'പട്ടയയുടെ ഇന്നത്തെ പ്രശസ്തിക്ക് കാരണം അലസജീവിതം നയിക്കുന്ന തായ്‌ലാന്‍ഡിലെ ആണ്‍പ്രജകളാണ്'


ബൈജു എന്‍ നായര്‍

തായ്‌ലാൻഡിലെ വോക്കിങ് സ്ട്രീറ്റുകളിലൊന്ന് | ഫോട്ടോ: എൻ.എം പ്രദീപ്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നാണ് പട്ടയ. ഹോട്ടലിനു സമീപമുള്ള ബസ്സ്റ്റാന്‍ഡില്‍നിന്ന് പട്ടയയിലേക്ക് ധാരാളം ബസ്സുകളുണ്ട്. നൂറു കിലോമീറ്ററാണ് ദൂരം. രാവിലെ ഏഴരയ്ക്കുതന്നെ മെട്രോ ട്രെയിനില്‍ കയറി ഇക്കാമായി ബസ്റ്റാന്‍ഡിനു മുകളിലെ സ്റ്റോപ്പിലിറങ്ങി. പട്ടയ ബസ്സുകള്‍ നിരന്നുകിടക്കുന്നു; ഒരു നിലയും ഇരുനിലയുമുള്ളവ. എല്ലാം എയര്‍കണ്ടീഷന്‍ഡ്. ഓരോ മുപ്പതു മിനിട്ടിലും പട്ടയയ്ക്ക് ബസ് പുറപ്പെടും. നൂറ്റിപ്പത്ത് ബാട്ടാണ് ടിക്കറ്റുനിരക്ക്. യാത്രയുടെ ഏറെ ദൂരവും തൂണുകളില്‍ ഉയര്‍ത്തി നിര്‍മിച്ച എക്‌സ്പ്രസ് ഹൈവേയിലൂടെയാണ്. പിന്നെ, റോഡ് തനി ഗ്രാമങ്ങളിലൂടെ കടന്നുപോകുന്നു. കൃഷിയിടങ്ങള്‍ക്കു നടുവിലൂടെ, വ്യവസായമേഖലകള്‍ക്കു നടുവിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.

അന്‍പതുകളുടെ ഒടുവിലാണ് പട്ടയ എന്ന പേരു പ്രശസ്തമായത്. അതുവരെ ഒരു മത്സ്യബന്ധനതുറമുഖം മാത്രമായിരുന്നു പട്ടയ. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ ഭടന്മാര്‍ തമ്പടിച്ചത് ഇവിടെയാണ്. അതോടെ പട്ടയ ലോകശ്രദ്ധയാകര്‍ഷിച്ചു. യുദ്ധം കഴിഞ്ഞ് തിരിച്ചുപോയ സൈനികര്‍ ഒഴിവുദിനങ്ങളില്‍ വീണ്ടും പട്ടയയിലെത്തി. വിമാനത്താവളവും ഹോട്ടലുകളും നിര്‍മിച്ച് പട്ടയ അവരെ സ്വാഗതം ചെയ്തു. തായ്‌ലാന്‍ഡിലെ സെക്‌സ് ടൂറിസത്തിന്റെ ആദ്യകാല ഉപഭോക്താക്കളും അമേരിക്കന്‍ സൈനികരായിരുന്നു. സുന്ദരികളും നിര്‍ധനരുമായ തായ് പെണ്‍കുട്ടികളെ ഡോളര്‍ കാണിച്ച് മയക്കി അമേരിക്കക്കാര്‍ കാര്യം സാധിച്ചു. പിന്നെയത് തായ് യുവതികളുടെ ജീവിതമാര്‍ഗമായി. തായ്‌ലാന്‍ഡിലെ എല്ലാ നഗരങ്ങളിലും ഇപ്പോള്‍ റെഡ് സ്ട്രീറ്റുകളുണ്ട്. പന്ത്രണ്ട് പതിമൂന്നു വയസ്സില്‍ ഇവിടുത്തെ വേശ്യാലയങ്ങളിലും ബാറുകളിലും ജോലിക്കെത്തുന്ന പെണ്‍കുട്ടികള്‍ ഇരുപത്തിയഞ്ചു വയസ്സോടെ തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണു പതിവ്. അപ്പോഴേക്കും കുറച്ചു സമ്പാദ്യമൊക്കെ ഉണ്ടായിട്ടുണ്ടാവും. തുടര്‍ന്നുള്ള കാലം വിവാഹം കഴിച്ച് ജീവിക്കും. അലസജീവിതം നയിക്കുന്ന തായ്‌ലാന്‍ഡിലെ ആണ്‍പ്രജകളാണ് സ്ത്രീകള്‍ വേശ്യാവൃത്തി ചെയ്യുന്നതിനുള്ള മറ്റൊരു കാരണം. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരിലേറെയും സ്ത്രീകളായിരിക്കും. ആണുങ്ങള്‍ ദേഹാധ്വാനമില്ലാത്ത ചെറുകിടജോലികള്‍ ചെയ്ത് കാലയാപനം നടത്തുകയാണ്.പട്ടയ ബസ്സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ ഉടനെ ടുക്ടുക് എന്നു വിളിക്കുന്ന ഓട്ടോറിക്ഷയുമായി ഡ്രൈവര്‍മാര്‍ അടുത്തെത്തി. ഹോട്ടലുകളുടെ ഏജന്റുമാര്‍കൂടിയാണിവര്‍. താരിഫ് കാര്‍ഡ് അടങ്ങുന്ന ബ്രോഷറുമായി ഇടിച്ചുനില്ക്കുകയാണ് ഏജന്റുമാര്‍. കുറെ ബ്രോഷറുകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം ഹോട്ടല്‍ റോയല്‍ പ്ലാസ തിരഞ്ഞെടുത്തു. ഏതാണ്ട് ആയിരത്തിയിരുനൂറു രൂപ വാടക. ഹോട്ടലിലെത്തിയപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. ഒന്നാന്തരമൊരു ത്രീസ്റ്റാര്‍ ഹോട്ടല്‍. ബ്രേക്ഫാസ്റ്റ് ഫ്രീ. ടൂറിസംരംഗത്തെ മാന്ദ്യം മൂലം സഞ്ചാരികള്‍ക്കുണ്ടായ ഗുണങ്ങളിലൊന്നാണ് ഹോട്ടല്‍മുറികളുടെ വിലയിടിച്ചില്‍.

മലകള്‍ കടലിലേക്കിറങ്ങിനില്ക്കുന്ന പട്ടയയില്‍ ജീവിതം ഉത്സവമാണ്. ബഹുനിലമന്ദിരങ്ങളിലും സപ്തനക്ഷത്രഹോട്ടലുകളിലും ഉറങ്ങാത്ത തെരുവുകളിലുമായി പട്ടയജീവിതം ആഘോഷിച്ചു തീര്‍ക്കുന്നു. നമ്മുടെ ഊട്ടിക്കു സംഭവിച്ചതുപോലെ, 'അര്‍ബനൈസേഷനി'ല്‍ പട്ടയ ഒരു നഗരമായി മാറി. സ്വാഭാവികസൗന്ദര്യം നഷ്ടപ്പെട്ടു. ആ വീര്‍പ്പുമുട്ടല്‍ എന്നെപ്പോലെയുള്ള സഞ്ചാരികള്‍ക്ക് അനുഭവപ്പെടാതിരിക്കില്ല. ഇതേപ്പറ്റി ഫോണില്‍ പറഞ്ഞപ്പോള്‍ വിജോ പറഞ്ഞു:
'തായ്‌ലാന്‍ഡില്‍ വന്നിട്ട് പട്ടയ കണ്ടില്ല എന്നു പറയുന്നതു മോശമല്ലേ? ഒരു ദിവസംകൂടി അവിടെ നിന്നിട്ട് ഫുക്കട്ടിലേക്കല്ലേ യാത്ര. ബീച്ചിന്റെ യഥാര്‍ഥ സൗന്ദര്യം അവിടെ കാണാം...'
ശരിയാണ്. മറ്റന്നാള്‍ രാവിലെ ഫുക്കട്ടിലേക്കുള്ള ഫ്‌ളൈറ്റിന് ടിക്കറ്റെടുത്തിട്ടുണ്ട്. നാളെ രാവിലെ പട്ടയയുടെ സമീപദ്വീപുകള്‍ കണ്ടശേഷം വൈകീട്ടുതന്നെ ബാങ്കോക്കിലേക്ക് മടങ്ങണം. ഞാന്‍ ഹോട്ടലിന്റെ താഴേയുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍നിന്ന് പിറ്റേന്നത്തേക്കുള്ള ദ്വീപുയാത്രകളുടെ ടിക്കറ്റ് വാങ്ങി. കോ ലാന്‍, കോ ഫായ് എന്നീ ദ്വീപുകളാണ് പ്രധാന ലക്ഷ്യം.

രാവിലെ ഏഴിന് ടൂര്‍ കമ്പനിയുടെ വാനില്‍ ബോട്ടുജെട്ടിയിലേക്കു പോയി. സ്പീഡ് ബോട്ടില്‍, കടല്‍ത്തിരകളോടു മല്ലടിച്ച് നാല്പത്തിയഞ്ചു മിനിട്ടുകൊണ്ട് കോ ലാന്‍ എന്ന കോറല്‍ ഐലന്‍ഡിലെത്തി. പട്ടയയിലെ ഏറ്റവും വലിയ ദ്വീപാണിത്. കടലിന് അഭിമുഖമായി കുറെ സീഫുഡ് റെസ്റ്റോറന്റുകള്‍. ബീച്ചില്‍ നിറയെ അര്‍ധനഗ്‌നമേനികള്‍. ഇതാണ് കോ ലാന്‍. ഇവിടെ നിന്ന്, അടിഭാഗത്ത് ഗ്ലാസിട്ട ബോട്ടില്‍ കടലില്‍ പോയി, പവിഴപ്പുറ്റുകള്‍ കാണാം. പിന്നെ വാട്ടര്‍ സ്‌കൂട്ടറുകളില്‍ കടലിലൂടെ ചീറിപ്പായാം. ബോട്ടുകളില്‍നിന്നുയരുന്ന പാരഷൂട്ടുകളില്‍ ഉയര്‍ന്നു പൊങ്ങിപ്പറക്കാം. വളരെ രസകരമാണ് പാരഷൂട്ട് യാത്ര. വാട്ടര്‍ സ്‌കൂട്ടറുകളാണ് സഞ്ചാരികളെ പാരഷൂട്ടില്‍ ഉയര്‍ത്തുന്നത്. ബോട്ടിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ശരീരത്തില്‍ പാരഷൂട്ട് ഘടിപ്പിക്കുക. എന്നിട്ട് ബോട്ടിന്റെ താഴേ നിലകൊള്ളുന്ന വാട്ടര്‍ സ്‌കൂട്ടറില്‍ പാരഷൂട്ടിന്റെ ഒരു ഭാഗം കൊളുത്തിയിടുക. വാട്ടര്‍ സ്‌കൂട്ടര്‍ വെള്ളത്തിലൂടെ പായുമ്പോള്‍ പാരഷൂട്ടും നമ്മളും ബോട്ടില്‍നിന്ന് വായുവിലൂടെ ഉയര്‍ന്നുപൊങ്ങും. അരമണിക്കൂര്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറക്കാം. ഒടുവില്‍ വാട്ടര്‍ സ്‌കൂട്ടര്‍ കടല്‍ക്കരയിലേക്ക് ഓടിച്ചു കയറ്റുമ്പോള്‍ പാരഷൂട്ട് കരയുടെ സമീപം കടലില്‍ പതിക്കും. അവിടെനിന്ന് സഞ്ചാരികളെ ഫൈബര്‍ ബോട്ടില്‍ കരയിലെത്തിക്കും. ഇതാണ് പാരഷൂട്ട് യാത്രയുടെ ചുരുക്കം.

അവിടെനിന്ന് ഉച്ചകഴിഞ്ഞ് വീണ്ടും ബോട്ടുയാത്ര. അഞ്ചു കിലോമീറ്റര്‍ ദൂരേയുള്ള കോ ഫായ് ദ്വീപിലേക്ക്. നേവിയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്. കാഴ്ചകളെല്ലാം ഒന്നുതന്നെ. വെയിലു കൊണ്ട് തളര്‍ന്നാണ് വൈകീട്ട് പട്ടയയില്‍നിന്ന് തിരിച്ചെത്തിയത്. 'റോയല്‍ പ്ലാസയിലെ' ബാത്ത് ടബ്ബില്‍ കുറെ നേരം കിടന്നുകഴിഞ്ഞപ്പോഴാണ് തലയില്‍നിന്ന് വെയിലിറങ്ങിപ്പോയത്. രാത്രിയില്‍ വോക്കിങ് സ്ട്രീറ്റ് സന്ദര്‍ശിക്കാതെ പട്ടയ യാത്ര പൂര്‍ണമാകുന്നില്ല. 'പാപങ്ങളുടെ സിറ്റി' സിന്‍ സിറ്റി എന്നാണ് ഈ സ്ട്രീറ്റ് അറിയപ്പെടുന്നത്. നൂറുകണക്കിനു ബാറുകളും നഗ്‌നനൃത്തശാലകളും സീഫുഡ് റെസ്റ്റോറന്റുകളും ഡിസ്‌കോത്തെക്കുകളും നൈറ്റ് ക്ലബ്ബുകളും ഒന്നൊന്നര കിലോമീറ്റര്‍ മാത്രം നീളമുള്ള ഈ തെരുവിലുണ്ട്. രാത്രികളില്‍ മാത്രം സജീവമാകുന്ന വോക്കിങ് സ്ട്രീറ്റില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.

വലിയ ടൂര്‍ ഗ്രൂപ്പുകളും ലോകമെമ്പാടുംനിന്നുള്ള വിനോദസഞ്ചാരികളും നിറഞ്ഞൊഴുകുന്ന തെരുവില്‍ എവിടെയും വിവിധ നിറത്തിലുള്ള നിയോണ്‍വെളിച്ചം പ്രഭ വിതറുന്നു. കാതടപ്പിക്കുന്ന സംഗീതം നാലുചുറ്റുനിന്നും ഇരമ്പിയെത്തുന്നു. മജീഷ്യന്മാര്‍ ജാലവിദ്യകള്‍ കാട്ടി രസിപ്പിക്കുന്നു, ഒരിടത്ത്. ടര്‍ക്കിഷ് ഐസ്‌ക്രീം വില്പനക്കാരന്റെ തമാശപ്പരിപാടികള്‍ വേറൊരിടത്ത്. അതിനിടെ ഒരു അല്പവസ്ത്രധാരിണി നിങ്ങളെ ആലിംഗനം ചെയ്ത് ചോദിക്കുന്നു: 'മൂന്നാംനിലയില്‍ സെക്‌സ് ഷോ ഉണ്ട്. വരുന്നോ?'
അവളില്‍നിന്ന് രക്ഷപ്പെട്ട് വീണ്ടും നടക്കുമ്പോള്‍ വലിയ മാറിടം കുലുക്കി ഒരു ലേഡി ബോയ്(ഹിജഡ) മാടിവിളിക്കുന്നു: 'റഷ്യന്‍ സുന്ദരികളുടെ കാബറെ...വാ...'
ഇതൊക്കെയാണ് വോക്കിങ് സ്ട്രീറ്റ്.

ചുറ്റുപാടുമുള്ള ബാറുകളിലെ കമ്പികളില്‍ തൂങ്ങിയാടുന്ന, നാമമാത്രമായ വസ്ത്രം ധരിച്ച ടേബിള്‍ ഡാന്‍സേഴ്‌സിനെ ഒളിഞ്ഞുനോക്കി മൂല്യച്യുതി എന്നു വിലപിക്കുന്ന ഇന്ത്യന്‍ അമ്മച്ചിമാരാണ് എനിക്ക് ഏറ്റവും കൗതുകം പകര്‍ന്ന കാഴ്ച! തെരുവിലെ കാഴ്ചകള്‍ കാണാവുന്ന ഒരു ഓപ്പണ്‍ ബാറില്‍ വോക്കിങ് സ്ട്രീറ്റിലൂടെ നടന്നുപോകുന്നവരുടെ മുഖത്തു മിന്നിമായുന്ന ഭാവങ്ങള്‍ ആസ്വദിച്ച് ഏറെനേരമിരുന്നു. പിന്നെ സ്ട്രീറ്റിന്റെ അറ്റത്തെ ബാലി ഹായ് ബോട്ടുജെട്ടിവരെ നടന്നു. നടക്കുംവഴി കനാലില്‍ പൊരിച്ച ബീഫിന്റെ കഷണങ്ങള്‍ കമ്പി മേല്‍ കോര്‍ത്ത് വില്ക്കുന്ന തട്ടുകട കണ്ടു. നാലു കമ്പി വാങ്ങി. ഒരു കമ്പിയില്‍ അഞ്ചു പീസുകള്‍. ഇരുപതുരൂപ. എന്തൊരു സ്വാദാണ് തായ്‌ലാന്‍ഡുകാര്‍ 'സാത്തെ' എന്നു വിളിക്കുന്ന ഈ ബാര്‍ബെക്യൂവിന്.

പിറ്റേന്ന് ബാങ്കോക്കിലേക്ക് പോകുംമുന്‍പ് ഒരു കാഴ്ച കൂടിയുണ്ട് പട്ടയയില്‍. പട്ടയബീച്ച് കടന്ന്, തൊട്ടടുത്തുള്ള ജോംഷ്യന്‍ ബീച്ചിന്റെ ഓരംപറ്റി, 23 കിലോമീറ്റര്‍ ഓടുമ്പോള്‍ ആ കാഴ്ചയെത്തും. ഖാവോ ചീ ചാന്‍ എന്നു വിളിക്കപ്പെടുന്ന ഒരു ബുദ്ധപ്രതിമയാണത്. പ്രതിമ എന്നു പറയുന്നത് ശരിയല്ല എന്നതാണ് യാഥാര്‍ഥ്യം. 130 അടി ഉയരമുള്ള ഒരു മലയില്‍ ബുദ്ധരൂപം ലേസര്‍രശ്മികള്‍ ഉപയോഗിച്ച് വരച്ചിട്ട് അതില്‍ സ്വര്‍ണം പൂശുകയാണ് ചെയ്തിരിക്കുന്നത്. 70 അടി വീതിയുള്ള മലയില്‍ അങ്ങനെ ബുദ്ധന്‍ നിറഞ്ഞുനില്ക്കുന്നു. വളരെ ദൂരെ നിന്നേ മലമുകളിലെ ഈ അദ്ഭുതം വ്യക്തമായി കാണാം. മലയുടെ ചുവട്ടില്‍ അതിസുന്ദരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചുറ്റുപാടും മുന്തിരിത്തോട്ടങ്ങളുമുണ്ട്. പട്ടയ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ഒരിക്കലും ബീച്ചുകളുടെയും നൈറ്റ് ലൈഫിന്റെയും അപ്പുറത്തേക്ക് കണ്ണുപായിക്കാറില്ല. അതുകൊണ്ടുതന്നെ മലമുകളിലെ ബുദ്ധനെ കണ്ടിട്ടുള്ളവരും നാമമാത്രം.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉല്ലാസ യാത്രകള്‍ എന്ന പുസ്തകത്തില്‍ നിന്നും)

Content Highlights: thailand pattaya travel tourism baiju n nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented