ബി.സി. 2727-ല്‍ ചൈനീസ് പ്രവിശ്യയില്‍ ഒരു  തോട്ടത്തില്‍ വെള്ളo തിളപ്പിക്കുകയായിരുന്നു. അടുത്ത് നിന്ന ചെടിയില്‍ നിന്നും ഇലകള്‍ ഈ വെള്ളത്തില്‍ കൊഴിഞ്ഞു വീണു.ഈ വെള്ളത്തില്‍ ഉണ്ടായ നിറവും രുചിയും അരോമയും  ഈ ഇലയുടെ സവിശേഷതകള്‍ മനസ്സിലാക്കി ആണ് ചായ ചെടിയെ തിരിച്ചറിഞ്ഞതെന്ന് ചായയുടെ ചരിത്രം.

Tea Museum 2

ചായ പൈതൃകം, പരിണാമം, സവിശേഷതകള്‍,ഗുണങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ ഇതാ ഒരു ചായ മ്യൂസിയം ( Tea Museum) വയനാട് പൊഴുതന അച്ചൂരില്‍ തുറന്നിരിക്കുന്നു. 1995 ല്‍ അഗ്‌നിക്കിരയായി ഒരു ഭാഗം നശിച്ച കെട്ടിടത്തില്‍ തോട്ട വ്യാപാര പ്രമുഖരായ ഹാരിസണ്‍ മലയാളം പ്ലാന്റേഷനാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. പൂക്കോട് തടാകത്തില്‍ നിന്നും ബാണാസുര ഡാമിലേക്കുള്ള വിനോദ സഞ്ചാര പാതയിലുള്ള മ്യൂസിയം സഞ്ചാരികളുടെ വിനോദ കേന്ദ്രമായി മാറിയിരിക്കയാണ്.

ചായ വ്യവസായത്തിന്റെ പൈതൃകം, ചരിത്രം, വൈവിധ്യങ്ങള്‍, ആരോഗ്യ - പോഷക ഗുണങ്ങള്‍, വിവിധ തരത്തിലുള്ള ചായകള്‍, ഫോട്ടോ ഗാലറി, പഴയ കാല യന്ത്രങ്ങള്‍, വിവിധ രുചികളിലുള്ള ചായ രുചിച്ചറിയല്‍ എന്നിവയാണ് മ്യൂസിയത്തില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Tea Museum 1

4000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലുള്ള ചായ മ്യൂസിയം ഒക്ടോബര്‍ 8 നാണ് തുറന്നത്. വയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കയാണെന്ന് വിനോദ സഞ്ചാര വ്യവസായ മേഖല കണക്കാക്കുന്നു. പ്രളയത്തിന് ശേഷം തളര്‍ന്ന വിനോദ സഞ്ചാര മേഖലക്ക്  ഉണര്‍വേകാനും മ്യൂസിയം ഒരു നിമിത്തമായി. മൂന്നാര്‍ ചായ മ്യൂസിയത്തിന്  പുറമേ കേരളത്തിന്റെ ഈ മ്യൂസിയം മലബാറിന്റെ ടൂറിസം വ്യവസായത്തിനും ഉണര്‍വേകും. മൂന്നാര്‍, വയനാട് എന്നിവയുള്‍പ്പെടുന്ന നീലഗിരി മേഖല, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും ആസ്സാം, ഡാര്‍ജിലിങ് എന്നിവയാണ് ഇന്ത്യയുടെ ചായ പൈതൃക തോട്ട പ്രവിശ്യകള്‍.

Tea Museum 3

ഗ്രീന്‍ ടീയിലും സില്‍വര്‍ ടിപ്‌സ് വൈറ്റ് ടീ യിലും ആന്റി ഓക്‌സിഡന്റ് , ലോ കഫീന്‍ ഘടകങ്ങള്‍ ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പല്ല് പൊടിയുന്നത് പ്രതിരോധിക്കാനും, അമിത വണ്ണം കുറക്കാനും 
അകാല വാര്‍ദ്ധക്യം തടയാനും, പ്രമേഹം, കാന്‍സര്‍, കൊളസ്‌ട്രോള്‍ എന്നിവ പ്രതിരോധിക്കുന്നതോടൊപ്പം, ശരീര പേശികളെ അള്‍ട്രാ വൈലറ്റ് രശ്മികളില്‍ നിന്നും പ്രതിരോധിക്കാനും ചായ
നല്ലതാണെന്ന് ഗവേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നു.

Tea Museum 4

വരുന്ന 6 മാസത്തിനകം ഈ മ്യൂസിയം വിനോദ സഞ്ചാര ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുക്കാന്‍ ഉള്ള പ്രവര്‍ത്തനം തുടങ്ങിയെന്ന് ഹാരിസ്സന്‍ മലയാളം പ്ലാന്റേഷന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മെര്‍ലിന്‍ ജിയോ, വയനാട് ഗ്രൂപ്പ് മാനേജര്‍ ബെനില്‍ ജോണ്‍ എന്നിവര്‍ പറഞ്ഞു. ലോക വിനോദ സഞ്ചാര ചരിത്രത്തില്‍ ചായ വിനോദ സഞ്ചാരം വന്‍ മുന്നേറ്റമാണ്  നടത്തുന്നത്.  ജപ്പാനിലെ ലോക ചായ മ്യൂസിയം ആഗോള ശ്രദ്ധ നേടി വലിയ തോതില്‍ വിദേശ നാണ്യം നേടുകയാണിന്ന്.

Tea Museum 5

കൃഷി അനുബഡമായ വിനോദ സഞ്ചാര മേഖല സര്‍ഗ്ഗാത്മകമായി ഉപയോഗിക്കാന്‍ നമുക്കിനിയും ആയിട്ടില്ല. ചായ മ്യൂസിയം പോലുള്ള സാധ്യതകള്‍ ഇനിയും മറ്റ് കാര്‍ഷിക വിളകളില്‍ അധിഷ്ടിതമായി പ്രയോജനപ്പെടുത്താനാകും. വയനാട് യാത്രയില്‍ ഇനി ചായ മ്യൂസിയം കൂടി ഇടം പിടിക്കട്ടെ.

Content Highlights: Tea Museum, Tea Museum Wayanadu, Harrisons Malayalam Plantations