തിരൂര്‍: മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്ത് മച്ചിങ്ങപ്പാറയെന്നൊരു കൊച്ചുഗ്രാമത്തില്‍ നിന്ന് അപ്രതീക്ഷിതമായി തന്റെ 18-ാം വയസ്സില്‍ ബഹറൈനിലേക്ക് ജോലി തേടി പറന്ന സാജിത്തിന് ലോകം മുഴുവന്‍ ചില്ലിക്കാശു കൊടുക്കാതെ ലോകത്തെ ഏറ്റവും രുചിയുള്ള ഭക്ഷണം കഴിച്ച് ലോകത്തെ വി.ഐ.പികളില്‍ പലര്‍ക്കുമൊപ്പം യാത്ര ചെയ്യാനും ഇടപഴകാനും അപൂര്‍വ്വ ഭാഗ്യം ലഭിച്ചു. അഞ്ചു ലോകാത്ഭുതങ്ങള്‍ നേരിട്ട് കാണാനുള്ള സൗഭാഗ്യവും ലഭിച്ചു. ലോകത്തെ ഏറ്റവും വലിയ ആഢംബര കപ്പലുകളിലൊന്നായ ക്യൂന്‍മേരി ടുവില്‍ മലപ്പുറത്തുകാരന്‍ സാജിത്തിന് 17 വര്‍ഷം കൊണ്ടു യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിച്ചത് 119 രാജ്യങ്ങളില്‍.

ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയേയും നെല്‍സണ്‍ മണ്ടേലയേയും ജോര്‍ജ് ഡബ്ല്യു ബുഷിനേയും സൗദി ജോര്‍ഡാന്‍ രാജാവിനെയും ബേനസീര്‍ ഭൂട്ടോയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് എന്നിവരെ നേരിട്ടു കാണാനും സംസാരിക്കാനും ഭാഗ്യം തുണച്ചു.  14 തവണ ലോക പര്യടനം നടത്താന്‍ കഴിഞ്ഞു. ലോകത്തെ ആഢംബര സുഖവാസ കപ്പലുകളിലൊന്നില്‍ അഞ്ചു ഭൂഖണ്ഡങ്ങളിലൂടെയുള്ള യാത്ര. ഇതുവരെയായി  1.5 മില്യണ്‍ യാത്രക്കാര്‍ക്കൊപ്പം 32.5 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍.

sajith
 സാജിത്ത് ചൈനയുടെ വൻമതിലിനടുത്ത്

ലോകത്തെ ഏക ഓഷ്യന്‍ ലൈനറും ഏഴ് സമുദ്രങ്ങള്‍ താണ്ടാനുള്ള സാങ്കേതിക മികവുള്ളതും ഒരേ സമയം 2700 യാത്രക്കാര്‍ക്കും 1100 ജീവനക്കാര്‍ക്കും യാത്ര ചെയ്യാന്‍ കഴിയുന്നതും 1,66,000 ടണ്‍ ഭാരമുള്ളതും 2004ല്‍ 6000 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച് പുറത്തിറക്കിയതുമാണീ ആഢംബര കപ്പല്‍.  2019 ല്‍ ഈ കപ്പല്‍ അവസാനമായി കൊച്ചിയില്‍ നങ്കൂരമിട്ടിരുന്നു കോവിഡ് വഴിമുടക്കിയതോടെ കപ്പലിലുള്ള ആഢംബര യാത്ര താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.  ഒരാള്‍ക്ക് ഈ ആഢംബര കപ്പലില്‍ നാലുമാസം യാത്ര ചെയ്യാന്‍ ഒരു കോടി രൂപയോളം ചിലവു വരും.  17 നിലകളുള്ള കപ്പലില്‍ ആറു നീന്തല്‍കുളങ്ങളുണ്ട്. 

sajith
സാജിത്ത്‌ കുടുംബത്തോടൊപ്പം

കടലിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയും പ്ലാനറ്റോറിയവും ടെന്നീസ് കോര്‍ട്ടും മുന്തിയയിനം മദ്യം ലഭിക്കുന്ന 13 ബാറുകളും ഒമ്പത് സ്‌പെഷ്യാലിറ്റി റസ്റ്റോറന്റുകളും ലോക അംബര ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകളും ഷോറൂമുകളും 1200 പേര്‍ക്ക് ലൈവായി സിനിമയും നൃത്ത സംഗീത പരിപാടികളും കാണാനുള്ള തിയേറ്ററും കപ്പലിലുണ്ട്.  ലോകത്തെ വില കൂടിയ ക്യൂബന്‍ സിഗററ്റുകളും ഇതില്‍ കിട്ടും.  ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഉന്നത ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരും വന്‍ ബിസിനസുകാരും ഈ കപ്പലില്‍ യാത്രക്കാരായി ഉണ്ടാകാറുണ്ട്. 

ബ്രിട്ടണിലെ കുണാറ്ഡ് എന്ന ക്രൂസ് ലൈന്‍ കമ്പനിയുടെ കീഴിലാണ് ക്യൂന്‍മേരി ടു എന്നയീ കപ്പല്‍ പ്രവര്‍ത്തിക്കുന്നത്.  അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലോങ്ങ് ബീച്ചില്‍ ഫ്‌ലോട്ടിങ് ഹോട്ടലായി വിരമിച്ച ആഢംബര കപ്പലായ ക്യൂന്‍മേരി വണ്ണും റിട്ടയറായിദുബായിയിലെ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഫ്‌ലോട്ടിങ് ഹോട്ടലായി പ്രവര്‍ത്തിക്കുന്നുണ്ട്.  മച്ചിങ്ങപ്പാറയിലെ നീലിയാട്ട് ബീരാന്‍ കുട്ടിയുടെയും ആയിഷു തുളുനാടന്റെയും മകനാണ് നീലിയാട്ട് സാജിത്ത്.  2004 മുതല്‍ 2020 വരെ സാജിത്ത് ക്യൂന്‍മേരി ടുവെന്ന അത്യാഡംബര കപ്പലില്‍ യാത്രക്കാരുടെ ക്ഷേമ മന്വേഷിച്ച് പരിചരിക്കുന്ന ഹോസ്പിറ്റാലിറ്റി വിഭാഗം ഓഫീസറാണ്. 

sajith
സാജിത്ത് കൊളോസിയത്തില്‍

ചൈനയിലെ വന്‍മതിലും റോമിലെ കൊളോസിയവും റിയോ ഡി ജനീറോയിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റും ഈജിപ്തിലെ പിരമിഡും നോര്‍വേയിലെ ഉത്തരധ്രുവവും ആമസോണ്‍ നദിയുംകാടുകളും  അമേരിക്കയിലെ ജോണ്‍ ഓഫ് കെന്നഡി മ്യൂസിയവും ജോര്‍ഡാനിലെ പെട്രഗുഹകളും ജറുസലേക്കും മസ്ജിദുല്‍ അഹ്‌സയുമെല്ലാം കാണാന്‍ സാജിത്തിന് ഭാഗ്യം ലഭിച്ചു. ബഹറൈനില്‍ അഞ്ചു വര്‍ഷം ഷെറാട്ടോണ്‍ ഹോട്ടലില്‍ ജോലി ചെയ്ത് അവിടെ നിന്ന് ദുബായിയിലെ ഷെറാട്ടോണിന്റെ ബ്രാഞ്ചിലെത്തി മൂന്നു വര്‍ഷം ജോലി ചെയ്ത ശേഷമാണ് പത്രപരസ്യം കണ്ട് അപേക്ഷിച്ച് 2004ല്‍ സാജിത്തിന് ക്യൂന്‍മേരി ടുവെന്ന അത്യാഢംബര കപ്പലില്‍ ജോലി കിട്ടിയത്.

2004 ജനുവരിയില്‍ ദുബായിയില്‍ നിന്ന് 22 മണിക്കൂര്‍ പറന്ന്പാരീസിലും ലോസ് ഏഞ്ചലസിലുമെത്തി ജോലിക്ക് കയറിയത്.ആദ്യ യാത്ര 2200 യാത്രക്കാരുമായി ഹവായ് ദ്വീപിലേക്കായിരുന്നു. നാലു രാത്രിയും മൂന്നു പകലും നീണ്ട യാത്ര. തുടര്‍ന്ന് 2020 വരെ ജീവിതയാത്ര ഈ കപ്പലില്‍ തന്നെ കോവിഡ് കാലത്തിന് മാറ്റം വന്നതോടെ ഉടന്‍ വീണ്ടും ഈ കപ്പല്‍യാത്ര തുടങ്ങും ഇതിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നാട്ടിലുള്ള സാജിത്ത്. ആമസോണ്‍ നദിയിലൂടെയുള്ള യാത്രയും ലോകാത്ഭുതങ്ങളുടെ കാഴ്ചയും സിഡ്‌നിയിലെ ശില്‍പ്പ ഭംഗികൊണ്ട് മികവാര്‍ന്ന ഒപ്പേര ഹൗസും തന്നെ ഏറെ ആകര്‍ഷിച്ചു വെന്നും മലപ്പുറം ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് ലോകം മുഴുവന്‍ ചുറ്റാന്‍ ഭാഗ്യം ലഭിച്ചത് പടച്ചവന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നും സാജിത്ത് പറഞ്ഞു. ഭാര്യ:ഫാത്തിമ മക്കള്‍: ഇഷാം അഹമ്മദ്, നേഹ ഫാത്തിമ,ഷനില

Content Highlights; saajith got a chance to visirt 119 countries as he works in luxury ship queenmary 2