ലോകം മലയാളിയുടെ കൈക്കുള്ളിലെത്തിച്ച മാന്ത്രികന്‍. സഞ്ചാരസാഹിത്യത്തിന്റെ കുലപതി... ജ്ഞാനപീഠ ജേതാവായ ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട് എന്ന എസ്.കെ. പൊറ്റക്കാടിന്റെ 103-ാം ജന്‍മവാര്‍ഷികമാണ് ഇന്ന്. 

ലോകം ചെറുതായിവരികയാണ്. യാത്രകള്‍ ചെയ്യാന്‍ ഇന്ന് സകല സൗകര്യങ്ങളും ലഭ്യമാണ്. ദിവസങ്ങളും മാസങ്ങളുമെടുത്ത് അലഞ്ഞുതിരിഞ്ഞ് ലോകം ചുറ്റിയ പൊറ്റക്കാടിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്. 

പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്‍ എത്തിക്കാന്‍ അനശ്വരനായ ഈ സാഹിത്യകാരന് സാധിച്ചു. ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്‌കാരവുമെല്ലാം പുനരാവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

'പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലില്‍ നടക്കുന്ന ദീര്‍ഘസ്‌ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുന്‍ശുണ്ഠിക്കാരനായ കാണ്ടാമൃഗം, വേലികളില്‍ മരത്തടി നിരത്തി വച്ചതുപോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങള്‍, നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നര്‍ത്തകികളെപോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകപക്ഷികള്‍...' 

'നൈല്‍ഡയറി'യിലെ ഈ വിവരണം, കണ്‍മുന്നില്‍ തെളിഞ്ഞ കാഴ്ചകളെ, കൂടുതല്‍ മിഴിവോടെ അവതരിപ്പിക്കുകയാണ്. ഒരുപക്ഷേ സാധാരണക്കാരന്‍ നേരിട്ടുകണ്ടാലും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഈ വര്‍ണനകളിലുണ്ട്.

മലയാളത്തിലെ 'ജോണ്‍ ഗന്തര്‍' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളാണ് പൊറ്റക്കാട് നമുക്കായി സമ്മാനിച്ചത്. കാപ്പിരികളുടെ നാട്ടില്‍, ഇന്‍ഡോനീഷ്യന്‍ ഡയറി, നൈല്‍ഡയറി, ഇന്നത്തെ യൂറോപ്പ്, പാതിരാസൂര്യന്റെ നാട്ടില്‍, സോവിയറ്റ് ഡയറി, ബാലിദ്വീപ്, ബൊഹീമ്യന്‍ ചിത്രങ്ങള്‍, ഹിമാലയ സാമ്രാജ്യത്തില്‍, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ടുബുക്ക്, കയ്റോകത്തുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. 'ഒരു തെരുവിന്റെ കഥ'യ്ക്ക് 1962ലെ കേരളസാഹിത്യഅക്കാദമിപുരസ്‌ക്കാരവും 'ഒരു ദേശത്തിന്റെ കഥ'യ്ക്ക് 1973ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു. 1981ല്‍ ജ്ഞാനപീഠം പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

പുള്ളിമാന്‍, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, ഇന്ദ്രനീലം, ഹിമവാഹിനി എന്നിങ്ങനെ ഇരുപതോളം ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, കുരുമുളക് എന്നീ നോവലുകളും അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ രചനകളാണ്.