വനഭംഗിയുടെ ശ്രുതിമീട്ടി സംബുരു


എഴുത്തും ചിത്രങ്ങളും: മോസസ് ജോണ്‍ ഇനോക്ക്

കെനിയയിലെ സംബുരു ദേശീയോദ്യാനത്തിലൂടെ ഒരു സഫാരി. ജൈവവൈവിധ്യത്തിന്റെ അനന്ത വിസ്തൃതലോകം കണ്‍മുന്നില്‍

Photo: Moses John Enoch

കെനിയയിലെ വൈവിധ്യമാര്‍ന്ന വന്യമൃഗസമ്പത്ത് കാണണമെന്നും ക്യാമറയില്‍ പകര്‍ത്തണമെന്നും ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു. സുഹൃത്തായ സോഫ്റ്റ്​വെയര്‍ എന്‍ജിനീയര്‍ ജോണ്‍ ലയണല്‍ വഴി അത് സാധ്യമായി. അതിന്റെ സന്തോഷത്തോടെയാണ് തിരുവനന്തപുരത്തുനിന്ന് ഞാനും സുഹൃത്ത് ഡോ. മാര്‍ട്ടിനും യാത്രയാരംഭിച്ചത്. ഷാര്‍ജ വഴി നെയ്റോബിയിലെത്തി.

8

വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട്. പുറത്തിറങ്ങിയപ്പോള്‍ സുഖകരമായ തണുപ്പ്. ആദ്യംതന്നെ എയര്‍പോര്‍ട്ടില്‍നിന്ന് ഒരു ലോക്കല്‍ സിം സംഘടിപ്പിച്ചു. പുറത്ത് സഫാരി കമ്പനി ഡ്രൈവര്‍ ഡാനിയേല്‍ ജീപ്പുമായി ഉണ്ടായിരുന്നു. ഒരുമണിക്കൂര്‍ ഡ്രൈവിങ്ങിനുശേഷം അവിടത്തെ ഒരു ഹോട്ടലായ ഐബിസിലെത്തി. അവിടെ ഫോട്ടോഗ്രാഫിയില്‍ തത്പരരായ, അമേരിക്കയില്‍നിന്നുള്ള വിമലും സ്വാമിനാഥനും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

7

ഹോട്ടലിനുപുറത്തെ കാഴ്ചകളാസ്വദിച്ച് സമയം ചെലവഴിച്ചു. എട്ടുമണിയോടുകൂടി ആഫ്രിക്കയിലെ തനതുശൈലിയിലുള്ള ആഹാരം ലഭിക്കുന്ന കാര്‍ണിവോര്‍ ഹോട്ടലിലെത്തി. തീന്‍മേശയിലെ വിഭവങ്ങള്‍ ശരിക്കും അമ്പരപ്പിച്ചു. വിളമ്പുന്ന രീതിയും വ്യത്യസ്തം. മേശയ്ക്കുമുകളില്‍ ഒരു ചെറിയ കൊടിവെച്ചിട്ടുണ്ട്. സാധാരണ വേഷം ധരിച്ച ചെറുപ്പക്കാരായ സപ്ലയര്‍മാര്‍ നിരനിരയായി കടന്നുവന്ന് വിഭവങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കും. നമ്മള്‍ ആ കൊടി താഴ്ത്തിവെക്കുംവരെ ഇത് തുടരും. എത്ര മനോഹരമായ ആചാരം!

16

വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത, വന്യജീവികളുള്‍പ്പെടെയുള്ളവയുടെ ഇറച്ചികൊണ്ടുള്ള വിഭവങ്ങളായിരുന്നു കൂടുതലും. മുതലയിറച്ചിയും ഒട്ടകപ്പക്ഷിയിറച്ചിയുമൊക്കെയായി പ്രത്യേക വിഭവങ്ങള്‍. കൂടാതെ അവിടത്തെ പരമ്പരാഗതവിഭവങ്ങളായ റബ്സ്റ്റിക് (ബീഫ്), ലെഗ് ഓഫ് ലാംബ്, ചിക്കന്‍ യാക്കിട്ടോര്‍, ചിക്കന്‍ വിങ്സ്, ചിക്കന്‍ ഗിസാര്‍ട്ട്സ്, ടര്‍ക്കി, ലെഗ് ഓഫ് പോര്‍ക്ക്, പോര്‍ട്ട് സോസേജസ്, ഓക്‌സ് ബാള്‍സ്, ലാംബ് റോസ്റ്റ്, ലാംബ് റിബ്സ് തുടങ്ങിയവയുമുണ്ടായിരുന്നു. എല്ലാം അതീവരുചികരം. ഒരു നാടിനെ അറിയേണ്ടത് അതിന്റെ രുചിക്കൂട്ടിലൂടെയാണെന്നു പറയാറുണ്ട്. അതേതായാലും ആദ്യദിവസംതന്നെ ഒത്തുകിട്ടി.

15

പിറ്റേന്ന് പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങള്‍ സംബുരുവിലെ വനഭംഗിയിലേക്ക് യാത്രതിരിച്ചു. നെയ്റോബിയില്‍നിന്നു വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമുള്ളതും വിശാലവും നിലവാരമുള്ളതും സുന്ദരവുമായ റോഡിലൂടെ ആറുമണിക്കൂര്‍ ഡ്രൈവിങ്ങിനുശേഷം സംബുരു നാഷണല്‍ പാര്‍ക്കിലെത്തി. കടന്നുപോകുന്ന വഴിയില്‍ ഇടയ്ക്കിടയ്ക്കു മാത്രം ജനവാസമേഖലയും ബാക്കി കൂടുതല്‍ സ്ഥലങ്ങളും ചെറിയ പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞതുമായിരുന്നു. വഴിയോരങ്ങള്‍ക്ക് നല്ല വൃത്തിയുണ്ടായിരുന്നു.

1

ഈ യാത്രയ്ക്കിടയില്‍ കെനിയന്‍ ഗ്രാമങ്ങളുടെ ഭംഗിയും അവിടത്തെ ജനങ്ങളുടെ ജീവിതരീതിയും ശീലങ്ങളും സംസ്‌കാരവുമൊക്കെ ഏെറക്കുറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. വനമധ്യത്തിലുള്ള പൊതുപാതകള്‍ ശുചിയോടെ സംരക്ഷിക്കുന്നതില്‍നിന്ന് അവരുടെ പരിസ്ഥിതിയോടുള്ള സ്‌നേഹവും കരുതലും ബോധ്യമാകും.

14

ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടി നേരത്തെ ബുക്ക് ചെയ്തിരുന്ന, വനമധ്യത്തില്‍ പരമ്പരാഗതശൈലിയില്‍ ടെന്റ് കെട്ടി നിര്‍മിച്ചിട്ടുള്ള മനോഹരമായ റിസോര്‍ട്ടിലെത്തി. ഇടയ്ക്ക് ചില മൃഗങ്ങളെ കാണാനും അവയെ ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞു. മൂന്നരയ്ക്ക് ഗെയിം ഡ്രൈവിനായി തിരിച്ചു. കെനിയയുടെ വനഭംഗിയിലേക്ക് ഒരു ജീപ്പ് ഡ്രൈവ്. വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്കൊരു യാത്ര. സുന്ദരവും സന്തോഷകരവുമായിരുന്നു ആ അനുഭവം. നിബിഡവനമല്ലാതെ, വലിയ നിരപ്പുവ്യത്യാസമില്ലാതെ, ഇടതൂര്‍ന്ന മരങ്ങളില്ലാതെ, പുല്‍മേടുകളും സമതലങ്ങളും ഇടയ്ക്ക് ചെറിയ കുറ്റിക്കാടുകളും... ഇലകളും മുള്ളുകളും നിറഞ്ഞ കൊമ്പുകളുള്ള മരങ്ങളാണ് കൂടുതലും. വളരെ ദൂരത്തില്‍വരെ വനത്തിന്റെ ഉള്‍ഭാഗവും അതിന്റെ ഭംഗിയും ജീപ്പിലിരുന്നുതന്നെ കാണാന്‍ കഴിയും.

13

പിറ്റേന്നു രാവിലെ ഏഴുമണിക്ക് ഉള്‍വനത്തിലേക്കു പുറപ്പെട്ടു. വനമധ്യത്തിലൂടെയുള്ള റോഡില്‍ ജീപ്പിലായിരുന്നു യാത്ര. ഉള്‍ഭാഗത്തേക്ക് കടക്കുംതോറും വനഭംഗി വര്‍ധിക്കുന്നു. വന്യമൃഗങ്ങള്‍ സാധാരണമട്ടില്‍ വാഹനങ്ങള്‍ക്കരികിലൂടെ കടന്നുപോകുന്നു. വാഹനങ്ങളോടും അതിലെ മനുഷ്യരോടും ഒരപരിചിതത്വവും ആക്രമണമനോഭാവവും കാട്ടുന്നില്ല. എങ്കിലും ആരും വാഹനത്തില്‍നിന്നിറങ്ങി അവയ്ക്കരികിലേക്കു പോകുന്നതായി കണ്ടില്ല. അങ്ങനെ പോകാനും പാടില്ല. എന്നാല്‍, നിര്‍ത്തിയിട്ട വാഹനത്തിലേക്ക് കാലുയര്‍ത്തിവെച്ച് കൗതുകത്തോടെ നോക്കുന്ന പുലികളെയുംമറ്റും ഇടയ്ക്കിടയ്ക്ക് കാണാന്‍ കഴിഞ്ഞു.

12

സുലഭമായി ആഹാരം ലഭിക്കുന്നതും സ്ഥിരമായി വാഹനങ്ങളുടെയും മനുഷ്യരുടെയും സാന്നിധ്യമുള്ളതുംകൊണ്ടാകണം അവ മനുഷ്യരോട് ശത്രുതകാട്ടാത്തത്. വിവിധയിനം വന്യമൃഗങ്ങളുടെ ബാഹുല്യമുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെതന്നെ സൗകര്യപ്രദമായ രീതിയില്‍ മൃഗങ്ങളെ കാണാനും ഫോട്ടോയെടുക്കാനും കഴിഞ്ഞു.

11

അവിടെമാത്രം കാണുന്ന അഞ്ചിനം മൃഗങ്ങളെയും ഇവിടെയുള്ള മൃഗങ്ങളുടെ പല വകഭേദങ്ങളെയും കാണാന്‍ പറ്റി. അതിലൊന്ന് ബെയ്സാ ഓറിക്‌സ് (Beisa Oryx) ആയിരുന്നു. വളവില്ലാതെ നീണ്ട് കുത്തനെയുള്ള കൂര്‍ത്ത കൊമ്പോടുകൂടിയ മാന്‍വര്‍ഗത്തില്‍പ്പെടുന്ന ജീവി. സാധാരണയില്‍ക്കൂടുതല്‍ വലുപ്പമുള്ള ഈ വിഭാഗത്തിന്റെ മൂന്ന് വ്യത്യസ്ത ഇനങ്ങള്‍ കിഴക്കന്‍ ആഫ്രിക്കയിലും താനെ നദിയുടെ തീരത്തും കാണാം. അതുപോലെ റെട്ടികുലേറ്റഡ് ജിറാഫ് (Reticulated Giraffe). സോമാലി ജിറാഫ് എന്നും ഇവ അറിയപ്പെടുന്നു. ബ്രൗണ്‍ കലര്‍ന്ന ഓറഞ്ചുനിറത്തിലുള്ള പുറംതൊലിയില്‍ ദീര്‍ഘചതുരാകൃതിയില്‍, വെള്ളനിറത്തില്‍ കളങ്ങള്‍പോലെ കാണാം. സോമാലിയയിലും തെക്കന്‍ എത്യോപ്യയിലും വടക്കന്‍ കെനിയയിലും കാണുന്ന ഈ അപൂര്‍വയിനത്തില്‍ ഏതാണ്ട് 8500 എണ്ണമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ.

10

ഗ്രേവ്സ് സീബ്ര (Grevy's Zebra) ആണ് മറ്റൊരു അപൂര്‍വയിനം. ആഫ്രിക്കയില്‍ സാധാരണയായി കാണുന്ന പര്‍വതസീബ്രയെക്കാളും സമതലസീബ്രയെക്കാളും എണ്ണത്തില്‍ കുറവും പ്രത്യേകതകളുള്ളതുമായ ഈ ഇനത്തിന് 350 മുതല്‍ 450 വരെ കിലോ ഭാരമുണ്ടാവും. ഇംപീരിയല്‍ സീബ്ര എന്നും ഇതിനു പേരുണ്ട്. ബ്രൗണും വെള്ളയും ഇടകലര്‍ന്ന നിറമാണിതിന്. ജെറിനൂക്ക് (Gerenuk) ആഫ്രിക്കയില്‍ കാണപ്പെടുന്ന മാന്‍വര്‍ഗത്തില്‍പ്പെടുന്ന ജീവിയാണ്. ജിറാഫ് ഗസല്‍ എന്നും ഇതറിയപ്പെടുന്നു.

9

കഴുത്ത് ജിറാഫിനു സമാനമായതിനാലാണ് ഇതിന് ഇങ്ങനെ പേരു ലഭിച്ചത്. അതിന്റെ ഫോട്ടോ പകര്‍ത്താനുള്ള ഭാഗ്യവും കിട്ടി. അതുപോലെതന്നെ സോമാലി ഓസ്ട്രിച്ചിനെയും (Somali Ostrich) കാണാന്‍ കഴിഞ്ഞു. ആഫ്രിക്കയില്‍ സാധാരണയായി കാണുന്ന ഒരിനം ഒട്ടകപ്പക്ഷിയാണിത്. നീലനിറത്തിലുള്ള കഴുത്താണിവയ്ക്ക്. ബാറ്റ് ഇയേര്‍ഡ് ഫോക്‌സ് (Bat Eared Fox) ജീവിതത്തില്‍ ഇതുവരെ കാണാത്ത മറ്റൊരിനമായിരുന്നു. ചിറകുകള്‍ പോലെ വലിയ ചെവിയുള്ള ഒരിനം കുറുക്കനാണിത്. ഉറുമ്പുകളും പുല്‍ച്ചാടികളും പോലെ ചെറിയ ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. ലോകത്തില്‍ 10,000 എണ്ണത്തില്‍ താഴെ മാത്രമുള്ള സ്‌ട്രൈപ്ഡ് ഹെയ്ന(Striped Hyena)യെ കാണാന്‍ കഴിഞ്ഞതും ഭാഗ്യമായി.

3

നീളമുള്ള തലയും കഴുത്തിലും കാലുകള്‍ക്കു മുകളിലുമായി പ്രത്യേക നിറവുമുള്ള ടോപ്പി (Topi) തീറ്റതേടി രണ്ടുകാലില്‍ പൊങ്ങിനില്‍ക്കുന്ന കാഴ്ച മനസ്സിലിപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു. കാഴ്ചയില്‍ മാനുകളോട് സാമ്യമുള്ള ഇവയെയാണ് മിക്ക മൃഗങ്ങളും ഭക്ഷണത്തിനായി വേട്ടയാടുന്നത്. ആഫ്രിക്കന്‍ ആനകള്‍, വാട്ടര്‍ബക്ക്, ഫ്രിക്കന്‍ പോത്ത്, വാര്‍ത്തോഗ് (പന്നിവര്‍ഗത്തില്‍പ്പെട്ടത്), വള്‍ച്ചുറീന്‍ ഗിനിഫൗള്‍, കാണ്ടാമൃഗങ്ങള്‍... അങ്ങനെ കണ്‍മുന്നില്‍ വിടര്‍ന്നതൊരു വന്യസൗന്ദര്യലോകംതന്നെ.

2

അതോടൊപ്പം ആഫ്രിക്കയില്‍ സര്‍വസാധാരണമായി കാണുന്ന ധാരാളം പക്ഷികളെ പകര്‍ത്താനും സാധിച്ചു. കൂട് നെയ്‌തൊരുക്കുന്ന റുപ്പെല്‍സ് വീവര്‍, നമ്മുടെ തൂക്കണാംകുരുവിപോലെ പച്ചപ്പുല്ലുകള്‍കൊണ്ട് മെനഞ്ഞെടുക്കുന്ന കൂട് ഒന്നു കാണേണ്ടതുതന്നെയാണ്. ഇവയെ വനമധ്യത്തില്‍, അവയുടെ സ്വാഭാവികജീവിതക്രമത്തില്‍ത്തന്നെ കാണാനും അവയുടെ ചലനങ്ങളും ജീവിതരീതിയും മനസ്സിലാക്കാനും ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞു. ആണ്‍പക്ഷിക്ക് വയറിന് ഓറഞ്ചുനിറവും പെണ്‍പക്ഷിക്ക് വയറിന് പച്ചനിറവുമുള്ള ആഫ്രിക്കന്‍ തത്തയായ റെഡ് ബെല്ലീഡ് പാരറ്റ് (Red Bellied Parrot), കഴുകന്‍മാര്‍... പക്ഷികളുടെ ലോകവും സ്വപ്‌നസുന്ദരമായിരുന്നു.

5

അപ്പോഴാണ് 'സ്‌പൈഡര്‍മാനെ' കണ്ടത്. ആ വര്‍ണഭംഗി കണ്ടപ്പോള്‍ പെട്ടെന്നോര്‍ത്തുപോയത് സാക്ഷാല്‍ സ്‌പൈഡര്‍മാനെത്തന്നെ! മോവാന്‍സ ഫഌറ്റ് ഹെഡഡ് റോക്ക് അഗാമ (Mwanza Flatheaded Rock Agama) എന്നാണ് കക്ഷിയുടെ പേര്. സ്‌പൈഡര്‍മാന്‍ അഗാമ എന്നും അറിയപ്പെടുന്നു. ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവിയാണ്. അര്‍ധമരുഭൂമിയിലും പാറകളിലുമൊക്കെ ചൂടുള്ള സമയങ്ങളിലാണ് ഇവയെ കാണാറ്.

6

പിറ്റേന്ന് പ്രഭാതഭക്ഷണത്തിനുശേഷം സോപ്പാ റിസോര്‍ട്ടില്‍ പ്രവേശിച്ച് നെയ്വാഷ തടാകത്തില്‍ക്കൂടി ബോട്ടില്‍ മറുകരയിലുള്ള ചെറുദ്വീപിലേക്ക് പ്രവേശിച്ചു. അവിടെ നടന്നുതന്നെ മൃഗങ്ങള്‍ക്കരികിലേക്കു പോകാന്‍ കഴിഞ്ഞു. ജിറാഫുകള്‍ക്കും സീബ്രകള്‍ക്കും ടോപ്പികള്‍ക്കുമിടയില്‍ സൗഹൃദത്തോടെ ഭയരഹിതമായി നടന്ന് കാണാന്‍ കഴിഞ്ഞ ആ അവസരം എത്രവര്‍ണിച്ചാലും മതിയാകില്ല.

4

തടാകത്തില്‍ക്കൂടി തിരികെ സഞ്ചരിക്കുമ്പോള്‍, അപൂര്‍വങ്ങളായ പക്ഷികളും ജലജീവികളും ക്യാമറയ്ക്ക് ഉത്സവമേകി. ഗ്രേ ക്രൗണ്‍ഡ് ക്രെയ്ന്‍, (African Crowned Crane) എന്ന മനോഹരമായ പക്ഷികള്‍ രണ്ടെണ്ണം ചേര്‍ന്ന് ഇരുതലകളും ഒരുമെയ്യുമെന്നപോലെ നില്‍ക്കുന്നു. മഡഗാസ്‌കന്‍ ഫിഷ് ഈഗിള്‍ (Madagascan Fish Eagle), ഗ്രേറ്റ് വൈറ്റ് പെലിക്കന്‍ (Great White Pelican), ഗ്രേറ്റ് കോര്‍മോറണ്ട് (Great Cormorant) തുടങ്ങിയവയെയും പകര്‍ത്തി.

നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ്സ് അവിശ്വസനീയമായതെന്തോ നേരില്‍ക്കണ്ട ഭാവത്തിലായിരുന്നു. സാഹസികസിനിമകളിലും ടെലിവിഷന്‍ ചാനലുകളിലുമൊക്കെ കണ്ട പല കാഴ്ചകളും അനുഭവങ്ങളും നേരില്‍. എന്നിട്ടും വിശ്വാസംവരാത്തപോലെ...

(2021 ഫെബ്രുവരി ലക്കം യാത്ര മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Samburu national park in Kenya, Mathrubhumi yathra

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented