ലോക രാജ്യങ്ങള്‍ ഏറെക്കണ്ട ആദ്യ ചായക്കടക്കാരനാണ് താനെന്നു പറയുമ്പോള്‍ ബാലാജി ആരെയെങ്കിലും ട്രോളുകയാണെന്ന് തെറ്റിദ്ധരിക്കരുതേ. എറണാകുളം കതൃക്കടവ് റോഡിലെ ചെറിയ ചായക്കടയുടെ ഉടമ ഇതിനകം യാത്ര ചെയ്തത് അമേരിക്കയടക്കം 23 ലോക രാഷ്ട്രങ്ങളാണ്. എന്നിട്ടും യാത്ര ചെയ്ത് കൊതി തീര്‍ന്നിട്ടില്ല ബാലാജിക്ക്. ഇനിയും കുറെ രാജ്യങ്ങള്‍ കൂടി കാണണം. അതിനായി പണം കണ്ടെത്താന്‍ വിവിധ രാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രകളെക്കുറിച്ച് പുസ്തകം എഴുതണമെന്ന ആശയിലാണിപ്പോള്‍ ഈ 69-കാരന്‍.

ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ചായ വില്‍ക്കാനിറങ്ങിയ ബാലാജിക്ക് മനസ്സില്‍ നിറയുന്ന ലോകക്കാഴ്ചകള്‍ അക്ഷരങ്ങളായി പകര്‍ത്താനൊരു കൂട്ടുവേണം. അതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഈജിപ്ത് മുതല്‍ അമേരിക്ക വരെ കണ്ട കഥ മണിമണി പോലെ ഓര്‍ത്തിരിപ്പുണ്ട് മനസ്സില്‍. ആ കഥകള്‍ ഒന്നൊന്നായി പറഞ്ഞുകൊടുക്കാന്‍ റെഡിയാണ് ബാലാജി. അത് കേട്ട് മികച്ച ഒരു യാത്രാവിവരണമായി മാറ്റാന്‍ കഴിയുന്ന എഴുത്തുകാരന്റെ സഹായമാണ് ഇനി വേണ്ടത്.

പലരും തയ്യാറായി വരുന്നുണ്ട്. പക്ഷേ, ഒന്നും അങ്ങ് ശരിയാകുന്നില്ല. യാത്രാവിവരണം വിറ്റ് കാശുണ്ടാക്കുകയൊന്നുമല്ല ബാലാജിയുടെ ലക്ഷ്യം. ഒരു യാത്രയ്ക്കും കൂടിയുള്ള വക കണ്ടെത്തണം, അത്രയേയുള്ളൂ ആശ.

Balaji and Mohana
ബാലാജിയും മോഹനയും വിദേശയാത്രയില്‍

സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളിലേക്കുള്ള യാത്രയാണ് മോഹമായി മനസ്സിലുള്ളത്. അഞ്ചു രൂപയ്ക്ക് ചായ വിറ്റ് അതിനുള്ള വക കണ്ടെത്തുക അതിമോഹമാണെന്ന് നന്നായി അറിയാം ഈ ചായക്കടക്കാരന്. ഇതിനു മുന്‍പുള്ള യാത്രയ്ക്ക് പലരും സ്‌പോണ്‍സര്‍മാരായി എത്തിയിരുന്നു. നിലവില്‍ അത്തരം വാഗ്ദാനങ്ങളൊന്നുമില്ല. പോരാത്തതിന് കുറച്ച് കടവുമുണ്ട്. അതിനിടയിലാണ് യാത്രാവിവരണം എഴുതുക എന്ന ആശയം മനസ്സില്‍ മൊട്ടിട്ടത്. ഇതിനോടകം ഒരു ഡസന്‍ എഴുത്തുകാര്‍ സമീപിച്ചിട്ടുണ്ട്. എല്ലാം ശരിയായി വന്നാല്‍ ചായക്കടക്കാരന്റെ യാത്രാവിവരണം യാഥാര്‍ഥ്യമാകും.

2007-ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ.ആര്‍. വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. ഇതുവരെ 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എല്ലാ യാത്രകളിലും ഭാര്യ മോഹനയുമുണ്ടായിരുന്നു ഒപ്പം. ബ്രസീലിലേക്കായിരുന്നു അവസാന യാത്ര. സിങ്കപ്പൂരാണ് ബാലാജിയുടെ ഇഷ്ട രാജ്യം. നല്ല വൃത്തിയും വെടിപ്പുമുള്ള രാജ്യം എന്നതാണ് ആ അംഗീകാരത്തിന് കാരണം. സിങ്കപ്പൂരില്‍ ഒരു ചായക്കട തുടങ്ങിയാലോ എന്ന വാഗ്ദാനം സ്‌നേഹപൂര്‍വം വേണ്ടെന്നു വെച്ചായിരുന്നു അന്ന് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ മോഹനയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ മഞ്ഞിലൂടെയുള്ള യാത്രയാണ് മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

Content Highlights: Tea Shop Owner Traveler, Balaji and Wife Travelled 23 Countries, Balaji's Travels