കാടോരങ്ങളിലെ ഹരിതസ്വച്ഛതകളില്‍ ഓമല്‍കൗതുകങ്ങളോ ആര്‍ദ്രസാന്നിധ്യങ്ങളോ ആണ് കലമാനുകള്‍ (Sambar deer). കാട് തളിര്‍ക്കുമ്പോള്‍, അത്യുത്സാഹത്തോടെ തപിക്കുമ്പോള്‍ ഇത്തിരി ആലസ്യത്തോടെ കാഴ്ചകളില്‍ നിറയുന്നവര്‍! ഇളംപുല്‍നാമ്പുകളില്‍ തലപൂഴ്ത്തി തീറ്റയെടുക്കുന്നതിനിടെ വനയാത്രികരെ കണ്ടാല്‍ അവ പ്രകാശം നിഴലിക്കുന്ന, ആര്‍ദ്ര നയനങ്ങള്‍ ഉയര്‍ത്തും. സദാ നനവാര്‍ന്ന് കാണപ്പെടുന്ന വികസിച്ച നാസാഗ്രങ്ങള്‍ വിറപ്പിച്ച് മണമാവാഹിച്ചും സൂക്ഷ്മസ്വരംപോലും കേള്‍ക്കുന്നതിനായി വലുപ്പമാര്‍ന്ന ചെവികള്‍ ഇരുഭാഗത്തേക്കും ചലിപ്പിച്ചും കൗതുകത്തോടെ ഒന്നു നോക്കും. എന്നിട്ട് നമുക്ക് നേരെ നടന്നടുക്കും. ചിലപ്പോള്‍ പാദങ്ങള്‍ നിരന്തരമായി മണ്ണിലമര്‍ത്തി കുളമ്പടിച്ചും കുറിയ വാല്‍ താളത്തില്‍ ചലിപ്പിച്ചും ഭയപ്പാടോടെ ഓടിയകന്ന് സുരക്ഷിതസ്ഥാനം പ്രാപിച്ച് നോക്കിനില്‍ക്കും. അല്ലെങ്കില്‍ ഉദാസീനഭാവത്തില്‍ നടന്നകലും. ആണ്‍മാനുകള്‍ ചിലപ്പോള്‍ കൊമ്പുകള്‍ മണ്ണില്‍ കുത്തി ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാം.

മനുഷ്യരോട് പൊതുവേ ഏറ്റവും അടുപ്പം കാണിക്കുന്നവയാണ് മ്ലാവ് എന്നും വിളിപ്പേരുള്ള കലമാനുകള്‍! പുള്ളിമാനുകളെപ്പോലെ കാട്ടില്‍ സ്വര്‍ണപ്പൊട്ടുകള്‍ വാരിവിതറി വലിയ കൂട്ടങ്ങളായി ഇവയെ കാണാറില്ല. മറിച്ച് ആണ്‍മ്ലാവുകള്‍ ഒറ്റയാന്മാരായും പെണ്ണുങ്ങളും കുഞ്ഞുങ്ങളും ചെറുസംഘങ്ങളായുമാണ് ജീവിതം മെനയുന്നത്! 

ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുന്‍പ് മുത്തങ്ങ വനമേഖലയോട് ചേര്‍ന്നുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെ രാത്രിവാസത്തിനിടയിലാണ് ഏറ്റവും കൂറ്റനായ, വലിയ കൊമ്പുകളോടുകൂടിയ ഒരു ആണ്‍കലമാനിനെ ആദ്യമായി കാണുന്നത്. വീട്ടുവളപ്പിലെ ചില വൃക്ഷങ്ങളുടെ പുറംതൊലി ഒരാള്‍പ്പൊക്കത്തിലോ അതില്‍ കൂടുതലോ ഉയരത്തില്‍ പറിച്ചെടുത്തത് കണ്ട് അന്വേഷിച്ചതാണ്. രാത്രികാലങ്ങളില്‍ കലമാനുകള്‍ വന്ന് മധുരമുള്ള പുറംതൊലി കടിച്ചുതിന്നുന്നതാണ് എന്നായിരുന്നു മറുപടി. കലമാനിന്റെ വരവും കാത്ത് സുഹൃത്തിനൊപ്പം കോലായയില്‍ ഇരിപ്പായി. ഇരുട്ടുപരന്നതോടെ പതിവുപോലെ രണ്ടാ മൂന്നോ കലമാനുകള്‍ എത്തി! പിന്‍കാലുകള്‍ നിലത്തൂന്നി, മുന്‍കാലുകള്‍ ഉയര്‍ത്തി വൃക്ഷശരീരത്തിലുറപ്പിച്ച് അവ തീറ്റ തുടങ്ങി. ഞങ്ങള്‍ വളരെ അടുത്തെത്തിയിട്ടും കൂസലില്ലാതെ തീറ്റ തുടര്‍ന്ന കലമാനുകള്‍ ഒരുപാടുനേരം കഴിഞ്ഞാണ് കളമൊഴിഞ്ഞത്.

Sambar Deer 2

ഈയടുത്ത ദിവസങ്ങളില്‍ നെല്ലിയാമ്പതിയിലെ ഒരു റിസോര്‍ട്ടില്‍ കാടിറങ്ങി വന്ന്, പരിസരത്ത് താമസമാക്കിയ കലമാന്‍ അന്തേവാസികള്‍ക്കൊപ്പം 'സെല്‍ഫി'ക്ക് 'പോസ്' ചെയ്യുന്നതും കാണായി! മനുഷ്യരുമായി അത്രമേല്‍ ഇണങ്ങുന്നതാണ് ഇവയുടെ പ്രകൃതം!

മുത്തങ്ങയിലും ബന്ദിപ്പൂരും മുതുമലയിലും പറമ്പിക്കുളത്തുമെല്ലാമുള്ള കാടോരങ്ങളില്‍ കലമാനുകളെ കാണാം. ശരീരം മുഴുവന്‍ സ്വര്‍ണവര്‍ണമായ രോമങ്ങളാല്‍ അലംകൃതമായ യൗവനയുക്തരും തവിട്ടുനിറത്തിലേക്ക് നിറംമാറുന്ന പ്രായമായവരും യൗവനത്തിലേക്ക് പാദമൂന്നുന്ന ചെറുകൊമ്പുള്ള യുവാക്കളും അമ്മയും കുഞ്ഞുമടങ്ങുന്ന പെണ്‍കൂട്ടങ്ങളും ഒറ്റയാന്മാരായ വന്‍കൊമ്പന്മാരും വഴിയോരക്കാഴ്ചകളില്‍ അരങ്ങേറും!

Sambar Deer 3

പൊതുവേ, സൗമ്യശീലരായ കലമാനുകള്‍ അവയുടെ കരുത്തും ആക്രമണോത്സുകതയും പ്രകടമാക്കുക ശത്രുവിനെ നേരിടുമ്പോഴും ഇണയ്ക്കായി പൊരുതുമ്പോഴുമാണ്. മധ്യപ്രദേശിലെ ബാന്ധവ്ഗഢ് (Bandhavgarh) വനമേഖലയിലൂടെയുള്ള യാത്രയില്‍ ഒരിക്കല്‍ ഒരു കൂറ്റന്‍ കലമാന്‍ തന്നെ ആക്രമിക്കാനെത്തിയ കാട്ടുനായ്ക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കുന്നത് കാണാനായിട്ടുണ്ട്. പത്തോളം വരുന്ന കാട്ടുനായ്ക്കൂട്ടം ഒരു പ്രത്യേക പാറ്റേണ്‍ സൃഷ്ടിച്ച് കലമാനിനെ ലക്ഷ്യമിട്ട് വേട്ടയ്ക്ക് ഒരുങ്ങിത്തന്നെ വരികയായിരുന്നു. കുറച്ചകലെയായി നിലയുറപ്പിച്ച കലമാന്‍ വളരെ സൂക്ഷ്മമായി ചെവി വട്ടംപിടിച്ച് കാട്ടുനായ്ക്കൂട്ടത്തിന്റെ ചലനഗതി ശ്രദ്ധിച്ചു. ശേഷം ശിരസ്സുകുനിച്ച്, കൊമ്പുകള്‍ ശക്തമായി നിലത്തൂന്നി മണ്ണടരുകള്‍ അന്തരീക്ഷത്തില്‍ തെറിപ്പിച്ചുകൊണ്ട് കാട്ടുനായ്ക്കുട്ടത്തിന് നേരെ കുതിക്കുകയായിരുന്നു. ആ കുതിപ്പില്‍ അതിന്റെ പേശീബലവും കരുത്തും വായിച്ചെടുക്കാമായിരുന്നു. കാട്ടുനായ്ക്കുട്ടം നാലുപാടും ചിതറിയോടി വഴിപിരിഞ്ഞ് പോകുന്നതാണ് പിന്നീട് കണ്ടത്.

പൊതുവേ ഉത്തരേന്ത്യന്‍ കാടുക ളിലെ കലമാനുകള്‍ ശരീരവലുപ്പത്തിലും പേശീബലത്തിലും നമ്മുടെ കാടുകളിലെ മ്ലാവുകളെക്കാള്‍ മുന്നിലാണ്. ശത്രുവിനെ നേരിടുന്നതിനേക്കാള്‍ കരുത്തോടെയാണ് കാമ മോഹിതരായ ആണ്‍കൂട്ടങ്ങളുടെ പോരാട്ടം. ഇവയുടെ ഇണയ്ക്കു വേണ്ടിയുള്ള മത്സരപ്പോരാട്ടങ്ങളിലെ കൊമ്പുകോര്‍ക്കല്‍ ഒരിക്കല്‍ മുത്തങ്ങ വനഭൂമിയില്‍ കണ്ടിട്ടുണ്ട്. പുള്ളിമാനുകള്‍ പരസ്പരം പോരടിക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും കലമാനുകളുടെ പോരാട്ടം അപൂര്‍വവും ഭീകരവു മാണ്. കൊമ്പുകള്‍ പരസ്പരം കൂട്ടിയടിക്കുന്നതിന്റെ ശബ്ദം വളരെ ദൂരെവരെ കേള്‍ക്കാം.

Sambar Deer 4

നമ്മുടെ പശ്ചിമഘട്ട കാടിടങ്ങളെപ്പോലെതന്നെ ദക്ഷിണേഷ്യയിലെ കാടുകളിലെല്ലാം കലമാനുകളുടെ സാന്നിധ്യമുണ്ട്. നിത്യഹരിതവനങ്ങളിലും മഴക്കാടുകളിലും വരണ്ട കാലാവസ്ഥയുള്ള കാടുകളിലുമെല്ലാം മ്ലാവുകളെ കാണാമെങ്കിലും പുല്‍മേടുകളും വെള്ളക്കെട്ടുകളും നിറഞ്ഞ കാടുകളാണ് ഇവയ്ക്ക് പഥ്യം. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കലമാനിന് 100 മുതല്‍ 160 സെ.മീ. വരെ ഉയരവും, 100 മുതല്‍ 350 കിലോവരെ ഭാരവും കാണും. ആണ്‍ മ്ലാവുകള്‍ക്ക് പ്രായമാകുന്നതോടെ അവയ്ക്ക് ചന്തവും പ്രൗഢിയും വര്‍ധിക്കുന്നു. പലപ്പോഴും ശാഖകളായി പിരിയുന്ന കൊമ്പുകള്‍ക്ക് 100-110 സെ.മീ. വരെ നീളം കാണും.

പ്രായപൂര്‍ത്തിയായ ആണ്‍ കലമാനിന്റെയും ഗര്‍ഭിണികളോ പ്രായപൂര്‍ത്തിയായതോ ആയ പെണ്‍കലമാനുകളുടെയും കണ്ഠ നാളത്തിന് ഏതാണ്ട് മധ്യഭാഗത്തായി രോമരഹിതമായ, വ്രണതുല്യമായ രക്തവര്‍ണങ്ങളിലുള്ള മുറിപ്പാട് കാണാം. ഇതില്‍നിന്ന് ഒരു വെളുത്ത സ്രവം ഒലിച്ചിറങ്ങുന്നതും അത് ആഹരിക്കാനായി മൈനകള്‍ ഒപ്പം കൂടുന്നതും പതിവ് കാഴ്ചയാണ്.

Sambar Deer 5

നമ്മുടെ കാടുകളില്‍ കടുവയും പുള്ളിപ്പുലികളും കാട്ടുനായ്ക്കൂട്ടവുമാണ് കലമാനുകളുടെ ശത്രുക്കള്‍. പലപ്പോഴും ശത്രുക്കളെ പ്രത്യാക്രമണത്തിലൂടെ തുരത്തിയും ഓടിരക്ഷപ്പെട്ടും ഇവ അതിജീവിക്കുന്നു. പക്ഷേ, മനുഷ്യര്‍ മാംസത്തിനായും തുകലിനായും കൊമ്പുകള്‍ക്കായുമെല്ലാം ഇവയെ വേട്ടയാടുന്നത് പലയിടത്തും പൂര്‍ണമായും നിയന്ത്രിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇവയും വംശനാശഭീഷണിയിലാണ്.

കലമാനുകളെ ചിത്രപ്പെടുത്തുമ്പോള്‍

  • വനയാത്രകളില്‍, കലമാനുകള്‍ തല ഉയര്‍ത്തി ക്യാമറയിലേക്ക് പോസ് ചെയ്യുന്ന നിമിഷങ്ങള്‍ അപൂര്‍വമല്ല. അത്തരം മുഹൂര്‍ത്തങ്ങള്‍ പാഴാക്കാതെ പകര്‍ത്താന്‍ കഴിയണം. 
  • കലമാനുകളുടെ നാസാഗ്രത്തിലെ ഈര്‍പ്പവും കണ്ണുകളിലെ തിളക്കവും ചിത്രപ്പെടുത്താന്‍ കഴിയണം. അത്തരം ചിത്രങ്ങള്‍ക്ക് സജീവത ഏറും. 
  • മുന്‍ലക്കങ്ങളില്‍ നല്‍കിയ ഉചിതമായ ക്യാമറാ ക്രമീകരണങ്ങള്‍ പിന്‍പറ്റാവുന്നതാണ്. 
  • 100 mm 300 mm, 100-400 mm  ലെന്‍സുകള്‍ അഭികാമ്യം

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Sambar Deer, Wildlife Photography Azeez Mahe Photography