പ്രിസില്ല മരിയൻ കിളിമഞ്ചാരോയിൽ
ദുബായിലെ സഞ്ചാരിയായ പ്രിസില്ല മരിയന്‍ ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതം നടന്നുകയറിയതിന്റെ മനോഹരമായ യാത്രാനുഭവം
യന്തിരന് സിനിമയിലെ ഗാനരംഗത്തില്‍ തിളങ്ങിയ കിളിമഞ്ചാരോയെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. പര്‍വതാരോഹകരെയും സഞ്ചാരികളെയും ഒരുപോലെ കൊതിപ്പിക്കുന്ന, ആഫ്രിക്കന്‍ സമതലങ്ങള്‍ക്ക് മുകളില്‍ ഗാംഭീര്യത്തോടെ ഉയര്ന്നുനില്ക്കുന്ന ഈ പര്‍വതത്തിലേക്ക് ഒരു യാത്ര സ്വപ്നംകാണാത്ത സഞ്ചാരികള്‍ കുറവാണ്. 1889ല്‍ ആദ്യമായൊരാള്‍ ഈ പര്‍വതത്തിന് മുകളില്‍ കാലുകുത്തിയ അന്നുമുതല്‍ ഇന്നുവരെ കിളിമഞ്ചാരോ മലകയറ്റക്കാരെ സ്വാഗതംചെയ്യുകയാണ്.
വിണ്ണിന്റെ ഉയരങ്ങളിലേക്ക്...
പൂര്ണചന്ദ്രന് കനിഞ്ഞരുളിയ നിലാവെളിച്ചം നിറഞ്ഞുനില്ക്കുന്ന മലഞ്ചെരിവുകളിലൂടെ ഞങ്ങള്‍ മുന്നോട്ടു നടന്നുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരുന്ന ചെറു പാറക്കൂട്ടങ്ങള്‍ മന്ദസ്മിതത്തോടെ ഞങ്ങളെ നോക്കി നിശബ്ദമായി നില്ക്കുന്നുണ്ടായിരുന്നു. തണുപ്പില്‍ പുതഞ്ഞ് വളഞ്ഞുപുളഞ്ഞു മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന മണ്പാതകളില് ഞങ്ങള്‍ക്ക് കൂട്ടായി അനുനിമിഷം ആയാസപ്പെട്ടുകൊണ്ട് ശ്വാസോച്ഛ്വാസത്തിന്റെ അകമ്പടിതാളം കൂട്ടുവന്നു. പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങള്‍ വീണു തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ മേഘങ്ങള്‍ക്ക് മുകളില്‍ എത്തിയിരുന്നു. തൂവെള്ളനിറത്തില്‍ ചെറുതും വലുതുമായി പലരൂപത്തിലും ഭാവത്തിലും ഞങ്ങളെ നോക്കിച്ചിരിച്ച മേഘക്കൂടുകളെ ശ്രദ്ധാപൂര്‍വം വകഞ്ഞുമാറ്റി ഞങ്ങള്‍ മുന്നോട്ടുതന്നെ നടന്നു.
അസ്ഥികളില്‍ തുളച്ചുകയറിക്കൊണ്ടിരുന്ന തണുപ്പിന്റെ അസ്വസ്ഥതയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് മലഞ്ചെരിവുകളുടെ നീലാകാശത്തില്‍ സൂര്യരശ്മികള്‍ തെളിഞ്ഞുയര്ന്നുവന്നു. ശ്വാസനാളത്തിലേക്കു കടന്നുവന്നുകൊണ്ടിരുന്ന തണുത്ത കാറ്റിന്റെ മരവിപ്പ് ശരീരമാസകലം ക്രമേണ ബാധിക്കുന്നതായി തോന്നി. സര്‍വ പേശീസമൂഹത്തെയും തണുപ്പിലുറയിച്ചുകൊണ്ട് പാറക്കെട്ടുകളൊന്നില്‍ ഞാന്‍ ബന്ധനസ്ഥയായതുപോലെ തോന്നി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് പെരുമ്പാമ്പിനെപ്പോലെ വളര്‍ന്നുവന്ന തണുപ്പ് അടപടലം വിഴുങ്ങാനായി വാ പിളര്‍ന്നപ്പോള്‍ ആയാസപ്പെട്ട് എഴുന്നേറ്റുനില്ക്കാന് ശ്രമിച്ചു.
മണിക്കൂറുകളുടെ നടത്തം ക്ഷീണിപ്പിച്ച കാല്‍മുട്ടുകള്‍, ശരീരഭാരം താങ്ങാനാവാതെ വിറകൊണ്ടപ്പോള്‍ ചുറ്റിലും ഭൂമി കറങ്ങുന്നതായി തോന്നി. മലനിരകളും മേഘക്കൂട്ടങ്ങളും പാറക്കൂട്ടങ്ങളും മണ്പാതകളുമൊക്കെ കൂടിക്കുഴഞ്ഞു ത്രിമാനഭാവത്തില്‍ ചുറ്റിലും വ്യാപിച്ചു. കണ്ണിന്റെ ചെറുകോണുകളില്‍ ഇരുട്ടിന്റെ തണുത്ത കാറ്റു വീശുന്നതുപോലെ. ഒരുനിമിഷം പേടിയോടെനിന്ന എന്റെ ചെവിയില്‍, യാത്ര മതിയാക്കി തിരികെ പോകാന്‍ ആരോ മന്ത്രിച്ചു.
%20(1).jpg?$p=a4f77fa&w=610&q=0.8)
ബാല്യകൗമാരങ്ങളില്‍ മറ്റുകുട്ടികള്‍ക്കൊപ്പം ആവേശത്തോടെ ഓടിക്കളിക്കുവാന് കഴിയാതെ, ആസ്തമയുടെ അസ്വസ്ഥതകളുണ്ടാക്കിയ നിരാശനിറഞ്ഞ ആ കുട്ടിക്കാലത്തിന്റെ ഓര്മകളോടെ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരുള്‍വിളിയുണ്ടായി. ഭൂമി കുലുങ്ങുന്നതു പോലെ തോന്നി. ഏതാനും നിമിഷങ്ങളുടെ വിഭ്രാന്തിക്കപ്പുറത്ത് സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും, വഴികാട്ടിയും സഹായിയുമായ ജോക്വിം എന്നെ പിടിച്ചുകുലുക്കിയതാണെന്നു മനസ്സിലായി. ഒരായിരം സൂചികള്‍ ഒരുമിച്ച് കുത്തിക്കയറ്റുന്നപോലെ അസ്വസ്ഥതയുണ്ടാക്കുന്ന തലവേദനയ്ക്കിടയിലൂടെ ഒരു ബുദ്ധസന്യാസിയുടെ ശാന്തതയുള്ള ജോക്വിമിന്റെ മുഖം ഞാന്‍ കണ്ടു.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 5756 മീറ്റര്‍ ഉയരത്തില്‍, ആഫ്രിക്കയുടെ മേല്‍ക്കൂരയെന്നറിയപ്പെടുന്ന കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയ്ക്കടുത്തുള്ള സ്റ്റെല്ല പോയന്റില്‍ ആയിരുന്നു ഞാനപ്പോള്‍ നിന്നിരുന്നത്. കഴിഞ്ഞ ആറുദിവസത്തെ ട്രെക്കിങ്ങിനുശേഷം ഏകദേശം 15 പേരടങ്ങുന്ന ഞങ്ങളുടെ സംഘം കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയിലേക്കുള്ള നിര്‍ണായകമായ യാത്രയിലേക്കായിരുന്നു.
ശ്വാസമെടുക്കാന്‍ പറ്റുന്നുണ്ടോയെന്ന ജോക്വിമിന്റെ ചോദ്യത്തിന് തലയാട്ടി സമ്മതം മൂളി. ജാക്കറ്റ് അയവുള്ളതാക്കാന്‍ അദ്ദേഹം സഹായിച്ചു. കൂടെയുള്ളവരെല്ലാംതന്നെ പര്‍വതത്തിന്റെ മുകളിലേക്ക് യാത്ര തുടങ്ങിയിരുന്നു. അധികം വിശ്രമിക്കാന്‍ സമയമില്ലെന്ന തിരിച്ചറിവോടെ ഞാനും മുന്നോട്ടു നീങ്ങിത്തുടങ്ങി. ഒരുപക്ഷേ പരാജയപ്പെട്ടു പോയേക്കാമെന്ന പേടിയെ മറികടന്നു ക്ഷീണിച്ചുപോയ ശരീരത്തെയും മനസ്സിനെയും ഉത്തേജിപ്പിക്കാനായി മുന്നോട്ടുപോകാന്‍ സ്വയം ഉറക്കെ അലറിക്കൊണ്ടിരുന്നു. ആശ്ചര്യത്തോടെ നോക്കിക്കൊണ്ടിരുന്ന സഹയാത്രികരുടെ കണ്ണുകളെ വകവെക്കാതെ ഞാന്‍ കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുക് ലക്ഷ്യമാക്കി നടന്നു. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു അനുഭവമായിരുന്നത്.
ഇത് സ്വപ്നസഫലീകരണം
കോവിഡ് മഹാമാരി നാലു ചുമരുകള്‍ക്കുള്ളിലേക്കു തളച്ചിട്ടപ്പോഴാണ് യു.എ.ഇ.യിലെ മലനിരകളില്‍ ചെറിയരീതിയിലുള്ള ട്രെക്കിങ്ങ് നടത്തിത്തുടങ്ങിയത്. മലനിരകളുടെ നിഗൂഢസൗന്ദര്യം കീഴ്പ്പെടുത്തിയപ്പോഴാണ് കിളിമഞ്ചാരോ അതിന്റെ എല്ലാ വശ്യസുന്ദര ഭാവത്തോടുംകൂടി മാടിവിളിക്കാന്‍ തുടങ്ങിയത്. പലവിധ കാരണങ്ങളാല്‍ രണ്ടുവര്‍ഷത്തോളം സ്വപ്നം നീണ്ടുപോയി. ഒടുവില്‍ ഞാനും ഭര്ത്താവുമുള്പ്പെടുന്ന സംഘം ദുബായില്‍നിന്ന് എത്യോപ്യവഴി കിളിമഞ്ചാരോ പര്‍വതം സ്ഥിതിചെയ്യുന്ന ടാന്‍സാനിയയിലെ മോഷി പട്ടണത്തിലെത്തി. കിളിമഞ്ചാരോ പര്വതനെറുകയിലേക്കുള്ള വിവിധ പാതകളില്‍ ഏറ്റവും മനോഹരമായ മച്ചാമി പാതയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.
.jpg?$p=2e2a719&w=610&q=0.8)
മറ്റുള്ള പാതകളില്‍നിന്ന് വ്യത്യസ്തമായി മച്ചാമി പാതയില്‍ സമയദൈര്‍ഘ്യം കൂടുമെങ്കിലും സമുദ്രനിരപ്പില്‍നിന്ന് ഉയരത്തില്‍ നില്ക്കുന്ന ഭൂപ്രകൃതിയുമായി സമരസപ്പെടാന്‍ ശരീരത്തിന് ആവശ്യത്തിന് സമയം ലഭിക്കും എന്നതുകൊണ്ടായിരുന്നു ഈ പാതതന്നെ തിരഞ്ഞെടുത്തത്. യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങളും സാധനസാമഗ്രികളും കുറെയൊക്കെ വാങ്ങുകയും ബാക്കിയൊക്കെ മോഷി പട്ടണത്തില്‍നിന്ന് വാടകയ്ക്കെടുക്കുകയുമായിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തിയ സഹയാത്രികര്‍ക്കൊപ്പം, ട്രെക്കിങ്ങ് കമ്പനി നല്കിയ നിര്‍ദേശമനുസരിച്ച് ജൂലായ് ഒമ്പതിന് രാവിലെ കിളിമഞ്ചാരോ നാഷണല്‍ പാര്‍ക്കിന്റെ തെക്കുപടിഞ്ഞാറന്ഭാഗത്തുള്ള മച്ചാമി പ്രവേശന കവാടത്തില്‍ ഞങ്ങളെത്തി. പര്‍വതാരോഹണത്തിന് പറ്റിയ കാലാവസ്ഥയായതിനാല്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരുടെ നല്ല തിരക്കുണ്ടായിരുന്നു.
ഏകദേശം 20 പേരടങ്ങുന്ന ഞങ്ങള്‍ക്കൊപ്പം തദ്ദേശീയരായ വഴികാട്ടികളുടെയും സഹായികളുടെയും ഒരു വലിയസംഘം അനുഗമിക്കുന്നുണ്ട്. ഞങ്ങളുടെ ബാഗുള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ ചുമക്കാനും ഭക്ഷണവും ടെന്റുമുള്പ്പെടെയുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിത്തരാനുമുള്ള ചുമതല ഇവര്‍ക്കാണ്. താരതമ്യേന ലഘുവായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങള്‍ ആവേശത്തോടെ ആദ്യദിവസത്തെ യാത്ര തുടങ്ങി.
നനഞ്ഞ മണ്പാതകളിലൂടെ...
കിളിമഞ്ചാരോ നാഷണല്‍ പാര്‍ക്കിലെ മഴക്കാടുകള ിലെ, ചാറ്റല്‍മഴ വീണു നനഞ്ഞ മണ്പാതകളിലൂടെ, പച്ചപ്പിന്റെ നിശബ്ദമായ തണുപ്പ് നിറഞ്ഞുനില്ക്കുന്ന വഴികളിലൂടെ ഏകദേശം ഏഴുമണിക്കൂര്‍ നീണ്ടുനിന്ന യാത്രയായിരുന്നു അത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3000 മീറ്റര്‍ ഉയരത്തിലേക്ക് കയറുന്നത്തോടെ ആയാസപ്പെട്ടുതുടങ്ങുന്ന കാല്മുട്ടുകള്ക്കൊപ്പം കടുത്ത തലവേദനയും കൂട്ടിനെത്തും. സൂര്യാസ്തമയത്തിനുമുന്‍പ് ക്യാമ്പിലെത്തി വിശ്രമം. കുറച്ചുസമയത്തിന് ശേഷം അത്താഴവും പിറ്റേദിവസത്തെ യാത്രയെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ലഭിക്കും. തുടര്‍ന്ന് ഉറക്കം.
അതിരാവിലെത്തന്നെ, ഉറങ്ങിക്കിടക്കുന്ന നമ്മളെ വിളിച്ചുണര്‍ത്തി കുടിക്കാന്‍ ചായതരും. അല്പസമയത്തിനുശേഷം പല്ലുതേക്കാനും വൃത്തിയാക്കാനുമായി ചെറിയ പാത്രത്തില്‍ കുറച്ചുവെള്ളംതരും. ടെന്റുകള്ക്കുസമീപത്തായി ക്രമീകരിച്ചിരിക്കുന്ന താത്കാലിക ടോയ്ലെറ്റില് പ്രഭാതകര്‍മങ്ങള്‍. കുറച്ചുസമയത്തിനുശേഷം പ്രഭാത ഭക്ഷണം. വിശപ്പില്ലെങ്കില്കൂടി വയറുനിറയെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ട്രെക്കിങ്ങ് കമ്പനിയുടെ വഴികാട്ടികള്‍ കൂടെനില്‍ക്കും. അല്പസമയത്തിനുശേഷം പ്രാഥമിക വൈദ്യപരിശോധനയ്ക്കുശേഷം അന്നേ ദിവസം യാത്രയ്ക്കിടയില്‍ കുടിക്കാനുള്ള 23 ലിറ്റര്‍ വെള്ളവും ബാഗില്‍ കരുതിക്കൊണ്ടു യാത്രതുടങ്ങുന്നു.
പിന്നീടങ്ങോട്ടുള്ള എല്ലാദിവസത്തെയും ദിനചര്യ ഇതുതന്നെയായിരുന്നു. ഓരോരുത്തരുടെയും ശാരീരികക്ഷമതയനുസരിച്ച് അന്നത്തെ യാത്ര പൂര്‍ത്തിയാക്കി നേരത്തെതന്നെ ക്യാന്പിലെത്തി വിശ്രമിച്ചുകൊണ്ടിരുന്നു.
കേരളത്തിലെ മൂന്നാറിന് സമാനമായി മൂടല്‍മഞ്ഞ് നിറഞ്ഞുനില്ക്കുന്ന, തെന്നലും വഴുക്കലും നിറഞ്ഞു കുത്തനെ മുകളിലേക്ക് കയറിപ്പോകുന്ന ദുര്‍ഘടമായ പാറക്കൂട്ടങ്ങള്‍ക്കു മുകളിലേക്കായിരുന്നു രണ്ടാംദിവസത്തെ യാത്ര. വഴുതിവീഴുമോയെന്ന ആശങ്കയില്‍ നില്ക്കുന്ന ഞങ്ങള്‍ക്ക് മുന്‍പിലൂടെ തലയില്‍ വലിയൊരു ചുമടുമായി കൈകള്‍ വീശിക്കൊണ്ട് തദ്ദേശീയരായ തൊഴിലാളികള്‍ അനായാസം കയറിപ്പോകുന്നുണ്ടായിരുന്നു. മൂടല്‍മഞ്ഞു ഒളിച്ചുകളിക്കുന്ന അന്നത്തെ യാത്രയില്‍ ടാന്‍സാനിയയിലെ തന്നെ മറ്റൊരു പര്‍വതമായ മൗണ്ട് മേരു കാണാന്‍ സാധിക്കും
യാത്രയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നാംദിവസം ലാവാ ടവര്‍ എന്ന വലിയൊരു പര്‍വതശിഖരം കടന്നു, പാറക്കെട്ടുകള്‍ക്കിടയിലൂടെ ഏകദേശം 810 മണിക്കൂര്‍വരെ നീളുന്ന നടത്തം കഴിഞ്ഞു ക്യാന്പിലെത്തുമ്പോഴേക്കും നമ്മളുടെ ശാരീരികക്ഷമത പൂര്‍ണമായും പരീക്ഷിക്കപ്പെട്ടിരിക്കും. സമുദ്ര നിരപ്പില്‍നിന്ന് ഏകദേശം 4600 മീറ്ററോളം ഉയരത്തിലുള്ള ലാവാ ടവര്‍ ക്യാമ്പില്‍നിന്ന് അടുത്തദിവസം ബാരന്‍കോ വാള് ക്യാന്പിലേക്കും അവിടെനിന്ന് അടുത്തദിവസം ബറഫു ക്യാന്പിലേക്കും എത്തുമ്പോഴേക്കും ട്രെക്കിങ്ങിന്റെ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ടായിരുന്നു.
ലക്ഷ്യത്തിലേക്ക്...
യാത്രയുടെ അഞ്ചാംദിവസം വൈകുന്നേരത്തെ പതിവുവിശ്രമത്തിനു ശേഷം ഏകദേശം രാത്രി 12 മണിയോടെ കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയിലേക്കുള്ള നിര്‍ണായകമായ യാത്രയാരംഭിച്ചു. പിറ്റേന്ന് പ്രഭാതമാകുമ്പോഴേക്കും പര്‍വതത്തിന്റെ നെറുകയിലെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആശങ്കകളെ ആസ്ഥാനത്താക്കിക്കൊണ്ട്, തെളിഞ്ഞ ആകാശവും കാലാവസ്ഥയും ഞങ്ങളെ സ്വാഗതംചെയ്തുകൊണ്ടിരുന്നു.
മുന്‍പു പറഞ്ഞു നിര്‍ത്തിയതുപോലെ, വഴികാട്ടിയും സഹായിയുമായ ജോക്വിമിന്റെ കരുത്തുറ്റ കരങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ട് എന്നോടുതന്നെ ഉച്ചത്തില്‍ ശബ്ദിച്ചുകൊണ്ടു ഞാന്‍, സ്റ്റെല്ല പോയന്റിനില്നിന്ന് കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയിലേക്ക് നടന്നുനീങ്ങി. മുന്നോട്ടുവെക്കുന്ന ഓരോ ചുവടും അതികഠിനമായി തോന്നി. സമുദ്രനിരപ്പില്‍നിന്ന് 5900 മീറ്ററിലേറെ ഉയരത്തില്‍ കടുത്ത തലവേദനയെയും ചുറ്റുമുള്ള എല്ലാറ്റിനെയും അവഗണിച്ചുകൊണ്ട്, ജോക്വിമിന്റെ കാല്‍പ്പാടുകള്‍ മാത്രം പിന്തുടര്ന്നുകൊണ്ടു ഞാന്‍ മുന്നോട്ടുനടന്നു.
ആസ്ത്മയുടെ അസ്വസ്ഥതകള്‍ പരാധീനപ്പെടുത്തിക്കളഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ മങ്ങിയ ഓര്മച്ചിത്രങ്ങള്ക്കിടയിലൂടെ ഞാന്‍ കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയായ ഉഹുറു പീക്കിന്റെ വിദൂരദൃശ്യം കണ്ടു. സ്വപ്ന സഫലീകരണത്തിന്റെ എല്ലാ സന്തോഷത്തോടുംകൂടി അല്പസമയത്തിനുശേഷം പര്‍വതത്തിന്റെ നെറുകയിലെത്തുമ്പോഴേക്കും കണ്ണുകള്‍ ഞാനറിയാതെതന്നെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഒരു ബുദ്ധസന്യാസിയുടെ നിസ്സംഗമായ ചിരിയോടെ എന്റെ ചിത്രങ്ങളെടുക്കാന്‍ ഫോണുയര്ത്തിയ ജോക്വിമിന് മുന്പില്, ഞാന്‍ എന്നോടും ഈ ലോകത്തോടും പറയാന്‍ കരുതിയ സന്ദേശമടങ്ങിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചു. ആത്മാവിന്റെയൊരംശം പറിച്ചെടുത്ത് ഞാന്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു
I DREAMT I BELIEVED I PURSUED I REACHED
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..