പടമെടുത്തോളൂ, പടമാക്കരുത്‌; ഈ ഇന്‍സ്റ്റഗ്രാമബിള്‍ സൂര്യകാന്തിപ്പാടങ്ങള്‍ കൃഷിയിടങ്ങളാണ്


സ്റ്റാലിന്‍ കുന്നത്ത്

'ചേച്ചീ, ചേട്ടാ പൂ പറിക്കല്ലേ! പൂക്കള്‍ക്കിടയില്‍ നില്‍ക്കല്ലേ, പൂച്ചെടി ഒടിയും ചവിട്ടല്ലേ' ദേഷ്യം കടിച്ചമര്‍ത്തി തമിഴ് ചുവയുള്ള മലയാളത്തില്‍ അപേക്ഷയുടെ സ്വരവുമായി നിധികാക്കുന്ന ഭൂതത്തെപ്പോലെ നില്‍ക്കുന്നു ഇരുപത്താറു വയസുകാരന്‍ ദേവ.

സൂര്യകാന്തിപ്പാടത്തെ സന്ദർശകരുടെ തിരക്ക്

സൂര്യകാന്തി പൂത്തുലഞ്ഞ് നില്‍ക്കുകയാണ് സുന്ദരപാണ്ഡ്യപുരത്ത്. സോഷ്യല്‍മീഡിയ ഫീഡ് നിറയെ പൂക്കള്‍ക്കിടയിലെ മനുഷ്യര്‍. ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും കണ്ണുമിഴിച്ചു നില്‍ക്കുന്ന ആയിരമായിരം സൂര്യന്‍മാരുടെ വാര്‍ത്തകള്‍. കാലത്തിന്റെ 'വൈബില്‍' ഒന്നു തൊടാതെ മാറിനില്‍ക്കുന്നതെങ്ങനെ? നമ്മുടെ ഇന്‍സ്റ്റയിലും ഒരഞ്ചാറ് സൂര്യകാന്തി വിടരട്ടെ. ചങ്ങായിമാരും റെഡി. പിന്നെ ഒന്നും നോക്കിയില്ല കൂളിംഗ് ഗ്ലാസും കൈലി മുണ്ടും തൊപ്പിയും നല്ല പവറുള്ള കാമറയുമായി തിരുവനന്തപുരത്തു നിന്ന് കുളത്തൂപ്പുഴ ആര്യങ്കാവ് വഴി തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിലെ സുന്ദരപാണ്ഡ്യപുരത്തേക്ക്.

എന്തായാലും ഒരു വഴിക്ക് പോകുന്നതല്ലേ, ഇതും കൂടി ഇരിക്കട്ടെ ഒരു ധൈര്യത്തിന് എന്ന ഭാവത്തില്‍ കൊല്ലം-സെങ്കോട്ടൈ റെയില്‍വേ റൂട്ടിലെ പതിമൂന്ന്കണ്ണറ റെയില്‍വേ പാലത്തില്‍ കയറി നാലഞ്ച് ക്ലിക്ക് ക്ലിക്കി, സ്റ്റാറ്റസിലും ഗ്രൂപ്പിലും പറപ്പിച്ചു. ചെക്‌പോസ്റ്റ് താണ്ടി വണ്ടിച്ചക്രം തമിഴ്‌നാട്ടില്‍ കാലുകുത്തി. വഴിയോരം നിറയെ നൊങ്ക്, നെല്ലിക്ക, റമ്പൂട്ടാന്‍. വേണേല്‍ ഒന്നിറങ്ങി തണലില്‍ ഇത്തിരി നിന്നിട്ടു പോടേയ് എന്ന മോഹനവാഗ്ദാനവുമായി ഇരുവശവും ഇടതൂര്‍ന്ന് നില്‍ക്കുന്നു പുളി, ആര്യവേപ്പ്, കരിമ്പനകള്‍. ഈ പഞ്ചായത്ത് മുഴുവന്‍ എന്റെയാണെന്ന് അധികാരം സ്ഥാപിച്ച അനേകം ആല്‍മരങ്ങള്‍. ഒരു കരിക്ക് കുടിക്കണോ അല്ലേല്‍ വേണ്ട പൂക്കള്‍ കണ്ടിട്ടാകാം. ഇറച്ചിയും അരിയും ഒരുമിച്ച് വേവിച്ച ബിരിയാണിമണം സഞ്ചാരികളായ ഞങ്ങളെ വഴിതെറ്റിക്കാന്‍ നോക്കുന്നുണ്ട്. പാടത്തിറങ്ങി നാല് സെല്‍ഫി കൊയ്യണമാദ്യം നാം പിന്നീടാകാം ബിരിയാണി എന്നായി. ഗൂഗിള്‍ മാപ്പുണ്ടെങ്കിലും ഇടയ്ക്കിടെ ചോയ്ച്ച് ചോയ്ച്ച് കേരള രജിസ്‌ട്രേഷന്‍ വണ്ടികളുടെ നീണ്ട നിരയില്‍ ചേര്‍ന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക്. സ്ഥലത്തെത്തി ഒന്നല്ല രണ്ട് പൂരത്തിനുള്ള ആളുണ്ട്. ഒരു കിലോമീറ്റര്‍ അപ്പുറത്ത് വണ്ടി നിര്‍ത്തി. വെയിലിന്റെ കത്തുന്ന ചൂടിനെ അടിച്ചുപറത്തുന്ന കാറ്റില്‍ മുങ്ങി ഉച്ചവെയിലില്‍ പാടത്തേക്ക് നടന്നു. പൂക്കളേക്കാളധികം മനുഷ്യരാണോ പാടത്ത് എന്ന് ചെറിയൊരു സംശയം.

കാറ്റിലിളകുന്ന സൂര്യകാന്തിപൂക്കളുടെ തിരമാല, പൂക്കളുടെ സമുദ്രം. ആറാട്ട് കഴിഞ്ഞ് കയറുമ്പോഴാണ് ദേവയെ കണ്ടത്. 'ചേച്ചീ, ചേട്ടാ പൂ പറിക്കല്ലേ! പൂക്കള്‍ക്കിടയില്‍ നില്‍ക്കല്ലേ, പൂച്ചെടി ഒടിയും, ചവിട്ടല്ലേ' ദേഷ്യം കടിച്ചമര്‍ത്തി തമിഴ് ചുവയുള്ള മലയാളത്തില്‍ അപേക്ഷയുടെ സ്വരവുമായി നിധി കാക്കുന്ന ഭൂതത്തെപ്പോലെ നില്‍ക്കുന്നു ഇരുപത്താറു വയസുകാരന്‍ ദേവ. അടുത്തേക്കു ചെന്നു സംസാരിച്ചു. സൂര്യകാന്തിപ്പാടം ദേവയുടെ അച്ഛന്റെയാണ്. പൂക്കള്‍ കാണാന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ വരുന്നതിനാല്‍ പാടത്ത് കാവല്‍ നില്‍ക്കുകയാണ് ദേവ.

'ദിവസവും നൂറ് ചെടിയെങ്കിലും നശിക്കുന്നുണ്ട്. നിങ്ങള്‍ എല്ലാവരും കാണാന്‍ വരുന്നത് സന്തോഷമുള്ള കാര്യം തന്നെ പക്ഷേ അത് കര്‍ഷകര്‍ക്കുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ഈ മാസം അവസാനം വിളവെടുക്കേണ്ട പൂക്കളാണ്. ഒരു ക്വിന്റല്‍ പൂവിന് നാലായിരം മുതല്‍ അയ്യായിരം രൂപവരെ മാത്രമേ വില ലഭിക്കുകയുള്ളൂ. ഒരു പൂവിന് ശരാശരി ഭാരം നൂറ് ഗ്രാമിന് മുകളില്‍ മാത്രം. ചെറിയൊരു പാടത്ത് കൃഷി ചെയ്താല്‍ തന്നെയും ഏതാണ്ട് ഇരുപതിനായിരം രൂപയോളം ചിലവു വരും. പലപ്പോഴും ലാഭം എന്നു പറയാന്‍ ഒന്നുമുണ്ടാവില്ല. റഷ്യ-യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കാരണം ഇത്തവണ പൂക്കള്‍ക്ക് കൂടുതല്‍ വില ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാവിലെ ആറ് മണി മുതല്‍ രാത്രി 7 മണി വരെ പാടത്ത് കാവല്‍ നില്‍ക്കുകയാണ്. എന്നിട്ടും ഫോട്ടോയെടുത്തും പൂക്കള്‍ പറിച്ചും സഞ്ചാരികള്‍ വരുത്തുന്ന നഷ്ടം വളരെ വലുതാണ്. ടിക്കറ്റ് വച്ച് കാണിക്കാം എന്ന് വിചാരിച്ചാല്‍ കൂടുതല്‍ അധികാരത്തോടെ കാഴ്ചക്കാര്‍ പാടത്തേക്കിറങ്ങും എന്ന അവസ്ഥയാണ്. ആരോടും ദേഷ്യമില്ല. പൂക്കള്‍ ഞങ്ങള്‍ കര്‍ഷകരുടെ വരുമാന മാര്‍ഗമാണ് അത് തിരിച്ചറിയണം. പൂവും ചെടിയും നശിക്കുമ്പോഴുള്ള വേദന അത് പരിപാലിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. പൂക്കള്‍ വളര്‍ന്ന് വിത്തായി മാറുമ്പോള്‍ കുരുവികളും മറ്റ് കിളികളും വന്ന് ഭക്ഷിക്കാന്‍ തുടങ്ങും അവയില്‍ നിന്നും ഇതിനെ കാത്ത് രക്ഷിക്കണം. പൂക്കള്‍ കാണാന്‍ വരുന്ന മനുഷ്യരുണ്ടാക്കുന്ന നഷ്ടമാണ് ഏറ്റവും വലിയ നഷ്ടം. രാവിലെ വന്നാല്‍ വെള്ളം കുടിയ്ക്കാന്‍ പോകാന്‍ പോലും പറ്റില്ല. ബന്ധു കൊണ്ടു വരുന്ന വെള്ളം മാത്രം കുടിച്ചാണ് വൈകുന്നേരം വരെ കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കാര്യമായി സൂര്യകാന്തി കൃഷി ചെയ്തിട്ടില്ല. ഈ വര്‍ഷമാണ് കൂടുതലാളുകള്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കൃഷി ചെയ്തത്. മുന്‍ വര്‍ഷങ്ങളിലൊക്കെ സന്ദര്‍ശകരുടെ എണ്ണം കുറവായിരുന്നു അതിനാല്‍ വലിയ നാശനഷ്ടങ്ങളും ഉണ്ടാകാറില്ല. മാധ്യമങ്ങളിലെ വാര്‍ത്തയും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും കാരണം രാവിലെ മുതല്‍ രാത്രി വരെ പാടത്ത് ജനത്തിരക്കാണ്. പല കര്‍ഷകര്‍ക്കും കാവല്‍ നിന്ന് മടുത്തിട്ട് അവര്‍ പാടത്തു നിന്നും പോയി.' ദേവ തുടര്‍ന്നു കൊണ്ടിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിന്നും യൂറോപ്പിലേക്ക് വന്നവര്‍ കൂടെ കൊണ്ടുവന്ന വിത്തുകള്‍ വഴിയാണ് സൂര്യകാന്തികള്‍ ലോകമെമ്പാടും വ്യാപിച്ച് തുടങ്ങിയത്. സൂര്യകാന്തിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗമാണ് സൂര്യകാന്തിയുടെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചത്. ഇളം തണ്ടുകളും ഇലയും പല തരം സലാഡുകളായി നേരിട്ട് ഭക്ഷിക്കാറുണ്ട്. വിത്തുകള്‍ സംസ്‌കരിച്ച് ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കുന്നു. കിളികള്‍ക്കുള്ള തീറ്റയായും വിത്തുകള്‍ ഉപയോഗിക്കുന്നു. കാലിത്തീറ്റ ഉത്പാദനത്തിനും പേപ്പര്‍ നിര്‍മ്മാണത്തിനും തൈലം നിര്‍മ്മിക്കുന്നതിനുമായി സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. സൂര്യകാന്തി എണ്ണയ്ക്കാണ് (Sunflower oil) ഏറ്റവും കൂടുതല്‍ വിപണിമൂല്യം ഉള്ളത്. ഒരു ലിറ്റര്‍ എണ്ണ ലഭിക്കുന്നതിന് മൂന്ന് മുതല്‍ അഞ്ച് കിലോ വരെ വിത്ത് വേണം.

കേന്ദ്രകാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ സൂര്യകാന്തി കൃഷിയുള്ളത്. തമിഴ്‌നാട്ടിലെ ഒരു കാര്‍ഷിക ഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം. ഉള്ളി, നെല്ല്, പച്ചക്കറികള്‍, തേങ്ങ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. സൂര്യകാന്തി സുന്ദരപാണ്ഡ്യപുരത്തെ പ്രധാന കാര്‍ഷിക വിളയല്ല. സ്വകാര്യ കമ്പനികള്‍ വിതരണം ചെയ്ത വിത്തുകളുപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷി ചെയ്തു തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. 2014-15 മുതല്‍ 2018-19 വരെയുള്ള സമയത്ത് 1.93 ലക്ഷം ടണ്‍ ആണ് ഇന്ത്യയിലെ സൂര്യകാന്തി കൃഷി. സ്വകാര്യ ഏജന്‍സിയുടെ ( Connect to India) കണക്ക് പ്രകാരം 2020-21 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും 64.54 മില്യണ്‍ യുഎസ് ഡോളര്‍ വിലവരുന്ന സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സൂര്യകാന്തികൃഷിയും സൂര്യകാന്തി എണ്ണയുടെ ഉത്പാദനവും കയറ്റുമതിയും ഉള്ളത് യുക്രൈന്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ്. റഷ്യ-യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി മറ്റ് രാജ്യങ്ങളിലെ സൂര്യകാന്തി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കാന്‍ കാരണമാകും. നമ്മുടെ രാജ്യം സൂര്യകാന്തി ഉത്പാദനത്തില്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്.

മലയാളഭാവുത്വം നിറം പകര്‍ന്ന സൂര്യകാന്തിപ്പൂക്കള്‍ നമ്മുടെ പോപ്പുലര്‍ സിനിമാ ഗാനങ്ങളിലും കവിതയിലും നിറസാന്നിധ്യമാണ്. എസ്. ജാനകിയുടെ മധുരസ്വരത്തില്‍ നമ്മള്‍ ഏറെ ശ്രവിച്ച വയലാര്‍-ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന 'സൂര്യകാന്തി സൂര്യകാന്തി, സ്വപ്നം കാണുവതാരെ' എന്ന വരികളും ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിതയിലെ 'ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെ കണ്ടില്ലെങ്കില്‍, ആ വിധം പരസ്പരം സ്‌നേഹിക്കാതിരുന്നെങ്കില്‍' എന്ന വരികളും നമ്മുടെ സാഹിത്യത്തിലെ സൂര്യകാന്തി ആവിഷ്‌കാരങ്ങളില്‍ ചിലതുമാത്രമാണ്. പൂക്കളുടെ ഭംഗി ആവോളം നുകര്‍ന്ന സാഹിത്യഭാവന സൂര്യകാന്തിച്ചെടിയുടെ വേരുകള്‍ കണ്ടില്ല. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ ആടിപ്പാടിയ പ്രണയജോഡികളെ കണ്‍കുളിര്‍ക്കെ കണ്ട നമ്മുടെ കണ്ണുകള്‍ക്ക് സൂര്യകാന്തി കര്‍ഷകരെ കാണാനുള്ള തെളിച്ചമുണ്ടായില്ല.

സൂര്യകാന്തിപ്പാടം സന്ദര്‍ശിക്കുന്നവരിലധികവും കേരളത്തില്‍ നിന്നുള്ളവരാണ്. പൂക്കള്‍ക്കിടയില്‍ നിന്ന് ഫോട്ടോയെടുക്കുക എന്നതാണ് സന്ദര്‍ശകരുടെ പ്രധാന ലക്ഷ്യം. സാഹിത്യഭാവനയില്‍നിന്നു സോഷ്യല്‍ മീഡിയയുടെ പ്രദര്‍ശനപരതയിലേക്ക് മാറിയ ആസ്വാദന ശീലങ്ങള്‍ സൂര്യകാന്തി കര്‍ഷകര്‍ക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല. സുന്ദരപാണ്ഡ്യപുരം- തെങ്കാശി റൂട്ടില്‍ കിലോ മീറ്ററുകളോളം പരന്നു കിടക്കുന്നഎല്ലാ സൂര്യകാന്തി പാടങ്ങളിലും കര്‍ഷകര്‍ കാവല്‍ നില്‍ക്കുന്നില്ല. സൂര്യകാന്തി വിരിഞ്ഞു നില്‍ക്കുന്ന മാസം മുഴുവന്‍ കാവല്‍ നില്‍ക്കാന്‍ കഴിയാത്തതിനാലാകാം. തെങ്കാശിയിലേക്കുള്ള യാത്ര തുടരവേ റോഡിനിരുവശവും സഞ്ചാരികളുടെ കൂട്ടം വലുതായി വരുന്നു. ക്യാമറകളുമായി പാടത്തേക്ക് പറന്നിറങ്ങുന്ന സഞ്ചാരി വെട്ടുകിളികൂട്ടങ്ങളില്‍ ചിലര്‍ പൂക്കള്‍ മാത്രം പറിച്ചെടുക്കുന്നു. ചിലര്‍ വേരോടെ ചെടികള്‍ പിഴുതെടുത്ത് കയറി വരുന്നു. പൂക്കള്‍ക്കിടയിലേക്ക് പടരുന്ന ജനക്കൂട്ടത്തിനു മുന്നില്‍ നിസ്സഹായനായ കപ്പിത്താനെപ്പോലെ നില്‍ക്കുന്ന കര്‍ഷകനായ ദേവ. സന്ദര്‍ശകര്‍ക്ക് സുന്ദരപാണ്ഡ്യപുരം ഒരു ഇന്‍സ്റ്റഗ്രാമബിള്‍ സൈറ്റാണ്, കര്‍ഷകര്‍ക്ക് അവരുടെ ജീവിതം നട്ട് വിളവെടുക്കുന്ന കൃഷിയിടവും. സൂര്യകാന്തി ഒരു പൂ മാത്രമല്ല, ഒരു കാര്‍ഷിക വിളകൂടിയാണ്. എന്ന് സഞ്ചാരികള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

Content Highlights: sundarapandiapuram sunflower fields


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented