രൂപത്തിലെ വന്‍ വലിപ്പത്തെ സൂചിപ്പിക്കാന്‍ 'യമണ്ടന്‍' എന്ന പദം മലയാളത്തിലുണ്ട്. വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നയാളെ വിശേഷിപ്പിക്കാന്‍ 'യമണ്ടന്‍' എന്ന പ്രയോഗം തമിഴിലുമുണ്ട്. ഇതുരണ്ടും ഉത്ഭവിച്ചത് 'എംഡണ്‍' എന്ന ജര്‍മന്‍ പടക്കപ്പലിന്റെ പേരില്‍ നിന്നാണ്. ഈ എംഡണ്‍ ഒരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ട് മദിരാശി തുറമുഖത്തെ ഷെല്ലിങ് നടത്തി കത്തിച്ചു. സെയ്ന്റ് ജോര്‍ജ് കോട്ടയുടെ നേരെയും തീയുണ്ടകള്‍ പറത്തി നാശംവിതച്ചു.
അതെ, എംഡണ്‍ കൊച്ചിക്ക് പടിഞ്ഞാറ് അറബിക്കടലില്‍ നങ്കൂരമിട്ട്, ഈ നഗരത്തെയും ഉന്നം പിടിച്ചതായിരുന്നു. എന്നാല്‍, ഇവിടത്തെ രാജാവ് ബ്രിട്ടീഷ് വിരുദ്ധനാണ് എന്നറിഞ്ഞപ്പോള്‍ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി. എന്നിരുന്നാലും കൊച്ചിക്ക് പടിഞ്ഞാറ് ഇടയ്ക്കിടെ നങ്കൂരമിടും. അതിലെ നാവികര്‍ ചെറുവഞ്ചികളില്‍ കൊച്ചിയില്‍ വന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങും.
ഒന്നാം ലോകമഹായുദ്ധകാലത്തായിരുന്നു ഇത്. അറബിക്കടലിലും ഇന്ത്യന്‍മഹാസമുദ്രത്തിലും അശ്വമേധം കണക്കെയായിരുന്നു എംഡണ്‍ എന്ന പഴയ 'പ്രഷ്യന്‍ സാമ്രാജ്യ'ത്തിന്റെ ഈ പടക്കപ്പല്‍ വിഹരിച്ചത്. ബ്രിട്ടീഷ് പടക്കപ്പലുകല്‍ കഴിവതും എംഡണ്‍ വരുന്ന വഴിയില്‍നിന്ന് മാറിക്കളയുമായിരുന്നു. 118 മീറ്റര്‍ നീളവും 4,268 ടണ്‍ ഭാരവുമുള്ള ഈ യുദ്ധക്കപ്പല്‍ വന്‍തോക്കുകളും ടോര്‍പ്പിഡോയുമടക്കമുള്ള ആധുനിക യുദ്ധോപകരണങ്ങള്‍ നിറഞ്ഞതായിരുന്നു.
ജര്‍മനിയിലെ 'എംഡണ്‍' നഗരത്തിന്റെ പേരിട്ട കപ്പല്‍ 1409-ല്‍ നീറ്റിലിറങ്ങി. ശാന്തസമുദ്രം അടക്കമുള്ള സപ്തസാഗരങ്ങളില്‍ വിഹരിച്ച് ബ്രിട്ടീഷുകാരടക്കമുള്ള യൂറോപ്യന്‍ കോളനിമേധാവികളെ വിറപ്പിച്ച എംഡണ്‍, 1914 നവംബര്‍ ഒന്‍പതിന് ഓസ്ട്രേലിയന്‍ തീരത്തിനടുത്ത് വച്ച് 'എം.എച്ച്.എസ്. സിഡ്നി' എന്ന ബ്രിട്ടീഷ് കപ്പലിന്റെ വെടിയേറ്റ് മുങ്ങി. ഒരിക്കല്‍ ഈ കപ്പല്‍ കൊച്ചിയുടെ പുറംകടലില്‍ നങ്കൂരമിട്ടു. അതില്‍നിന്നൊരു ഇന്ത്യക്കാരന്‍ ചെറുവഞ്ചിയില്‍ മുക്കുവന്റെ വേഷത്തില്‍ കര ലക്ഷ്യമാക്കി തുഴഞ്ഞു. കരയ്ക്ക് കയറിയ ആ യുവാവ് രാത്രിയില്‍ തൃപ്പൂണിത്തുറ ലക്ഷ്യമാക്കി നടന്നു. അര്‍ധരാത്രിയില്‍ അയാള്‍ക്കായി കൊട്ടാരവാതില്‍ തുറന്നുകൊടുത്തു. കൊച്ചി ഭരിച്ചിരുന്ന രാമവര്‍മ മഹാരാജാവ് ആ യുവാവിനെ നേരിട്ട് വന്ന് അകത്തേക്ക് കൊണ്ടുപോയി. കുറേനേരം സംസാരിച്ച ശേഷം അയാള്‍ മടങ്ങി.
കൊട്ടാരത്തിന് മേല്‍ അന്ന് ബ്രിട്ടീഷുകാരുടെ ചാരക്കണ്ണുണ്ടായിരുന്നു. വിവരം അവരറിഞ്ഞു. എംഡണ്‍ കപ്പലിന്റെ കൊച്ചി പുറംകടലിലെ നങ്കൂരവും യുവാവിന്റെ സന്ദര്‍ശനവും ചേര്‍ത്തുവായിച്ച അവര്‍, വന്ന യുവാവിനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തുനിന്ന് ജര്‍മനിയിലെത്തി ബ്രിട്ടീഷുകാര്‍ക്കെതിരേ സായുധസമരത്തിന് കോപ്പുകൂട്ടുന്ന 'ചെമ്പകരാമന്‍ പിള്ള'യായിരുന്നു ആ യുവാവ്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെപ്പോലെ നാട്ടുരാജാക്കന്‍മാരെ അണിനിരത്തി. ഒരു യുദ്ധം ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചെമ്പകരാമന്‍ പിള്ളയുടെ രഹസ്യ കൊച്ചി സന്ദര്‍ശനം.
ബ്രിട്ടീഷുകാരുടെ അനിയന്ത്രിതമായ കൈകടത്തലുകള്‍ കൊണ്ട് പൊറുതിമുട്ടിയിരുന്ന രാജാവ് അവരെ എങ്ങനെയും ഇവിടെനിന്ന് കെട്ടുകെട്ടിക്കണമെന്ന് ആശിച്ചിരുന്നു. ഇതറിഞ്ഞ ചെമ്പകരാമന്‍ പിള്ള, അദ്ദേഹവുമായി ഒരു രഹസ്യ സമാഗമത്തിന് മദിരാശിയിലെ ചില ബ്രിട്ടീഷ് വിരോധികളുടെ സഹായത്താല്‍ കളമൊരുക്കുകയായിരുന്നു.
കൊട്ടാരത്തിലെ ചാരന്‍മാര്‍ വഴി വിവരമറിഞ്ഞ ബ്രിട്ടീഷുകാര്‍ അടങ്ങിയിരുന്നില്ല. 'സ്ഥാനമൊഴിയുക, അല്ലെങ്കില്‍ യുദ്ധത്തെ അഭിമുഖീകരിക്കുക' -ഇതായിരുന്നു അവര്‍ മുന്നോട്ടുവച്ച നിര്‍ദേശം. സമ്മര്‍ദങ്ങള്‍ താങ്ങാനാവാതെ രാമവര്‍മ രാജാവ് സ്ഥാനത്യാഗം ചെയ്തു.
ജര്‍മനിയില്‍ നിന്ന് എംഡണില്‍ കൊച്ചിയില്‍ വന്ന ചെമ്പകരാമന്‍ പിള്ള അതേ കപ്പലിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും സ്ഥിരീകരണം ഇതിന് ഉണ്ടായിട്ടില്ല. അതേസമയം, ഇന്ത്യന്‍ തീരങ്ങളില്‍ കറങ്ങാന്‍ ഈ ജോലി അദ്ദേഹത്തെ ഏറെ സഹായിച്ചുവെന്നും പറയുന്നു.
1891 സെപ്റ്റംബര്‍ 15-ന് പോലീസുകാരനായ ചിന്നസ്വാമി പിള്ളയുടെ മകനായി തിരുവനന്തപുരത്ത് ജനിച്ച ചെമ്പകരാമന്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പതിനഞ്ചാം വയസ്സില്‍ ജര്‍മനിക്ക് പോയി. തിരുവനന്തപുരം നഗരത്തില്‍ വച്ച് പരിചയപ്പെട്ട ജര്‍മന്‍കാരന്റെ സഹായത്താലാണ് അദ്ദേഹം അവിടെയെത്തിയത്. ജര്‍മന്‍ ഭാഷ പഠിച്ച അദ്ദേഹം അറിയപ്പെടുന്ന ബ്രിട്ടീഷ് വിരുദ്ധനായി മാറി. ഇത് ജര്‍മന്‍ ഭരണാധികാരികളുമായി സൗഹൃദം സ്ഥാപിക്കാനുപകരിച്ചു.
ഹര്‍ദയാല്‍, ടി.കെ. ചന്ദ്ര, താരകാനാഥ് ദാസ്, ബര്‍ക്കത്തുള്ള, ഹേരംബലാല്‍ ഗുപ്ത എന്നിവരുമായി ചേര്‍ന്ന് ബ്രിട്ടീഷ്വിരുദ്ധ പ്രചാരണം ഊര്‍ജിതമാക്കിയ അദ്ദേഹം, ഇതിനുവേണ്ടി സൂറിച്ചില്‍ നിന്ന് ഒരു പത്രവും ആരംഭിച്ചു.
ഒരു ജര്‍മന്‍ പടക്കപ്പലില്‍ സ്വതന്ത്രഭാരതത്തില്‍ കാലുകുത്തണമെന്ന അടക്കാനാകാത്ത ആഗ്രഹവുമായി യൂറോപ്പാകെ സഞ്ചരിച്ച് അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധത പരത്തി. ഇതിനിടയില്‍, ജര്‍മനിയിലെത്തിയ മണിപ്പൂരുകാരി ലക്ഷ്മിയുമായി അദ്ദേഹത്തിന്റെ വിവാഹം ബര്‍ലിനിലെ ആന്‍ഡന്‍ ഹോട്ടലില്‍ വച്ച് സുഹൃത്തുക്കള്‍ നടത്തി. ഒന്നാം ലോകയുദ്ധം തുടങ്ങുംമുമ്പുതന്നെ ജര്‍മനിയാകെ അറിയപ്പെടുന്ന ഭാരതീയനായി വളര്‍ന്നിരുന്നു അദ്ദേഹം. ഈ ബന്ധം ഉപയോഗിച്ച് ജര്‍മന്‍ സഹായത്തോടെ ഇന്ത്യയെ ആക്രമിച്ച്, ബ്രിട്ടീഷുകാരെ തുരത്താനുള്ള ശ്രമം അദ്ദേഹം കൊണ്ടുപിടിച്ചു നടത്തി.
1915-ല്‍ കാബൂള്‍ ആസ്ഥാനമായി രൂപവത്കരിച്ച പ്രവാസി ഇന്ത്യ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ചെമ്പകരാമന്‍ പിള്ള. ഒന്നാംലോക യുദ്ധാനന്തരം ജര്‍മനി ഹിറ്റ്ലറുടെ ഭരണത്തില്‍ വന്‍ ശക്തിയായി വളര്‍ന്നു. ഹിറ്റ്ലറുമായി സൗഹൃദമുണ്ടാക്കി ചെമ്പകരാമന്‍ പിള്ള. നേതാജി സുഭാഷ് ചന്ദ്രബോസിന് ഹിറ്റ്ലറെ കാണാന്‍ അവസരമുണ്ടാക്കിയതും ചെമ്പകരാമന്‍ പിള്ളയായിരുന്നു.
ജര്‍മനിയില്‍ 1920-ല്‍ 'ലീഗ് ഓഫ് ദി ഒപ്രസ്ഡ് പീപ്പിള്‍' എന്ന സംഘടന രൂപവത്കരിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെമ്പകരാമന്‍ പിള്ള ആക്കംകൂട്ടി.
ഇക്കാലത്ത് നാസികളുമായി സൗഹൃദത്തിലായിരുന്ന ചെമ്പകരാമനെ 1923-ല്‍ കേരളത്തില്‍ നിന്ന് നാലുപേര്‍ സന്ദര്‍ശിച്ചു. എം.എന്‍. തമ്പി, ഡോ. ജോര്‍ജ്, പുനലൂര്‍ നരസിംഹ അയ്യര്‍, കരുണാകരന്‍ ഉണ്ണിത്താന്‍ എന്നിവരായിരുന്നു അവര്‍. 1928 വരെ അദ്ദേഹം അച്ഛന് നിരന്തരം കത്തുകളെഴുതുമായിരുന്നു. ഇതറിഞ്ഞ ബ്രിട്ടീഷുകാര്‍ ആ കത്തുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ അവയുടെ വരവ് മുടങ്ങി. ജവഹര്‍ലാല്‍ നെഹ്റു ജര്‍മനി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ചെമ്പകരാമന്‍, 1933-ല്‍ നേതാജി ജര്‍മനിയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം ജര്‍മന്‍ അധികാരികളുമായി ഭാരതത്തിന്റെ സ്വാതന്ത്ര്യം ചര്‍ച്ചചെയ്തു.
നാസികളുടെ ക്രൂരതകളെ തുറന്നെതിര്‍ത്തതിന്റെ പേരില്‍ അവര്‍ക്ക് ചെമ്പകരാമന്‍ പിള്ള അനഭിമതനായി. ഇവരുടെ പീഡനങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ വഷളാക്കി. 1934 മേയ് 26-ന് അദ്ദേഹം അന്തരിച്ചു. ബര്‍ലിനടുത്തുള്ള 'വിന്‍മെന്‍ഡോര്‍' ശ്മശാനത്തില്‍ ആ ദേശാഭിമാനിയുടെ ഭൗതികശരീരം ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു. പഞ്ചാബി സുഹൃത്തായ താരാചന്ദ് റോയി ആയിരുന്നു കാര്‍മികന്‍.
Content Highlights: Story Behind the Word Yamandan, SMS Emden