കാടകങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ ഇന്നും തിരുനെല്ലി തണുത്ത് വിറയ്ക്കും, പഴയ വൃശ്ചിക കുളിരില്ലെങ്കിലും


എഴുത്തും ചിത്രങ്ങളും: രമേഷ്‌കുമാര്‍ വെള്ളമുണ്ടതിരുനെല്ലി

യനാടന്‍ തണുപ്പിന് വിഭിന്നഭാവമാണ്. മഞ്ഞിന്റെ മൂടുപടം പുതച്ച് വയലുകള്‍ കടന്ന് തണുപ്പ് നാടിനെ ആകെ പുണരും. കരിമ്പടങ്ങള്‍ പുതച്ചും തീ കൂട്ടിയും തണുപ്പിനെ അകറ്റാന്‍ രാവുതീരുന്നത് വരെയും നെരിപ്പോടുകള്‍ പുകയും. ഈ തണുപ്പിനെ പ്രണയിച്ച് സഞ്ചാരികളും വിരുന്നെത്തുമ്പോള്‍ റിസോര്‍ട്ടുകളും അതിഥി മന്ദിരങ്ങളും മറ്റൊരു സീസണിനെയും വരവേല്‍ക്കുകയാണ്. അതിരാവിലെ ഉണരുന്ന പതിവ് ഗ്രാമ വഴികളെല്ലാം വൈകിമാത്രമാണ് ഇപ്പോഴുണരുക. മഞ്ഞിനെ തുളച്ച് നാട്ടുവഴികളിലൂടെ കാര്‍ഷിക ഗ്രാമങ്ങളെല്ലാം പാല്‍ പാത്രവുമായി പോകുന്ന കാഴ്ച. 'ഇതിപ്പോ എന്ത് തണുപ്പ്... തണുപ്പെല്ലാം അങ്ങ് പഴയകാലത്തെല്ലേ....' കിടു കിടാ വിറയ്ക്കുന്ന പഴയ വൃശ്ചികമാസ തണുപ്പിന്റെ കുളിരുള്ള ഓര്‍മ്മകളും ഈ തണുപ്പാന്‍ കാലത്ത് പെയ്തിറങ്ങും.

മാനന്തവാടിയില്‍ നിന്നും തിരുനെല്ലി എന്ന ബോര്‍ഡ് വെച്ച് കെ.എസ്.ആര്‍.ടി.സി യാത്രക്കാരെ കാത്തിരിക്കുന്നു. ഈ തണുപ്പാന്‍ കാലത്തുള്ള പോക്ക് പാടാ.. തണുപ്പില്‍ കട്ടന്‍ ചായ തട്ടുകടയില്‍ നിന്നും ഊതികുടിക്കുന്ന ഡ്രൈവര്‍ അജയന്‍ പറയുന്നു. പാത കാടിനെ തൊടുമ്പോള്‍ തണുപ്പ് ഒന്നു കൂടെ കൂടും. മുന്നോട്ടുള്ള കാഴ്ചകളെ മറച്ച് മഞ്ഞുപെയ്യുമ്പോള്‍ മുന്‍ ചില്ലുകളെല്ലാം തുടയ്ക്കാന്‍ തന്നെയെ നേരം കാണു.. വഴിയരികില്‍ രാവിലെ തന്നെ കാട്ടാനയും കാട്ടുപോത്തുമെല്ലാമുണ്ടാകും. ശ്രദ്ധ നല്ലരീതിയില്‍ വേണം. ഇല്ലെങ്കി പണി പാളും. അതിവേഗം കാടിനുള്ളിലേക്ക് പാഞ്ഞുപോകുന്ന ബസ്സിനുള്ളില്‍ യാത്രക്കാര്‍ പതിവിലും കുറവ്. തണുപ്പ് കാലം ഇങ്ങനെയാണ്. അമ്പലത്തിലേക്ക് രാവിലെ എത്തേണ്ടവരെല്ലാം തലേദിവസം ഇവിടെ തങ്ങുന്നതാണ് ശീലം. അതിരാവിലെ തിരുനെല്ലി മഞ്ഞുകാലത്തിന്റെ തണുപ്പ് കൂസാതെ ഉണരും. പൂജകളും ബലികര്‍മ്മങ്ങളുമെല്ലാം തണുപ്പിനെ തോല്‍പ്പിച്ചും നടക്കും. പാപനാശിനിയിലെ ഐസുപോലെ തണുത്തുറയുന്ന വെള്ളത്തില്‍ മുങ്ങി നിവരുന്നതോടെ തണുപ്പ് പെരുമ്പറ കൊട്ടും. ആവിപറത്തി ഒഴുകുന്ന പാപനാശിനിയും കാളിന്ദിയുമെല്ലാം ഒരു വയനാടന്‍ തണുപ്പിന്റെ വേറിട്ട കാഴ്ചകളുടെ ചിത്രം വരയും. ബ്രഹ്‌മഗിരിയുടെ നെറുകയില്‍ നിന്നും മഞ്ഞുകാലം തിരുനെല്ലിയിലേക്ക് പരന്നൊഴുകുമ്പോള്‍ ഉണരാന്‍ വൈകുന്ന ഏറുമാടങ്ങളും ആദിവാസി സങ്കേതങ്ങളുമെല്ലാം ഗതകാല വയനാടന്‍ തണുപ്പുകാലത്തിന്റെ നൊമ്പരങ്ങള്‍ പങ്കിടും.

പണ്ടൊക്കെ കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ തിരുനെല്ലിയിലെ ആദിവാസി കുടുംബങ്ങളെല്ലാം കുടിലിനുള്ളില്‍ തീകൂട്ടാനുള്ള പ്രത്യേക ഇടങ്ങളുണ്ടാക്കുമായിരുന്നു. കിടപ്പുമുറിയുടെ മദ്ധ്യഭാഗത്തായി ഉണങ്ങിയ മരമുട്ടികള്‍ ഓരോന്നായി കത്തിക്കുമായിരുന്നു. കാട്ടില്‍ നിന്നും വിറക് ശേഖരിച്ചു കൊണ്ടുവെക്കുമായിരുന്നു. തണുപ്പ് കാലം കഴിയുന്നത് വരെയും ഈ വിറകായിരുന്നു ഇവരുടെ തണുപ്പകറ്റാനുള്ള കവചം. കാടിറമ്പങ്ങളില്‍ പുല്ലുമേഞ്ഞ കൂരകളില്‍ ആവി പരത്തി ഓരോ മഞ്ഞുകാലവും തിരുനെല്ലിയുടെ വേറിട്ട കാഴ്ചകളായിരുന്നു.

വന്യതയുടെ താളലയം

മാറുന്ന കാലത്തിലും തനിനാടന്‍ വന്യതയുടെ താളമാണ് തിരുനെല്ലിയുടെ പുണ്യം. കാടിനുള്ളിലെ തിരുനെല്ലിക്ക് വിഭിന്നഭാവമാണ്. കാടിറമ്പങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍ തിരുനെല്ലിയും തണുത്ത് വിറയ്ക്കും. ബ്രഹ്‌മഗിരിയുടെ നെറുകയില്‍ നിന്നും പാറക്കെട്ടുകള്‍ ചാടി ആര്‍ത്തലച്ച് പാപനാശിനി തിരുനെല്ലിയില്‍ ലയിക്കും. മരം കോച്ചുന്ന തണുപ്പും തെളിനീരുമായി കാളിന്ദിയും കിഴക്കിന്റെ ദിശതേടി നിറഞ്ഞൊഴുകും. കാടിന്റെ അകത്തളങ്ങളില്‍ തണുപ്പ് മടുത്ത കാട്ടാനകളും വന്യജീവികളും പാതയോരത്തേക്ക് നിലയുറപ്പിക്കും. ഇതിനിടയില്‍ ജീവിതം ശീലിച്ചവരാണ് തിരുനെല്ലിക്കാര്‍. കുന്നുകള്‍ക്ക് താഴെ വയലുകളില്‍ ഇപ്പോഴും മുടങ്ങാതെ നെല്‍കൃഷിയുടെ താളമുണ്ട്. തൊണ്ടിയും വെളിയനും ഗന്ധകശാലയുമെല്ലാം വിളയുന്ന പാടത്തേക്ക് കൊയ്്ത്തുപാട്ടിന്റെ ഈണങ്ങളുമായാണ് മഞ്ഞുകാലം കടന്നുവരിക. തനതു കാര്‍ഷിക ജീവിതത്തിന്റെയും ഗോത്രസംസ്‌കൃതിയുടെയുമെല്ലാം മുളപൊട്ടിയ ബ്രഹ്‌മിഗിരിയുടെ താഴ്‌വാരത്തുനിന്നുമാണ് വയനാടിന്റെ ഗതകാല ചരിത്രമെല്ലാം തുടങ്ങുന്നത്. മണ്ണിന്റെ മനസ്സറിഞ്ഞ ഒരു പറ്റം കര്‍ഷകര്‍ തുടങ്ങിവെച്ച കൃഷിയറിവുകള്‍ ഈ നാടിന്റെ ജൈവതാളമായി. കാഞ്ഞുമുളച്ച വേനലിനോട് ചേര്‍ന്നും പ്രകൃതിയുടെ മടിത്തട്ടില്‍ പൂത്ത് വിളഞ്ഞത് ഹരിത സമൃദ്ധിയുടെ ഒരുകാലം കൂടിയായിരുന്നു.

1970 കളില്‍ പോലും ജന്മി അടിയാന്‍ വ്യവസ്ഥതികള്‍ നിലനിന്നിരുന്ന തിരുനെല്ലിയുടെ ഭൂപ്രദേശങ്ങള്‍ നെല്ലിന്റെ വിളഭൂമി കൂടിയായിരുന്നു. ക്വിന്റല്‍ കണക്കിന് നെല്ല് കൊയ്തുകയറ്റുന്ന പാടശേഖരങ്ങള്‍ ഇവിടെ വെറുതെ കിടന്നിരുന്നില്ല. വന്യജീവികളെ പ്രതിരോധിക്കാന്‍ ഒരു മുള്ളുവേലി പോലും ഇല്ലാത്ത അക്കാലത്ത് സാഹചര്യങ്ങളോട് പടവെട്ടിയും ഇവരെല്ലാം കൃഷിഭൂമിയില്‍ നിന്നും പൊന്നുവിളയിച്ചു. തിരുനെല്ലി, തൃശ്ശിലേരി, കാട്ടിക്കുളം, ബാവലി, എടയൂര്‍ക്കുന്ന്, ബേഗൂര്‍ എിവടങ്ങളില്‍ നിന്നെല്ലൊം നെല്ല് ഉത്പാദനം കൊണ്ട് മാത്രം വരുമാനം കണ്ടെത്തിയ നിരവധി കുടംബങ്ങളെ കാണാനാകും. ഗന്ധകശാല , ജീരകശാല, വെളിയന്‍, ചോമാല തുടങ്ങിയ വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംഭരണികൂടിയായിരുന്നു ഇവിടം. ഉത്പാദന ചെലവ് ഇരട്ടിച്ചതും കൊടിയ വരള്‍ച്ചയും ഇവിടുത്തെ നെല്‍കൃഷി മൂന്നിലൊന്നായി കുറച്ചു.

കാടിനുള്ളിലെ നെല്ലറകള്‍

തിരുനെല്ലിയുടെ വിദൂരമായ വയല്‍ക്കാഴ്ചകളുടെയും നാടാണ്. മഞ്ഞുകാലമെത്തിയാല്‍ കൊയ്ത്തും മെതിയുമായി ഗ്രാമങ്ങള്‍ ഉണരും. അപ്പപ്പാറ, കാക്കവയല്‍ പാടശേഖരങ്ങളെല്ലാം നോക്കെത്താ ദൂരത്തോളം നെല്‍വയലിന്റെ ഖ്യാതിയെ പുണരുന്നു. പാടശേഖരങ്ങളിലെല്ലാം സുവര്‍ണ്ണ കതിരുകള്‍ നിരക്കുന്ന കാലം. പാട്ടകൊട്ടിയും പന്തമെറിഞ്ഞും വന്യജീവികളില്‍ നിന്നും കൃഷിക്ക് കാവലിരിക്കുന്ന കാലം. തീകൂട്ടിയ തണുത്ത രാവുകളില്‍ ഉണര്‍ന്നിരിക്കുന്ന കാവല്‍മാടങ്ങള്‍. എല്ലാം തിരുനെല്ലിയുടെയും ഇപ്പോഴത്തെയും ചിത്രമാണ്. വയലുകളുടെ മധ്യഭാഗത്തായി മെതയിട്ട നെല്‍ക്കതിരുകള്‍ ഒക്കല്‍കഴിഞ്ഞ് വീടെത്തുന്നത് വരെയും ഉറക്കമില്ലാത്ത രാവുകളാണ്. ഏത് തണുപ്പിനെയും ഇക്കാലം വരെയും അവഗണിച്ച് നെല്‍കൃഷി നടത്തിയവരാണ് തിരുനെല്ലിക്കാര്‍. ചെട്ടി സമുദായം ഉള്‍പ്പെടെയുള്ളവര്‍ നൂറ്റാണ്ടുകളായി ഇവിടെ നെല്‍കൃഷിയെ പരിപാലിക്കുന്നവരാണ്. തണുപ്പുകാലം ഇവര്‍ക്ക് അങ്ങിനെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ കൂടിയാണ് പങ്കുവെക്കുക.

ചുറ്റിലും കാടായതിനാല്‍ നെല്‍കൃഷിക്കാലം വന്യമൃഗങ്ങളുടേത് കൂടിയാണ്. ഞാറ് പാകുന്നത് മുതല്‍ കൃഷിയിടത്തില്‍ ആനയും കാട്ടുപോത്തും മാനുമെല്ലാം കൂട്ടതോടെ എത്തും. ഇതോടെ കാവല്‍മാടങ്ങളും കാടിറമ്പങ്ങളിലെല്ലാം ഉയരും. ഇതിനുള്ളില്‍ രാപകല്‍ കാവലിരുന്നാണ് ഇവര്‍ ഒരു നെല്‍കൃഷിക്കാലത്തെ പിന്നിടുക. നെല്ല് കതിരിടാന്‍ തുടങ്ങുന്നത് മുതല്‍ ഈ കൃഷിയിടങ്ങളില്‍ നിതാന്തമായ ജാഗ്രത വേണം. കണ്ണ് തെറ്റിയാല്‍ ഇവയെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിക്കും. കൊയ്ത്ത് കഴിഞ്ഞ് നെല്ല് പത്തായത്തില്‍ എത്തും വരെയും തിരുനെല്ലിക്ക് പറയാനുള്ളത് കണ്ണ് ചിമ്മാതെയുള്ള കാവലിന്റെ ദുരിതങ്ങള്‍ കൂടിയാണ്. വനഗ്രാമങ്ങളില്‍ മിക്കയിടങ്ങളിലും വൈദ്യുത കമ്പിവേലികളോ വന്യജീവി പ്രതിരോധ കിടങ്ങുകളോ ഇല്ലാത്തത് കര്‍ഷകര്‍ക്ക് കനത്ത വെല്ലുവിളിയാണ്. അപ്പപ്പാറയില്‍ കുനിക്കോടെല്ലാം സന്ധ്യയാവുന്നതോടെ ഇപ്പോഴും കാട്ടാനകള്‍ കൃഷിയിടത്തിലെത്തുന്നത് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. വന്യജീവികളും നാടും തമ്മിലുള്ള പോരാട്ടത്തിനിടയിലും ടണ്‍ കണക്കിന് നെല്ലാണ് ഈ പാടശേഖരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ പൊതു സംഭരണിയിലേക്ക് പ്രതിവര്‍ഷം നല്‍കുന്നത്.

സഞ്ചാരികളുടെ തിരുനെല്ലി

വയനാടിന്റെ ആത്മീയഭാവമാണ് തിരുനെല്ലി. ആത്മീയ വഴിയിലും അല്ലാതെയും തിരുനെല്ലിയിലെത്തുന്നവര്‍ ധാരാളമുണ്ട്. വിനോദ സഞ്ചാരികളുടെയും പ്രിയ ഇടമാണിത്. ബ്രഹ്‌മഗിരി മലനിരകകളിലേക്കുള്ള ട്രക്കിങ്ങ് സഞ്ചാരികളുടെ പ്രിയ യാത്രയാണ്. ആകാശം തൊടുന്ന മലനിരകളിലേക്ക് അതിരാവിലെയുള്ള യാത്രയ്ക്ക് മുന്നൊരുക്കം അനിവാര്യമാണ്. കാലത്ത് ഏഴോടെ തുടങ്ങുന്ന ഏഴു കിലോമീറ്ററോളം ദൂരമുള്ള യാത്രയ്ക്കായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വനം വകുപ്പിന്റെ ഇവിടെയുള്ള ഡോര്‍മറ്ററിയില്‍ താമസിച്ച് അതിരാവിലെയുള്ള ട്രാക്കിങ്ങിനായി പുറപ്പെടാം. വനം വകുപ്പിന്റെ ഗൈഡിന്റെ സേവനവും ഇവിടെ നിന്നും ലഭിക്കും. മുമ്പ് കാലത്തുള്ള പക്ഷിപാതാളയാത്രയാണ് സുരക്ഷാ കാരണങ്ങളാല്‍ വെട്ടിച്ചുരുക്കി ബ്രഹ്‌മഗിരി ട്രക്കിങ്ങ് എന്ന പേരില്‍ ഒരു ദിവസ യാത്രയിലേക്ക് ഒതുക്കിയത്. നോര്‍ത്ത് വയനാട് വനം ഡിവിഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോല്‍പ്പെട്ടി വനയാത്രയും സഞ്ചാരികള്‍ക്ക് പ്രീയപ്പെട്ടതാണ്. രാവിലെ 7മുതല്‍ 9 വരെയും വൈകീട്ട് 3 മുതല്‍ 5 വരെയുമാണ് ഇവിടെ സഞ്ചാരികള്‍ക്കായി വൈല്‍ഡ് ലൈഫ് സഫാരി ജീപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. വനഗ്രാമങ്ങളുടെ വശ്യതയും സഞ്ചാരികളെ ആകര്‍ഷിക്കും. ഹരിത വനക്കാഴ്ചകളുടെ ഇടയിലൂടെ നീണ്ടുപോകുന്ന പാതകളില്‍ ഇടതടവില്ലാതെ സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കുണ്ട്. പാതയോത്ത് വന്യമൃഗങ്ങളുടെ സാമിപ്യവും തിരുനെല്ലി യാത്രയ്ക്ക് ഹരം പിടിപ്പിക്കും.

വഴിയരികില്‍ ഉടനീളം കാഴചകളുണ്ട്. മലയാള നാടിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്ന ചെറിയ പെട്ടിക്കടകളും പുല്ലുമേഞ്ഞതും ഓടുമേഞ്ഞതുമായ ചെറിയ സങ്കേതങ്ങളുമെല്ലാം ചേര്‍ന്ന തിരുനെല്ലി. പാരമ്പര്യ വസ്ത്രങ്ങളിണിഞ്ഞ് തിരുനെല്ലിയുടെ പോയ കാലമെല്ലാം പറയുന്ന ഗോത്ര സ്ത്രീകളുമെല്ലാം ചേര്‍ന്ന കോളനികള്‍. അടിയ കാട്ടുനായ്ക്ക സങ്കേതങ്ങളില്‍ ഇന്നും ചോര്‍ന്നുപോയിട്ടില്ലാത്ത തുടി താളങ്ങളും അനുഷ്ഠാനങ്ങളുമായി തിരുനെല്ലി വരച്ചിടുന്നതും തനി നാടന്‍ ജീവിത പരിസരങ്ങളാണ്.

Content Highlights: thirunelli travel thirunelli temple brahmagiri Trekking wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented