
-
പളുങ്കുപോല്‍ തെളിഞ്ഞ കടലിനും പുരാതനമായ പ്രകൃതിക്കും അപ്പുറം മറ്റുചിലതുകൂടിയുണ്ട് ആന്‍ഡമാനില്‍. പോര്‍ട്ട് ബ്ലെയറിന് 150 കിലോമീറ്റര്‍ വടക്കാണ് ബറതാങ് ദ്വീപ്. ബറതാങ്ങിലേക്കുള്ള യാത്ര ഓര്‍മപ്പെടുത്തുന്നത് റോഡില്‍ മാത്രമല്ല, കടലില്കൂടിയും ഒരുപാട് സാഹസികതകള്‍ പ്രതീക്ഷിക്കാവുന്ന ഒരു നിത്യഹരിതസൗന്ദര്യത്തെയാണ്. കണ്ടല്‍ക്കാടുകളിലേക്കുള്ള യാത്രതന്നെ സാഹസം നിറഞ്ഞതാണ്. മധ്യ ആന്‍ഡമാനിനും ദക്ഷിണ ആന്‍ഡമാനിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ബറ്താങ് നിബിഡമായ കണ്ടല്‍ക്കാടുകള്‍ക്ക് പേരുകേട്ടതാണ്. ഒപ്പം ചുണ്ണാമ്പുകല്ലുകളില്‍ തീര്‍ത്ത ഗുഹകളും മഡ് വൊള്ക്കാനോയും. പ്രകൃതിയുമായി ഇഴുകിച്ചേരാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? ഒരു ചരിത്രകുതുകിയാണോ? എങ്കില്‍ ജറാവ ട്രൈബ് റിസര്‍വ് കണ്ടുതീര്ക്കാതെ ആന്‍ഡമാന്‍ സന്ദര്‍ശനം പൂര്‍ണമാകില്ല. ആധുനികമനുഷ്യരില്‍ നിന്ന് പൂര്‍ണമായും അകന്ന്, അതിജീവനത്തിന് കഷ്ടപ്പെടുന്ന യഥാര്‍ഥ ഗോത്രവിഭാഗത്തെ അവിടെ കാണാം.
ബറതാങ് സന്ദര്‍ശനം അതിരാവിലെ തുടങ്ങണം. ടൂര്സംഘത്തിനൊപ്പം പോകുന്നതാണ് നല്ലത്. കാരണം നിയമാനുസൃതമായ അനുമതികളുമായി നിബിഡമായ വനത്തിലൂടെയാണ് യാത്ര. രാവിലെ 6.30-ന് പതിമൂന്നു പേര്‍ക്കിരിക്കാവുന്ന എ.സി. ടെമ്പോ ട്രാവലറില്‍ യാത്ര തുടങ്ങി. വിചാരിക്കാത്തമട്ടിലുള്ള റോഡ് യാത്രയായിരുന്നെങ്കിലും 8.30 ആയപ്പോഴേക്കും ഞങ്ങള്‍ കാട്ടിലേക്കുള്ള പ്രവേശനകവാടത്തിലെത്തി. പോര്‍ട്ട് ബ്ലെയറില്‍-നിന്ന് റോഡ്മാര്‍ഗം ഏതാണ്ട് 46 കിലോമീറ്റര്‍ ദൂരമുണ്ട് ജിര്ക്കാതാങ്ങിലേക്ക്. ഇവിടെനിന്ന് വനത്തിലേക്ക് കടക്കാന്‍ അനുമതി വേണം. അകമ്പടിക്കാരെ കാത്തുനില്ക്കുന്ന വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാം അവിടെ. രാവിലെ 6, 9, 11, ഉച്ചയ്ക്കുശേഷം മൂന്നുമണി എന്നിങ്ങനെയാണ് അവിടെ സമയം അനുവദിച്ചിട്ടുള്ളത്.
പ്രവേശനകവാടത്തില്‍ നല്ല ഭക്ഷണമോ മറ്റ് പാനീയങ്ങളോ കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഏറെക്കുറെ ഒന്നരമണിക്കൂര്‍കൊണ്ട് വനയാത്ര അവസാനിക്കും. യാത തീരുന്നിടത്ത് ശൗചാലയസൗ കര്യങ്ങളും ചെറിയ ഹോട്ടലുകളുമുണ്ട്. ഇഡ്ഡലി-വട, ദോശയും ചമ്മന്തിയും പൂരിയും ബാജിയും തുടങ്ങി തികച്ചും ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ കിട്ടുന്ന ചെറിയ ഭക്ഷണശാലകളുമുണ്ട്. അക്കൂട്ട ത്തില്‍. ഞങ്ങള്‍ അവിടെനിന്ന് ലഘുവായി പ്രഭാതഭക്ഷണം കഴിച്ചു. അടുത്ത മൂന്നുമണിക്കൂര്‍ യാത്രയില്‍ ഒരിടത്തും വിശ്രമസ്ഥലങ്ങളില്ലാത്തതിനാല് വയറ് നിറച്ച് പോകാന്‍ പറ്റിയ ഇടമാണിത്. തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അനുമതിക്കുള്ള അപേക്ഷാഫോമുകള്‍ ഞങ്ങളെല്ലാവരും പൂരിപ്പിച്ചിട്ടുണ്ട് എന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തി. അനുമതി വാങ്ങിയശേഷം വാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി കടത്തിവിട്ടു. വാഹനനിരയെ നയിച്ചുകൊണ്ട് ആയുധധാരികളായ ഗാര്‍ഡുമാരുമായി സ്റ്റേറ്റ് ബസ് മുന്പിലുണ്ട്.

വനത്തിലേക്ക് കടക്കുന്നതു തന്നെ ആവേശമുണര്‍ത്തുന്നതാണ്. വനാന്തരത്തില്‍ എന്തൊക്കെയാകും കാത്തിരിക്കുന്നുണ്ടാകുക എന്ന ചിന്തയായിരിക്കും തലയില്‍ മൊത്തം. തണല്‍വീണ വഴികളിലേക്ക്, ഇടതിങ്ങിയ അന്തരീക്ഷത്തിലേക്ക് കാട് കൈകള്‍ വിടര്‍ത്തി വിളിച്ചു. അത്ര വേഗം പിടിതരാത്ത, മറ്റെങ്ങുമില്ലാത്ത ജറാവാ ഗോത്രവര്‍ഗക്കാര്‍ വസിക്കുന്നത് ഈ നിബിഡവനാന്തരത്തിലാണ്. അവര്‍ അധികം പുറത്തേക്കിറങ്ങാറില്ല. നിലനില്പ് ഭീഷണിയിലായ ജറാവാ ആദിവാസികള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്കൊപ്പം ഇടപഴകുന്നതിന് വിനോദസഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്. ജറാവാ ട്രൈബിന്റെ ഫോട്ടോയെടുക്കുന്നത് കുറ്റകരമാണ്. പിഴയായി സാമാന്യം ഭാരിച്ച തുകതന്നെ അടയ്ക്കേണ്ടിവരും. അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടയില്‍ വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്താറില്ല. ഭാഗ്യമുണ്ടെങ്കില്‍ ജറാവാ ഗോത്രവര്‍ഗക്കാരില്‍ ചിലരെയെങ്കിലും വഴിയില്‍ കാണാം.
ഞങ്ങളുടെ വാഹനം കാട്ടിലേക്ക് പ്രവേശിച്ചു. എല്ലാവരും ജനാലയിലൂടെ വനസൗന്ദര്യം ആസ്വദിച്ച് മതിമറന്ന് ഇരിപ്പാണ്. പച്ചിലകള്‍ക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നു. അതിനിടയില്‍ എവിടെയെങ്കിലും ഗോത്രവര്‍ഗക്കാരെ കാണുന്നുണ്ടോ എന്ന് ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ഓരോരുത്തരും. പെട്ടെന്ന് എല്ലാവരോടും ഇടതുവശത്തേക്ക് നോക്കാന്‍ ഡ്രൈവര്‍ അടയാളം തന്നു. വാഹനങ്ങള്‍ക്ക് നേരെ കൈവീശിക്കൊണ്ട് രണ്ടുമൂന്ന് ചെറിയ കുട്ടികള്‍ റോഡിന്റെ അരികില്‍ നില്ക്കുന്നു. കറുത്ത കണ്ണുകളും ദൈവികമായ പുഞ്ചിരിയുമായി നില്ക്കുന്ന അര്‍ധനഗ്നരായ ആ കുട്ടികള്‍ അവരുടെ ആവാസസ്ഥലത്ത് വസിക്കുന്ന മറ്റെന്തിനെയോപോലെ സഞ്ചാരികളെ നോക്കിനില്‍ക്കുകയാണ്. വാഹനത്തിനുള്ളിലെ എല്ലാവരും ആ കുട്ടികളെ തുറിച്ചുനോക്കുകയാണ്. പെട്ടെന്ന് എനിക്കതില്‍ വല്ലാത്ത അനൗചിത്യം തോന്നി. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കോമാളിത്തത്തിനു മുന്പില് പ്രദര്‍ശനവസ്തുവായി ഒരു ജീവിതം നയിക്കേണ്ടിവരുന്നതിന് ആ കുട്ടികള്‍ക്ക് ഇടനല്‍കിയത് എന്താവാം?
നീണ്ട മടുപ്പിക്കുന്ന യാത്ര എല്ലാവരെയും ക്ഷീണിതരാക്കിയിരുന്നു. ഏകാകികളായ ഗോത്രവര്‍ഗക്കാരെ ഇടയ്ക്കെവിടെയെങ്കിലും കണ്ടാലോ എന്നോര്‍ത്ത് ഒന്ന് കണ്ണടയ്ക്കാന്‍പോലും കഴിഞ്ഞില്ല. ആര്‍ക്കും. വനത്തിന്റെ സൗന്ദര്യം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഏതാണ്ട് 20 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും, ഞങ്ങളുടെ വണ്ടി പെട്ടെന്ന് നിര്‍ത്തി. എന്തുസംഭവിച്ചു എന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെ നോക്കി. മുന്പില് രണ്ട് ജറാവാ ഗോത്രവര്‍ഗക്കാര്‍ നില്ക്കുന്നു. മെലിഞ്ഞ് ഇരുണ്ട രണ്ട് പുരുഷന്മാര്. തലയില്‍ ചുവന്ന കയര്‍ കെട്ടിയിരിക്കുന്നു. നീണ്ട് ബലിഷ്ഠമായ കൈകള്‍. വേട്ടയ്ക്കാവശ്യമായവിധം ശാരീരികക്ഷമതയുള്ളവരായിരുന്നു അവര്‍. അമ്പും വില്ലും പുറകില്‍ തൂക്കിയിട്ട് അവര്‍ നല്ല വേട്ടക്കാരാണെന്ന് തോന്നി. പുരുഷന്മാരിലൊരാള്‍ വാഹനത്തിന്റെ വലതുവശത്തേക്ക് വന്ന് ഡ്രൈവറോട് വെള്ളം ചോദിച്ചു. മുന്പില് ഡ്രൈവറുടെ തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ഞാന്‍ ഇരുന്നത്. അതുകൊണ്ടുതന്നെ അയാള്‍ അടുത്തേക്ക് വന്നപ്പോള്‍ വിറച്ചുപോയി.

ഡ്രൈവര്‍ പെട്ടെന്ന് വാതില്‍ ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ജറാവകള്‍ വാഹനങ്ങളുടെ വാതില്‍ തുറന്ന് വിനോദസഞ്ചാരികളുടെ സാധനസാമഗ്രികള്‍ എടുത്തുകൊണ്ടുപോകാറുള്ളതായി പറഞ്ഞു. ഡ്രൈവര്‍ ജനല്‍പാളി നീക്കി വെള്ളക്കുപ്പിയെടുത്തു. കുപ്പിയില്‍ നിന്ന് അവരുടെ കുപ്പിയിലേക്ക് അയാള്‍ വെള്ളം പകര്‍ന്നു കൊടുത്തു. അവരുടെ ആവശ്യം നടന്നതിലുള്ള സന്തോഷത്തോടെ അയാള്‍ ഡ്രൈവറോട് പുകയില ചോദിച്ചു. ഡ്രൈവര്‍ അയാള്‍ക്ക് കുറച്ച് പുകയില കൊടുത്തു. ഇതൊക്കെ കണ്ട് അമ്പരപ്പോടെ ഞാനവരെ അടിമുടി നോക്കി. അവരിലൊരാള്‍ ഇടതുവശത്തേക്ക് വന്ന് എന്റെ തൊട്ടടുത്തുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഭയംകൊണ്ട് വിറച്ച് തുറിച്ചുനോക്കണോ പുഞ്ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥ. അയാള്‍ ഞങ്ങളെ തുറിച്ചുനോക്കി. വാഹനം പതിയെ മുന്നോട്ടെടുത്തു. യാത്ര വീണ്ടും അരമണിക്കൂര്‍ കൂടി നീണ്ടു. പിന്നീട് ജറാവകളെയാരെയും കാണാന്‍ കഴിഞ്ഞില്ല. ഡ്രൈവര്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത് കേട്ടാണ് മയക്കത്തില്‍നിന്നുണര്‍ന്നത്. ഗോ ത്രവര്ഗക്കാരിയായ ഒരു സ്ത്രീ കുഞ്ഞുമായി നില്ക്കുന്നു. കുറിയ, ഇരുണ്ട നിറമുള്ള സ്ത്രീയുടെ നഗ്നമായ പുറം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. വനത്തില്‍ പ്രതാപങ്ങളോടെ വസിച്ചിരുന്നവര്‍ ഇപ്പോള്‍ വഴിയരികില്‍ ബിസ്കറ്റ് പാക്കറ്റുകള്‍ക്കും ചിപ്സ് പാക്കറ്റുകള്‍ക്കും വേണ്ടി യാചിക്കുന്ന സ്ഥിതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ജറാവകളുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവ് പരിഗണിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
വൈകാതെ ഞങ്ങളുടെ വാഹനവ്യൂഹം വനത്തിന്റെ മറ്റേ അറ്റത്തെത്തി. ശ്വാസമടക്കിയുള്ള യാത തീര്‍ന്നതോടെ ഞങ്ങളെ ഒരു ജെട്ടിയിലേക്ക് കൊണ്ടുപോയി. മധ്യ ആന്‍ഡമാനിലുള്ള ബറാതാങ് ദ്വീപിലേക്കാണ് യാത്ര. വലിയ ഉരുക്കുജെട്ടി മനുഷ്യരെ മാത്രമല്ല ട്രക്കുകളും ബസുകളും കാറുകളുമൊക്കെ വഹിക്കാന്‍ കെല്പുള്ളതാണ്. ജെട്ടിയില്‍ നിന്നിറങ്ങിയത് ഒരു അതിവേഗ ഡീസല്‍ ബോട്ട് യാത്രയ്ക്കാണ്. ചുണ്ണാമ്പുഗുഹകളിലേക്ക്. ഇടതൂര്ന്നുനില്ക്കുന്ന കണ്ടല്‍ക്കാടുകള്‍ പച്ചപ്പിന്റെ മേലാപ്പ് കെട്ടിയ വഴിയിലൂടെ അവിടേക്കുള്ള യാത്ര ആരെ യും വശീകരിക്കും. ആന്‍ഡമാന്‍ ദ്വീപുകളുടെ ഉഷ്ണമേഖലയിലാണ് ഈ ദ്വീപ്. നിബിഡമായ കണ്ടല്‍ക്കാടുകളുടെ ഹൃദയത്തിലൂടെയുള്ള ബോട്ട് യാത്ര ഉണര് വേകുന്നതായിരുന്നു. എങ്കിലും ചാറ്റല്‍മഴ തുടങ്ങിയതോടെ എല്ലാ ആവേശവും നശിച്ചുപോയി. ചാറ്റല്‍മഴ പതുക്കെ പെരുമഴയായി. കനത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെ ഞങ്ങള്‍ക്ക് താത്കാലിക അഭയം കിട്ടി. ജീവിതത്തില്‍ അധികമൊന്നും അനുഭവിക്കാനിടയില്ലാത്ത ഒരു ആയുഷ്കാല അനുഭവമായിരുന്നു ആ യാത്ര. ഇത്തരം യാത്രകള്‍ സയന്‍സ് ചാനലുകളില്‍ മാത്രം കണ്ട ഓര്‍മയേയുള്ളൂ. കടല്‍യാത്രയുടെ അവസാനം ചെറിയ ജലവീഥിയിലേക്ക് കടക്കുന്നിടത്ത് മൊത്തം കാഴ്ചകള്‍ മാറുന്നു. മഴയ്ക്ക് താത്കാലിക വിരാമമായിരുന്നു. ബോട്ട് കണ്ടല്‍ക്കാടുകളെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് പോകുന്നത്. കണ്ടലിന്റെ വേരുകള്‍ നന്നായി കാണാം. മാസ്മരികമായ കാഴ്ചകളാണിത്.
സ്പീഡ് ബോട്ടില്‍ നിന്നിറങ്ങി കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ സ്ഥലങ്ങളിലൂടെയും പാറപ്പുറത്തുകൂടിയും ഒരുകിലോമീറ്റര്‍ നടന്നുവേണം ചുണ്ണാമ്പുഗുഹകളിലെത്താന്. ഇടയില്‍ വിശ്രമസ്ഥലങ്ങളുണ്ട്. സാഹസികതയുടെ കൊടുമുടി കയറിവേണം ഗുഹകളിലെത്താന്‍. ഗുഹാകവാടത്തിലെത്തുമ്പോഴേക്കും എല്ലാവരുടെയും ഊര്‍ജം തീര്‍ന്നിരുന്നു. അകത്ത് നല്ല ഇരുട്ടാണ്. ഗൈഡ് കാഴ്ചകളോരോന്നും വിശദീകരിച്ചുതന്നു. ഗുഹകളില്‍ നിരയായി സ്റ്റാലാക്റ്റേറ്റ്സും സ്റ്റാലഗ്മൈറ്റ്സും കാണാം. പാറയില്നിന്നൊലിച്ചു തൂങ്ങിയ ചുണ്ണാമ്പുകല്ലിനെയാണ് സ്റ്റാലാക്റ്റേറ്റ്സ് എന്ന് പറയുന്നത്. ഇങ്ങനെ ഒലിച്ചിറങ്ങിയുണ്ടായ കല്പുറ്റുകളെയാണ് സ്റ്റാലറ്റസ് എന്ന് പറയുന്നത്. മഞ്ഞയും വെള്ളയും നിറങ്ങളില്‍ മുകളിലെ പാളികള്‍ മനുഷ്യസ്പര്ശമേല് ക്കാതെ നില്ക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ആള് കൂടി അല്പം തിരക്കേറി. ഇരുവശത്തുമുള്ള ചുണ്ണാമ്പുഭിത്തികളുടെ ഇടയിലൂടെ നടക്കുമ്പോള്‍ അസാധാരണരീതിയിലുള്ള ചുണ്ണാമ്പു കല്‍രൂപങ്ങള്‍ കാണാം. ചിലര്‍ വ്യത്യസ്തമായ ആകൃതിയിലുള്ള കല്ലുകള്‍ എടുക്കുന്നുണ്ടായിരുന്നു. ഇരുട്ടിലും പ്രകൃതിയുടെ സൗന്ദര്യം കണ്മുന്നില് ഇടയ്ക്കിടെ മിന്നിമായുന്നുണ്ടായിരുന്നു. ഗുഹയ്ക്ക് ഏതാണ്ട് മൂന്നുകിലോമീറ്റര്‍ നീളമുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഒരുകിലോമീറ്റര്‍ ദൂരമേ പോകാന്‍ കഴിഞ്ഞുള്ളു. ഇത്ര ദൂരം വന്നാല്‍ ചിലര്‍ ഇവിടെനിന്ന് മൂന്നു കിലോമീറ്റര്‍ അകലത്തിലുള്ള മഡ് വൊള്'ക്കാനോ കാണാന്‍ പോകാറുണ്ട്. മോശം കാലാവസ്ഥയും സമയക്കുറവും മൂലം ഞങ്ങള്‍ ആ യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചു. വന്നതുപോലെത്തന്നെയായിരുന്നു തിരികെയുള്ള യാത്രയും.
പ്രധാന സ്ഥലത്ത് തിരിച്ചെത്തിയപ്പോഴേക്കും പൂര്‍ണമായും തളര്‍ന്നിരുന്നു. ഞങ്ങളുടെ വാഹനവ്യൂഹത്തിനൊപ്പം ചേര്‍ന്ന് തിരികെ പോര്‍ട്ട് ബ്ലെയറിലേക്ക്. തിരികെ വനത്തിലൂടെയുള്ള യാത്രയില്‍ ഒരിക്കല്‍പോലും ഗോത്രവര്ഗക്കാരിലാരെയും കണ്ടില്ല. ഒരുപക്ഷേ, അവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടാകാം. ആവശ്യമു ഉള്ളതിലധികം അവര്‍ക്ക് കാട്കൊടുക്കുമല്ലോ. വനയാത്രയ്ക്കൊടുവില്‍ ബിസ്കറ്റ്, ബിസ്കറ്റ് എന്ന് അലറുന്ന കുറച്ച് കുട്ടികളെ കണ്ടു. ഞങ്ങളുടെ ഡ്രൈവര്‍ ദയാപുര്വം അവരോട് ''കല് ദേദിയെ കല്'' നാളെത്തരാം എന്ന് വിളിച്ചുപറഞ്ഞു. മഡ് വൊള്ക്കാനോയും പാരറ്റ്സ് ഐലന്‍ഡും കാണാനായില്ല. തത്തകളുടെ ദ്വീപില്‍ അസ്തമയമാകുമ്പോള്‍ കൂട്ടംകൂട്ടമായി ചേക്കേറുന്ന തത്തവംശത്തെപ്പറ്റി പറഞ്ഞുകേട്ടു. പതിയെ കാട് വിട്ട് ഞങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരികെയെത്തി.
Content Highlights: Andaman Nicobar Travel, Mud Volcano Travel, Forests in Andaman, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..