മൂന്നുമാസംകൊണ്ട് 3,600 കിലോമീറ്റർ നടന്ന് ലഡാക്കിലെത്തുക, അതാണ് ശ്യാമിന്റെ ലക്ഷ്യം. തൊടുപുഴയിൽനിന്ന് ലഡാക്കിലേക്കുള്ള ഈ യാത്രയിൽ അഞ്ചുദിവസം കൊണ്ട് 200 കിലോമീറ്ററോളം പിന്നിട്ടു. ചൂടുകൂടിയതോടെ കാലുകൾ പൊള്ളി മുറിവായിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആത്മവിശ്വാസം ഇന്ധനമാക്കി നടന്നുമുന്നേറുകയാണ് ശ്യാം.

തൊടുപുഴ മടക്കത്താനത്തിന് സമീപം മണിയന്തടത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് ശ്യാം. ഈ 26കാരന്റെ ജീവിതത്തിലെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിനാണ് ഡിസംബർ ഒന്നിന് വീട്ടിൽനിന്ന് തുടക്കമായത്. കോവിഡ് കാലത്ത് ലോക്ഡൗണിൽക്കുടുങ്ങി വീട്ടിലിരുന്നപ്പോൾ തുടങ്ങിയ ആലോചനയാണ് ലഡാക്കിലേക്കുള്ള കാൽനടയാത്ര. കുടുംബാംഗങ്ങളും പിന്തുണച്ചു.

ബസ്‌സ്റ്റാൻഡുകളിലും വഴിയോര കാത്തിരിപ്പ് കേന്ദ്രങ്ങളിലും രാത്രിതങ്ങി കടകളിൽനിന്ന് ഭക്ഷണവും കഴിച്ചുള്ള യാത്രയുടെ അഞ്ചാംദിവസത്തിലാണ് പാലക്കാട്ടെത്തിയത്.

ഇനി കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവുവിലെത്തും. അവിടെനിന്ന് ഹൈദരാബാദ് വഴി ഡൽഹിയിലെത്തി ലഡാക്കിലേക്ക് യാത്രചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ശ്യാം പറയുന്നു. ദീർഘദൂരംനടന്ന് മുൻപരിചയമില്ലാത്തതിനാൽ യാത്രയ്ക്കുമുമ്പ് ദിവസങ്ങളോളം രാവിലെ 10 കിലോമീറ്റർവരെ നടന്ന് തയ്യാറെടുത്തു. അത്യാവശ്യചെലവുകൾക്കുള്ള പണവും കൈയിൽക്കരുതിയാണ് യാത്രതുടങ്ങിയത്.

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചാണ് യാത്ര. ഞായറാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശ്യാം കോട്ട സന്ദർശനത്തിനുശേഷം കോയമ്പത്തൂർ ലക്ഷ്യമാക്കി നീങ്ങി.

Content Highlights: Shyam walking to Ladakh from Thodupuzha, Ladakh Travel, Walking to Kashmir