തെയാക്കി കേക്ക് | ഫോട്ടോ: മാതൃഭൂമി യാത്ര
വിയർത്തൊട്ടിയ ഒരു 2 മാർച്ച് മാസത്തിന്റെ ഒടുവിലെ ആഴ്ചയിലായിരുന്നു ജപ്പാനിലേക്കുള്ള ആ യാത്ര അദ്ഭുതങ്ങൾ നിറച്ച തളിക പോലെ ടോക്യോ നഗരം മുന്നിൽ തെളിഞ്ഞു. ഫാക്ടറിത്തൊഴിലാളിയായ ചങ്ങാതിക്കൊപ്പം വെയിലാറിത്തുടങ്ങിയ വൈകുന്നേരം തെരുവിലൂടെ ഒന്ന് നടക്കാനിറങ്ങിയതാണ്. വഴിയോര ഭക്ഷണശാലകളിൽ ആരവങ്ങൾ.
ഓക്കുമരത്തിന്റെ വേരിൽ കൊത്തിയെടുത്ത ഇരിപ്പിടങ്ങൾ നിരത്തിയ ഒരു പീടികയിലേക്കാണ് ഞങ്ങൾ കയറിയത്. കനലിൽ മൊരിഞ്ഞും കമ്പി യിൽ കൊരുത്തും മാടിവിളിക്കുന്നുണ്ട് ഇറച്ചിത്തുണ്ടുകൾ ഒപ്പമുള്ള ചങ്ങാതി കിമോണയണിഞ്ഞ ഒരു പെൺകൊടിയോട് എന്തോ മൊഴിഞ്ഞശേഷം ഏതോ പത്രത്തിന്റെ നരച്ച താളിൽ മുഖം പൂഴ്ത്തി ഇരുപ്പ് തുടങ്ങി. കിമോണ ചുറ്റിയ ഉല്ലാസവതിയായ പെൺകുട്ടി പളുങ്ക് പിഞ്ഞാണങ്ങളും കൈ യിലേന്തി ഞങ്ങളുടെ ഇരിപ്പിടങ്ങൾക്കരികിലേക്ക് വന്നു. ഔപചാരികതയുടെ ചെറു വാക്ക് ഒച്ചതാഴ്ത്തി പറഞ്ഞ് അതെല്ലാം അവിടെവച്ച് അവളങ്ങ് പോയി.
കണ്ണുകൾ പിഞ്ഞാണത്തിലേക്ക് കടന്നതും നേരുപറഞ്ഞാൽ കാഴ്ച മങ്ങിപ്പോയി. മുന്നിലെ പ്ലേറ്റുകളിൽ മലർന്ന് കണ്ണുമിഴിച്ചു കിടപ്പുണ്ട് രണ്ടു മീനുകൾ. മസാലപ്പുതപ്പില്ല, എണ്ണയുടെ മിനുപ്പില്ല. മുന്നിൽ വന്നു ചാടിയ മീനുകൾ പിടയ്ക്കുന്നുണ്ടോ എന്നൊരു സംശയം. "എന്തിനെന്നോടീ ചതി' എന്ന് ചോദിക്കാനാഞ്ഞതും പ്ലേറ്റിൽ നിന്നൊരു മീനിനെ പിടിച്ച് ചങ്ങാതി ചവച്ചരയ്ക്കാൻ തുടങ്ങി. മുഖത്ത് മിന്നിമായുന്ന നിർവൃതി.

നാടോടുമ്പോൾ നടുവേ ഓടണം എന്ന തത്വം മനസ്സിലോർത്ത് മീനുകളിലൊന്നിനെ വാലിൽ തൂക്കിയെടുത്ത് വായിലേക്ക് ഗ്ലപ്പ്. ആദ്യത്തെ തുണ്ട് അണപ്പല്ലിൽ തടഞ്ഞപ്പോഴാണ് ആനന്ദമെന്തെന്ന് ഞാനറിഞ്ഞത്. പച്ചമീനെന്നു കരുതി പുച്ഛിച്ച് അകറ്റിനിർത്തിയ കക്ഷി കില്ലാഡിയാണ്. മുഖത്ത് തിരയിളക്കം കണ്ട് ചങ്ങാതി മുന്നിലിരുന്ന് കുലുങ്ങിച്ചിരിക്കുന്നു. "തെയാക്കി തെയാക്കി' എന്നവൻ ആർത്തു. ജപ്പാനിലെ സുപ്രസിദ്ധമായ ഒരു വഴിയോരവിഭവമാണ് മീൻ രൂപക്കാരനായ ഈ തെയാക്കി കേക്ക്, ബീൻ പേസ്റ്റും ചോക്കലേറ്റും നിറച്ച് ബേക്ക് ചെയ്താണ് ഉണ്ടാക്കുന്നത്.
പൊരിച്ചും വേവിച്ചും വെട്ടിവിഴുങ്ങാറുള്ള തായ് മീനുകളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഈ വിഭവത്തിന് അവർ തെയാക്കി എന്ന് പേരിട്ടതും ആ രൂപം നൽകിയതും. മീൻ പോലെയുള്ളതെല്ലാം മീനല്ല എന്ന പുതിയ തിരിച്ചറിവ് നൽകി. പിങ്ക് നിറമുള്ള ആ ടോക്യോ സായാഹ്നം അസ്തമിച്ചു. -
(തയ്യാറാക്കിയത്. വി.പ്രവീണ)
Content Highlights: taiyaki, fish shaped cake in japan, food travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..