ആറുന്ന വെയിലിന്റെ കൈപിടിച്ച് അവർ മല കയറിയിറങ്ങി, ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ


ഷാൻ ജോസഫ്

ഇടവേളകളിൽ വിശ്രമിച്ചും കാഴ്ചകൾ ആസ്വദിച്ചുമായിരുന്നു യാത്ര. സംഘാടകരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ചെറുസംഘങ്ങളായി മുകളിലേക്ക്.

ചീങ്ങേരി മലമുകളിൽ നിന്ന് കാരാപ്പുഴ അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ സം​ഘാം​ഗങ്ങൾ അസ്തമയം ആസ്വദിക്കുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

  • ചീങ്ങേരി മലകയറിയിറങ്ങി 64 മുതിർന്നവർ
  • മലകയറ്റത്തിനെത്തിയവരിൽ 84 വയസുകാരനും 

ചുട്ടുപൊള്ളുന്ന വെയിൽ ആറുന്നതേയുള്ളൂ. കുംഭച്ചൂടേറ്റ് പഴുത്ത പാറക്കൂട്ടങ്ങൾ. തട്ടുതട്ടായി കുത്തനെ കയറ്റം. പ്രതിബന്ധങ്ങൾ എറെയുണ്ടായിട്ടും ഒന്നിനെയും കൂസാത്ത കരളുറപ്പുമായി അറുപത്തിനാലുപേർ. പ്രായമെന്നാൽ വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് അവർ മലകയറി. ചീങ്ങേരി മലമുകളിൽനിന്ന് വയനാടൻ പ്രകൃതിയിലേക്ക് കണ്ണോടിക്കുമ്പോൾ മനസ്സ് ആനന്ദത്തിന്റെ കൊടുമുടിയേറി. ശാന്തമായുറങ്ങുന്ന കാരാപ്പുഴ അണക്കെട്ടും തലയെടുപ്പുളള മലനിരകളും കണ്ണെടുക്കാതെ നോക്കിനിന്നു. ജീവിതസായാഹ്നത്തിൽ സാഹസികയാത്രയ്ക്കിറങ്ങിയവർ മനംനിറഞ്ഞ് മലകയറി. ഗ്ലോബ് ട്രക്കേഴ്‌സും ഡി.ടി.പി.സി.യും മുതിർന്നവർക്കായി സംഘടിപ്പിച്ച ചീങ്ങേരി മലകയറ്റം അങ്ങനെ സൂപ്പർഹിറ്റായി.

മലമുകളിലെ കാഴ്ചകളും പ്രകൃതിഭംഗിയും ആസ്വദിക്കാനെത്തുന്നത് പുതുതലമുറ മാത്രമാകുമ്പോൾ മുതിർന്നവരെയും ഒപ്പംകൂട്ടുകയാണ് ഗ്ലോബ് ട്രക്കേഴ്‌സ്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ട്രക്കിങിൽ പ്രായംമറന്നാണ് പഴയതലമുറയിലെ പുലിക്കുട്ടികൾ എത്തിയത്. മുൻകൂട്ടി രജിസ്റ്റർചെയ്ത 64 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ. കൂട്ടത്തിൽ 84 പിന്നിട്ട കാന്തൻപാറയിലെ വർഗീസ് ചേട്ടൻമുതൽ മാരത്തൺ ഓട്ടക്കാർവരെ ഉണ്ടായിരുന്നു. രജിസ്റ്റർ ചെയ്തവർ കൃത്യം രണ്ടരയ്ക്ക് സ്റ്റാർട്ടിങ് പോയന്റിലെത്തി. വൈദ്യപരിശോധന ആവശ്യമുള്ളവർക്ക് മലകയറ്റത്തിനുമുമ്പുതന്നെ നൽകി. എല്ലാവരും ലഘുഭക്ഷണവും പഴങ്ങളും കുടിവെള്ളവും കരുതി. എങ്ങനെ മലകയറാമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും ബ്രിഗേഡിയർ രാജൻ മുന്നറിയിപ്പുനൽകി. പ്രത്യേക ക്ഷണമില്ലാതെ എത്തിയ വയനാട് സബ് കളക്ടർ ശ്രീലക്ഷ്മിയും കോഴിക്കോട് സബ്കളക്ടർ ചെൽസസിനിയും യാത്രികർക്ക് ആശംസയർപ്പിച്ച് ഒപ്പംകൂടി. പിന്നെ മലകയറ്റത്തിന്റെ ഗിയർമാറ്റി എല്ലാവരും നടത്തം തുടങ്ങി.

മലകയറ്റത്തിനിടെ സംഘാം​ഗങ്ങൾ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

നൂറിലേറെത്തവണ ചീങ്ങേരിമല കയറിയ നാട്ടുകാരൻ പീറ്റർ മുമ്പേനടന്നു. തളർച്ചയില്ലാതെ സഹയാത്രികരും. ഇടവേളകളിൽ വിശ്രമിച്ചും കാഴ്ചകൾ ആസ്വദിച്ചുമായിരുന്നു യാത്ര. സംഘാടകരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ചെറുസംഘങ്ങളായി മുകളിലേക്ക്. സാഹസിക വിനോദങ്ങളിൽ പരിചയസമ്പന്നരായ ഗ്ലോബ് ട്രക്കേഴ്‌സിലെ അംഗങ്ങൾ നിഴൽപോലെ കൂടെയുണ്ടായിരുന്നു. നാലുമണിക്ക് ആരംഭിച്ച യാത്രയ്ക്ക് എല്ലാ സഹായങ്ങളുമുറപ്പാക്കി യുവാക്കളുടെ ഒരുസംഘംതന്നെ ഒപ്പമുണ്ടായിരുന്നു. ഗ്ലോബ് ട്രക്കേഴ്‌സിന്റെ അംഗങ്ങൾ 50 പേർ, 10 എൻ.സി.സി. കാഡറ്റുമാർ, ഡോക്ടർമാരും ആംബുലൻസുമടക്കം വൈദ്യസഹായം ഉറപ്പാക്കി ഡി.എം. വിംസ് മെഡിക്കൽ സംഘവും ഒപ്പമുണ്ടായിരുന്നു.

യാത്രക്കാരനായ 84കാരൻ വർ​ഗീസ്
| ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ആദ്യസംഘം മുകളിലെത്തുമ്പോൾ അഞ്ചുമണി. മലമുകളിലെ അതിസുന്ദരമായ സായാഹ്നക്കാഴ്ചകൾ ഏവരെയും വരവേറ്റു. അസ്തമയസൂര്യന്റെ പൊൻകിരണമേറ്റ് ദൂരെ കാരാപ്പുഴ ജലാശയം തിളങ്ങി. നനുത്ത കുളിരുപകർന്ന് ഇളംകാറ്റ് വീശിയൊഴിഞ്ഞു. ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിൽ കുറച്ചുനേരം മലമുകളിലിരുന്നു. ആറുമണിയോടടുക്കുമ്പോൾ വെളിച്ചം മങ്ങിത്തുടങ്ങി. മണിക്കുന്ന് മലകടന്ന് സൂര്യൻ മറയാനൊരുങ്ങുമ്പോൾ ഏവരും മലയിറങ്ങിത്തുടങ്ങി. കയറ്റത്തെക്കാൾ ദുഷ്‌കരമായിരുന്നു ചിലർക്ക് തിരികെയാത്ര. മലമുകളിലെ കാഴ്ചകൾ വീണ്ടും പിന്നിലേക്ക് വിളിച്ചു. വീണ്ടും വരുമെന്നുറപ്പിച്ചായിരുന്നു മടക്കം. ആദ്യശ്രമം വിജയിച്ചതോടെ വീണ്ടും ഇത്തരം യാത്രകൾക്ക് പദ്ധതിയിടുകയാണ് ഗ്ലോബ് ട്രക്കേഴ്‌സ്. കാഴ്ചയുടെ ഉയരങ്ങൾ കീഴടക്കാൻ ശാരീരികവും മാനസികവുമായ പിന്തുണ നൽകുകയാണിവർ. ഭിന്നശേഷിക്കാരെക്കൂടി ഉൾപ്പെടുത്തി സാഹസികസഞ്ചാരത്തിന് സ്ഥിരം സംവിധാനമൊരുക്കാനുളള തയ്യാറെടുപ്പിലാണെന്ന് ഗ്ലോബ് ട്രക്കേഴ്‌സ് ഭാരവാഹി അഗസ്റ്റിൻ പുല്പള്ളി പറഞ്ഞു.

Content Highlights: senior citizen's cheengerimala trekking, cheengerimala wayanad, wayanad dtpc, karappuzha dam view

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented