കൊല്ലം ജില്ലയിലെ പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറേ അരികില്‍ സ്ഥിതിചെയ്യുന്നു ഇവിടെയാണ് ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

തെന്മലയിലേക്ക് പോകുവഴിയാണ് പ്രശസ്തമായ കൊല്ലം-ചെങ്കോട്ട-പുനലൂര്‍ റെയില്‍പ്പാത. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഒഴിച്ചുകൂടാനാവാത്ത റെയില്‍പ്പാതയാണിത്. 92 കിലോമീറ്റര്‍ വരുന്ന പാതയിലൂടെ 1902-ലാണ് കൊല്ലത്തുനിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ചരക്കുതീവണ്ടി ഓടിയത്. ഏറെക്കാലം മീറ്റര്‍ഗേജായിരുന്ന പാത ബ്രോഡ്‌ഗേജാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത് 1997-98-ലായിരുന്നു. കൊല്ലം - വിരുദനഗര്‍ ബ്രോഡ്ഗേജ് വികസനത്തിന്റെ ഭാഗമായിട്ടായിരുന്നു വിപുലീകരമം. നിര്‍മാണച്ചിലവ് 151 കോടി രൂപ. വിപുലീകരണത്തിന്റെ ആദ്യഘട്ടമായി കൊല്ലം പുനലൂര്‍ മീറ്റര്‍ ഗേജ് സേവനം 2006ല്‍ അവസാനിപ്പിച്ചു പണികള്‍ ആരംഭിച്ചു. മൂന്ന് കൊല്ലത്തിനു ശേഷം 2010 മേയ് 12ന് കൊല്ലം മുതല്‍ പുനലൂര്‍ വരെയുള്ള 43.25 കിലോമീറ്റര്‍ പാത ബ്രോഡ്ഗേജാക്കി മാറ്റി കമ്മീഷന്‍ ചെയ്തു.

ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള യാത്രയും ഇതോടെ ഏറെ സുഗമമായി. നാലുഭാഗവും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പാതയിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള യാത്ര. മലയാളത്തിലേയും മറ്റ് ഭാഷകളിലുമുള്ള നിരവധി സിനിമകള്‍ക്കും പശ്ചാത്തലമായിട്ടുണ്ട് ഈ പാത. തെന്മലയിലേക്കുള്ള യാത്ര തുടര്‍ന്നാല്‍ വലിയ ഒരു 'എസ്' വളവ് കാണാം. ഇത്രയും വലിയ ഒരു വളവിന്റെ ആവശ്യം ഇവിടെയുണ്ടോ എന്ന് സ്വാഭാവികമായും ആരും സംശയിച്ചേക്കാമെങ്കിലും അതിന് പിന്നില്‍ ഒരു ഗുട്ടന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്. പണ്ടുകാലത്ത് കള്ളക്കടത്ത് സാമഗ്രികളുമായി ചെക്ക്‌പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനായാണേ്രത ഈ വളവ് നിര്‍മിച്ചത്.

സാഹസികരേ ഇതിലേ...

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത മേഖലയാണ് തെന്മല ഇക്കോ ടൂറിസം അഡ്വെഞ്ചര്‍ സോണ്‍. സാഹസികതയുടെ പുതിയ വാതായനങ്ങളാണ് അവിടെ അവരെ കാത്തിരിക്കുന്നത് എന്നത് തന്നെ അതിന് കാരണം. നിരവധി സാഹസിക വിനോദസഞ്ചാര പ്രിയരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. നദി കടന്ന് കാടിനുള്ളിലൂടെ സഞ്ചരിക്കാവുന്ന റോപ് വേ, ഇരുമ്പ് തൂണുകളില്‍ ഉരുളന്‍ തടികള്‍ കെട്ടിയുറപ്പിച്ച ബര്‍മാ ബ്രിഡ്ജ്, നിരവധി ഊഞ്ഞാലുകള്‍ ഒന്നിനു പിറകെ ഒന്നായി കെട്ടിയിട്ട പോലെയുള്ള ബാലന്‍സിങ് പ്ലാന്റ്‌സ്, തടാകത്തിന് കുറുകെ കെട്ടിയ ഒറ്റക്കമ്പിയിലൂടെയുള്ള റോപ് വാക്കിങ്, കുട്ടവഞ്ചിയാത്ര തുടങ്ങിയവ അതില്‍ ചിലത് മാത്രം.

എങ്കിലും കാടിന് നടുവിലൂടെ നടക്കാനായുള്ള എലിവേറ്റര്‍ കനോപ്പി വാക്കിങ് ആണ് ഇക്കോ ടൂറിസം സെന്ററിലെ പ്രധാന ആകര്‍ഷണം. 120 മീറ്റര്‍ നീളമുള്ള പാലം പന്ത്രണ്ട് മരങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കാടിന് മുകളിലൂടെ നടക്കുന്ന പ്രതീതിയാണീ പാലം സമ്മാനിക്കുക. 260 രൂപയാണ് ഒരാള്‍ക്ക് വരുന്ന ടിക്കറ്റ് നിരക്ക്.  

(കപ്പ ടി.വിയില്‍ ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് അവതരിപ്പിക്കുന്ന 'ഓപ്പണ്‍ റോഡി'ല്‍ നിന്ന്‌)

Content Highlights: Thenmala Eco Tourism, Kollam-Chenkotta-Punaloor Broadway, Open Road