ ധ്യാനിച്ചിരുന്ന വെങ്കിട്ടരമണന്റെ മുന്നില്‍ ആരൊക്കെയോ ചില്ലറത്തുട്ടുകള്‍ ഇട്ടുകൊടുത്തു. അരുണാചലത്തിലേക്കുള്ള വഴി ചോദിച്ച് നടന്നുനടന്ന് ഇരുട്ടിയപ്പോള്‍ ദൂരെ അരയ്യാണിനല്ലൂര് ക്ഷേത്രത്തിന്റെ ഗോപുരവും വെളിച്ചവും കണ്ടു. ആ വെളിച്ചത്തിന്റെ വഴിനോക്കിനടന്ന് കിലൂര്‍ ഗ്രാമത്തിലും പിറ്റേന്ന് തിരുവണ്ണാമലയിലും വെങ്കിട്ടരമണന് എത്തി.
വിശന്നുതളര്‍ന്ന കണ്ണുകളിലൂടെ വെങ്കിട്ടരമണന് അരുണാചലമലയെ അകംനിറഞ്ഞുകണ്ടു. അതിന്റെ താഴ്വാരത്തിലെ മഹാശിവക്ഷേത്രം അവന് അഭയം നല്കി. ക്ഷേത്രത്തിനകത്തെ പാതാളലിംഗ ഗുഹയില്‍ അവന് ബാഹ്യബോധമറ്റ് പലനാളിരുന്നു. നഖങ്ങള്‍ വളര്‍ന്നു; ശരീരത്തിലേക്ക് പല പല പ്രാണികള്‍ അരിച്ചുകയറി. ചിതലരിച്ചു. ദേഹബോധമില്ലാത്ത വെങ്കിട്ടരമണന് ആരൊക്കെയോ ഭക്ഷണം കൊടുത്തു. കൊടുത്ത ഭക്ഷണം പ്രാണികള്‍ തിന്നുതീര്‍ത്തു. ഒടുവിലൊരുനാള്‍ വെങ്കിട്ടരമണന്റെ ശരീരവും പ്രാണികള്‍ തിന്നുതീരുംമുന്‍പേ ആരോ അവനെ പുറത്തെടുത്തു. തെരുവുകുട്ടികള്‍ അവനെ കല്ലെറിഞ്ഞു.
പിന്നീടവന് അരുണാചലത്തിന്റെ താഴ്വാരത്തെ മാന്തോപ്പുകളിലും തീര്ഥക്കരകളിലും പാര്‍ത്തു. മലകയറി ഗുഹകളില്‍ വസിച്ചു. മൗനമായിരുന്നു വെങ്കിട്ടരമണന്റെ ഭാഷ. വര്‍ഷവും വസന്തവും ശൈത്യവും വേനലുമെല്ലാം മലയിലും താഴ്വാരങ്ങളിലും പലതവണ വന്നുപോയി. അരുണാചലമലയുടെ താഴ്വാരത്തിലെ മൗനമഹര്ഷിയെത്തേടി ലോകം വന്നുതുടങ്ങി. മലയും മഹര്‍ഷിയും ഒന്നായി. രമണമഹര്‍ഷി പിറന്നു.
അതുകൊണ്ട്, തിരുവണ്ണാമലയിലേക്കുള്ള യാത്രകളില്‍ മനസ്സ് വീണ്ടും വീണ്ടും ചോദിക്കും: മലയാണോ മഹാക്ഷേത്രമാണോ മഹര്‍ഷിയാണോ വിളിക്കുന്നത്. മൂന്നും ചേര്‍ന്നാണ് എന്ന് ആരോ ഉത്തരം നല്‍കും; മൂന്നും ഒന്നുതന്നെ എന്ന തോന്നലുണ്ടാവും. തോന്നലല്ല, അതാണ് സത്യം.
മാതൃഭൂമി യാത്ര പുതുവത്സരപ്പതിപ്പില്‍ ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയ യാത്രാ വിവരണത്തില്‍ നിന്നും. കൂടുതല്‍ വായനയ്ക്കും ഫോട്ടോകള്‍ക്കും 2020 ജനുവരി ലക്കം യാത്ര ഇന്നുതന്നെ സ്വന്തമാക്കൂ...
Content Highlights: Thiruvannamalai TempleTamilnadu Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..