ഞാന്‍ കണ്ടതെല്ലാം എന്നോട് പറയുന്നത് സര്‍വവും സൃഷ്ടിച്ച അവനില്‍ വിശ്വസിക്കാനാണ്. - റാല്‍ഫ് വാള്‍ഡോ എമേഴ്സണ്‍
ഡെഫ്നയും ഡിംപിളും ദിവ്യയും ഞാനും ദുബായിലെ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. സ്‌കൂള്‍ വിട്ട് ഔദ്യോഗിക ജീവിതത്തില്‍ പല വഴികളിലായി തിരിഞ്ഞ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നുകൂടി ഒത്തുചേരാന്‍ തീരുമാനിച്ചു. ഒത്തുചേരലിന് മോടികൂട്ടാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്‌കൂബാ (Scuba Self-Contained Underwater-Breathing Apparatus) ഡൈവിങ്ങിലൂടെ സാഹസികമായൊരു പരിപാടിയും ഞങ്ങള്‍ ആസൂത്രണം ചെയ്തു.
സ്‌കൂബ എല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു. ഒത്തുചേരലിന്റെ രസങ്ങളും സ്‌കൂബയുടെ സാഹസികതയും അനുഭവിച്ചറിയാനായി ആ ദിവസത്തിനായി ഞങ്ങളേവരും ആകാംക്ഷയോടെ കാത്തിരുന്നു. പുതുച്ചേരിയിലെ 'ടെംപിള്‍ എഡ്വഞ്ചര്‍' ഡൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ദിവസങ്ങള്‍ 12 മീറ്റര്‍ താഴ്ചയിലേക്ക് മുങ്ങുന്നതിന്റെ തിയറി ക്ലാസുകളായിരുന്നു. അതിനുശേഷം ഞങ്ങള്‍ക്ക് നാലു മണിക്കൂര്‍ പ്രായോഗിക പരിശീലനത്തിനായി വെറ്റ് സ്യൂട്ടുകള്‍ തന്നു.
വെള്ളത്തിനടിയില്‍ നില്‍ക്കുക എന്നത് പ്രശാന്തമായ അനുഭൂതിയാണ്. അതേസമയം ഉള്ളിലൂടെയുള്ള അഡ്രിനാലിന്‍ തിരയിളക്കം നമ്മെ കീഴ്പ്പെടുത്തുന്നതാണ്. സ്‌നോര്‍ക്കെലി (വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ സഹായിക്കുന്ന ട്യൂബ്) ലൂടെ ശ്വാസമെടുക്കുന്നതാണ് തുടക്കത്തിലെ വെല്ലുവിളി. മൂക്കിലൂടെ ശ്വസിച്ചുശീലിച്ച മനുഷ്യന് വായിലൂടെ ഏറെനേരം ശ്വസിക്കുന്നത് പ്രയാസമുള്ള കാര്യം തന്നെയായി തോന്നും.
പിന്നെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങുമ്പോഴാണ് 'ഡൈവിങ് റിഫ്ളക്‌സ്' അനുഭവപ്പെട്ടുതുടങ്ങുക. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായി ശരീരം നടത്തുന്ന സവിശേഷമായൊരു പ്രതികരണമാണിത്. ഹൃദയത്തെയും രക്തധമനികളെയും പോഷകപരിണാമത്തെയും പുതിയ സാഹചര്യങ്ങളോട് ഇണക്കി ആവശ്യത്തിന് വായു വെള്ളത്തിനടിയില്‍ സൂക്ഷിക്കാന്‍ ശരീരം ഇതോടെ പാകപ്പെടും. വെള്ളത്തിന്റെ അന്തരീക്ഷ സമ്മര്‍ദം ശരീരത്തിന്റെ സമ്മര്‍ദ ബിന്ദുക്കളെ സ്പര്‍ശിക്കുമെന്നതിനാല്‍ ഒരോ അഞ്ചുമിനിട്ടു കൂടുമ്പോഴും അത് ഏകീകരിക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു.
ഓരോ തവണ മുങ്ങുമ്പോഴും ശരീരത്തിലെ വായു സമ്മര്‍ദം നിലനിര്‍ത്തുന്ന യൂസ്റ്റേഷ്യന്‍ നാളി ശക്തമായി അടഞ്ഞുനില്‍ക്കും. ഇത് കാരണം ബാഹ്യസമ്മര്‍ദം ഉയരും. അതിനെത്തുടര്‍ന്നനുഭവപ്പെടുന്ന അസ്വസ്ഥത നാസാദ്വാരങ്ങള്‍ അടച്ചുവെച്ച് വായിലൂടെ ശക്തമായി ശ്വാസമെടുത്തുവേണം അതിജീവിക്കാന്‍. വല്‍സല്‍വ മാന്യുവര്‍, എന്നു പേരുള്ള ഈ തന്ത്രം കണ്ഠനാളത്തിലെ വായുസമ്മര്‍ദം ഉയര്‍ത്തി നാളം തുറന്നുവരാന്‍ കാരണമാകുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഇറ്റാലിയന്‍ വൈദികനും ശരീരശാസ്ത്രജ്ഞനുമായ അന്റോണിയോ മരിയ വല്‍സല്‍വയ്ക്ക് ശേഷമാണ് ഈ പ്രക്രിയയ്ക്ക് വല്‍സല്‍വ എന്ന പേരുവന്നത്. സ്‌കൂബാ ഡൈവിങ്ങിന്റെ ദിവസം ഞങ്ങള്‍ക്കെല്ലാം വലിയ പേടിയുണ്ടായിരുന്നു. എന്നാല്‍ അത് മുഖത്ത് കാട്ടാതെ ഞങ്ങള്‍ ധൈര്യം നടിച്ചു. തുറന്ന കടലില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ടെമ്പിള്‍ റീഫിലേക്കാണ് പരിശീലകര്‍ ഞങ്ങളെ കൊണ്ടുപോയത്. പെട്ടന്നുതന്നെ ഞങ്ങളതിന് തയ്യാറായി.
മുങ്ങല്‍ ചടുലമായിരുന്നു, അതുപോലെ പേടിപ്പെടുത്തുന്നതും. ഡാന്‍ എന്ന എന്റെ പരിശീലകന്‍ ഒപ്പമുണ്ടായിരുന്നത് എനിക്ക് കുറച്ച് ആശ്വാസമായി. ആഴത്തിലുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നീന്തുമ്പോള്‍ വര്‍ണോജ്വലമായ പലതരം മീനുകള്‍ വന്നു പൊതിയുന്നത് സ്വര്‍ഗീയ അനുഭൂതിയായിരുന്നു- ചുവന്ന സ്‌നിപ്പര്‍, മഞ്ഞവാലന്‍ ബറാക്ക്യുഡ, മഞ്ഞ ബോക്‌സ് മത്സ്യം, ഊരുചുറ്റി ചിത്രശലഭ മത്സ്യം, വെള്ളയും ചുവപ്പും വരയുള്ള സിംഹമത്സ്യം, നീല ടാന്‍ഗ് സര്‍ജന്‍ എന്നിവ അവയില്‍ ചിലതു മാത്രം.
ഞൊടിയിടകൊണ്ടാണ് എന്റെ പേടി അപ്രത്യക്ഷമായത്. സമുദ്രജീവിതത്തിന്റെ വൈവിധ്യം തൊട്ടനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ എന്റെയുള്ളം ശാന്തമായി. നാല്‍പ്പത്തഞ്ചുമിനിട്ടാണ് ഞങ്ങള്‍ വെള്ളത്തിടയില്‍ ചെലവഴിച്ചത്. പറഞ്ഞതനുസരിച്ചുള്ള ആ സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും പുറത്തു വരാന്‍ മനസ്സുണ്ടായിരുന്നില്ല. വെള്ളത്തിനടിയിലെ പ്രശാന്തതയും സുഖകരമായ ഏകാന്തതയും കൂടിച്ചേരുമ്പോഴുള്ള ആനന്ദം ജീവിതത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് ഇനിയും സ്‌കൂബയ്ക്കായി ഒരുങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
writer is...
ബാംഗ്ലൂരിലെ പ്രൈസ്വാട്ടര്‍ ഹൗസ്‌കൂപ്പേഴ്സിലെ ടാക്‌സ് അനലിസ്റ്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..