കോവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങളൊക്കെ തീര്‍ന്നിട്ട് സമാധാനത്തോടെ എവിടെയെങ്കിലുമൊക്കെ പോകണം എന്ന് വിചാരിച്ചിരിക്കുന്നവരാണ് നമ്മളില്‍ പലരും. എവിടെയൊക്കെ പോകണമെന്ന് കൃത്യമായി പദ്ധതിയിട്ടിരിക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ 2021-ല്‍ പോകാന്‍ പാടില്ലാത്ത, അത്യധികം അപകടം പതിയിരിക്കുന്ന രാജ്യങ്ങളുടെ പേരുകളുള്‍പ്പെടുത്തി ഒരു ഭൂപടം പുറത്തുവന്നിരിക്കുകയാണ്.
പല ഘടകങ്ങള്‍ വിലയിരുത്തി സുരക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളുടെ റാങ്കിങ് നിര്‍ണയിക്കുന്ന ഇന്റര്‍നാഷണല്‍ എസ്.ഓ.എസ് ആണ് ഈ മാപ്പ് പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യ ഭീഷണി, സുരക്ഷാ ഭീഷണി, കൊറോണ ഭീഷണി എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
രാഷ്ട്രീയ ഭീഷണി, സാമൂഹിക അശാന്തി, അക്രമാസക്തവും നിസ്സാരവുമായ കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം കണക്കാക്കിയാണ് സുരക്ഷാ ഭീഷണി പ്രധാനമായും കണക്കാക്കുന്നത്. മെഡിക്കല്‍ റിസ്‌ക് പ്രീ-പാന്‍ഡെമിക് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 ചില രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങളെ എങ്ങനെയാണ് ബാധിച്ചത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അടുത്ത വര്‍ഷം സന്ദര്‍ശിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ലിബിയ, സിറിയ, ഇറാഖ്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവ ഉള്‍പ്പെടുന്നുവെന്ന് മാപ്പ് പറയുന്നു. ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഭീഷണിയുള്ള രാജ്യങ്ങളെ എക്‌സ്ട്രീം എന്നാണ് മാപ്പ് വിശേഷിപ്പിക്കുന്നത്. ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ഇവ പ്രാഥമികമായി കാണപ്പെടുന്നത്.
സിറിയ, ഇറാഖ്, യെമെന്‍, സൊമാലിയ, സൗത്ത് സുഡാന്‍, ലിബിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, മാലി, അഫ്ഗാനിസ്താന്‍, ഉക്രൈന്റെ ഡൊണെസ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍പ്പെട്ട രാജ്യങ്ങള്‍.
ലിബിയ, നൈജര്‍, യെമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, നോര്‍ത്ത് കൊറിയ, ഗിനിയ, വെനസ്വേല, ബുര്‍ക്കിന ഫാസോ, സിയെറാ ലിയോണ്‍, ഗിനിയ ബിസ്സോ, ലൈബീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബിലിക്, എറിത്രിയ, ഹൈതി എന്നിവയാണ് മെഡിക്കല്‍ അപകടസാധ്യതയുള്ള മേഖലകളുടെ പട്ടികയിലുള്ളത്..
സുരക്ഷാ ഭീഷണിയും ആരോഗ്യ ഭീഷണിയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മിക്കപ്പോഴും കുറവായിരുന്നു. സ്‌കാന്‍ഡിനേവിയയില്‍ ഭൂരിഭാഗവും നിസ്സാരമായ ഏറ്റവും കുറഞ്ഞ സുരക്ഷാ ഭീഷണി സാധ്യതയുള്ളവരാണ്. കൂടാതെ ദശലക്ഷക്കണക്കിന് ഉയ്ഗുര്‍ മുസ്ലീങ്ങളെ തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടും സുരക്ഷാ അപകടത്തിന്റെ പട്ടികയില്‍ ചൈന താഴ്ന്ന നിലയിലാണെന്നും മാപ്പ് സൂചിപ്പിക്കുന്നു
കോവിഡ് -19 തീര്‍ത്ത ആഘാതത്തിന്റെ അടിസ്ഥാനത്തില്‍ വളരെ ഉയര്‍ന്ന റാങ്കുള്ള ഒരേയൊരു സ്ഥലമാണ് ജോര്‍ജിയ. അതേസമയം ഈ പട്ടികയില്‍ മീഡിയം റാങ്കാണ് യു.കെ.യ്ക്കുള്ളത്. ന്യൂസിലാന്‍ഡ്, നിക്കരാഗ്വ, ടാന്‍സാനിയ എന്നിവിടങ്ങളിലാണ് കോവിഡ് ആരോഗ്യരംഗത്ത് ഏറ്റവും കുറച്ച് സ്വാധീനം ചെലുത്തിയിരിക്കുന്നത്.
Content Highlights: The most dangerous places to travel in 2021, extreme security risk countries. Travel Features