കടലിന്നഗാധമാം നീലിമയില്‍... മീനുലകത്തിൽ...


അനുരഞ്ജ് മനോഹർ / ചിത്രങ്ങൾ: ബി മുരളീകൃഷ്ണൻ

സ്‌കൂബാ ഡൈവിങ് നടത്തുമ്പോള്‍ നീന്തല്‍ അറിയേണ്ട ആവശ്യമില്ല എന്നതാണ് രസകരമായ വസ്തുത. സുരക്ഷാ ജാക്കറ്റും മറ്റ് ഉപകരണങ്ങളുമായി കടലിലേക്ക് ഇറങ്ങി വെറുതേ കിടന്നുകൊടുത്താല്‍മതി. നമ്മുടെ കൂടെ വരുന്ന ഡൈവര്‍ നമ്മളെയുംകൊണ്ട് കടലിന്നടിയിലൂടെ ചുറ്റിക്കറങ്ങിക്കോളും

-

ടല്‍ജീവികളുടെ ജീവിതമെന്താണെന്ന് അറിയണമെങ്കില്‍ അത് അവരുടെ ലോകത്ത് പോയിത്തന്നെ കാണണം. പുലിയെ അതിന്റെ മടയില്‍ തന്നെ പോയി പിടിക്കണമെന്നു പറയുംപോലെ. ഭൂമിയും ആകാശവും കാടും മലയും സമുദ്രവുമെല്ലാം കീഴടക്കിയ മനുഷ്യന്‍ കടലിന്റെ അടിയിലേക്ക് സ്വച്ഛമായി സഞ്ചരിക്കാനൊരു ഗുട്ടന്‍സുണ്ടാക്കി, അതാണ് സ്‌കൂബാ ഡൈവിങ്.

സ്‌കൂബാ ഡൈവിങ്ങോ അത് കേരളത്തിലില്ലല്ലോ ആന്‍ഡമാനിലോ ലക്ഷദ്വീപിലോ പോയി ചെയ്യണമെങ്കില്‍ എത്ര കാശ് ചെലവാക്കണം? മനസ്സില്‍ ചോദ്യങ്ങളൊരായിരം ഉയരുകയാണ്. അപ്പോഴാണ് ശ്രീപദ്മനാഭന്റെ മണ്ണില്‍ സ്‌കൂബാ ഡൈവിങ്ങിനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞത്. ജാക്സണ്‍ പീറ്റര്‍ തുടങ്ങിയ ബോണ്ട് ഓഷ്യന്‍ സഫാരി ടീമാണ് കേരളത്തിലാദ്യമായി സ്‌കൂബാ ഡൈവിങ് ആരംഭിച്ചത്. കോവളത്ത് ബീച്ച് റോഡില്‍ സുശീല ടവറിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കടലിന്റെ ആഴം അറിയാനായി കടലിന്നടിയിലെ അദ്ഭുതലോകം അടുത്ത് കാണാനായി അങ്ങനെ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.

work

രാവിലെ 10 മണിയോടെയാണ് കോവളത്തെത്തിയത്. സ്‌കൂബാ ഡൈവിങ് ചെയ്യാന്‍ പറ്റിയ സാഹചര്യമാണെന്ന് മനസ്സ് പറഞ്ഞു. ഒന്നുരണ്ട് സായിപ്പന്മാര്‍ അതിലേ കറങ്ങിനടപ്പുണ്ട്. ബോണ്ട് ഓഷ്യന്‍ സഫാരിയുടെ കാര്യക്കാരന്‍ ജാക്സണ്‍ പീറ്റര്‍ ചേട്ടന്‍ ഓഫീസിനകത്തേക്ക് സ്വാഗതംചെയ്തു. നിരവധി സ്‌കൂബാ ഡൈവിങ് ജാക്കറ്റുകളും സമുദ്രാന്തര്‍ഭാഗത്ത് സഞ്ചരിക്കാന്‍ കെല്‍പ്പുള്ള പ്രത്യേകതരം ഉപകരണങ്ങളുമെല്ലാം അവിടെ നിരത്തിവെച്ചിട്ടുണ്ട്. അതെല്ലാം കണ്ട് ഓഫീസ് ചുറ്റിക്കറങ്ങുന്നതിനിടെ സുബിന്‍ചേട്ടനെ പരിചയപ്പെട്ടു.

ബോണ്ട് ഓഷ്യന്‍ സഫാരിയിലെ പ്രധാന ഡൈവറും ട്രെയിനറുമാണ് അദ്ദേഹം. വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള അദ്ദേഹമാണ് ഡൈവിങ്ങിന് നേതൃത്വം നല്‍കുന്നത്. അതിനുമുന്‍പായി അറിയേണ്ട കാര്യങ്ങളെക്കുറിച്ച് അല്പം ഗൗരവം കലര്‍ന്ന ഭാവത്തില്‍ പുള്ളിക്കാരന്‍ പറഞ്ഞുതുടങ്ങി.

സ്‌കൂബാ ഡൈവിങ് ചെയ്യുന്നതിനുമുന്‍പായി മൂന്നുഘട്ടങ്ങളാണുള്ളത്. ആദ്യത്തെത് സ്‌കൂബാ ഡൈവിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്ന ക്ലാസാണ്, രണ്ടാമത്തെത് ട്രെയിനിങ്, മൂന്നാമത് ഡൈവിങ്. അദ്ദേഹം ക്ലാസിലേക്ക് കടന്നു.

jackets

ക്ലാസിനുമുന്‍പേ പഠിപ്പിസ്റ്റായ കുട്ടിയുടെ ഭാവത്തില്‍ ഒരു ചോദ്യമങ്ങ് കാച്ചി. ചേട്ടാ എന്താണീ സ്‌കൂബ? അതുവരെ പുലര്‍ത്തിയ ഗൗരവം ചെറുപുഞ്ചിരിയിലലിയിച്ച് സുബിന്‍ചേട്ടന്‍ പറഞ്ഞുതുടങ്ങി. സെല്‍ഫ് കണ്ടെയ്ന്‍ഡ് അണ്ടര്‍ വാട്ടര്‍ ബ്രീത്തിങ് അപ്പാരറ്റസ് എന്നാണ് സ്‌കൂബ എന്ന വാക്കിന്റെ പൂര്‍ണരൂപം. ഭാഗ്യം അത് ചെറിയ പേരിലൊതുക്കിയത് നന്നായി അല്ലേല്‍ ഇത് പറഞ്ഞുതീര്‍ക്കണമെങ്കില്‍ കുറച്ചധികംനേരം വേണ്ടിവന്നേനേ. സ്‌കൂബാ ഡൈവിങ് 99.99 ശതമാനം സുരക്ഷിതമാണ്. കടലിന്റെ 3 മുതല്‍ 5 വരെ മീറ്റര്‍ അടിയിലേക്കാണ് കോവളത്ത് ഡൈവിങ് നടത്തുക. 20 മുതല്‍ 30 വരെ മിനിറ്റ് കടലിന്നടിയിലൂടെ ചെറുമീനിനെപ്പോലെ മത്സ്യകന്യകയുടെ നാട്ടിലെ കാഴ്ചകള്‍ കണ്ട് വിലസാം.

സ്‌കൂബാ ഡൈവിങ് നടത്തുമ്പോള്‍ നീന്തല്‍ അറിയേണ്ട ആവശ്യമില്ല എന്നതാണ് രസകരമായ വസ്തുത. സുരക്ഷാ ജാക്കറ്റും മറ്റ് ഉപകരണങ്ങളുമായി കടലിലേക്ക് ഇറങ്ങി വെറുതേ കിടന്നുകൊടുത്താല്‍മതി. നമ്മുടെ കൂടെ വരുന്ന ഡൈവര്‍ അതായത് ബഡ്ഡി നമ്മളെയുംകൊണ്ട് കടലിന്നടിയിലൂടെ ചുറ്റിക്കറങ്ങിക്കോളും. സുബിന്‍ചേട്ടന്‍ പിന്നീട് ജാക്കറ്റിനെ പരിചയപ്പെടുത്തി. ഒറ്റ ഉടലുമായി കറുത്ത നിറത്തിലിരിക്കുന്ന ജാക്കറ്റ് ധരിച്ചപ്പോള്‍ മേലാസകലം ഒട്ടിയതുപോലെ തോന്നുന്നു. ശരീരമൊന്നാകെ ഇറുകിനില്‍ക്കുന്നു. നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. പുറത്തേക്കിറങ്ങാന്‍ ലേശം ചമ്മലുമുണ്ട്. ശരീരത്തിന് തൊലിക്കട്ടി കൂടിയതുപോലെയുണ്ട്. ഈ ജാക്കറ്റ് ആള് വിദേശിയാണ്. വെറുതേയല്ല നമ്മളോട് അത്ര അങ്ങോട്ട് അടുക്കാത്തത്. എന്നാല്‍ കടലിലെത്തുമ്പോള്‍ ഈ ജാക്കറ്റ് പകരുന്ന സുഖം മറ്റൊന്നാണെന്ന് സുബിന്‍ ഓര്‍മപ്പെടുത്തി.

man sea

അതിനുപിന്നാലെ സിലിന്‍ഡറുകളുമെത്തി. ഇത്രയുംകാലം വിചാരിച്ച വലിയൊരു മണ്ടത്തരത്തെ പൊളിച്ചടുക്കിയാണ് സിലിന്‍ഡറുകളെക്കുറിച്ച് സുബിന്‍ചേട്ടന്‍ സംസാരിച്ചുതുടങ്ങിയത്. കടലിലേക്കിറങ്ങുമ്പോള്‍ സിലിന്‍ഡറുകളില്‍ ഓക്സിജനാണ് നിറയ്ക്കുന്നത് എന്നായിരുന്നു ഇത്രയുംകാലം കരുതിയിരുന്നത്. എന്നാല്‍ സിലിന്‍ഡറിനകത്ത് ഓക്സിജനല്ല മറിച്ച് വെറും വായു മാത്രമാണുള്ളത്. അതിന് കൃത്യമായ കാരണമുണ്ട്. കടലിന്നടിയിലേക്ക് പോകുന്തോറും സിലിന്‍ഡറിനകത്തുള്ള ഓക്സിജന്‍ വിഷമായി മാറാന്‍ സാധ്യത കൂടുതലാണത്രേ. ഓക്സിജനെവരെ നമ്പാന്‍പറ്റാത്ത അവസ്ഥയായല്ലോ ഈശ്വരാ!
എന്തായാലും പുതിയ അറിവ് ലഭിച്ചല്ലോ വായുവെങ്കില്‍ വായു. സിലിന്‍ഡര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നല്ല ഭാരമുണ്ട് ഇവന്. ഏകദേശം 15 കിലോയോളം വരും. ഇതുംകൊണ്ടെങ്ങനെ കടലിലേക്ക് പോകുമെന്ന് ചിന്തിച്ചപ്പോള്‍ കടലിന്നടിയില്‍ ഭാരം അനുഭവപ്പെടില്ലല്ലോ എന്നോര്‍ത്തു. പിന്നീട് സിലിന്‍ഡറില്‍നിന്ന് വായിലേക്ക് വരുന്ന കുഴലും മൗത്ത് പീസുമെല്ലാം കാണിച്ചുതന്നു.

മൂക്കിലൂടെയല്ല വായിലൂടെത്തന്നെയാണ് ശ്വസിക്കേണ്ടതും ശ്വാസം പുറത്തേക്ക് വിടേണ്ടതും. മൂക്കിലൂടെ ശ്വാസമെടുക്കാന്‍ ശ്രമിച്ചാലും നടക്കില്ല. കാരണം അണിയാനുള്ള മാസ്‌ക് മൂക്കിനെയും ആവരണംചെയ്താണ് നില്‍ക്കുക. വായില്‍ വെക്കാനായി ഒരു മൗത്ത് പീസാണ് ഉണ്ടാകുക. അത് വായിലേക്ക് വെച്ച് കടിച്ചുപിടിക്കണം. അതിലൂടെ ആഞ്ഞ് വലിക്കുമ്പോള്‍ വിക്സ് ഗുളിക കഴിച്ചാല്‍ ലഭിക്കുന്ന തണുപ്പുപോലുള്ള ഒരു വായു വായുടെ ഉള്ളിലേക്ക് കടക്കും. നിശ്വാസത്തിനും അതേ മൗത്ത് പീസ് തന്നെയാണ് ഉപയോഗിക്കുന്നത്.

under water

അപ്പോള്‍ ശ്വാസംമുട്ടില്ലേ എന്നായി അടുത്ത സംശയം. അവിടെയാണ് സായിപ്പന്മാരുടെ ബുദ്ധി. സിലിന്‍ഡറിനകത്തുള്ള വായു നേരിട്ട് കുഴലിലൂടെ മൗത്ത് പീസിലെത്തി വായിലേക്ക് വരുന്നു. ശ്വസിച്ചശേഷം തിരിച്ചുവിടുന്ന വായു മൗത്ത് പീസിലെ മറ്റൊരു ഓപ്പണിലൂടെ പുറത്തേക്ക് പോകും. ഏതായാലും സംഭവം കിടുക്കി.

ഇനിയുള്ള ചോദ്യങ്ങള്‍ക്ക് അങ്ങ് കടല്‍ത്തീരത്തുനിന്നും ഉത്തരം നല്‍കാമെന്നും പറഞ്ഞ് സുബിന്‍ ചില പേപ്പറുകള്‍ മുന്‍പില്‍ നിരത്തി. സ്‌കൂബ ഡൈവിങ് നടത്തുന്നതിനുമുന്‍പായി ലോകത്തെവിടെയും ചെയ്യുന്ന കാര്യമാണിത്. സുരക്ഷാമാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിയമപരമായ പേപ്പറുകളാണവ. അത് പൂരിപ്പിച്ച് ഒപ്പിട്ട ശേഷം നേരെ കോവളം ബീച്ചിലേക്ക്. കോവളത്തെത്തിയപ്പോള്‍ സൂര്യന്‍ ഉച്ചിയില്‍നിന്ന് കലിപ്പോടെ വീക്ഷിക്കുകയാണ്. ജാക്കറ്റുകള്‍ ചൂടില്‍ പൊള്ളുന്നുണ്ട്. മേലാസകലം വിയര്‍ത്തു. ഒന്ന് ശരീരം തണുപ്പിച്ചേക്കാം എന്നുകരുതി കടലിലേക്ക് നടന്നു.

fish2

ആന്‍ഡമാനിലും ലക്ഷദ്വീപിലുമെല്ലാം ബോട്ടില്‍ സഞ്ചരിച്ചാണ് സ്‌കൂബാ ഡൈവിങ് നടത്തുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കോവളത്ത് അതിന്റെയാവശ്യമില്ല. നമുക്ക് നടന്നുതന്നെ കടലിന്നടിയിലേക്ക് പോകാം. ട്രെയിനിങ് ആരംഭിക്കുകയാണ്. ചെറിയൊരു പേടി ഉള്ളിലുണ്ടെങ്കിലും കടലിലേക്ക് പതിയേ നടന്നു. കടല്‍വെള്ളത്തിന് ചെറുചൂടുണ്ട്. ആദ്യം മാസ്‌ക് ധരിപ്പിച്ചു. പിന്നാലെ സിലിന്‍ഡറുകള്‍ പുറത്ത് ഘടിപ്പിച്ചു. രണ്ട് സിലിന്‍ഡറുകളാണ് പുറത്തുള്ളത്. ട്രെയിനിങ്ങിന്റെ ആദ്യ പടി കടലില്‍ സുരക്ഷാ ഉപകരണങ്ങളോടെ മുങ്ങിനിവരുക എന്നതുതന്നെയാണ്. മുഖത്ത് മാസ്‌ക് വെച്ചപ്പോള്‍തന്നെ ഏതോ ഒരു കടല്‍ ജീവിയുടെ രൂപം കൈവന്നപോലെ.

practice

കടലിനടിയില്‍നിന്നും സംസാരിക്കാനാവില്ലല്ലോ. അതുകൊണ്ട് പഠിച്ചിരിക്കേണ്ട ആംഗ്യഭാഷകള്‍ പരിചയപ്പെടുത്തി. കൈകള്‍കൊണ്ടാണ് ആംഗ്യങ്ങള്‍ കാണിക്കേണ്ടത്. ഓകെ എന്നും നോട്ട് ഓകെ എന്നൊക്കെയുള്ള ആംഗ്യവിക്ഷേപങ്ങള്‍. എപ്പോഴെങ്കിലും വായില്‍ വെള്ളം കയറിയാല്‍ അത് പുറത്തേക്ക് തള്ളാനായി ഒരു ബട്ടണ്‍ ജാക്കറ്റിലുണ്ട്. ഇനിയൊന്ന് മുങ്ങാമെന്ന് കരുതി മത്സ്യകന്യകയേയും മനസ്സില്‍ വിചാരിച്ച് ഒരൊറ്റ മുങ്ങല്‍.
മുങ്ങി നിവര്‍ന്നപ്പോള്‍ അതുവരെ മനസ്സിലുണ്ടണ്ടായിരുന്ന പേടിയെല്ലാം കടലില്‍ ഒഴുകിപ്പോയി. ജാക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബട്ടണിനെക്കുറിച്ച് സുബിന്‍ പറഞ്ഞുതുടങ്ങി. ആ ബട്ടണ്‍ എയര്‍ പുറത്തുവിടാനുള്ളതാണ്. എങ്ങാനും വായയിലേക്ക് വെള്ളം കയറുകയാണെങ്കില്‍ ആ ബട്ടണമര്‍ത്തിയാല്‍ വായിലെ വെള്ളം പുറത്തേക്ക് പുറന്തള്ളും. ശ്വാസം മുട്ടുകയുമില്ല. അത് പരീക്ഷിക്കാന്‍ ഒന്നൂടെ മുങ്ങി ബട്ടണമര്‍ത്തി. ചുറ്റും കുമിളകളുടെ സംസ്ഥാന സമ്മേളനം. അവയെല്ലാം വെള്ളത്തില്‍ ലയിച്ചു.

അങ്ങനെ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയാണ് അങ്കം. ജലജീവികളുടെ ലോകത്തേക്ക് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കടക്കുകയാണ്. സുബിന്‍ചേട്ടനും കൂട്ടരും കാലില്‍ പ്രത്യേക മീനിന്റെ വാലുപോലുള്ള ഒരു ഉപകരണം ഘടിപ്പിക്കുന്നത് കണ്ടു. അതിന്റെ പേര് ഫിന്‍സ് എന്നാണ്. അതാണ് കടലിന്നടിയിലൂടെ സഞ്ചരിക്കുമ്പോഴുള്ള വേഗവും ഗതിയുമെല്ലാം നിശ്ചയിക്കുന്നത്. ഫിന്‍സ് ഞങ്ങളുടെ കാലിലില്ല. അതിന്റെ ആവശ്യമില്ലല്ലോ. അങ്ങനെ സ്വപ്നസാക്ഷാത്കാരം കണ്‍മുന്നിലെത്തിയിരിക്കുകയാണ്.

man

സുബിനും സംഘവും ഞങ്ങളെയും കൊണ്ട് കടലിന്നടിയിലേക്ക് സഞ്ചരിക്കാനാരംഭിച്ചു. ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും പിന്നീട് ഒരു ഛായാചിത്രം പോലെ മീനുലകം തെളിയുകയാണ്. സംഘത്തിലെ മറ്റുള്ളവര്‍ ഞങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ഗോ പ്രോ ക്യാമറയില്‍ ഫോട്ടോയും വീഡിയോയും എല്ലാം എടുക്കുന്നുമുണ്ട്. അവതാറിലെ പണ്ടോറയിലെത്തിയ പ്രതീതിയാണുണ്ടായത്. എങ്ങും നീലനിറം. കടലിന് ഇത്രയും തെളിച്ചമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ദിവസേന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഒഴുക്കിവിട്ട് കടലിനെ മനുഷ്യന്‍ മലീമസമാക്കുമ്പോഴും അത് തിരിച്ച് നമ്മെ കാണാക്കാഴ്ചകള്‍ കാണിച്ച് വിസ്മയിപ്പിക്കുകയാണ്.

ഒരു മീന്‍പോലെ ഭാരം തോന്നിക്കാതെ സ്വപ്നത്തിലെന്നപോലെ കടലിന്നടിയിലൂടെ സഞ്ചരിക്കുകയാണ്. ചുറ്റും പവിഴപ്പുറ്റുകള്‍, പേരറിയാത്ത മീന്‍കൂട്ടങ്ങള്‍, നക്ഷത്ര മത്സ്യങ്ങള്‍, ഞണ്ടുകള്‍, കടല്‍പ്പാമ്പുകള്‍ അങ്ങനെ നീളുന്നു മീനുലകത്തിലെ അന്തേവാസികളുടെ നിര. കടലിന്നടിയിലെ ഒന്നും തൊടരുതെന്ന് ആദ്യമേ നിര്‍ദേശം കിട്ടിയതിനാല്‍ സ്പര്‍ശനസുഖം വേണ്ടെന്നുവെച്ചു.

fish

കാഴ്ചകള്‍ കണ്ട് അറിയാതെ 'വാവ്' എന്നു പറഞ്ഞപ്പോള്‍ മൗത്ത് പീസിനിടയിലൂടെ വെള്ളം വായിലേക്ക് കടന്നു. കടലിന്നടിയിലായാലും വെള്ളത്തിന്റെ രുചി ഉപ്പുതന്നെ. അപ്പോള്‍തന്നെ എയര്‍ സ്വിച്ച് ബട്ടണിലമര്‍ത്തി വായിലെ വെള്ളം നീക്കം ചെയ്തു. പിന്നീട് വാ തുറക്കാതെ അദ്ഭുതക്കാഴ്ചകളെയെല്ലാം അംഗവിക്ഷേപങ്ങളിലൂടെ അവതരിപ്പിച്ചു. ഏകദേശം അരമണിക്കൂറോളം കടലിന്നടിയില്‍ മീന്‍പോലെ കറങ്ങിനടന്ന് കാഴ്ചകളാസ്വദിച്ച് നീന്തി നടന്നു. അതിനിടയില്‍ സമയം പോയത് അറിഞ്ഞതേയില്ല. അങ്ങനെ ജീവിതത്തിലെ ആദ്യത്തെ സ്‌കൂബാ ഡൈവിങ്ങിന് പര്യവസാനമാകുകയാണ്.

തിരിച്ച് കരയിലെത്തിയപ്പോള്‍ സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മാസ്‌കും സിലിന്‍ഡറുമെല്ലാം അഴിച്ചുവെച്ച് തിരിച്ച് ഓഫീസിലേക്ക് ചെന്നു. ഡ്രസ്സ് മാറി വീണ്ടും കരയില്‍ ജീവിക്കുന്ന മനുഷ്യക്കുപ്പായമണിഞ്ഞു. അപ്പോഴേക്കും ജാക്സണ്‍ ചേട്ടന്‍ ഒരു സിഡിയില്‍ ഞങ്ങള്‍ നടത്തിയ ഡൈവിങ്ങിന്റെ വീഡിയോയും ഫോട്ടോസും തയ്യാറാക്കിവെച്ചിരുന്നു. അതുവാങ്ങി തിരിച്ച് മടങ്ങുമ്പോള്‍ കടല്‍ വീണ്ടും മീനുലകത്തിലേക്ക് ക്ഷണിക്കുന്നതുപോലെ. ഇനിയും വരണമിവിടെ മീനുകളുടെ നാട്ടില്‍ ഒരിടേവളയ്ക്ക്...


സ്‌കൂബാ ഡൈവിങ് നടത്തുേമ്പാള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

instruction

1. സ്‌കൂബാ ഡൈവിങ് വിദഗ്ധന്‍ അല്ലെങ്കില്‍ ബഡ്ഡിയില്ലാതെ ഒരിക്കലും കടലിലേക്ക് ഡൈവിങ്ങിനായി ഇറങ്ങരുത്.
2. ഡൈവിങ്ങിന് ഉപയോഗിക്കുന്ന ജാക്കറ്റും മറ്റ് സുരക്ഷാസാമഗ്രികളും പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക.
3. ഡൈവിങ്ങിനുമുന്‍പായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്
4. കടലിനടിയിലുള്ള ലോകം മറ്റൊന്നാണ്. അതിനെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷംമാത്രം ഡൈവിങ്ങിനിറങ്ങുക.
5. കടലിന്റെ അടിയിലുള്ള ഒന്നും തൊടാന്‍ ശ്രമിക്കരുത്
6. ശ്വാസം അടക്കിപ്പിടിച്ച് ഡൈവിങ് നടത്തരുത്.
7. ഡൈവിങ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പേടി തോന്നുകയോ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താല്‍ ബഡ്ഡിയെ ഉടന്‍ ആംഗ്യഭാഷയിലൂടെ വിവരമറിയിക്കുക.
8. യാതൊരു കാരണവശാലും വായ തുറക്കാന്‍ ശ്രമിക്കരുത്.
9. ഡൈവിങ് കഴിഞ്ഞയുടന്‍ വിമാനയാത്രയ്ക്ക് മുതിരരുത്.


YATHRA TRAVEL INFO

Scuba diving is a mode of underwater diving where the diver uses a self-contained underwater breathing apparatus (scuba) which is completely independent of surface supply, to breathe underwater. Scuba divers carry their own source of breathing gas, usually compressed air, allowing them greater independence and freedom of movement than surface-supplied divers, and longer underwater endurance than breath-hold divers. Sea life Safari in Kerala is a journey taken to spend the fantastic moment in an aquarium, familiarize with marine life of Kerala. The journey will be on a boat along the coast of Vizhinjam, passing close to lighthouse tower. People who are interested in this sport should take a beginner's diving class, wherein they will learn the skills required, including equipment usage, defense techniques, and ocean awareness training.
Getting There
By Bus: There are regular buses running between Trivandrum and Kovalam. Ac low floor buses are also available, By Train: The nearest railway station to Kovalam is Trivandrum Central (14 km),By Air:Trivandrum International Airport (15 km)
Sights Around: Padmanabhaswami Temple, Trivandrum Museum, Planetarium, Kanakakunnu Palace, Secretariat, Kovalam beach,
Stay:There are plenty of stay options available at Kovalam
Contact: Bond Safari Kovalam ,Suseela Tower, Beach Road VRP XIX/553-A KOVALAM P.O, Kovalam, Kerala 695527,Phone: Jackson Peter- 9946550073

2018 ഡിസംബർ ലക്കം യാത്രാ മാസികയിൽ പ്രസിദ്ധീകരിച്ചത്.

cover
യാത്ര ഓൺലൈനായി വായിക്കാം

Content Highlights: Scuba Diving at Kovalam Trivandrum Mathrubhumi Yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented