രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നാരീശക്തി പുരസ്‌കാരം സ്വീകരിക്കുന്ന പൂർണിമാ ദേവി ബർമൻ, പരിക്കേറ്റ പക്ഷിയ്ക്കൊപ്പം | ഫോട്ടോ: എം.വി. അജിത് കുമാർ, പ്രവീൺ കുമാർ
വലിയൊരു വൃക്ഷത്തിൽ കൂടുകൂട്ടിയ പക്ഷികളെ കല്ലെറിഞ്ഞുവീഴ്ത്തി പചാരിയയിലെ ഗ്രാമീണർ ആക്രോശിച്ചു- ""ദുശ്ശകുനപ്പക്ഷിയാണ് ഇത്. ഒരുനോക്ക് കണ്ടാൽമതി, കുട്ടികൾ പനിച്ചുവിറയ്ക്കും , അവയെ ഓടിക്കൂ''. നിലത്തുവീണ പക്ഷി അതിന്റെ അന്ത്യനിമിഷങ്ങൾ എണ്ണിക്കിടന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു കാത്തുവെച്ചത്. ഊർജസ്വലയായ ഒരു യുവതി ആ പക്ഷിയുടെ അടുത്തേക്ക് കടന്നുചെന്നു. അതിനെ കൈയിലെടുത്ത് തലോടി നെഞ്ചോട് ചേർത്തുവെച്ചു. ഗ്രാമീണർ തെല്ലൊരു അദ്ഭുതത്തോടെയാണ് അത് കണ്ടുകൊണ്ടിരുന്നത്, അവർ പരിഹസിച്ചു, “നിങ്ങൾക്ക് ഭ്രാന്തുണ്ടോ, ആരെങ്കിലും ഈ പക്ഷിയെ കൈകൊണ്ട് തൊടുമോ? പകർച്ചവ്യാധി ഈ ഗ്രാമത്തിൽ പടർന്നുപിടിക്കും”. യുവതി ഏറെ അപേക്ഷിച്ചുവെങ്കിലും ഗ്രാമീണർ വഴങ്ങിയില്ല.
ഇതിനിടയിൽ കുസൃതിക്കാരനായ ഒരു പയ്യൻ വടി കൊണ്ട് കുത്തി പക്ഷിയെ യുവതിയുടെ കൈയിൽ നിന്ന് തള്ളി നിലത്തിട്ടു. കുട്ടികളും മുതിർന്നവരും യുവതിയെ വളഞ്ഞുകൊണ്ട് ആക്രോശിച്ചു. ഗ്രാമീണരുടെ രോഷം കണ്ട് നിസ്സഹായയായ യുവതി പിന്തിരിഞ്ഞു. പക്ഷേ, പക്ഷികളെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽനിന്ന് അവർ പിന്മാറിയില്ല.

ഏതാണ്ട് പത്തുവർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിന്റെ ചിത്രം തന്നെ മാറി. അസമിലെ ഗുവാഹാട്ടിയിൽ താമസിക്കുന്ന പ്രാഫസർ പൂർണിമാദേവി ബർമൻ ഇന്ന് പക്ഷിസംരക്ഷണത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പ്രതീകമാണ്. 2017-ൽ രാഷ്ട്രപതി രാംനാഥ് കോ വിന്ദിൽനിന്ന് പൂർണിമ നാരിശക്തിപുരസ്കാരം സ്വീകരിച്ചപ്പോൾ ഗ്രാമീണർ ഉത്സാഹത്തിമിർപ്പിലായിരുന്നു.
കൊക്കുവർഗത്തിൽപ്പെടുന്ന വയൽനായ്ക്കൻ (Greater adjutant stork) പക്ഷിയെച്ചൊല്ലിയായിരുന്നു പൂർണിമ അന്ന് ഗ്രാമീണരുമായി ഏറ്റുമുട്ടിയത്. ഇവയ്ക്ക് നാലടി ഒൻപത് ഇഞ്ചോളം പൊക്കമുണ്ട്. നീണ്ട വലിയ കൊക്കാണ് പ്രത്യേകത. പട്ടാളച്ചിട്ടയിലാണെന്ന് തോന്നും നിൽക്കുന്നത് കണ്ടാൽ. ഗ്രാമീണർക്ക് ഈ പക്ഷിയെ വെറുക്കാൻ കാരണമുണ്ടായിരുന്നു.
ദുർഗന്ധം വമിക്കുന്ന ചപ്പുചവറുകളെല്ലാം ഈ പക്ഷി കൂട്ടിലെത്തിക്കും. ചിലപ്പോഴെല്ലാം അവ കൂട്ടിൽ നിന്ന് താഴെ വീഴും. ഗ്രാമത്തിൽ ദുർഗന്ധം പരക്കും. അങ്ങനെയാണ് ഈ പക്ഷി ഗ്രാമീണരുടെ കണ്ണിലെ കരടായത്. നിരവധി വൻവൃക്ഷങ്ങളിൽ വയൽനായ്ക്കൻ കൂടുകൂട്ടുമായിരുന്നു. അത്തരം മരക്കൊമ്പുകളെല്ലാം ഗ്രാമീണർ മുറിച്ചുനീക്കി. ചില വൃക്ഷങ്ങളുടെ കടയ്ക്കൽ തന്നെ കത്തിവെച്ചു. ക്രമേണ പക്ഷികൾ ഗ്രാമത്തിൽനിന്ന് അപ്രത്യക്ഷമായി. അവയുടെ വംശം നശിക്കാൻ തുടങ്ങി. ഗ്രാമത്തിലെ തണ്ണീർത്തടങ്ങളും പുൽപ്രദേശങ്ങളും ക്രമേണ വൻവൃക്ഷങ്ങളും വനപ്രദേശങ്ങളും വികസനത്തിനായി വെട്ടിവെളുപ്പിച്ചതോടെ കൊക്കുകളുടെ ആവാസവ്യവസ്ഥയും മെല്ലെ നശിച്ചു. ഇതിനിടയിൽ കൊക്കുകൾ ഒദര, പഞ്ചാർ എന്നീ പ്രദേശങ്ങളിൽ പുതിയ താവളം കണ്ടെത്തി. അവിടെയും ഗ്രാമീണർ അവയെ തുരത്താൻ തുടങ്ങി.

പൂർണിമയുടെ പക്ഷിസംരക്ഷണത്തിന്റെ തുടക്കം പതിനഞ്ചുവർഷം മുൻപാണ്. 2007-ൽ എം.എസ്.സി ജയിച്ച് ജോലിയ്ക്കായി ശ്രമിക്കുന്ന സമയം. അന്നാണ് പക്ഷിയെ തുരത്താൻ ഗ്രാമീണർ മരങ്ങൾ മുറിച്ചുനീക്കുന്നത് ആദ്യമായി കാണുന്നത്. പൂർണിമയും ഏതാനും യുവതികളും ഗ്രാമത്തിലെത്തി ഗ്രാമീണരെ ബോധവത്കരിച്ചു. “കൂട്ടിൽനിന്ന് ചീഞ്ഞ വസ്തുക്കൾ വീഴുന്നതല്ലേ നിങ്ങൾക്ക് പ്രശ്നം. നിലത്ത് വീഴുന്നവയെല്ലാം ഞാൻ വൃത്തിയാക്കാം, നിങ്ങൾ വിഷമിക്കേണ്ട''. പൂർണിമയുടെ വാക്കുകൾ ഗ്രാമീണർ അവിശ്വാസത്തോടെയാണ് കേട്ടത്. മുട്ട വിരിഞ്ഞ് കു ഞ്ഞുങ്ങൾ വളരുന്ന ഘട്ടത്തിലാണ് കൊക്കുകൾ കൂടുതൽ ഭക്ഷണസാധനങ്ങളുമായി എത്തുന്നത്. പൂർണിമയും സംഘവും ഗ്രാമവും പരിസരവും വൃത്തിയാക്കി. പക്ഷികളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗ്രാമീണരെ ബോധവത്കരിക്കാൻ തുടങ്ങി.
"“ഗ്രാമീണരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ നാലഞ്ചുവർഷത്തെ കഠിനാധ്വാനം വേണ്ടിവന്നു. പലർക്കും അക്ഷരജ്ഞാനം കുറവായിരുന്നു. ക്ലേശിച്ച് ജോലിചെയ്ത് കുടുംബം പോറ്റുന്നവർ പക്ഷേ, ക്രമേണ അവർ പ്രകൃതിയുടെ തുടിപ്പുകൾ ഉൾക്കൊണ്ടു. തുടക്കം അങ്ങനെയായിരുന്നു. ക്രമേണ ഗ്രാമീണജീവിതവുമായി ഞങ്ങൾ അലിഞ്ഞുചേർന്നു.'' പ്രകൃതിസംരക്ഷണത്തിന് പോരാട്ടം നയിച്ച പൂർണിമ ഓർമകൾ പങ്കുവെച്ചു. ഇതി നിടയിൽ മുടങ്ങിക്കിടക്കുന്ന പി.എസ്.സി. പഠനം അവർ പുനരാരംഭിച്ചു. ഗുവാഹാട്ടി യൂണിവേഴ്സിറ്റിയിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഗ്രാമീണ വനിതകളുടെ കൂട്ടായ്മയായ "ഹർഗില'യ്ക്ക് പൂർണിമ നേതൃത്വം നൽകി. വനിതാസേന എന്നാണ് ഗ്രാമീണർ അതിനെ വിളിച്ചത്. അവർ സ്ത്രീകളുടെ യോഗം വിളിച്ചുകൂട്ടി. തൊഴിലില്ലാത്തവർക്ക് വരുമാനമാകുമെന്ന് അറിഞ്ഞപ്പോൾ കുറച്ചുപേർ അവർക്കൊപ്പം കൂടി. പതിയെ ഈ സംരംഭത്തിലേക്ക് സ്ത്രീകൾ ഒഴുകിയെത്തി. നിലവിൽ ഈ കൂട്ടായ്മയിൽ ആയിരത്തിലധികം പേർ അംഗങ്ങളായുണ്ടെന്ന് പ്രൊഫസർ പൂർണിമ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന് പുറമേ പരിസ്ഥിതി സംരക്ഷണത്തിനുള്ള വിറ്റീ അവാർഡും പൂർണിമയെ തേടിയെത്തി. ഈ അവാർഡ് തുക സംഘത്തിന്റെ പ്രവർത്തനത്തിനുവേണ്ടി ചെലവഴിച്ചു. “വനിതകൾ മാത്രമാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. അവരെല്ലാം പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സമർപ്പിച്ചവരാണ് '' - പ്രൊഫസർ പൂർണിമ വ്യക്തമാക്കി. അസമിലെ ആരണ്യക് എന്ന പരിസ്ഥിതി സംഘടനയും പ്രൊഫസർ പൂർണിമയുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്.

വയൽനായ്ക്കൻ കൊക്കുകൾ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെങ്ങും ഉണ്ടായിരുന്നു. എന്നാൽ പരിസ്ഥിതിനാശം അവയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ അസമിൽ മാത്രമായി അവ ഒതുങ്ങിനിൽക്കുന്നു. ഒരു ചെറിയ കൂട്ടം കംബോഡിയയിൽ കാണാം. മുൻപ് കൊൽക്കത്തെ മുനിസിപ്പൽ കോർപ്പറേഷൻ ലോഗോ ഈ കൊക്കുകൾ ആയിരുന്നു. എന്നാൽ ബംഗാളിൽനിന്ന് കൊക്കുകൾ അപ്രത്യക്ഷമായതോടെ ലോഗോയും മാറി. ഐ.യു.സി.എൻ. കണക്കു പ്രകാരം 1500-ഓളം കൊക്കുകൾ മാത്രമേ ഇപ്പോൾ അസമിലുള്ളൂ.
ഗുവാഹത്തി നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ബോർഗാവോയിൽ പാഴ്വസ്തുക്കൾ കൂട്ടിയിടുന്ന പ്രദേശം ഉണ്ട്. വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള പാഴ്വസ്തുക്കൾ ഇവിടെ കൊണ്ടിരുന്നു. അവിടെ എല്ലാ ദിവസവും കൊക്കുകളുടെ തിരക്കാണ്. അസം സന്ദർശനത്തിനിടയിൽ അവിടെ എത്തിയ കൊച്ചിയിലെ വന്യജീവി ഫോട്ടോഗ്രാഫർമാരായ എം.വി. അജിത് കുമാറിനും പ്രവീൺ കുമാറിനും പാഴ്വസ്തുക്കളുടെ മലനിരകളാണ് കാണാൻ കഴിഞ്ഞത്. അവിടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും വേർ തിരിച്ചെടുക്കാൻ നാട്ടുകാർ എത്തുന്നു. വയൽനായ്ക്കൻ പക്ഷികൾ നിർഭയമായി അവിടെ നിൽക്കുന്നത് കണ്ടു. പക്ഷികളെ ആട്ടിയകറ്റിയ കാലത്തു നിന്ന് പക്ഷികൾക്കൊപ്പം ജീവിക്കുന്ന കാലത്തേക്ക് ഗ്രാമീണർ മാറിയിരിക്കുന്നു. ഇന്ന് ഈ പക്ഷികൾ അവർക്ക് ദുശ്ശകുനമല്ല. പൂർണിമ ഉയർത്തിയ പക്ഷിസംരക്ഷണ ത്തിന്റെ മന്ത്രധ്വനി ഒരു തരംഗമായി നിറയുന്നത് അസമിൽ ചെന്നാൽ കാണാൻ കഴിയും.
(മാതൃഭൂമി യാത്ര 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Poornima Burman, endangered species of birds, Greater Adjutant Stork, environmental protection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..