ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗാ സിനിമ കണ്ടവരെല്ലാം ഷാറൂഖ് ഖാന്റെയും കാജോളിന്റെയും ഗംഭീര പ്രകടനം കണ്ടിരുന്നപ്പോള്‍ ഒരാളുടെ ശ്രദ്ധ സിനിമ ചിത്രീകരിച്ച സ്ഥലങ്ങളുടെ  ഭംഗിയിലായിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മനസ്സ് കൊണ്ടാഗ്രഹിച്ചു. ആ ആഗ്രഹം ഇപ്പോള്‍ സഫലമായി തീര്‍ന്നിരിക്കുകയാണ്. പറഞ്ഞുവരുന്നത് എറണാകുളം ബാലാജി കോഫി ഹൗസിലെ  ബാലാജി എന്നറിയപ്പെടുന്ന കൊച്ചുപറമ്പില്‍ കെ.ആര്‍ വിജയനെ കുറിച്ചാണ്. യാത്രയ്ക്കും ജീവിതത്തിലും കൂട്ടായി ഇപ്പോള്‍ മോഹനയുമുണ്ട്. എറണാകുളത്തെ ചായക്കടയില്‍ നിന്നും മിച്ചം പിടിച്ചു കിട്ടുന്ന വരുമാനത്തില്‍ നിന്നുമാണീ സഞ്ചാരിദമ്പതിമാരുടെ ലോകയാത്ര.

നാട്ടുകാര്‍ക്ക് ഇവര്‍ വിജയനും മോഹനയുമൊന്നുമല്ല, മാമുവും മായിയുമാണ്. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. ഇപ്പോള്‍ തങ്ങളുടെ 26 -ാം ലോകയാത്രയ്ക്ക് തയ്യാറെടുപ്പിലാണ് മാമുവും മായിയും. ഈ 21 -ാം തീയതിയാണ്  ഇരുവരുടെയും റഷ്യയിലേക്കുള്ള യാത്ര. എന്തുകൊണ്ട് റഷ്യയെന്ന് ചോദിച്ചാല്‍ വിജയേട്ടൻ പറയും 'സോവിയറ്റ് നാട് വായിച്ചപ്പോള്‍ മൊട്ടിട്ട് മോഹം....'. പക്ഷേ സോവിയറ്റ് നാടിന്റെ കഥകളറിയാന്‍ നാട്ടുകാര്‍ക്ക് സ്വല്‍പ്പം കാത്തിരിക്കേണ്ടി വരും. ഒരാഴ്ച കടയ്ക്ക് അവധി പ്രഖ്യാപിച്ചാണ് യാത്ര. ചെറുപ്പത്തില്‍ വിജയന്റെ സ്വപ്ന നഗരമെന്നത് എറണാകുളമായിരുന്നു. സ്വപ്നനഗരിയില്‍ നിന്ന് തന്നെ ജീവിത സഖിയെയും സ്വന്തമാകാന്‍ സാധിച്ചത് തികച്ചും യാദ്യശ്ചികം.

വിജയേട്ടന്റെ യാത്രകള്‍ക്ക് അദ്ദേഹത്തിന്റെ ചെറുപ്പത്തോളം പ്രായമുണ്ട്. കുട്ടിക്കാലത്ത് അച്ഛന്റെ ഒപ്പം നടത്തിയ യാത്രകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറയുന്നു അദ്ദേഹം. പഴനി, കന്യാകുമാരി, ശബരിമല, മദ്രാസ് അങ്ങനെ പോകുന്നു ലിസ്റ്റ്. അച്ഛന്‍ മുളയ്ക്കാനിട്ട് യാത്രയുടെ വിത്തുകളില്‍ ഇന്ന് വിളവെടുപ്പ് നടത്തുകയാണ് വിജയേട്ടൻ. നട്ട് നനച്ചു യാത്രകള്‍ക്ക് ഒപ്പം കൂട്ടായി മോഹനയും. ആലപ്പുഴ ചിറപ്പ് ഉള്ള സമയത്ത് ചേര്‍ത്തലയില്‍ നിന്നും അച്ഛന്‍ രംഗനാഥ പ്രഭു സൈക്കിളില്‍ കൊണ്ടുപോകുമായിരുന്നു. ഇന്നത്തെ 21 കിലോമീറ്റര്‍ ദൂരം വരുമിത്.

സ്വന്തം വരുമാനമായി തുടങ്ങിയപ്പോഴാണ് എറണാകുളത്ത് സിനിമകള്‍ക്കും മറ്റും പോകാന്‍ തുടങ്ങിയത്. സൈക്കിളിലായിരുന്നു എറണാകുളത്തേക്കുള്ള യാത്രകളില്‍ ഏറിയ പങ്കും. സിനിമകളോട് മാത്രമായിരുന്നില്ല കമ്പം, നാടകങ്ങള്‍, കഥാപ്രസംഗം, ഉത്സവം എന്നിവയില്ലെലാം ആസ്വാദനത്തിന്റെ വേരുകള്‍ അദ്ദേഹം കണ്ടെത്തി. പക്ഷേ ഇന്നത്തെ സിനിമകളോട് വലിയ താല്‍പ്പര്യമില്ല. സമയമുള്ളപ്പോള്‍ റേഡിയോ നാടകങ്ങള്‍ക്ക് കാതോര്‍ക്കാറുണ്ട്. സ്മാര്‍ട്ട്ഫോണിനോടുമില്ല താല്‍പ്പര്യം. ഇപ്പോഴും കൈവശമുള്ളത് ഒരു സാധാരണ ഫോണ്‍.

സിനിമ കാണുന്നത് മാത്രമല്ല വിജയേട്ടന് സിനിമയോടുള്ള ബന്ധം. അനശ്വര നടന്‍ രാജന്‍ പി ദേവിന്റെ സഹപാഠി കൂടിയാണ് വിജയന്‍. 6-ാം ക്ലാസ് വരെ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. ശേഷം രാജന്‍ പി ദേവ് അമ്മവീടായ ചങ്ങനാശ്ശേരിയിലേക്ക് മാറി. ചെറുപ്പത്തിലെ കലാകാരനാണ് രാജന്‍ പി ദേവെന്ന് ഓര്‍ത്തെടുക്കുന്നു വിജയന്‍. നിഴല്‍ നാടകങ്ങളിലും ബാന്‍ഡുകളിലും സജീവ സാന്നിധ്യം. രാജന്‍ പി ദേവിന്റെ അച്ഛന്‍ എസ് ജെ ദേവ് കടയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു.

25 രാജ്യങ്ങളിലെ സംസ്‌കാരവും പൈത്യകവും ഇതിനോടകം മനപാഠമാക്കി കഴിഞ്ഞു ഇരുവരും. ജലാശയം, വനം എന്നിവ കൊണ്ട് സമ്പന്നമായ കേരളം പോലെയൊരു നാട് ഉണ്ടോ എന്നത് സംശയമാണെന്ന് പറയുന്നു വിജയന്‍. ടൂറിസം രംഗം ഇനിയുമൊട്ടേറെ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ കുറവാണ്. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് പഠനം മാത്രമല്ല, അവര്‍ക്ക് അവബോധവുമുണ്ട്. ടൂറിസത്തെകുറിച്ചുള്ള അവബോധം സൃഷ്ടിക്കപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയെന്ന് ഇവർ പറയുന്നു.

കര്‍ണാടക പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ടൂറിസത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നത്. ജീവിതചെലവുകള്‍ കുറച്ചാല്‍ തന്നെ ആര്‍ക്കും യാത്ര പോകാം. ചെലവുകള്‍ കൂടിയതല്ല, നമ്മുടെ ആര്‍ത്തിയാണ് കൂടിയതെന്ന് പറയുന്നു വിജയേട്ടൻ. എന്ത് കണ്ടാലും വാങ്ങണമെന്നുള്ള ആഗ്രഹം തെല്ലുമില്ല വിജയനും മോഹനയ്ക്കും. സഞ്ചരിച്ച രാജ്യങ്ങളിലേറെയും ചുറ്റിക്കണ്ടെങ്കിലും ഷോപ്പിംഗ് ചെയ്യുക പതിവുള്ള കാര്യമല്ല ഇരുവര്‍ക്കും. ആ പൈസ സ്വരുകൂട്ടി അടുത്ത യാത്ര എങ്ങോട്ടേയ്ക്ക് വേണമെന്നുള്ള തിരക്കിട്ട് ആലോചനയിലായിരിക്കും അപ്പോഴിവര്‍. എറണാകുളത്തിന്റെ ഇട്ടാവട്ടത്തു നിന്നും തനിക്ക് ഇത്രയേറെ എത്തിപിടിക്കാന്‍ കഴിഞ്ഞെങ്കില്‍ ആര്‍ക്കും കഴിയുമെന്ന് വിജയന്‍ പറയുമ്പോള്‍ യാത്രയെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ വിരിയുന്നത് ത്യശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ടാണ്.

Content Highlights: the travel story of vijayan and mohana; next trip to russia