ഇവ ഇണകളോടൊപ്പം ഇളവെയില്‍ കായുന്നതും പ്രണയലീലകളിലേര്‍പ്പെടുന്നതും കൗതുകക്കാഴ്ചയാണ്


അസീസ് മാഹി

ഏതാണ്ട് ആറുമാസം നീളുന്ന ദേശാടനകാലത്തിന്റെ ആദ്യഘട്ടം ഇണയെ തേടലും കൂടൊരുക്കവുമാണ്.

-

ആകാശം വീണുറങ്ങുന്ന ജലരാശിയിലേക്ക് അതിദീര്‍ഘപഥങ്ങള്‍ താണ്ടി നീര്‍പക്ഷികള്‍ വരവായി. ചാരനിറമാര്‍ന്ന കൂറ്റന്‍ ചിറകുകള്‍ വിരിച്ച് പറന്നിറങ്ങുകയും ഹസ്വ വിശ്രമത്തിനുശേഷം പറന്നുയരുകയും ചെയ്യുന്ന സാമാന്യം വലുപ്പമുള്ള പതംഗജാലത്തിന്റെ മേളനംകൊണ്ട് മുഖരിതമാണ് അന്തരീക്ഷം. ഇടതടവില്ലാതെ ജലപ്പരപ്പിന് സമാന്തരമായി തുടിച്ചുപറന്നും വിദഗ്ധനായൊരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ശരീരം ഒരു കൂടാരം പോലെ ഒതുക്കി ദീര്‍ഘങ്ങളായ ചുണ്ടുകള്‍ ജലപ്പരപ്പിലാഴ്ത്തി ദാഹമകറ്റിയും ചെറുമത്സ്യങ്ങളെ വേട്ടയാടിയും ഇടയ്ക്ക് സ്വന്തം പ്രതിബിംബസൗന്ദര്യം ആസ്വദിക്കാനെന്നോണം ജലപ്പരപ്പില്‍ മുത്തമിട്ടും കൗതുകക്കാഴ്ചകളൊരുക്കിയാണ് പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍ (Spot- -billed Pelican) വിരുന്നെത്തുന്നത്.

കണ്ടല്‍കാടുകളും ചെറുവൃക്ഷങ്ങളും സമൃദ്ധിയായി വളര്‍ന്നുനില്‍ക്കുന്ന നീര്‍ത്തടങ്ങളും വലിയ ജലാശയങ്ങളും തേടി ദക്ഷിണേന്ത്യയില്‍നിന്നും പാകിസ്താന്‍, ശീലങ്ക, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ജീവിതം പണിയാനെത്തുന്നവര്‍. പ്രജനന ധന്യതയില്‍ കുഞ്ഞുങ്ങളൊന്നിച്ച് തിരിച്ചുപറക്കുന്ന, ഹ്രസ്വദൂര ദേശാടകരാണ് (വിശാലമായ അര്‍ഥത്തില്‍ ദേശാടനപ്പക്ഷികളെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും) പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍. ഏതാണ്ട് ആറുമാസം നീളുന്ന ദേശാടനകാലത്തിന്റെ ആദ്യഘട്ടം ഇണയെ തേടലും കൂടൊരുക്കവുമാണ്. പിന്നീട് കൂടിനകത്ത് മുട്ടകള്‍ നിക്ഷേപിച്ച് അടയിരിപ്പുകാലവും ശിശുപരിപാലനവും. മഴക്കാലത്തിന്റെ വരവോടെ ജലാശയങ്ങള്‍ വാസയോഗ്യമല്ലാതായിത്തീരുമ്പോള്‍ വിടചൊല്ലി പറന്നകലുന്ന ജീവിതചക്രം.

കര്‍ണാടകയിലെ കൊക്കരെബെല്ലൂര്‍, രംഗണാതിട്ടു പക്ഷിസങ്കേതങ്ങളിലും തമിഴ്‌നാടിലെ കുന്തക്കുളത്തും സ്ഥിരമായെത്തുന്ന പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍ കേരളത്തില്‍ അപൂര്‍വമായിമാത്രം വിരുന്നെത്തുന്നവരാണ്. കേരളത്തില്‍ ഇവയുടെ കൂടൊരുക്കങ്ങള്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ദേശാടനപാതയിലെ ഒരു ഇടത്താവളമാണ് കേരളം എന്ന് അനുമാനിക്കാം. ദൂരക്കാഴ്ചയില്‍ വെണ്‍കൊതുമ്പന്നത്തോട് (Great White Pelican) സാദൃശ്യമുള്ളവയെങ്കിലും അവയെക്കാള്‍ ചെറിയ ശരീരവും മേല്‍ചുണ്ടിനെ അലങ്കരിക്കുന്ന പുള്ളികളും ചാരനിറമാര്‍ന്ന ചിറകുകളും വാലും പുള്ളിച്ചുണ്ടനെ വേറിട്ടറിയാന്‍ സഹായിക്കുന്നു. മൈസൂരുവിലെ ശ്രീരംഗപട്ടണത്തിനടുത്തായി സ്ഥിതിചെയ്യുന്ന രംഗണാതിട്ടു പക്ഷിസങ്കേതം കര്‍ണാടകയില്‍ കാവേരിനദിയുടെ കൈവഴികളി ലൊന്നില്‍ പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് അല്പംപോലും പോറലേല്‍പ്പിക്കാതെ സംരക്ഷിക്കപ്പെടുന്ന അഭയസ്ഥലിയാണ്. ഇവിടേക്ക് പുള്ളിച്ചുണ്ടന്മാര്‍ മുറ തെറ്റാതെയെത്തുന്നു. നവംബര്‍ മാസത്തോടെ വന്നണഞ്ഞ് ജൂണ്‍ അവസാനത്തോടെ വിടചൊല്ലുന്നു.

പുള്ളിച്ചുണ്ടനെ പലപ്പോഴും വര്‍ണക്കൊക്കുകളോട് ചേര്‍ന്നാണ് കാണപ്പെടുക. നന്നേ പ്രഭാതത്തില്‍ സൂര്യകിരണങ്ങള്‍ക്കഭിമുഖമായി നിന്ന് ഇവ ഇണകളോടൊപ്പം ഇളവെയില്‍ കായുന്നതും തൂവലൊതുക്കുന്നതും പ്രണയലീലകളിലേര്‍പ്പെടുന്നതും കൗതുകക്കാഴ്ചയാണ്. ആണ്‍ കൊതുമ്പന്നങ്ങള്‍ ചിറകുവിടര്‍ത്തി ശരീരഭംഗി പ്രദര്‍ശിപ്പിച്ചും ചുണ്ടുകള്‍ ഇണയോടുരുമ്മിയും കൊക്കുകളും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന സഞ്ചിയും നിരന്തരമായി പ്രകമ്പിതമാക്കിയും കൊക്കുകള്‍ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും താളാത്മകമായി ചലിപ്പിച്ചുമാണ് ഇണയെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ പ്രണയം പൂക്കുന്ന നേരത്ത്, തുഴബോട്ടിലിരുന്ന് ഒരു കുസൃതിക്കുവേണ്ടിയെങ്കിലും അവയുടെ നേരേ കൈനീട്ടിയാല്‍ നളചരിതത്തിലെ ഹംസത്തെപ്പോലെ ''എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ?'' എന്ന് പരിഹാസരൂപത്തില്‍ നമ്മെ നോക്കി, കുറ്റന്‍ ചിറകുകള്‍ വലിയ ശബ്ദത്തിലുലച്ച് അടുത്ത പാറയിലേക്ക് പറന്നകന്ന് പ്രണയലീലകള്‍ തുടരും.

സാമാന്യം വലുപ്പവും ആകര്‍ഷണീയതയും ഒത്തിണങ്ങിയ ഈ നീര്‍പക്ഷി 125 മുതല്‍ 152 സെ.മീ വരെ നീളവും നാലുമുതല്‍ ആറുവരെ കിലോഗ്രാം ശരീരഭാരമുള്ളവയാണെങ്കിലും അസാമാന്യവേഗത്തില്‍ തുടിച്ചു പിറക്കാന്‍ കഴിയുന്നവയാണ്. ഇവയുടെ തൂവലുകള്‍ തൂവെള്ളയില്‍ ചാര നിറമാര്‍ന്ന അരികുകളോടുകൂടിയതും ഉരസ്സിലും കഴുത്തിന് പിന്‍ഭാഗത്തും വാലറ്റത്തും ചാരനിറം കലര്‍ന്നതുമാണ്. അതുകൊണ്ട് ചിറകൊതുക്കി നില്‍ക്കുമ്പോള്‍ ചാരനിറമുള്ള പക്ഷിയായും ചിറകുകള്‍ വിശാലതയിലേക്ക് വിരിക്കുമ്പോള്‍ വെളുത്ത പക്ഷിയായും അനുഭവപ്പെടുന്നു. ചുണ്ടിന്റെ മേല്‍ഭാഗവും അരികുകളും കീഴ്ച്ചുണ്ടിനോട് ചേര്‍ന്ന് താഴേക്കിറങ്ങി നില്‍ക്കുന്ന മഞ്ഞ യും റോസ് നിറവും കലര്‍ന്ന സഞ്ചിയും ചാരനിരമാര്‍ന്ന പുള്ളികളാല്‍ അലംകൃതമാണ്. ജലം സംഭരിക്കാനും ഇരപിടിക്കാനും ഈ സഞ്ചികള്‍ സഹായകരമാണ്. ചുണ്ടുകളുടെ അഗ്രഭാഗം മഞ്ഞയും ഓറഞ്ചും കലര്‍ന്നതാണ്.

കാലുകള്‍ കുറിയതെങ്കിലും നല്ല ബലമുള്ളവയും ജലജീവിതത്തിനനുയോജ്യമാംവിധം വിരലുകള്‍ ചര്‍മബന്ധിതവുമാണ്. രംഗണാതിട്ടുവില്‍ ഉയര്‍ന്ന വൃക്ഷശിഖരങ്ങളില്‍ കൂടുവെക്കുന്ന ഇവ സമൂഹമായാണ് കഴിയുന്നത്. ഒരു കൂട്ടില്‍ ഒന്നിലേറെ പുള്ളിച്ചുണ്ടന്മാര്‍ മുട്ടയിച്ച് സ്വാര്‍ഥലേശമന്യ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതായി കാണാം. തൊട്ടപ്പുറത്തായി വര്‍ണക്കൊക്കുകള്‍ പോലുള്ള പക്ഷികള്‍ കൂടൊരുക്കുന്നതും കാണാം. കൂടുവെയ്ക്കുന്നതിലെ ഈ കൂട്ടായ്മ (Colonial Breedler), ഇവയെ മറ്റ് പക്ഷികളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നു. പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങളുടെ കൂടിടങ്ങളും കൂട്ടുജീവിതവും ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ കൊക്കരെ ബെല്ലൂരിലേക്ക് യാത്രയാവാം.

ചെറുവൃക്ഷങ്ങളുടെ ശാഖകളില്‍ ശിശിരകാല വസതിയൊരുക്കാനായി എല്ലാവര്‍ഷവും രണ്ടായിരത്തിലേറെ വര്‍ണക്കൊക്കുകളും നാനൂറിലേറെ പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങളും കൊക്കരെബെല്ലൂരിലെത്തുന്നു. ഈ കാലയളവ്, കൊക്കരശബ്ദംകൊണ്ട് മുഖരിതമായതിനാലാണ് ഈ പ്രദേശത്തിന് കൊക്കരെബെല്ലൂരെന്ന പേര്. മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള ദേശീയപാതയില്‍ മാണ്ഡ്യ ജില്ലയിലെ മധൂരില്‍നിന്ന് 76 കിലോമീറ്റര്‍ യാത്രചെയ്താല്‍ രുദ്രാക്ഷിപുരിയിലെത്താം. അവിടെനിന്ന് 12 കിലോമീറ്റര്‍ ഗ്രാമപാതകള്‍ താണ്ടി കൊക്കരബെല്ലൂരിലും. നമ്മുടെ ഇന്നലെകള്‍ വഴിയില്‍ ഉപേക്ഷിച്ച ഏതോ ഒരു പഴയ ഉള്‍നാടന്‍ ഗ്രാമപാതയില്‍ പാദമൂന്നിയ വികാരമാണ് കൊക്കരരെബെല്ലൂര്‍ പകര്‍ന്നകുക.

ചെമ്മണ്ണുനിറഞ്ഞ ഗ്രാമപാതകള്‍, ഉഴുതുമറിച്ച പുതുമണ്ണിന്റെ ഗന്ധമുയരുന്ന വയലേലകള്‍, പാംസുല പാദചാരികളായി കലപ്പയുമേന്തി ഗോക്കളെ തെളിച്ചുനീങ്ങുന്ന കൃഷീവലന്മാര്‍, കുടമണി ശബ്ദമുതിര്‍ത്ത് നീങ്ങുന്ന കാളവണ്ടികള്‍, ചിത്രപ്പണി ചെയ്തലങ്കരിച്ച മണ്‍വീടുകള്‍, പാതയോരത്ത് പഴങ്കഥകള്‍ പങ്കുവയ്ക്കുന്ന ഗ്രാമവൃദ്ധന്മാര്‍, വഴിപോക്കരോട് കുശലം പറഞ്ഞും അവരെ കാത്തുനിന്നും ഒച്ചിന്റെ വേഗത്തി ലിഴയുന്ന പ്രാദേശിക ബസുകള്‍.

ഈ ഗ്രാമചൈതന്യത്തിനിടയില്‍ അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും പറക്കുന്ന പുള്ളിച്ചുണ്ടനും വര്‍ണക്കൊക്കുകളും, ചിലര്‍ കൂടൊരുക്കുന്ന തിരക്കിലാണ്, മറ്റുചിലര്‍ ചെറുപുളിമരത്തില്‍ കൂടുവെച്ച് അടയിരിക്കുന്നു. ചിലര്‍ ചുണ്ടുകളില്‍ കൊത്തിയെടുത്ത ചെറുമീനുമായി കുഞ്ഞുങ്ങളെ ഊട്ടാനെത്തുന്നു. എങ്ങും ഗ്രാമജീവിതത്തിന്റെ പതിഞ്ഞ താളവും പതംഗജീവിതത്തിന്റെ ദ്രുതതതാളവും. മിക്കവാറും എല്ലാ വൃക്ഷങ്ങളിലും കൊറ്റില്ലങ്ങള്‍ കാണാം. ചുള്ളിക്കമ്പും വൈക്കോലും കൊണ്ട് മെത്തപണിതാണ് കൂടൊരുക്കം. മൂന്നോ നാലോ മൂട്ടകളാണ് കൂട്ടില്‍ നിക്ഷേപിക്കുക. മുട്ടകള്‍ക്ക് വെളുപ്പുകലര്‍ന്ന ചാരനിറമായിരിക്കും. 30-33 ദിവസത്തെ അടയിരിപ്പുകാലം കഴിയുന്നതോടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. ഇവ പറക്കമുറ്റുംവരെ ഏതാണ്ട് മൂന്നുനാല് മാസക്കാലം അമ്മത്തണലിലായിരിക്കും. രണ്ടുവര്‍ഷം കഴിയുന്നതോടെ കുട്ടികള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുകയും പ്രജനനസന്നദ്ധരാവുകയും ചെയ്യുന്നു.

തമിഴ്‌നാട്ടിലെ കൂന്തക്കുളം ഗ്രാമവും പുള്ളിച്ചുണ്ടന്റെ ശിശിരകാല വസതികളിലൊന്നാണ്. ജലസമൃദ്ധമായ നീര്‍ത്തടങ്ങളും ഉയരംകുറഞ്ഞ വൃക്ഷങ്ങളും സുരക്ഷിതമായി വ്യാപരിക്കാവുന്ന അന്തരീക്ഷവുമാണ് ഇവയെ കുന്തക്കുളത്തേക്ക് ആകര്‍ഷിക്കുന്നത്. ഗ്രാമീണര്‍ ഒരുതരം ആരാധനയോടെയാണ് പക്ഷികളെ പരിരക്ഷിക്കുന്നത്.

കൊക്കരെബെല്ലൂരിലെയും കുന്തക്കുളത്തെയും ഗ്രാമീണര്‍ ഈ പക്ഷികളോട് കാണിക്കുന്ന ഹൃദയൈക്യം, ഇവയുടെ കൂട്ടുജീവിതവും സഹവര്‍ത്തിത്വവും തങ്ങളുടെ ജീവിതത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാവാം. പക്ഷേ, ഈ ദേശാടകരുടെ വരവ് ഇനിയെത്ര നാള്‍? ഓരോ വര്‍ഷവും വിരുന്നെത്തുന്ന പക്ഷികളുടെ എണ്ണം കുറയുന്നു. വറ്റിവരളുന്ന ജലാശയങ്ങളും നികത്തപ്പെടുന്ന നീര്‍ത്തടങ്ങളും വെട്ടിമുറിക്കപ്പെടുന്ന വൃക്ഷനിരകളും ഈ ചിറകാര്‍ന്ന അതിഥികളുടെ ദര്‍ശനസൗഭാഗ്യം എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെടുത്തുമോ?

Content Highlights: Spot billed Pelican in Kokkarebellur, Karnataka Travel, Azees Mahe Photography, Wildlife Photography

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented