'വിജയന്‍ സാര്‍ നോവല്‍ എഴുതുകയാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല'; ഇതിഹാസം പിറന്ന ഞാറ്റുപുര തേടി...


By മനു റഹ്മാൻ

7 min read
Read later
Print
Share

ചുറ്റും പടര്‍ന്നു പന്തലിച്ച ശീമക്കൊന്നക്കും തെങ്ങോലകള്‍ നിഴല്‍വീഴ്ത്തിയ മുകള്‍പ്പരപ്പിനും ഇടയിലൂടെ നോക്കിയപ്പോള്‍ പള്ളിയുടെ മിനാരങ്ങള്‍ തൊട്ടപ്പുറത്ത് ദൃശ്യമായി. അറബിക്കുളത്തിലേക്ക് ചാഞ്ഞിറങ്ങിയ ശീമക്കൊക്കൊമ്പില്‍ കുറച്ചുനേരം ഇരുന്നു.

തസ്രാക്കിലെ ഞാറ്റുപുര | ഫോട്ടോ: അഖിൽ. ഇ.എസ് മാതൃഭൂമി

പണ്ടു പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ് വരയിലെത്തി. ഇതിന്റെ അപ്പുറം കാണണ്ടേ.? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ് വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നില്‍ക്കട്ടെ. എനിക്കു പോകണം അനുജത്തി പറഞ്ഞു.

- ഖസാക്കിന്റെ ഇതിഹാസം

യാത്രകള്‍ എപ്പോഴും വര്‍ഷങ്ങള്‍ക്കു മുന്‍പേ ആഗ്രഹിച്ച ഇടങ്ങള്‍ തേടിയാവും. ഇതും അതില്‍നിന്നു വിഭിന്നമല്ല. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നോവലായ ഖസാക്കിന്റെ ഇതിഹാസം പിറന്ന ഞാറ്റുപുര തേടിയാണ് വിജയന്‍ ഖസാക്കാക്കി രൂപാന്തരപ്പെടുത്തിയ തസ്രാക്കിലേക്കു പുറപ്പെട്ടത്.

യാത്രയ്ക്കിടെ വിജയന്‍ എന്ന മനുഷ്യനെക്കുറിച്ചു ചിന്തിച്ചു. കാഴ്ചക്ക് ചെറിയൊരാള്‍. പക്ഷേ പി.ജിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച പ്രൊഫ. വിജയറാം സാറിന്റെ(കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്ന അദ്ദേഹം ഞങ്ങള്‍ പഠിക്കുമ്പോള്‍ നഗരത്തിലെ ചെറൂട്ടി റോഡിലെ നാലാം ഗേറ്റിന് സമീപത്തെ ശ്രീനാരായണ കോളജില്‍ അധ്യാപകനായിരുന്നു.) വിജയനെക്കുറിച്ചുള്ള കമന്റ് ഓര്‍ത്തു. ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് വിജയനില്‍നിന്നു ഏറെ പഠിക്കാനുണ്ടെന്നായിരുന്നു ആ വാക്കുകള്‍. മലയാളത്തില്‍ മറ്റേതെങ്കിലും എഴുത്തുകാരനെക്കുറിച്ച് ഇങ്ങനെ പറയാനാവുമോ. മറ്റൊരാള്‍ ലണ്ടനില്‍ ജീവിക്കുന്ന നിരാദ് സി. ചൗധരിയായിരുന്നു. ഇംഗ്ലീഷുകാരെ ഇംഗ്ലീഷു പഠിപ്പിച്ചിരുന്ന മഹാന്‍. പണ്ഡിതനായ ആ എഴുത്തുകാരനെക്കുറിച്ച് പണ്ട് മലയാള പത്രത്തില്‍ ഒരു ലേഖനം വായിച്ചത് ഓര്‍ക്കുന്നു. നിരാദ് ചന്ദ്ര ചൗധരി ഇന്നത്തെ ബംഗ്ലാദേശില്‍ ഉള്‍പ്പെടുന്ന കിഷോര്‍ഗഞ്ചിലായിരുന്നു 1897ല്‍ ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് നഗരത്തില്‍ ജീവിച്ച അദ്ദേഹത്തിന്റെ വിയോഗവും അവിടെതന്നെയായിരുന്നു. 102 വയസുവരെ ജീവിച്ച പ്രതിഭ. ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയിലേക്കു വരിക കൂട്ടത്തോടെയാവും. കാണാത്ത ദേശങ്ങള്‍ തേടി സഞ്ചരിക്കുമ്പോള്‍ ആ നാടിന്റെ അസ്ഥിയിലേക്കും മജ്ജയിലേക്കുമെല്ലാം സഞ്ചാരിക്ക് കുറച്ചെങ്കിലും കയറിചെല്ലാനാവും. ഓരോരോ പ്രയാണങ്ങളും അപ്പോള്‍ അറിവിന്റെ പുതിയ ആഴങ്ങളിലേക്കു നമ്മെ കൊണ്ടുപോകുമെന്നു ചുരുക്കം.

Thasrak 2
Photo: Manu Rahman

കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു ഒ.വി വിജയന്റെ ഖസാക്കിലേക്കൊരു യാത്ര. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ യാത്രാപഥത്തെക്കുറിച്ച് ചിത്രം വ്യക്തമായിരുന്നില്ല. പതിനൊന്ന് മണിയായിട്ടേയുള്ളൂ. ട്രെയിനില്ലെന്നതിനാല്‍ മാവൂര്‍ റോഡിലെ പുതിയ സ്റ്റാന്റില്‍നിന്ന് ബസ് കയറി. ചിരകാല സുഹൃത്ത് സിദ്ദിഖ് പെരിന്തല്‍മണ്ണയെ കാണാന്‍ ആഗ്രഹിച്ചതിനാല്‍ പെരിന്തല്‍മണ്ണയില്‍ ഇറങ്ങി. രണ്ടു മണിക്കൂറെടുത്തു എഴുപത് കിലോമീറ്റര്‍ ദൂരെയുള്ള പെരിന്തല്‍മണ്ണയിലേക്കെത്താന്‍. വളവും തിരിവും കയറ്റങ്ങളുമായി സഹ്യനടുത്തേക്കു നീളുന്നതാണ് കോഴിക്കോട് പാലക്കാട് ഹൈവേ. പത്തു വര്‍ഷത്തോളം നീണ്ട ഇടവേളക്കൊടുവിലായിരുന്നു അവനെ നേരില്‍ കണ്ടത്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു പരിചയപ്പെടുന്നത്. ഒന്നാം വര്‍ഷം ഒന്നിച്ചുണ്ടായിരുന്നു. വീട്ടില്‍ കാലത്ത് വന്നുവീഴുന്ന പത്രമെന്ന ഉല്‍പന്നം എങ്ങനെയാണ് രൂപപ്പെടുന്നതെന്നു ഒരു ദൃക്സാക്ഷിയില്‍നിന്നു കേട്ടുതുടങ്ങിയത് അവനിലൂടെയായിരുന്നു.

സിദ്ദിഖിന്റെ വീട് പെരിന്തല്‍മണ്ണ ടൗണില്‍ തന്നെയായിരുന്നു. പാലക്കാട്ടേക്കുള്ള ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗത്ത് എത്തിയപ്പോഴേക്കും അവന്‍ അവിടെ സ്വതസിദ്ധമായ മോണാലിസ ചിരിയുടെ സിദ്ദിപതിപ്പുമായി സ്‌കൂട്ടറുമായി ഹാജരുണ്ടായിരുന്നു. നേരം കത്തുന്ന ഉച്ചയിലേക്കു എത്തിയിരുന്നു. നോമ്പുകാലമാണ്. പണ്ട് ഒരിക്കല്‍ അവന്റെ വീട്ടില്‍ ഭാര്യക്കൊപ്പം ചെന്നിട്ടുണ്ട്. ഇപ്പോള്‍ ആ വഴിപോലും കൃത്യമായി ഓര്‍ക്കുന്നില്ല. സ്‌കൂട്ടര്‍ പറപ്പിച്ച് ഒന്നുരണ്ടു കിലോമീറ്റര്‍ മാറിയുള്ള വീട്ടിലേക്കു അവന്‍ എത്തിച്ചു. ഭാര്യയും മക്കളുമെല്ലാം അവിടെയുണ്ട്. നോമ്പില്ലെന്നറിഞ്ഞതിനാല്‍ അവന്റെ ഭാര്യ നാരങ്ങാവെള്ളവും പലഹാരവും തന്ന് സത്ക്കരിച്ചു. അല്‍പനേരം മാത്രം അവനൊപ്പം നിന്നു. പിന്നെ രണ്ടരയുടെ ബസിന് പാലക്കാട്ടേക്ക് പുറപ്പെട്ടു. തസ്‌റാക്കിലേക്കു പോകേണ്ടുന്ന വഴിയെക്കുറിച്ചു വലിയ ധാരണയൊന്നുമില്ല. പാലക്കാട് ബസ് സ്റ്റാന്റില്‍ ചെന്നു വഴികളെല്ലാം ഇഴപിരിച്ചെടുത്തു കെട്ടിഭദ്രമാക്കണം. കൊടും വളവുകളും കയറ്റിറക്കങ്ങളുമുള്ള റോഡുതന്നെ. മണ്ണാര്‍ക്കാടും പിന്നിട്ട് പാലക്കാട്ടേക്ക് എത്തിയപ്പോഴേക്കും വൈകുന്നേരമായി.

Thasrak 3
Photo: Manu Rahman

സന്ധ്യക്കു മുന്‍പ് തസ്രാക്കില്‍ ചെന്നു മടങ്ങേണ്ടതുണ്ട്. ബസ് ജീവനക്കാരില്‍ ആദ്യം കണ്ടുമുട്ടിയവര്‍ക്കൊന്നും അങ്ങനെയൊരു ദേശമുള്ളതായിതന്നെ അറിയില്ല. സ്റ്റാന്റ് മുഴുവനായുള്ള അന്വേഷണത്തിന് ഒടുവിലാണ് പാലക്കാട്-പെരുവമ്പ റൂട്ടിലാണെന്ന് അറിയാനായത്. പാലക്കാട്ടുനിന്നും പെരുവമ്പയിലേക്ക് നീളുന്ന ദേശീയപാത 544-ല്‍ കിണാശ്ശേരി എത്തുതിന് മുമ്പായി സ്ഥിതിചെയ്യുന്ന കനാല്‍പ്പാലത്തിന് സമിപം ബസ് ഇറങ്ങി രണ്ടു കിലോമീറ്ററോളം തെക്കോട്ടു സഞ്ചരിച്ചാലാണ് നാം തസ്രാക്കില്‍ എത്തുക. ഇന്നും എത്തിപ്പെടാന്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുള്ള ആ പ്രദേശത്ത് പണ്ട് വാഹന സൗകര്യമെല്ലാം അപൂര്‍വമായ കാലത്ത് വിജയന്‍ എത്തിപ്പെട്ടത് എങ്ങനെയാവുമെന്ന് വിസ്മയിച്ചു. വിജയന്‍ ഖസാക്കാക്കി മാറ്റിയ തസ്രാക്ക് ഏതൊരു പാലക്കാടന്‍ കുഗ്രാമവും പോലെ കരിമ്പനയും നെല്‍വയലും മയിലുകളുടെ ചിലമ്പിച്ച ശബ്ദങ്ങളും നിറഞ്ഞതായിരുന്നു.

ജില്ലയുടെ സവിശേഷതയായ ചുട്ടുപൊള്ളുന്ന കാറ്റ് വേനല്‍ക്കാലത്ത് കരിമ്പനകളിലൂടെ കയറിയിറങ്ങവേ വിജനമായ പ്രദേശങ്ങളില്‍ മേഘഗര്‍ജനങ്ങള്‍ പിറക്കും. വര്‍ഷകാലത്ത് കരിമ്പനകളുടെ തായ്ത്തടിയെ കുളിരില്‍ മുക്കി മഴവെള്ളം മണ്ണിനെ പുണരും. ആ നാളുകളില്‍ കരിമ്പനയിലകൾ മരതകപ്പച്ചയുടെ ഏറ്റവും ആകര്‍ഷകമായ വര്‍ണങ്ങളാവും തിരികത്തുക. വേനലില്‍ പൊടിനിറഞ്ഞ് നിറംകെട്ട് ഇലകളില്‍ കാറ്റും മഴയും നിലാവുപെയ്യിക്കുന്നതൊന്നും കൃഷിയെ ആശ്രയിച്ച് അറുപതുകളുടെ അവസാനം ജീവിച്ചിരുന്ന ജനതക്ക് വലിയ സംഭവങ്ങളായിരുക്കില്ല. ഞാറ്റുപുരയുടെ തണുപ്പില്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച വിജയന്റെ ഇതിഹാസം 1969ല്‍ വായനക്കാരിലേക്ക് എത്തിയത് മുതല്‍ ഖസാക്കിലേക്ക് അക്ഷരസ്‌നേഹികളുടെ തീര്‍ഥാടനം ആരംഭിക്കുകയായിരുന്നു. അതിന്നും അവസാനിക്കാതെ തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളിയുടെ എഴുത്തും വായനയും അവസാനിക്കാത്തിടത്തോളം ആളുകള്‍ അതേ രോമാഞ്ചത്തോടെ ഞാറ്റുപപുരയെയും തസ്രാക്കിലെ കരിമ്പനകളെയുമെല്ലാം ചേര്‍ത്തുപിടിച്ചുകൊണ്ടേയിരിക്കും. വേറെ ഏതെങ്കിലും ഒരു ദേശത്തേക്ക് എഴുത്തുകാരന്റെ ഭൂമിക തേടി വായനക്കാര്‍ ഇതുപോലെ സഞ്ചരിക്കുന്നത് നാം മലയാളിക്കു പരിചിതമാണോ. ഒ.വി വിജയന്‍ എന്ന ഇതിഹാസകാരന്‍ ആ മണ്ണിലേക്ക് എത്തിയില്ലായിരുന്നെങ്കില്‍ അള്ളാപ്പിച്ച മൊല്ലാക്കയും കുഞ്ഞാമിനയും മൈമൂനയുമൊന്നും വിശേഷങ്ങളില്ലാത്ത വെറും പേരുകളായി ആ ഗ്രാമത്തില്‍ ജീവിച്ച് മരിച്ച് ഓര്‍മ്മയുടെ കരിമ്പനച്ചെപ്പുകളില്‍ എവിടെയോ വീണുറഞ്ഞേനെ. കരിമ്പനയും വിജയനും ഹൃദയത്തില്‍ ആര്‍ത്തിരമ്പുന്നതിനിടെയായിരുന്നു കനാല്‍പാലത്തിന് സമീപം ബസ്സെത്തിയത്. സഹയാത്രികനും കണ്ടക്ടറും ഒപ്പം ഇറങ്ങാറായെന്ന് ഓര്‍മ്മിപ്പിച്ചു. പാലക്കാടന്‍ നന്മയില്‍ മനസ് തളിര്‍ത്തു.

Thasrak 4
Photo: Manu Rahman

'കൂമന്‍കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടര്‍ന്നുപന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ചു ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം, കുഷ്ഠം പറ്റിയ വേരുകള്‍ എല്ലാമതുതന്നെ'.

ഖസാക്കിലെ ആദ്യവരികള്‍ ചാറ്റല്‍മഴപോലെ പൊതിഞ്ഞു. അതേ വീണ്ടും എത്തിയിരിക്കുന്നു ദീര്‍ഘനാളുകള്‍ക്കു ശേഷം ആ ഭൂമികയില്‍. വിജയന്റെ കാലടിപ്പാടുകള്‍ എന്നോ ഇവിടെ നിന്നു മാഞ്ഞുപോയിരിക്കാമെങ്കിലും അത് അമരുമ്പോഴുണ്ടായ നേര്‍ത്ത ഇരമ്പം ഇന്നും ഈ വഴികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ടാവും തീര്‍ച്ച. ബസ് സാമാന്യം വേഗത്തില്‍ ദൂരേക്കു അപ്രത്യക്ഷമായി. ഇരമ്പം അല്‍പനേരം കൂടി കേട്ടെന്നു മാത്രം. സ്‌റ്റോപ്പിന്റെ ഭാഗമായ ആല്‍മരച്ചുവട്ടില്‍ രണ്ട് ഓട്ടോറിക്ഷകള്‍ കണ്ടു അവയിലൊന്നില്‍ കയറി. മടിപിടിച്ചു കിടക്കുന്ന ഒരു പ്രദേശം. ഇന്ന് ഇനി ആരും സന്ദര്‍ശകരായി എത്തില്ലെന്നു ഡ്രൈവര്‍മാര്‍ ഏതാണ്ട് ഉറപ്പിച്ച, വെയില്‍ നടന്നു തളര്‍ന്നു അവശനായി ഊര്‍ധശ്വാസം വലിക്കുന്ന നേരത്താണ് തസ്രാക്കിലേക്ക് ഓട്ടത്തിനായി ഒരാള്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സഞ്ചാരിയെ, വിജയന്റെ വായനക്കാരനെ അവര്‍ ഒരിക്കലും ആ നേരത്ത് പ്രതീക്ഷിച്ചിരിക്കില്ല, തീര്‍ച്ച.

അപരിചിതമായ നാടുകളിലൂടെ നീങ്ങുമ്പോഴെല്ലാം മനുഷ്യനിലെ നന്മ പലപ്പോഴും തൊട്ടറിയാന്‍ സാധിക്കാറുണ്ട്. യാത്ര അങ്ങനെയും ചിലപ്പോള്‍ രൂപാന്തരപ്പെടാറുണ്ടെന്നു പറഞ്ഞു വരികയാണ്. ഇവിടെയും അത് ആവര്‍ത്തിച്ചു. കലയെന്ന എഞ്ചിനിയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ച യുവാവിലൂടെ. സംസ്ഥാനത്തിന് പുറത്ത് മികച്ച ജോലി ലഭിച്ചിട്ടും അച്ഛനെയും അമ്മയെയും സംരക്ഷിക്കാനായി അതുപേക്ഷിച്ച് ഓട്ടോ ഓടിക്കുന്ന നന്മയുടെ ആള്‍രൂപമായ ഒരു യുവാവ്. യാത്രയില്‍ കല എന്ന ആ യുവാവ് സാരഥി മാത്രമായിരുന്നില്ല. ക്യാമറാമാനായും തിളങ്ങി. മൊബൈലില്‍ പതിഞ്ഞ ചിത്രങ്ങളില്‍ ഭൂരിഭാഗവും അവന്‍ പകര്‍ത്തിയവയാണ്. മനുഷ്യരുടെ രീതികളും പെരുമാറ്റങ്ങളും ജീവിതവീക്ഷണവുമെല്ലാം പലപ്പോഴും കഥകളെ വെല്ലുന്നതായിരിക്കും. സില്‍വിയ പ്ലാത്ത് പറഞ്ഞത് ഓര്‍മ്മയില്ലേ? ലിറ്ററേച്ചര്‍ ഈസ് ട്വൈസ് റിമൂവ്ഡ് ഫ്രം റിയാലിറ്റി. കലയെക്കുറിച്ചും കവിതയെക്കുറിച്ചും പ്ലാറ്റോ പറഞ്ഞതും ഇതിന് സമാനമായിരുന്നു. ജീവിതം എറിഞ്ഞുടച്ച ഒരു കവയിത്രി. 1932ല്‍ അമേരിക്കയില്‍ ജനിച്ച സില്‍വിയ പ്ലാത്ത് 1961ലായിരുന്നു യു.കെയില്‍ കഴിയവേ ആത്മഹത്യയില്‍ അഭയം തേടിയത്. നമ്മുടെ ചങ്ങമ്പുഴയെപ്പോലെ ജീവിതം നാലു പതിറ്റാണ്ടിലേക്ക് എത്താതെ അവരും വിടവാങ്ങി. ചങ്ങമ്പുഴയുടേത് ക്ഷയം ബാധിച്ചുള്ള മരണമായിരുന്നെങ്കിലും അപമൃത്യുപോലെ ആര്‍ക്കും തോന്നും. വിഖ്യാത കവി ജോണ്‍ കീറ്റ്‌സ് ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ മരിച്ചതും ഇതേ രോഗത്താലായിരുന്നല്ലോ. എന്നിട്ടും അവരെല്ലാം കവിതയുടെ തീപ്പൊരിനാമ്പുകളായി ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. ചിന്തകള്‍ പലവഴി ഓടുന്നതിനിടയില്‍ തസ്രാക്കിലേക്ക് എത്തിയത് അറിഞ്ഞതേയില്ല.

Thasrak 5
Photo: Manu Rahman

കനാല്‍ പാലത്തിന് അരികില്‍നിന്നുള്ള ആ വഴി അധികവും കനാലിന്റെ ഓരത്തുകൂടിയായിരുന്നു. ഖസാക്കില്‍ വിജയനായി സ്മാരകം ഒരുങ്ങിയിരിക്കുന്നു. ഞാറ്റുപുര അതേപടി സംരക്ഷിച്ചിരിക്കുന്നു. പിന്നിലായി ലൈബ്രറിയും വായനാമുറിയും ഉള്‍പ്പെട്ട കെട്ടിടം. വിജയന്‍ സാര്‍ ഖസാക്ക് എഴുതിയിരുന്ന കാലത്ത് സന്തതസഹചാരിയായിരുന്ന മജീദ്ക്കയെ മുന്‍പ് കണ്ടത് ഓര്‍മ്മയിലേക്കെത്തി. അന്ന് സ്മാരകത്തിന്റെ ജോലികള്‍ പുരോഗമിക്കുന്ന കാലമായിരുന്നു. പ്രായം എഴുപതെങ്കിലും ആയിരിക്കാമെങ്കിലും ആ ഊര്‍ജ്ജസ്വലത ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. ആള്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ. ഒ.വി വിജയനുമായുള്ള ഓര്‍മ്മകള്‍ അദ്ദേഹം അയവിറക്കിയപ്പോള്‍ തൊട്ടടുത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ സാന്നിധ്യം അന്ന് അനുഭവപ്പെട്ടിരുന്നു. വിജയന്‍ സാര്‍ മലയാളിയുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച കഥാപാത്രങ്ങളെല്ലാം ശില്‍പങ്ങളായി പുനര്‍ജനിച്ചിരിക്കുന്നതും അത്ഭുതത്തോടെയായിരുന്നു അന്ന് കണ്ടുനിന്നത്. രവി, മൈമൂന, അള്ളാപ്പിച്ച മൊല്ലാക്ക തുടങ്ങി നോവലിന്റെ അവസാനത്തില്‍ രവിയെ കടിച്ച പാമ്പിന്റെ ശില്‍പം വരെ ഊഴവും കാത്ത് ഞാറ്റുപുരയുടെ മുറ്റത്ത് കിടന്നിരുന്നു. ഓരോ ശില്‍പങ്ങളെയും തൊട്ടുരുമ്മി മജീദ്ക്ക ഇതിഹാസത്തിന്റെ കെട്ടഴിച്ചു.

'വിജയന്‍ സാര്‍ നോവല്‍ എഴുതുകയാണെന്ന് ഞാനുള്‍പ്പെടെ നാട്ടുകാര്‍ക്ക് ആര്‍ക്കും അറിയുമായിരുന്നില്ല. ഞാറ്റുപുരയില്‍ ഇരുന്ന് കുറെ ചിത്രങ്ങള്‍ കോറിയിടും. ഒപ്പം എന്തെല്ലാമോ കുറിച്ചിടുന്നതും കാണാം. ആള്‍ പോയി വര്‍ഷങ്ങള്‍ കഴിഞ്ഞ് നോവല്‍ ഇറങ്ങിയപ്പോഴാണ് എല്ലാവരും അറിയുന്നത്. കറുത്ത് മെലിഞ്ഞ മജീദ്ക്കായുടെ മുഖം തേജോന്മുഖമായിരുന്നു. ഓരോ കഥാപാത്രത്തെയും തൊട്ടും തലോടിയും അദ്ദേഹം മലയാളത്തിന്റെ മഹാനായ എഴുത്തുകാരനുമായി കഴിച്ചുകൂട്ടിയ കാലം ഇന്നും അവിടെ ഇരുന്ന് അയവിറക്കുന്നതായി തോന്നിപ്പോകുന്നു. ചിതലി മല തേടുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി അത് പരിസരത്തൊന്നുമല്ലെന്നു മജീദ്ക്ക ഉണര്‍ത്തി. ആലത്തൂര്‍ റോഡിലാണ് ചിതലി മല സ്ഥിതിചെയ്യുന്നത്. വിജയന്‍ സാര്‍ ഞാറ്റുപുരയില്‍ പാര്‍ത്തിരുന്ന കാലത്ത് ചിതലി മനോഹരിയായിരുന്നു. പച്ചപിടിച്ച മലനിര. ഇന്ന് അതിന്റെ തലയും ഉടലുമെല്ലാം ഭൂമി തുരന്നുവില്‍ക്കുന്ന മാഫിയാ സംഘങ്ങള്‍ നാനാവിധമായിരിക്കുന്നു. ഞാറ്റുപുരയുടെ വാതില്‍ മലര്‍ക്കേ തുറന്ന് മജീദ്ക്ക അകത്തേക്ക് ക്ഷണിച്ചു. പഴമയുടെ ഗന്ധം എന്നിലേക്കെത്തി. ഞാറ്റുപുരയുടെ കൂരിരുളില്‍ ബള്‍ബിന്റെ വെളിച്ചം ഏശിയതേയില്ല. അള്ളാപ്പിച്ച മൊല്ലാക്ക സുബഹിക്ക് പള്ളിയിലേക്ക് പോകവേ ഉപയോഗിച്ച റാന്തലിന്റെ മാതൃകയില്‍ നിര്‍മിച്ച രണ്ടെണ്ണം ഞാറ്റുപുരയില്‍ സൂക്ഷിച്ചിരിക്കുന്നത് മജീദ്ക്ക കാണിച്ചുതന്നു. സര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ ഞാറ്റുപുരക്ക് ബാല്യം കൈവരിക്കുന്നു.