ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ഹിമവാന്റെ മടിത്തട്ടില്‍ ഉറഞ്ഞുകിടക്കുന്ന രൂപ്കുണ്ഡ് തടാകത്തിലെ ചുരുളഴിയാത്ത രഹസ്യവും തേടി 18 പേരടങ്ങുന്ന സംഘമായാണ് ഞങ്ങള്‍ പുറപ്പെട്ടത്. ശൈത്യകാലത്തിനു ശേഷവും മണ്‍സൂണിന് ശേഷവും വ്യത്യസ്ത ദൃശ്യവിരുന്നൊരുക്കുന്ന ഇവിടെ,ഞങ്ങള്‍ തിരഞ്ഞെടുത്തത് ശൈത്യകാലത്തിനു ശേഷമുള്ള കാഴ്ചകളാണ്. ഡല്‍ഹിയില്‍ വീശിയടിച്ച പൊടിക്കാറ്റും ഉത്തരേന്ത്യയിലെ മോശം കാലാവസ്ഥയും അല്പം ആശങ്കയുണ്ടാക്കിയെങ്കിലും കാലാവസ്ഥാ ദൈവങ്ങള്‍ വഴിനീളെ ഞങ്ങളെ കടാക്ഷിച്ചു. ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ വേണ്ട ഈ ട്രിപ്പിനായി മെയ് 15 നു വൈകുന്നേരം ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ കയറി രാത്രി 11 മണിയോടെ കാത്‌ഗോഡമെത്തി. ഹോട്ടലിലെത്തി വിശ്രമിച്ചശേഷം പിറ്റേന്നു രാവിലെ 6 മണിയോടെ ഞങ്ങള്‍ യാത്ര തുടങ്ങി.

Roopkund 1

റോഡ് മാര്‍ഗം എത്തിച്ചേരേണ്ട 210 കി മി അകലെയുള്ള ലോഹര്‍ജംഗ് ആണ് ലക്ഷ്യം. ആ യാത്രയില്‍ മറ്റൊരു സ്വപ്ന സങ്കേതമായ നൈനിറ്റാളിലേക്കുള്ള തിരിവും ഭിംതാള്‍ തടാകവും കണ്ടു. ഉച്ച ഭക്ഷണത്തിനായി നിര്‍ത്തിയ കസൗനി, മലഞ്ചെരിവുകളും തട്ട് തട്ടുകളായുള്ള കൃഷിപ്രദേശങ്ങളും മൂടല്‍മഞ്ഞോടു കൂടിയ തണുത്ത കാലാവസ്ഥയുള്ളതുമാണ്. ഈ സ്ഥലവും കൂര്‍ഗ് പോലെ ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. പിന്നീടങ്ങോട്ട് ഞങ്ങളെ വരവേറ്റത് വഴിയുടെ ഇരുവശവും നിര നിരയായുള്ള പൈന്‍ മരങ്ങളാണ്. റബ്ബര്‍ മരം ടാപ്പ് ചെയ്യുന്ന പോലെ ചില പൈന്‍ മരങ്ങളില്‍ നിന്നും ടാപ്പ് ചെയ്യുന്നുണ്ട്. ടര്‍പെന്റിന്‍ പോലുള്ളവ ഇങ്ങനെ ഉല്‍പ്പാദിപ്പിക്കാറുണ്ടെന്നു ഞങ്ങള്‍ ചോദിച്ചറിഞ്ഞു. വൈകുന്നേരം നാലുമണിയോടെ ലോഹര്‍ജംഗ് എത്തിയ ഞങ്ങള്‍ ട്രെക്കിങ്ങ് ഗൈഡുകളെ പരിചയപ്പെട്ടു.അവര്‍ ഞങ്ങള്‍ക്കു ആവശ്യമായ ബ്രീഫിങ്ങും നിര്‍ദേശങ്ങളും നല്‍കി.ഓരോരുത്തരോടും ആരോഗ്യ വിവരങ്ങള്‍ തിരക്കിയ ശേഷം ഞങ്ങള്‍ കരുതിയ മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റ്സ് അവര്‍ വാങ്ങി. യാത്രയില്‍ പാക്ക് ചെയ്യാനുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനോ റെന്റിനെടുക്കാനോ ഉള്ള അവസാന പോയിന്റ് ആണിത്. രാത്രിയില്‍ ശക്തമായ കാറ്റിന്റെയും മഴയുടെയും തണുപ്പിന്റെയും അകമ്പടിയോടെയാണ് ഞങ്ങള്‍ ഉറങ്ങിയത്.

ഇവിടെ മുതല്‍ ഇനിയങ്ങോട്ട് അഞ്ച് മണിക്ക് സൂര്യനുദിക്കും. അതിനാല്‍ നേരത്തെയുണര്‍ന്നു എല്ലാവരും ട്രെക്കിങ്ങിനു റെഡിയായി. ചിലര്‍ വലിയ ബാക്ക്പാക്ക് പോണിയില്‍ കയറ്റി വിട്ടു അവശ്യസാധനങ്ങള്‍ ചെറിയ ബാഗില്‍ കയ്യിലെടുത്തപ്പോള്‍ മറ്റു ചിലര്‍ ബാക്ക്പാക്കുമായിറങ്ങി. ഏകദേശം 10 കി മി ദൂരെയുള്ള ഡിഡ്‌ന ഗ്രാമം ആണ് ഞങ്ങളുടെ ലക്ഷ്യം. ആദ്യ കുറച്ചു ദൂരം റോഡ് വഴിയാണ് നടത്തം. പിന്നീട് നല്ലൊരു ഇറക്കം ഇറങ്ങണം. റോഡ് സൈഡില്‍ കോണ്‍ക്രീറ്റ് വീടുകള്‍ കാണാമെങ്കിലും പിന്നീട് അങ്ങോട്ട് നിര്‍മാണ ശൈലി മാറും. നമ്മുടെ വിറകുപുര പോലെ സാധനങ്ങള്‍ സംഭരിക്കാനും സൂക്ഷിക്കാനും അവര്‍ കെട്ടിയേക്കുന്ന കല്ലും തടിയും കൊണ്ടുള്ള കുടിലുകള്‍ ഒരു കാഴ്ചയാണ്. കയറ്റിറക്കങ്ങള്‍ മാറി മാറി വന്നു. ഇടയ്ക്കു മലയിടുക്കില്‍ നമ്മുടെ പെട്ടിക്കട പോലെ ഓരോന്ന് കാണാം. ട്രെക്കിങ്ങ് തുടങ്ങിയപ്പോ മുതല്‍ നല്ല കനത്തില്‍ കറുത്ത രോമങ്ങള്‍ ഉള്ള നായ ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. ഒരു ഗൈഡ് പറഞ്ഞത് അവന്‍ നമ്മളെ രൂപ്കുണ്ഡ് വരെ പിന്തുടരും എന്നാണ്. ഉച്ചയോടെ ഡിഡ്‌ന ഗ്രാമത്തിലെത്തിയ ഞങ്ങള്‍ക്കു ഹിമാലയന്‍ പുഷ്പമായ റോഡോഡെന്‍ഡ്രോണിന്റെ ജ്യൂസും കിട്ടി. പൂവിന്റെ കടും പിങ്ക് നിറത്തിലുള്ള തരക്കേടില്ലാത്ത ജ്യൂസ്. തലേന്ന് മുതല്‍ കിട്ടിത്തുടങ്ങിയ റൈസും റൊട്ടിയും ദാലും പച്ചക്കറിയും അച്ചാറുമാണ് ഇനിയങ്ങോട്ടു ദേശിയ ഭക്ഷണം. വൈകുന്നേരത്തെ അക്ലൈമറ്റൈസേഷന്‍ വാക്കിനു ശേഷം വീണ്ടും ഒരു മഴയുടെ അകമ്പടിയോടെയാണ് ഉറക്കം.

Roopkund 2

പിറ്റേന്ന് രാവിലെ ഡിഡ്‌നയോട് വിടപറയും മുമ്പേ വീടുകളില്‍ വിളിച്ചു ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കു വെച്ചു. ഇനിയങ്ങോട്ടു മൊബൈല്‍ റേഞ്ച് പ്രതീക്ഷിക്കാനാവില്ല. പായ്ക്കു ചെയ്‌തെടുത്ത ലഞ്ചുമായി പുറപ്പെട്ട ഞങ്ങള്‍ക്കു താണ്ടാനുള്ള ദൂരം 12 കി മി ആണ്. മരങ്ങള്‍ക്കിടയിലൂടെ നല്ലൊരു കയറ്റം കയറി ഞങ്ങള്‍ നടത്തം ആരംഭിച്ചു. കൂടുതലും റോഡോഡെന്‍ഡ്രോണ്‍ മരങ്ങളാണ്. ലൈറ്റ് പിങ്ക് മുതല്‍ കടും പിങ്ക് വരെയുള്ള ഷേഡ്കളില്‍ ഉള്ള റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍. ചില പടുകൂറ്റന്‍ മരങ്ങള്‍ നീളത്തിലങ്ങു പൊങ്ങിയിട്ട് തടിയോടു ചേര്‍ന്ന് മാത്രം ഇലയുമായി നില്‍ക്കുന്നു. പതിയെ പതിയെ മരങ്ങളുടെ എണ്ണം കുറഞ്ഞു വരികയും പുല്‍മേടുകള്‍ കണ്ടു തുടങ്ങുകയും ചെയ്തു. ഇനിയങ്ങോട് നടന്നു കയറുന്നത് ഏഷ്യയിലെ ഏറ്റവും വലിയ പുല്‍മേട്ടിലേക്കാണ്. അലി ബുഗ്യാലും ബേദ്‌നി ബുഗ്യാലും. സമുദ്രനിരപ്പില്‍ നിന്നും 11000 അടി പിന്നിട്ടു കഴിഞ്ഞു. അലി ബുഗ്യാലില്‍ ലഞ്ച് കഴിച്ച ശേഷം നടന്നു തുടങ്ങിയ ഞങ്ങള്‍ക്ക് കിതപ്പ് കൂടുന്നതായി അനുഭവപ്പെട്ടു. മരങ്ങളുടെ അഭാവം കാരണം ഓക്‌സിജന്റെ കുറവുണ്ടെന്നും ഇനിയങ്ങോട്ട് അത് പ്രതീക്ഷിക്കണമെന്നും ഉള്ള സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഗൈഡ്‌സിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ ഇടക്കിടെ വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. പിന്നെയും മുന്നോട്ടു നടന്ന ഞങ്ങള്‍ പുല്‍മേടുകള്‍ക്കിടയിലൂടെ തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന മഞ്ഞു മലകള്‍ കണ്ടു തുടങ്ങി. ലോഹര്‍ജംഗ് മുതല്‍ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങളെ നോക്കികൊണ്ടിരുന്ന മൗണ്ട് തൃശൂലും നന്ദ ഘുണ്ടിയും ഒളിമറ മാറ്റി ദര്‍ശനം തന്നു തുടങ്ങി.

Roopkund 3നടന്നു ക്ഷീണിച്ചെങ്കിലും അതി സുന്ദരമായ പുല്‍മേടുകള്‍ ക്ഷീണത്തെ പമ്പ കടത്തി. ക്യാമ്പിംഗ് സൈറ്റ് ആയ ബേദനി ബുഗ്യാലുമുതല്‍ രണ്ടു ദിവസത്തേക്കു ടെന്റ് വാസമാണ്. ഇവിടം മുതല്‍ ഞങ്ങളുടെ ഓക്‌സിജന്റെ ലെവല്‍ മെഷര്‍ ചെയ്തു കൊണ്ടിരുന്നു. 85 ആണ് സുഗമമായ ട്രെക്കിങ്ങിനു വേണ്ടത്. റീഡിങ് കുറഞ്ഞവരോട് വെള്ളം കുടി കൂടാനും ഗൈഡ്‌സ് നിര്‍ദേശം നല്‍കി. അര്‍ദ്ധ രാത്രിയില്‍ മൂത്രശങ്ക തോന്നിയവരെ ഭാഗ്യവാന്മാര്‍ എന്നു വിളിപ്പിക്കത്തക്കവണ്ണം അത്യുഗ്യമായ കാഴ്ചയാണ് മാനം ഒരുക്കിവച്ചിരുന്നത് .ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്കു മുകളില്‍ അനന്തമായി കിടക്കുന്ന ആകാശവും മാനം നിറയെ നക്ഷത്രങ്ങളും. ഇത്രയും ഭംഗിയുള്ള കാഴ്ച മതിവരുവോളം ആസ്വദിക്കണം എന്നുണ്ടെങ്കിലും കുത്തിയിറങ്ങുന്ന തണുപ്പും ചെറു കാറ്റും അതിനു സമ്മതിച്ചില്ല. അനാരോഗ്യം നിമിത്തം നാലു പേര്‍ പിന്മാറിയപ്പോള്‍ 14 പേരുമായി പിറ്റേന്നു യാത്ര തുടര്‍ന്ന ഞങ്ങള്‍ക്ക് പുല്‍മേടുകളുടെ സൗന്ദര്യം എത്ര ആസ്വദിച്ചിട്ടും മതിയാവുന്നുണ്ടായിരുന്നില്ല. കുറച്ചു നടന്നു നീങ്ങിയപ്പോളാണ് ബേദനി കുണ്ഡ് എന്ന ജലസംഭരണിയും അതിനോട് ചേര്‍ന്നുള്ള അമ്പലവും ദൃശ്യമായത്. പച്ച നിറത്തിലുള്ള പുല്‍മേടുകള്‍ മാത്രമല്ല ഇവിടെയുള്ളത്, ഇരുണ്ട നിറത്തില്‍ ഉള്ള പുല്‍മേടുകളും ഉണ്ട് കൂട്ടത്തില്‍. അതിലാണ് ചെറിയ മഞ്ഞയും വെള്ളയും വയലറ്റും നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. ഇലകളുടെ പത്തിരട്ടി വലിപ്പമുണ്ട് നിലത്തോട് ചേര്‍ന്ന് കിടക്കുന്ന പൂവുകള്‍ക്ക്.

Roopkund 4

കുന്നുകളുടെ നെടുകെ വരയിട്ടത് പോലുള്ള ട്രെയ്ല്‍സ് നോക്കി ഞങ്ങള്‍ നടന്നു. ട്രെക്കിങ്ങ് പോളിലെ ദ്വാരങ്ങളിലൂടെ കയറിയ കാറ്റ് മുളങ്കുഴലൂതുന്ന പോലെ സുന്ദരമായ ശബ്ദവും പുറപ്പെടുവിച്ചു. അങ്ങനെ മ്യൂസിക്കിന്റെ അകമ്പടിയോടെ നടന്നു നീങ്ങിയ ഞങ്ങളുടെ മുന്നില്‍ പതിയെ പുല്‌മേടുകളുടെ ഇടയില്‍ ചെറിയ പാറക്കല്ലുകളും ദൃശ്യമായി. പോകും വഴി സാധനങ്ങളും പേറി മ്യൂളുകളും ഞങ്ങളെ കടന്നു പോയി. ഘോട ലൗട്‌ന എന്ന വിശ്രമ സങ്കേതത്തില്‍ ഏതാനും നിമിഷങ്ങള്‍ ക്ഷീണം തീര്‍ത്ത ശേഷം ഞങ്ങള്‍ പത്ഥര്‍ നാച്ചുനി അഥവാ ഡാന്‍സിങ് സ്റ്റോണ്‍സ് ലക്ഷ്യമാക്കി നടന്നു. ഏകദേശം 4-5 കി മി അകലെയുള്ള അവിടെ എത്തിയപ്പോളേക്കും തളര്‍ന്നിരുന്നു. ഇവിടെ കാണപ്പെടുന്ന പാറക്കെട്ടുകളും കല്ലുകളും ആണ് സ്ഥലത്തിന്റെ പേരിനു പിന്നിലെന്ന് കരുതിയെങ്കിലും മറ്റൊരു ഐതിഹ്യമാണ് ഗൈഡ് പറഞ്ഞത്. പത്ഥര്‍ നാച്ചുനിയില്‍ നിന്നും ലഞ്ചിനു ശേഷം പുറപ്പെട്ട ഞങ്ങളെ കാത്തു സിഗ് സാഗ് പോലുള്ള കുത്തനെയുള്ള കയറ്റമാണുള്ളത്. പെട്ടെന്നു തന്നെ നടക്കാന്‍ ഇറങ്ങിയ ഞങ്ങളെ വരവേറ്റത് സന്തോഷകരമായ വാര്‍ത്തയാണ്. അന്ന് രാവിലെ മറ്റൊരു ട്രെക്കിങ്ങ് ഗ്രൂപ്പിലെ രണ്ടു ബാച്ച് നു വിജയകരമായി രൂപ്കുണ്ഡ് കയറാന്‍ പറ്റിയിരിക്കുന്നു. ഈ വര്‍ഷം ഇതിനു മുന്‍പ് വരെ വിദേശീയരായ രണ്ടു മൗണ്ടൈനീര്‍സീനും ഒരു നായയ്ക്കുമാണ് രൂപ്കുണ്ഡ് എത്താന്‍ പറ്റിയിട്ടുള്ളത്. പറ്റുന്നിടത്തോളം പോയിട്ടുവരാം എന്നു കരുതി യാത്ര തുടങ്ങിയ ഞങ്ങള്‍ക്ക് ഈ വാര്‍ത്ത പുത്തനുണര്‍വ്വേകി.

Roopkund 5

മടക്ക യാത്രയില്‍ ആയിരുന്ന ആ സംഘാംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു ഞങ്ങളെ യാത്രയാക്കി.അതി കഠിനമായ 3-4 മണിക്കൂര്‍ മണിക്കൂര്‍ നീണ്ട കയറ്റങ്ങള്‍ക്കൊടുവില്‍ എത്തേണ്ട കാലു വിനായക് ക്ഷേത്രം 14000 അടി മുകളില്‍ ആണ്. ഇവിടെ ഓരോ കുന്നിനും മലനിരകള്‍ക്കും പുല്‍മേട്ടിനും അമ്പലങ്ങള്‍ക്കും ഒന്നോ അതിലധികമോ കഥകളും കെട്ടുകഥകളും പറയാനുണ്ട്. കാലു വിനായകിന് ശേഷം മഞ്ഞ് ആരംഭിക്കുകയായി. ഗൈഡുമാര്‍ പറഞ്ഞു തന്ന പോലെ കാലിന്റെ വശങ്ങള്‍ ആദ്യം മഞ്ഞില്‍ ഉറപ്പിച്ചു ഞങ്ങള്‍ നടന്നു. ഉരുകിത്തുടങ്ങിയ മഞ്ഞില്‍ വീഴാതെയും താഴാതെയും ബേസ് ക്യാമ്പായ ഭഗ്വഭാസയില്‍ ഞങ്ങളെത്തി. മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ടു കുറച്ചു ടെന്റുകള്‍. കയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു. രാത്രി ഭക്ഷണത്തിനു പുറത്തെത്തിയപ്പോള്‍ ചെറിയ തോതില്‍ മഞ്ഞു പൊടിയുന്നുണ്ടായിരുന്നു. പിറ്റേന്ന് രൂപ്കുണ്ഡ് കയറേണ്ടുന്ന ഞങ്ങളുടെ ഓക്‌സിജന്റെ ലെവല്‍ ഇടക്കിടെ ചെക്ക് ചെയ്തു കൊണ്ടിരുന്നു. ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരുടെയും ലെവല്‍ 85- ല്‍ താഴെ എത്തിയിരുന്നു. വെള്ളം കുടിച്ചു കൊണ്ടേ ഇരിക്കാനായിരുന്നു ഗൈഡിന്റെ നിര്‍ദേശം. രാത്രിയില്‍ അതി ശക്തമായ തണുപ്പും ഇടക്ക് ടെന്റിനെ ഇളക്കി മറിക്കുന്ന കാറ്റും ഉണ്ടായി. അര്‍ദ്ധരാത്രിയിലെ ആകാശം അന്ന് രാത്രിയും വിസ്മയ കാഴ്ചകള്‍ ഒരുക്കിയിരുന്നു.

Roopkund 6

സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുന്നതിന്റെ തലേന്ന് രാത്രിയിലെ മോശം കാലാവസ്ഥ വീണ്ടും അങ്കലാപ്പുണ്ടാക്കിയെങ്കിലും പുലര്‍ച്ചെ 2 മണിക്ക് അലാം വെച്ചു ഞങ്ങള്‍ ഉറങ്ങി. കഠിനമായ തണുപ്പും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും രൂപ്കുണ്ഡ് കയറേണ്ട എന്ന തീരുമാനത്തിലേക്ക് പലരെയും എത്തിച്ചു. ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ കാള്‍ ഫോര്‍ രൂപ്കുണ്ഡ് എന്ന വിളി കേട്ട് ഞെട്ടി ഉണര്‍ന്ന ഞാന്‍, അതിര്‍ത്തി കാക്കാന്‍ തയ്യാറെടുക്കുന്ന ഭടനെ പോലെ അത്യാവശ്യം പാക്കിങ് നടത്തി വേഗം ടെന്റിനു പുറത്തെത്തിയപ്പോളാണ് മറ്റൊരു ട്രെക്കിങ്ങ് ഗ്രൂപ്പിന്റെ വേക് അപ്പ് കാള്‍ ആയിരുന്നു എന്നു മനസിലാക്കിയത്. സമയം കളയാതെ കുറച്ചു വെള്ളം കുടിച്ചു ഓക്‌സിജന്റെ ലെവല്‍ അപ്പ് ആക്കാനുള്ള എന്റെ ശ്രമം പാഴായില്ല. തലേന്ന് 85 നു താഴെ പോയ ഓക്‌സിജന്റെ ലെവല്‍ 99 കാണിക്കുന്നു. 2:30 നു രൂപ്കുണ്ഡ് കയറാന്‍ തയ്യാറായി വന്ന ഞങ്ങളില്‍ ചിലര്‍ ഗൈഡുകളുടെ സഹായത്തോടെ ക്രംപോണ്‍സ് കെട്ടി തുടങ്ങി. അവശ്യമായ ഓക്‌സിജന്‍ ലെവെലിന്റെ അഭാവത്തില്‍ രൂപ്കുണ്ഡ് കീഴക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മാത്രം തയ്യാറായി വന്നവരുമുണ്ട് കൂട്ടത്തില്‍. ഷൂവിന് പുറത്തൂടെ ഘടിപ്പിക്കുന്ന മെറ്റല്‍ ചെയിനും മെറ്റല്‍ കൊണ്ട് തന്നെയുള്ള കൂര്‍ത്ത അഗ്രങ്ങളും ഉള്ള ക്രംപോണ്‍സ് മഞ്ഞിലൂടെയുള്ള നടത്തം സുഗമമാക്കും. മൂന്ന് മണിക്ക് ചെറിയൊരു ബ്രേക്ഫാസ്റ്റും കഴിച്ചു ടോര്‍ച്ചും തെളിച്ചു ഞങ്ങള്‍ പോകാന്‍ തയ്യാറായി.

ഗൈഡുകളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചു വേണം ഓരോ അടിയും വെക്കാന്‍. തൊട്ടു മുന്‍പില്‍ പോയ ടീമിന്റെ കാലടിപ്പാടുകള്‍ വളരെ ഉപകാരപ്രദമാണ്. അധികം ആഴത്തിലല്ലാതെയുള്ള കാലടികളെ സംശയിക്കേണ്ടതില്ല. സംശയം തോന്നുകയാണെങ്കില്‍ ട്രെക്കിങ്ങ് പോള്‍ കുത്തി ആഴ്ന്നിറങ്ങുമോ എന്നു നോക്കുക. ഏകദേശം ഒരു മണിക്കൂര്‍ ട്രെക്കിങ്ങ് കഴിഞ്ഞപ്പോള്‍ ടോര്‍ച്ചിന്റെ ആവശ്യം വേണ്ടി വന്നില്ല. തൊട്ടു മുന്നില്‍ പുറപ്പെട്ട ട്രെക്കിങ്ങ് ഗ്രൂപ്പിന്റെ സ്ഥാനം നോക്കി ഇനിയും എത്ര ദൂരം എന്നു ഞങ്ങള്‍ കണക്കു കൂടിക്കൊണ്ടിരുന്നു. ക്രംപോണ്‍സ് തമ്മില്‍ ഉടക്കിയതിനാല്‍ എനിക്ക് പലപ്പോഴും മഞ്ഞില്‍ ഇരുന്നു പോകേണ്ടി വരികയും അത് മൊത്തത്തില്‍ നടപ്പിനെ ബാധിക്കുകയും ചെയ്തു.അപകടകരമായ വീഴ്ചകള്‍ ഒന്നും ആര്‍ക്കും സംഭവിച്ചില്ല. കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുമ്പോള്‍ ഇടക്ക് തളര്‍ച്ചയും ശര്‍ദ്ദിക്കാനുള്ള തോന്നലും ഉണ്ടായിത്തുടങ്ങി. ചുറ്റും മഞ്ഞു മലകള്‍ അല്ലാതെ ഒന്നുമില്ല. ബേസ് ക്യാമ്പിന്റെ പൊടി പോലും ഇല്ല. മുന്‍പില്‍ പോയ ടീം കൊടുമുടി കീഴടക്കിയതിന്റെ ആരവങ്ങള്‍ അകലെ കേള്‍ക്കാം. ഞങ്ങളുടെ വശങ്ങളിലായി നിന്ന് നയിക്കുന്ന ഗൈഡുകളും ഇടക്കു മുഴങ്ങുന്ന ക്രംപോണ്‍സിന്റെ കിലുക്കവും ഒറ്റ വരിയായ് മാര്‍ച്ച് ഫാസ്റ്റ് പോലുള്ള ഞങ്ങളുടെ നടത്തവും ദൂരെ നിന്ന് നോക്കുന്ന ഒരാളില്‍ ഹോളിവുഡ് സിനിമകളില്‍ അടിമകളെ കൊണ്ടുപോകുന്ന പ്രതീതി ഉണ്ടാക്കും.

Roopkund 7

ലക്ഷ്യ സ്ഥാനം മാത്രം ഉറപ്പിച്ചു ഒരു വിധം അവസാന കയറ്റം എത്തിയപ്പോ ഒരടി കൂടി മുന്നോട്ടു വെക്കാന്‍ പറ്റാത്ത വിധം ഞങ്ങള്‍ തളര്‍ന്നിരുന്നു. എങ്കിലും ഒരു മഞ്ഞു മറയ്ക്കു ശേഷം അനാവരണം ചെയ്യപ്പെടാന്‍ പോകുന്ന തടാകം ഞങ്ങളെ മുകളിലെത്തിച്ചു. കണ്‍ നിറയെ മുന്നിലെ കാഴ്ച ഒപ്പിയെടുത്ത ശേഷം ഞങ്ങള്‍ പരസ്പരം പുണര്‍ന്നു.മുകളില്‍ തെളിഞ്ഞ നീലാകാശം. താഴെ കല്ലിന്റെ കറുപ്പും മഞ്ഞിന്റെ വെളുപ്പും ഇടകലര്‍ന്ന മലനിരകള്‍. അതിന്റെ ഒത്ത നടുക്ക് ചെങ്കുത്തായ ഇറക്കത്തിന് നടുവില്‍ തണുത്തുറഞ്ഞ ഇളം നീല നിറത്തില്‍ രൂപ്കുണ്ഡ് തടാകം. പല ചിത്രങ്ങളിലും ഹൃദയാകൃതി തോന്നിച്ചിട്ടുണ്ടെകിലും ഓവല്‍ ഷേപ്പ് ആണ് എനിക്ക് തോന്നിയത്. മടിത്തട്ടിലൊളിപ്പിച്ച എന്ന പദപ്രയോഗം അന്വര്‍ഥമാക്കും വിധമാണാക്കിടപ്പ്. ഈ സീസണില്‍ രഹസ്യങ്ങള്‍ പേറുന്ന അസ്ഥികൂടങ്ങള്‍ കാണാന്‍ പറ്റില്ല. ഒന്‍പതാം നൂറ്റാണ്ടില്‍ കനത്ത മഞ്ഞു വീഴ്ചയും കല്‍മാരിയും കാരണം ഇവിടെ മരണമടഞ്ഞ നൂറു കണക്കിനാളുകളുടെ അസ്ഥികൂടങ്ങള്‍ തടാകത്തോട് ചേര്‍ന്ന് മഞ്ഞിനടിയിലുണ്ട്. മണ്‍സൂണ്‍ കഴിഞ്ഞു വരുന്നവര്‍ക്ക് ഇത് ദൃശ്യമാകും. അവര്‍ ആര്, എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നതൊക്കെ നിഗൂഢതയാണ്. പല കെട്ടുകഥകളും ഇതിനെ ചുറ്റി പറ്റി പറയപ്പെടുന്നുണ്ട്. നന്ദാദേവി ദര്‍ശനത്തിനു പോയ ജസ്ഥാവള്‍ രാജാവും കുടുംബവും സേവകരും കുറച്ചു നര്‍ത്തകരും ആണിതെന്നും നര്‍ത്തകരെ മുതലെടുത്ത രാജാവിനു കിട്ടിയ ശിക്ഷ ആണെന്നും ഒരു കഥയുണ്ട്. ഒരു കുടുംബവും ഉയരക്കുറവുള്ള മറ്റൊരു ജനതയും അതായതു മിക്കവാറും ഇവിടുത്തെ ലോക്കല്‍ ജനങ്ങളും ആണിതെന്നു അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അസ്ഥികൂടങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കണ്ടത് മനോഹരം എന്നു ആശ്വസിച്ചു.

ഫോട്ടോ എടുക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ഈ തണുപ്പത്തു ഗ്ലൗസ് ഊരുന്ന കാര്യം ആലോചിച്ചപ്പോ അത്യാവശ്യത്തിനു മാത്രം ചിത്രങ്ങളെടുത്തു തൃപ്തിപ്പെടാന്‍ തീരുമാനിച്ചു. ഏകദേശം അരമണിക്കൂര്‍ അവിടെ ചിലവിട്ട ശേഷം ഞങ്ങള്‍ തിരിച്ചു ഇറങ്ങിത്തുടങ്ങി. വെയില്‍ വന്നു മഞ്ഞുരുകാന്‍ തുടങ്ങിയാല്‍ തിരിച്ചിറങ്ങല്‍ അപകടം ആണ്. നമ്മുടെ കാലടികള്‍ മഞ്ഞില്‍ ആഴത്തില്‍ പതിഞ്ഞു തുടങ്ങും. ഒരു പക്ഷെ വലിച്ചു പൊന്താന്‍ ആവാത്തത്ര ആഴത്തില്‍. കൂടാതെ വഴുക്കലും. തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങള്‍ സേഫായ സ്ഥലത്തൂടെ ആണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തി ഗൈഡുകള്‍ മഞ്ഞിലൂടെ ഊര്‍ന്നിറങ്ങി. കുറെയധികം ദൂരം ഊര്‍ന്നു പോയ ശേഷം അവരുടെ പോള്‍ മഞ്ഞില്‍ കുത്തി ബ്രേക്കിട്ടു നില്‍ക്കും. ആ പോക്കു കണ്ടു ഏവരും കൊതിച്ചെങ്കിലും ആ സമയമൊരു സാഹസത്തിനു ആരും മുതിര്‍ന്നില്ല. ഉച്ചയോടെ ദൗത്യം പൂര്‍ത്തിയാക്കി ഞങ്ങള്‍ താഴെ എത്തി. എല്ലാവരുമൊത്തു ലഞ്ചിനു ശേഷം ഭഗ്വഭാസയില്‍ നിന്നും അന്നത്തെ ക്യാമ്പ് സൈറ്റായ ആയ പത്ഥര്‍ നാച്ചുനിയിലേക്ക് പുറപ്പെട്ടു. രാവിലത്തെ ട്രെക്കിങ്ങിന്റെ ക്ഷീണവും പേറി നടന്ന ഞങ്ങള്‍ എങ്ങനെയെങ്കിലും ക്യാമ്പ് സൈറ്റ് എത്തിയ മതിയെന്ന അവസ്ഥയിലായി. ഇങ്ങോട്ടു കയറിവന്ന സിഗ് സാഗ് പോലുള്ള കയറ്റം തിരിച്ചിറങ്ങണം എന്നാലോചിച്ചപ്പോ ഉരുണ്ടിറങ്ങിയാലോന്നുവരെ ഞാനുള്‍പ്പെടെ പലരും ആലോചിച്ചു. അപ്പൊ പിന്നെ സലിം കുമാര്‍ കുട്ട ഫിറ്റ് ചെയ്തു നടന്ന പോലെ നടക്കാമെന്നു ബാക്കിയുള്ളവര്‍ പറഞ്ഞപ്പോ ആ മോഹം തന്നെ ഞങ്ങള്‍ ഉപേക്ഷിച്ചു.

വളരെയധികം സമയമെടുത്ത് തിരിച്ചിറങ്ങി പത്ഥര്‍ നാച്ചുനി അടുക്കാറായപ്പോള്‍ ശക്തമായ കാറ്റാണ് ചിലയിടങ്ങളില്‍ വരവേറ്റത്. നാളെ മുതല്‍ പഴയ ജീവിതത്തിലേക്ക് മടങ്ങാം എന്ന ചിന്ത സന്തോഷം തന്നു. അന്നത്തെ അവസാന ടെന്റ് വാസത്തിനു ശേഷം പിറ്റേന്നു രാവിലെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. അന്നാണ് സാധാരണ ജീവിവത്തിലേക്കുള്ള മടക്കം. കിടക്കാന്‍ കട്ടിലും കുളിക്കാന്‍ വെള്ളവും തോണ്ടിയിരിക്കാന്‍ മൊബൈല്‍ സിഗ്‌നലും കിട്ടുന്ന സുദിനം. പക്ഷെ താഴെ എത്താനുള്ള നടത്തത്തെ മാത്രം ഓര്‍ക്കുക വയ്യ. ഇതുവരെയുള്ള ട്രെക്കിങ്ങില്‍ ഏറ്റവുമധികം ദൂരം താണ്ടേണ്ടത് ഇന്നാണ്. ഏകദേശം 15 കി മി. പത്ഥര്‍ നാച്ചുനില്‍ നിന്നും ബേദനി ബുഗ്യാലുവരെയുള്ള നടത്തം പരിചിതമാണ്. ഒരിക്കല്‍ കൂടി പുല്‍മേടുകള്‍ കണ്ടു രസിച്ചു ഞങ്ങള്‍ ബേദനി ബുഗ്യാലില്‍ എത്തി. അവിടെ നിന്നും റൂട്ട് മാറും. ഇനി കിലോമീറ്ററുകളോളം കുത്തനെ ഇറക്കങ്ങള്‍ ആണ്. ചെറിയ കരിങ്കല്ല് കൊണ്ട് അണ്‍ ഈവന്‍ ആയി പാകിയ വഴികള്‍. മണ്ണ് കൂടി പൊതിഞ്ഞതിനാല്‍ തെന്നാനുള്ള നല്ല സാധ്യത ഉണ്ട്. ആദ്യമൊക്കെ തരക്കേടില്ലാത്ത വിധം ഇറങ്ങാന്‍ പറ്റിയെങ്കിലും ഇതുവരെ സന്തത സഹചാരിയായ ഷൂ പോലും ട്രെക്കിങ്ങ് മടുത്തു തുടങ്ങിയിരുന്നു. ഇറക്കത്തില്‍ കാലിന്റെ മുന്‍വിരലുകള്‍ ഷൂവില്‍ കൊണ്ട് വേദനിച്ചു. ഷൂ ന്റെ അടിഭാഗം കരിങ്കല്ലില്‍ കൊള്ളുമ്പോളും വേദന. വേദന കടിച്ചു പിടിച്ചു ഇറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ഉരുണ്ടിറങ്ങുന്ന ഓപ്ഷനെ പറ്റി ഞങ്ങള്‍ ആലോചിച്ചു. സലിം കുമാറിനെയും വീണ്ടും സ്മരിച്ചു.

നടപ്പു വളരെയധികം സ്ലോ ആയപ്പോള്‍ ട്രെക്കിങ്ങിലെ സ്വീപ്പര്‍ റോള്‍ ഏറ്റെടുത്തു സജ്ന ഞങ്ങളുടെ ഒപ്പം കൂടി. ഇടക്കിടെ ഞങ്ങളെ കടന്നു പോകുന്ന മ്യുളുകള്‍ക്ക് വഴി മാറി കൊടുക്കേണ്ടതായും വന്നു. മ്യുളുകള്‍ എതിരെ വന്നാല്‍ ഒല്‍വേസ് കീപ് മൗണ്ടൈന്‍ സൈഡ് എന്ന നിര്‍ദേശം ട്രെക്കിങ്ങിനു മുന്നേ കിട്ടിയിരുന്നു. അടുത്ത ലക്ഷ്യ സ്ഥാനം ആയ നീല്‍ ഗംഗ താഴെ കൂടി ഒഴുകുന്ന ശബ്ദം കേട്ട് തുടങ്ങി എന്നു പറഞ്ഞു സജ്ന നടക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അതിനിടെ മൊബൈല്‍ സിഗ്നല്‍ ഇടക്കിടെ കിട്ടി തുടങ്ങി. പിന്നെയും ഒന്ന് രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണു താഴെ എത്താന്‍ സാധിച്ചത്. പച്ചയും നീലയും കലര്‍ന്ന നിറത്തോടെയുള്ള ഒരു അരുവി. അതിലെ പായലും കല്ലുകളും ചേര്‍ന്നാണ് ആ നിറം നല്‍കുന്നത്. നല്ല തണുപ്പുള്ള ആ വെള്ളത്തില്‍ കാലൊക്കെ നനച്ചു ലഞ്ചിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇതിനിടയില്‍ പ്രീത ചേച്ചിയുടെ മൊബൈല്‍ കാണാതാവുകയും അവസാനം കയ്യിലെടുത്ത സ്ഥാനം കൃത്യമായി ഓര്‍ത്തെടുത്ത ചേച്ചി കുറച്ചു ദൂരം പിറകിലക്കു നടന്നു ഫോണ്‍ കണ്ടെത്തുകയും ചെയ്തു.

Roopkund 8

ആ സന്തോഷത്തില്‍ യാത്ര തുടര്‍ന്ന ഞങ്ങള്‍ക്കു മുന്നില്‍ കയറ്റങ്ങളും ഇറക്കങ്ങളും വിരി മാറു വിരിച്ചു നിന്നു.മൊബൈല്‍ റേഞ്ച് കിട്ടിത്തുടങ്ങിയതിനാല്‍ എല്ലാവരും വീട്ടില്‍ വിളിച്ചു തുടങ്ങി. ഞാനും വീട്ടില്‍ വിളിച്ചു. ആധിയോടെ കാള്‍ വെയിറ്റ് ചെയ്തിരുന്ന അമ്മയ്ക്കും സഹോദരനും സമാധാനം. അവരും സുഖമായിരിക്കുന്നതിനാല്‍ എനിക്കും സമാധാനം. വീട്ടില്‍ വിളിച്ചു സംസാരിച്ചതിന്റെ ഉണര്‍വില്‍ ഞങ്ങള്‍ വീണ്ടും നടന്നു തുടങ്ങി. പോകും വഴി അടുത്തൊരു ഗ്രാമത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് വീടുകള്‍ ദൃശ്യമായി തുടങ്ങി. സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുന്ന നിരവധി കുട്ടികളെ ഞങ്ങള്‍ വഴിക്കു കണ്ടു. അവര്‍ ഓരോരുത്തരും ഞങ്ങള്‍ ഓരോരുത്തര്‍ക്കും കൈകള്‍ കൂപ്പി നമസ്തെ ചൊല്ലി. ഞങ്ങള്‍ തിരിച്ചും. വാന്‍ ഗ്രാമത്തിലേക്ക് കേറും വഴി ഒരു പടുകൂറ്റന്‍ ദേവദാരു വൃക്ഷവും കണ്ടു. അവിടെ നിന്നും റോഡ് മാര്‍ഗം ഞങ്ങള്‍ ലോഹര്‍ജംഗില്‍ എത്തി.പോരും വഴി ഞങ്ങളെ യാത്രയയക്കാന്‍ ത്രിശൂല്‍ കൊടുമുടി അസ്തമയ സൂര്യന്റെ കിരണങ്ങളും പേറി സ്വര്‍ണ വര്‍ണത്തില്‍ കുളിച്ചു നില്‍പ്പുണ്ടായിരുന്നു. തിരിച്ചു എത്തിയപ്പോള്‍ ദിവസങ്ങളായി പെന്‍ഡിങ്ങില്‍ ആയിരുന്ന കുളി, തേവാരം ആദിയായവ നടത്താനായിരുന്നു ഏവര്‍ക്കും ഉത്സാഹം. ഇന്റര്‍നെറ്റ് സിഗ്‌നല്‍ വന്നപ്പോ മുതല്‍ എല്ലാവരുടെയും വാട്‌സാപ്പില്‍ നിറഞ്ഞ നിപ്പ എന്ന പേരും ഞങ്ങളില്‍ കൗതുകമുണര്‍ത്തി. അതേതോ കമ്പ്യൂട്ടര്‍ കമ്പ്യൂട്ടര്‍ വൈറസ് ആയിരിക്കും എന്നു കരുതിയ ഞങ്ങള്‍ പിന്നീട് അതൊരു പനി വൈറസ് ആണെന്ന് തിരിച്ചറിഞ്ഞു.

പിറ്റേന്ന് ഞങ്ങള്‍ റെഡി ആയി ഗൈഡ്‌സിനോട് യാത്ര പറഞ്ഞു കാത്‌ഗോദാമിലേക്കു വണ്ടി കയറി. ഇങ്ങോട്ടു വന്ന വഴി പറഞ്ഞു വെച്ച സ്വീറ്റ് ഷോപ്പില്‍ കയറി ബാല്‍ മിത്തായി വാങ്ങാനും മറന്നില്ല. പോകും വഴി ദീപ ചേച്ചിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അന്താക്ഷരിയും ഈ യാത്രയില്‍ മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. മലയാളത്തില്‍ തുടങ്ങി തമിഴില്‍ കേറി ഹിന്ദിയിലേക്ക് കൂടു മാറിയപ്പോള്‍ ഇടക്ക് ശങ്കിച്ചു നിന്ന ഞങ്ങളെ ഡ്രൈവര്‍ ചേട്ടനും പാട്ടു പറഞ്ഞു തന്നു സഹായിച്ചു. പഴയ കാല പാട്ടുകളുടെ അപൂര്‍വ കളക്ഷനുകളുമായി ആശ ചേച്ചിയും പ്രീത ചേച്ചിയും ദീപ ചേച്ചിയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കാത്‌ഗോഡം അടുക്കാറായപ്പോ നൈനിറ്റാള്‍ ലേക്കുള്ള വഴിയും പാരാഗ്ലൈഡിങ് സ്‌പോട്ടും കാണിച്ചു ഡ്രൈവര്‍ പ്രലോഭിപ്പിച്ചെങ്കിലും വീട്ടിലെത്തണം എന്ന ചിന്ത കാരണം പിന്നെയൊരിക്കല്‍ എന്നു പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു. കാത്‌ഗോഡത്തു നിന്നും ഡല്‍ഹി എത്തിയ ശേഷം കേരളത്തിലേക്ക്.

Content Highlights: Roopkund Travel, Appoppanthadi Travel, Women Travel