ജീവിതത്തില്‍ ആരാകണമെന്ന് ചോദിച്ചാല്‍ എറണാകുളം സ്വദേശിനി നിധി കുര്യന് ഒറ്റ ഉത്തരമേയുള്ളൂ. ലോകം മുഴുവന്‍ കണ്ടുതീര്‍ക്കുന്ന ഒരു സഞ്ചാരി. യാത്രകള്‍ ചെയ്യണമെന്ന് അത്രമേല്‍ ആഗ്രഹമുള്ള നിധി ഒരു യാത്രയ്‌ക്കൊരുങ്ങുകയാണ്. കൊച്ചിയില്‍ നിന്ന് കശ്മീരിലെത്തി തിരിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന ഒരു സോളോ കാര്‍ ട്രിപ്പ്.

ദ ഗ്രേറ്റ് ഇന്ത്യന്‍ സോളോ ട്രിപ്പ് എന്നാണ് യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേര്. കേരളാ ടൂറിസത്തിന്റെ പിന്തുണയുമുണ്ട്. അറുപത് ദിവസങ്ങള്‍ കൊണ്ടാണ് നിധി ഇന്ത്യ ചുറ്റുന്നത്. റെനോ ക്വിഡ് ആണ് സഹചാരി. കാര്‍ യാത്രയാണെങ്കിലും നദീതീരങ്ങള്‍ പിടിച്ചായിരിക്കും യാത്ര. 'കഴിഞ്ഞ ഒരു കൊല്ലമായി യാത്രകള്‍ ചെയ്യാന്‍ പറ്റാതായിട്ട്. കുറേ കാലമായി മനസിലുള്ള യാത്രയാണിത്.' യാത്രയേക്കുറിച്ച്  ചോദിച്ചപ്പോള്‍ നിധി തന്ന ആദ്യ മറുപടി ഇങ്ങനെ.

കോവിഡ് കാലമായതിനാല്‍ കാര്‍ കുറച്ചുകൂടി സുരക്ഷിതമാണ്. എല്ലാവിധത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ഹോട്ടലുകളേയൊന്നും ആശ്രയിക്കുന്നില്ല. ഭക്ഷണം കാറില്‍ത്തന്നെ പാകം ചെയ്യും. ഉറക്കവും കാറില്‍ത്തന്നെ. പക്ഷേ ഇതിനായി വാഹനത്തില്‍ യാതൊരുവിധത്തിലുള്ള അധിക സജ്ജീകരണങ്ങളൊന്നുമില്ലെന്നും നിധി പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഗ്രാമങ്ങള്‍, ആചാരങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെല്ലാം അറിയാനും പകര്‍ത്താനുമാണ് നിധിയുടെ ഈ യാത്ര. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിധി ഇതിനുമുമ്പും യാത്ര നടത്തിയിട്ടുണ്ട്. ബസിലും, തീവണ്ടിയിലും ബൈക്കിലുമെല്ലാം. നേരത്തെ തന്റെ അവഞ്ചര്‍ ബൈക്കില്‍ കേരളം മൊത്തം സഞ്ചരിച്ചിട്ടുണ്ട് നിധി. കൂടാതെ എല്ലാ വര്‍ഷവും ഒരു ഹിമാലയന്‍ യാത്രയും നിധിയുടെ പതിവാണ്.

രണ്ട് യാത്രാഗ്രന്ഥങ്ങളും ഒരു ഹൈക്കു കവിതയും നിധിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ല്‍ നടന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ റൈറ്റേഴ്‌സ് സൈനിങ് പ്രോഗ്രാമിലൂടെ ഗിന്നസ് റെക്കോര്‍ഡിലുമെത്തി ഈ മലയാളി. യൂട്യൂബില്‍ ട്രാവല്‍ എഫ്.എം എന്ന പേരില്‍ യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാനായി ഒരു ചാനലുമുണ്ട്. ഇന്ത്യന്‍ പര്യടനം കഴിഞ്ഞുവന്നാല്‍ ആ അനുഭവം പുസ്തകമാക്കാനും നിധിക്ക് പദ്ധതിയുണ്ട്.

ഫെബ്രുവരി ഏഴ് ഞായറാഴ്ചയാണ് നിധി കൊച്ചിയില്‍ നിന്നും യാത്രതിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യാത്രചെയ്യാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച ലോകസഞ്ചാരി ദമ്പതികളായ ബാലാജിയും മോഹനയും യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 

''യാത്രികയാണ്. അതിനപ്പുറത്തേക്ക് എനിക്ക് എന്നെ അടയാളപ്പെടുത്താനറിയില്ല''. നിധി പറഞ്ഞുനിര്‍ത്തുന്നു.

Content Highlights: The Great Indian Solo Trip, Nidhi Kurian, Women Travel, Car Travel, Solo Travel