സോമനാഥ ക്ഷേത്രത്തിലേക്ക് ഒരു യാത്ര നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. ജൈനക്ഷേത്രങ്ങളുടെ നഗരമായ പാലിത്താന കണ്ട് മടങ്ങുമ്പോഴാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

പാലിത്താനയില്‍ നിന്ന് പൂര്‍വ ദിശയില്‍ 210 കിലോ മീറ്ററേയുള്ളൂ ചരിത്ര പ്രാധാന്യമുള്ള സോമനാഥ ക്ഷേത്രത്തിലേക്കെന്ന് ടാക്സി ഡ്രൈവര്‍ പറഞ്ഞു. ഇതുവരെ വന്നിട്ട് സോമനാഥ ക്ഷേത്രം കാണാതെ പോകുന്നത് വലിയ നഷ്ടമല്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല. ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്, ഹിന്ദി സിനിമകളിലും ഏറെ കണ്ടിട്ടുണ്ട്. അങ്ങനെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.

കടുത്ത ഉച്ചവെയിലില്‍ ജ്വലിച്ചു നില്‍ക്കുന്ന മലകളും പാടങ്ങളും. മഴയും  വെള്ളവുമില്ല. എങ്കിലും മണ്ണിനോട് മല്ലിട്ട് വിള ചെയ്യുന്ന കര്‍ഷകര്‍. 

കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ റോഡരികില്‍ ഒരു ചെറിയ കുന്നിന്‍ മുകളില്‍ പൊളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മാളിക, ഒറ്റനോട്ടത്തില്‍ പ്രേത ഭവനംതന്നെ. അതിന്റെ വലുപ്പമോ ഗരിമയോ ആവാം മനസ്സിനെ ആകര്‍ഷിച്ചത്. അവിടെയും ഇറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല.

ചാപ്പറിയാലി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ആ പ്രദേശം ഭരിച്ചിരുന്ന ഭാവ്നഗര്‍ രാജാവിന്റെ കൊട്ടാരമായിരുന്നുവെന്ന് അടുത്തുള്ള ചായക്കടയില്‍ വെടിപറഞ്ഞു കൊണ്ടിരുന്ന കര്‍ഷകര്‍ പറഞ്ഞു. കുന്നു കയറി മുകളിലെത്തി. കരിങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ഇരുനില കെട്ടിടം ഇങ്ങനെ കാടുപിടിച്ച് അനാഥമായി കിടക്കുന്നതില്‍ അദ്ഭുതം തോന്നി. 

3
ഫോട്ടോ:ബി.മുരളീകൃഷ്ണന്‍

അകത്തേക്ക് കയറിയപ്പോള്‍ അതില്‍ നിന്നു കടവാതിലുകള്‍ ചിറകടിച്ചു പറന്നു. മൂന്നു,നാല് നായകള്‍ ഇറങ്ങിയോടി. പഴകിയതെങ്കിലും ഉറപ്പുള്ള കോണിപ്പടികള്‍ കയറി മുകളിലെത്തി. വലിയ മേല്‍ക്കൂരയുള്ള വിശാലമായ മുറികള്‍. ഇത്തരം കൊട്ടാരങ്ങള്‍ ഏറെയുള്ളതിനാലാവും ആരും ഇതിനെ കാര്യമായി ശ്രദ്ധിക്കാത്തത്. ഏതായാലും ഇത്തരം കാഴ്ചകള്‍ കണ്ടും വഴിയില്‍ കണ്ട പലരുമായി സംസാരിച്ചും കുറേ സമയം പോയെങ്കിലും നാലര മണിക്കൂറുകൊണ്ട് ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. 

അകലെ നിന്നേ ഒരു ക്ഷേത്ര സാന്നിധ്യം അനുഭവപ്പെടുംവിധം  ജയ് വിളികളും മണിനാദവും കേള്‍ക്കുന്നു. ഭക്തന്‍മാരെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ശിവക്ഷേത്രമാണിത്. ശിവനെ ജ്യോതിര്‍ലിംഗ രൂപത്തില്‍ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളാണ് ദ്വാദശ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ക്ക് ഹൈന്ദവ സംസ്‌കാരത്തില്‍ വലിയ സ്ഥാനമാണുള്ളത്. 

അതില്‍ പ്രധാനപ്പെട്ടതാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാലേശ്വര ക്ഷേത്രം, മഹാരാഷ്ട്രയിലെ പുണെക്കടുത്തുള്ള ഭീം ശങ്കര്‍ ക്ഷേത്രം, മഹാരാഷ്ട്രയിലെ നാസിക്കിനടുത്തെ ത്രയംബകേശ്വര ക്ഷേത്രം, തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രം, മധ്യപ്രദേശിലെ നര്‍മദ നദീതീരത്തെ ഓംകാരേശ്വര ക്ഷേത്രം, ജാര്‍ഖണ്ഡിലെ വൈദ്യനാഥ ക്ഷേത്രം, ആന്ധ്രാ പ്രദേശിലെ കൂണൂരിലെ മല്ലികാര്‍ജുന ക്ഷേത്രം, ഹിമാലയത്തിലെ കേദാര്‍നാഥ് ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയ്ക്ക് സമീപമുള്ള നാഗേശ്വര്‍ ക്ഷേത്രം, മഹാരാഷ്ട്രയിലെ എല്ലോറയ്ക്ക് സമീപമുള്ള ഘൃഷ്ണേശ്വര്‍ ക്ഷേത്രം എന്നിവയാണ് മറ്റു പതിനൊന്ന് ക്ഷേത്രങ്ങള്‍. 

പത്താം നൂറ്റാണ്ടില്‍ സോളങ്കി രാജാക്കന്മാരാലാണ് സോമനാഥ ക്ഷേത്രം നിര്‍മിച്ചത്. ദ്വാദശജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് രുദ്രമാല വാസ്തുശില്പ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്നു. ക്ഷേത്രം അനുദിനം വികസിച്ചുകൊണ്ടിരുന്നു. ഏറ്റവും സമ്പന്നമായ ക്ഷേത്രമായി ഇതുമാറി. 

ഗംഗയില്‍ നിന്ന് അഭിഷേകജലവും കശ്മീരില്‍ നിന്ന് പൂജാപുഷ്പങ്ങളും കൊണ്ടുവന്നിട്ടായിരുന്നുവത്രെ അക്കാലത്ത് ദിവസവും ക്ഷേത്രത്തില്‍ പൂജ നടത്തിയത്. രത്‌നങ്ങള്‍ പതിച്ച വിളക്കുകളും രത്നം പതിപ്പിച്ച സ്തൂപങ്ങളും സ്വര്‍ണം കൊണ്ടുണ്ടാക്കിയ പൂജാ സാമഗ്രികളും ഇവിടെയുണ്ടായിരുന്നുവത്രെ. 

2

എന്നാല്‍ ഈ സമ്പന്നത പുറത്തു നിന്നുള്ള ആക്രമണകാരികളായ ഭരണാധികാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചു. ഓരോരുത്തരായി സോമനാഥ ക്ഷേത്രം ആക്രമിച്ചു. പലതവണ തകര്‍ക്കപ്പെട്ടു. പക്ഷേ, ഓരോ തവണയും പുനര്‍നിര്‍മിക്കപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഫ്ഗാനിസ്താനിലെ ഗസ്നി ആസ്ഥാനമായി സാമ്രാജ്യം സ്ഥാപിച്ചിരുന്ന മുഹമദ് ഗസ്നി ഇന്ത്യ ആക്രമിച്ച സമയത്താണ് ആദ്യമായി ക്ഷേത്രം കൊള്ളയടിക്കപ്പെട്ടത്. അന്ന് മിക്കവാറും നാമാവശിഷ്ടമായിപ്പോയ ക്ഷേത്രം പിന്നീട് ഭീമഭോജ രാജാക്കന്മാരാണ് പുനര്‍ നിര്‍മിച്ചത്. 1300-ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആലഫ്ഖാന്‍ പിെന്നയും ക്ഷേത്രം ആക്രമിച്ച് തകര്‍ത്തു. 

അതിനുശേഷം ചൂഢാസന വംശത്തിലെ മഹിപാലന്‍ വീണ്ടും ക്ഷേത്രം പണിതുയര്‍ത്തി. 1390-ല്‍ മുസഫര്‍ ഷാ ഒാമന്‍, 1490-ല്‍ മുഹമ്മദ് ബേഗാറ, 1530-ല്‍ മുസഫര്‍ ഷാ രണ്ടാമന്‍, 1701-ല്‍ ഔറംഗസേബ് എന്നീ ഭരണാധികാരികളും ഈ ക്ഷേത്രം തകര്‍ത്തുവെന്ന് ചരിത്രം പറയുന്നു. 1783-ല്‍ റാണി അഹല്യ പുതുതായി ക്ഷേത്രം പണിതുയര്‍ത്തി. 1951-ല്‍ പുതിയ പ്രതിഷ്ഠയും നടന്നു.

കടലിരമ്പം കേള്‍ക്കുന്നുണ്ട്. ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വരാവലിനടുത്ത് അറബിക്കടലിന്റെ തീരത്താണ് സോമനാഥ ക്ഷേത്രം. കടലാക്രമണം തടയാന്‍ വലിയ കരിങ്കല്‍ മതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. 

കനത്ത സുരക്ഷയുണ്ട് ക്ഷേത്രത്തിന്. ഒന്നു രണ്ട് തവണ ദേഹപരിശോധന കഴിഞ്ഞ ശേഷമേ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. ക്ഷേത്ര മുറ്റത്ത് എത്തിക്കഴിഞ്ഞാല്‍ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. പതിനഞ്ച് മീറ്ററിലധികമുള്ള പ്രധാന ഗോപുരത്തിനു മുന്നില്‍ കുറേനേരം ഇരുന്നു. കല്ലില്‍ കൊത്തിയുണ്ടാക്കിയ ശില്പ ഭംഗിയും ഗോപുരത്തിന്റെ തലയെടുപ്പും ആരെയും വിസ്മയിപ്പിക്കും. വിശാലമായ കൊമ്പൗണ്ടിന് നടുക്കാണ് ക്ഷേത്രം. നൂറു മീറ്ററിനപ്പുറം ആര്‍ത്തിരമ്പു കടല്‍. ഓംകാരം മുഴക്കിക്കൊണ്ട് ദര്‍ശനത്തിനെത്തു ഭക്തരുടെ തിരക്ക്.

ശിവസാന്നിധ്യം ഇതുപോലനുഭവപ്പെടുന്ന മറ്റൊരു ക്ഷേത്രം കണ്ടിട്ടില്ലെന്ന് ക്ഷേത്രങ്ങളുടെ നാടായ തഞ്ചാവൂരില്‍ നിന്നെത്തിയ മുത്തുവേല്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ജോതിര്‍ ലിംഗ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചാണ് മുത്തുവേല്‍ ഇവിടെയെത്തിയിരിക്കുന്നത്. ഈശ്വരസേവയ്ക്കായി ഉഴിഞ്ഞുവെച്ചതാണ് ആ അമ്പതുകാരന്റെ ജന്മം. ഇന്ന് ക്ഷേത്രത്തില്‍ വലിയ തിരക്കില്ല. കുറച്ചധികം നേരം അവിടെ ചെലവഴിച്ചു. പക്ഷേ, ഫോട്ടോയെടുക്കാന്‍ അനുവാദമില്ല. ക്യാമറ അകത്തേക്ക് പ്രവേശിപ്പിക്കില്ല. 

സോമനാഥ ദര്‍ശനം ലഭിച്ച ഭക്തര്‍ നിര്‍വൃതിയോടെ മടങ്ങുന്നു. ക്ഷേത്ര വളപ്പിനകത്ത് കടലിനഭിമുഖമായി സ്ഥാപിച്ച ബെഞ്ചുകളിലിരുന്ന് ശിവസ്തോത്രങ്ങള്‍ പാടുന്ന വൃദ്ധന്‍മാരുടെ സംഘത്തെ കണ്ടു. ഹരിയാണയില്‍ നിന്നു വന്നവരാണ്. മുന്നില്‍ ശിവന്‍, പിന്നില്‍ ഇരമ്പുന്ന കടല്‍. ഭക്തരല്ലാത്തവര്‍ക്കും സുഖമുള്ളൊരു അനുഭവമാണത്.പുറത്തേക്ക് വരുമ്പോള്‍ നിരന്നിരുന്ന് ഭിക്ഷ യാചിക്കുന്ന സ്യനാസിമാര്‍, ദിവ്യത്വം അവകാശപ്പെടുന്ന യോഗികള്‍, മാലയും വളയും മോതിരവും മുതല്‍ ദിവ്യശക്തിയുള്ള ശംഖുകളും മണികളും വില്‍ക്കുന്ന കച്ചവടക്കാര്‍. എന്തെങ്കിലും വാങ്ങാതെ അവരെ മറികടന്നു വരിക അത്ര എളുപ്പമല്ല.

 

(ഫിബ്രവരി ലക്കം യാത്രാ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.)