പാളയം സെയ്ന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിന്റെ ഇപ്പോഴത്തെ ചിത്രം, 1927ൽ രൂപമാറ്റം വരുത്തിയ ശേഷമുള്ള പാളയം സെയ്ന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ
തലസ്ഥാനത്തെ മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന ആരാധനാലയങ്ങളിലൊന്നായ പാളയം സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിന് പ്രായം 150. വിദേശ മിഷനറിമാരില്‍ തുടങ്ങി തമിഴരും മലയാളികളുമായ വിശ്വാസികളിലൂടെ ഉയര്‍ന്ന ദേവാലയം തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കത്തീഡ്രലാണ്. പള്ളിക്ക് എതിര്‍ഭാഗത്തുള്ള പാളയം ജുമാ മസ്ജിദ്, സമീപത്തെ ഗണപതിക്ഷേത്രം എന്നിവ ചേര്‍ന്നതാണ് തലസ്ഥാനത്തിന്റെ മതമൈത്രീഭാവം.
18ാം നൂറ്റാണ്ടിലെ മധുര മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് പള്ളിയുടെ ഉത്പത്തിചരിത്രം. തിരുനെല്‍വേലി, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് കച്ചവട ആവശ്യത്തിനായി തലസ്ഥാനത്തെത്തിയവരും റെയില്‍വേ ജോലിക്കെത്തിയ ആംഗ്ലോ ഇന്ത്യക്കാരും മത്സ്യക്കച്ചവടക്കാരും കുന്നുകുഴി, പുത്തന്‍ചന്ത ഭാഗത്ത് താമസിച്ചിരുന്നു. നഗരത്തിലെ ആദ്യ റോമന്‍ കത്തോലിക്കാ ദേവായലമായ പേട്ട സെയ്ന്റ് ആന്‍സ് പള്ളിയിലായിരുന്നു ഇവരെല്ലാം ആരാധനയ്ക്കു പോയിരുന്നത്. പേട്ടയിലെത്താനുള്ള അസൗകര്യം പരിഗണിച്ച് പാളയത്ത് പള്ളി വേണമെന്ന ആവശ്യമാണ് പിറവിക്കു കാരണമായത്.
1958ല്‍ ഫാ. ഫ്രാന്‍സിസ് മിറാന്റ എന്ന വിദേശ മിഷനറിയാണ് പാളയത്ത് സ്ഥലം വാങ്ങി ദേവാലയത്തിനു തുടക്കംകുറിച്ചത്. 1873 വരെ ഒരു ചെറിയ ഓലക്കെട്ടിടത്തില്‍ ആരാധന നടന്നതായി കരുതുന്നു. 1864 ഒക്ടോബര്‍ 10ന് വികാരിയായ ഫ്രാന്‍സിസ് മിറാന്റയാണ് പള്ളിക്കു തറക്കല്ലിട്ടത്. 1873ല്‍ ഫാ. എമിജിയസിന്റെ കാലത്ത് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായി. മേയ് നാലിന് അന്നത്തെ കൊല്ലം മെത്രാന്‍ എല്‍ഡഫോണ്‍സ് ബോര്‍ഞ്ഞയായിരുന്നു പള്ളിയുടെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചത്. 1912ല്‍ ദേവാലയത്തിനു തെക്കുവടക്കായി കുരിശിന്റെ ആകൃതിയില്‍ പള്ളി വിപുലീകരിച്ചു. ഗോഥിക് ശൈലിയിലുള്ള മണിമാളികയുടെ നിര്‍മാണം 1933ലാണ് പൂര്‍ത്തിയായത്. നിര്‍മാണത്തിനായി വിശ്വാസികള്‍, വിദേശത്തുള്ള ഇടവകക്കാര്‍ എന്നിവരില്‍നിന്നും മലേഷ്യയില്‍നിന്നും പണം സ്വരൂപിച്ചിരുന്നു.
പ്രധാന അള്‍ത്താരയില്‍ ഇപ്പോഴുള്ള സെയ്ന്റ് ജോസഫിന്റെ തിരുസ്വരൂപം 1921ല്‍ വിദേശത്തുനിന്നു കൊണ്ടുവന്നതാണ്. ഗോപുരത്തിനു മുകളില്‍ യേശുക്രിസ്തു കൈയുയര്‍ത്തി നില്‍ക്കുന്ന വലിയ സ്വരൂപം ഇറ്റലിയില്‍നിന്നാണ് കൊണ്ടുവന്നത്. 1873ല്‍ 600ഓളം പേര്‍ ഇടവകാംഗങ്ങളായി ഉണ്ടായിരുന്നു. ഇപ്പോള്‍ 5500ഓളം അംഗങ്ങളുണ്ട്. സെയ്ന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എന്നിവ പള്ളിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2010 മേയ് ഒന്നിന് ഭദ്രാസന ദേവാലയം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ആശീര്‍വദിച്ച് പുനഃപ്രതിഷ്ഠ നടത്തിയിരുന്നു.
കേരളത്തിലെ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്, ദേവാലയത്തില്‍ 1878ല്‍ തുടങ്ങിയ സെയ്ന്റ് ജോസഫ്‌സ് കോണ്‍ഫറന്‍സില്‍നിന്നാണ്. ട്രിവാന്‍ഡ്രം കാത്തലിക് അസോസിയേഷന്‍, ഡി.സി.സി.ഡബ്ല്യു. എന്നീ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.
Content Highlights: St. Joseph’s Latin Catholic Metropolitan Cathedral Palayam 150 th anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..