ശില്പങ്ങളുടെ കുറുക്കന്‍പാറ; കൃഷ്ണശിലകള്‍ ഇവിടെ ദേവരൂപങ്ങളായി മാറുന്നു


പി.വി സുരാജ്Travel

ശില്പി ജെയ്‌സൺ തോമസ്, മോളി തന്റെ കടയിൽ | ഫോട്ടോ: എൻ.എം പ്രദീപ്‌

ത് ശിലയിലും ഒരു ശില്പമുണ്ട്. അത് കാണാന്‍ പക്ഷേ, ശില്പിയുടെ കണ്ണ് വേണം. കല്ല് കടഞ്ഞെടുക്കുമ്പോള്‍ രൂപംകൊള്ളുന്നത് വിഗ്രഹങ്ങളാവാം. കല്‍വിളക്കുകളാവാം, ദീപസ്തംഭങ്ങളോ മീസാന്‍കല്ലുകളോ ആവാം. അത്തരം ശില്പങ്ങള്‍ക്ക് നമ്മുടെ മനസ്സുകളെ നിശ്ചലമാക്കാനുള്ള കഴിവുണ്ട്. വത്തിക്കാനിലെ പിയത്തയും ഫ്‌ളോറന്‍സിലെ'ദാവീദും നാം കണ്‍ചിമ്മാതെ ആസ്വദിക്കുന്നത് അതുകൊണ്ടാണ്. മധുരയിലെ ആയിരം കാല്‍മണ്ഡപവും അജന്താഗുഹയിലെ ശയനബുദ്ധനെയും കാണുമ്പോള്‍ ഒരിക്കലെങ്കിലും ആ മഹാശില്പികളെ മനസ്സുകൊണ്ട് നമിക്കും. കല്ലുകളെ മനോഹരങ്ങളായ ശില്പങ്ങളാക്കിമാറ്റുന്ന കലാകാരന്മാരുടെ ഒരു ഗ്രാമംതന്നെയുണ്ട് തൃശ്ശൂരില്‍. കുന്ദംകുളത്തിന് സമീപത്തുള്ള കുറുക്കന്‍പാറയാണ് ആ ഗ്രാമം. കേരളത്തിന്റെ ശില്പകലാപാരമ്പര്യം തേടിയുള്ള യാത്ര ആരംഭിക്കേണ്ടത് ഇവിടെനിന്നാണ്.

കുന്ദംകുളം-ഗുരുവായൂര്‍ റോഡില്‍ ഒരുകിലോമീറ്ററോളം മുന്നോട്ടുപോയാല്‍ റോഡരികില്‍തന്നെ കാണാം ശില്പങ്ങളുടെ നീണ്ടനിര. താര്‍പായ വലിച്ചുകെട്ടിയ ഓലമേഞ്ഞ പണിയാലകള്‍. കൃഷ്ണനും ഗണപതിയും ബുദ്ധനും മഹാത്മാഗാന്ധിയും നാഗരൂപങ്ങളുമെല്ലാമുണ്ട് ഇവിടെ. ചിത്രത്തൂണുകളും മീസാന്‍കല്ലുകളും കല്‍വിളക്കുകളും ഒരുവശത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ''കൈവിരലിന്‍തുമ്പുകളില്‍ കല്പനതന്‍ രൂപങ്ങള്‍ അദ്ഭുതമൂര്‍ത്തികളായ് അവതരിച്ചിറങ്ങുന്നു'' -എന്ന് ഭാസ്‌കരന്‍മാഷ് എഴുതിയത് ഈ മഹാശില്പികളെ മനസ്സില്‍ കണ്ടായിരിക്കില്ലേ! ഏറെ ആകാംക്ഷയോടെയാണ് കുറുക്കന്‍പാറയിലെത്തിയത്. കല്ല് ശില്പങ്ങളായിമാറുന്ന ജാലവിദ്യയെക്കുറിച്ച് അറിയണം, ശില്പികളുടെ ജീവിതത്തെക്കുറിച്ചും. ആരോടാണ് ഒന്ന് ചോദിക്കുക. ''ജെയ്സേട്ടനെ പോയി കണ്ടോളൂ, ഇവിടത്തെ സീനിയര്‍ പണിക്കാരന്‍ പുള്ളിക്കാരനാണ്'',റോഡരികില്‍ നിന്ന് ഒരു ഗഡി പറഞ്ഞു. നേരേ ജെയ്സേട്ടന്റെ പണിപ്പുരയിലേക്ക് കയറി.കുറുക്കന്‍പാറയിലെ ശില്പങ്ങള്‍

''വിഗ്രഹങ്ങളുണ്ടാക്കാന്‍ കൃഷ്ണശിലതന്നെ വേണം. ഇതുപോലെ നല്ല കറുകറുത്തിരിക്കും'', അടുത്തുള്ള കല്ലില്‍ ചുറ്റികകൊണ്ടിടിച്ച് ജെയ്സണ്‍ തോമസ് എന്ന ജെയ്സേട്ടന്‍ പറഞ്ഞുതുടങ്ങി. ചില്ലറക്കാരനല്ല ജെയ്സണ്‍. കുറുക്കന്‍പാറയിലെ മുതിര്‍ന്ന ശില്പിയാണ്. അദ്ദേഹത്തിന്റെ കരവിരുതില്‍ തീര്‍ത്ത ശില്പങ്ങള്‍ കേരളത്തിലുടനീളമുണ്ട്. തുഞ്ചന്‍പറമ്പിലെ 28 കാല്‍ മണ്ഡപവും മാനാഞ്ചിറയിലെ ചിത്രക്കല്ലുകളും മുഴുപ്പിലങ്ങാട്ടും പയ്യാമ്പലത്തുമുള്ള കല്‍ത്തൂണുകളുമെല്ലാം ജെയ്സേട്ടന്‍ പണിതതാണ്. പക്ഷേ, അദ്ദേഹത്തിന്റെ 'മാസ്റ്റര്‍പീസ്' പാലയൂര്‍പള്ളിയിലെ സെന്റ് തോമസിന്റെ ചരിത്രം വ്യക്തമാക്കുന്ന ശില്പങ്ങളാണ്. സെന്റ് തോമസ് ഇന്ത്യയില്‍ വന്നതുമുതലുള്ള ചരിത്രം 32 ശില്പങ്ങളാക്കി പള്ളിക്ക് ചുറ്റും പ്രതിഷ്ഠിച്ചു ജെയ്സേട്ടന്‍.

''കുറുക്കന്‍പാറയിലെ ശില്പജോലികള്‍ക്ക് നൂറുവര്‍ഷമെങ്കിലും പഴക്കമുണ്ടാകും. മുന്‍പ് ഇവിടെയൊരു കുന്നായിരുന്നു. അതിനടുത്തൊരു ക്വാറിയുണ്ടായിരുന്നു. അവിടത്തെ പാറ പൊട്ടിച്ച് ആ കല്ലുകളിലാണ് എന്റെ അപ്പനൊക്കെ പണിയെടുത്തിരുന്നത്. അക്കാലത്ത് ഇതുപോലെ വിഗ്രഹങ്ങളൊന്നും കൊത്താറുണ്ടായിരുന്നില്ല. ചെറിയ രൂപങ്ങളൊക്കെ പണിയും. അത് കണ്ട് പഠിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇവിടെയുള്ള ഭൂരിഭാഗംപേരും പാരമ്പര്യമായി ഈ തൊഴില്‍ ചെയ്യുന്നവരാണ്'', നരച്ച താടിയുഴിഞ്ഞ് ജെയ്സേട്ടന്‍ കുറുക്കന്‍പാറയുടെ ചരിത്രം പറഞ്ഞുതന്നു.

കല്ലിനോട് മല്ലിട്ട്‌

കല്ലില്‍നിന്ന് ശില്പത്തിലേക്ക്

സാധാരണക്കാരന്‍ ഒരു കല്ല് കാണുമ്പോള്‍ ശില്പി അതിലൊരു ശില്പം കാണുന്നു. കല്ലുളികൊണ്ട് ആവശ്യമില്ലാത്തതെല്ലാം ചെത്തിക്കളയുമ്പോള്‍ അതിന് രൂപം കൈവരുന്നു. ഇതൊരു ദൈവികമായ കലയാണ്. അപാരമായ ഭാവനയും കഴിവും അധ്വാനവും വേണ്ട ജോലിയാണ് ഇത്. ശരീരശാസ്ത്രത്തെക്കുറിച്ചുള്ള (Anatomy) അറിവും സൗന്ദര്യബോധവും (Aesthetics) ഉള്ളവര്‍ക്ക് മാത്രമേ ശില്പിയാകാന്‍ കഴിയൂ. രൂപങ്ങള്‍ പലതും കൊത്തുന്നുണ്ടെങ്കിലും വിഗ്രഹനിര്‍മാണമാണ് കുറുക്കന്‍പാറയില്‍ പ്രധാനമായി നടക്കുന്നത്. പല ഘട്ടങ്ങളിലൂടെ കടന്നാണ് ഒരു കല്ല് വിഗ്രഹമായിത്തീരുന്നത്. കൃഷ്ണശില എന്നറിയപ്പെടുന്ന പ്രത്യേക കല്ലുകളാണ് വിഗ്രഹനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സോപാനം, കട്ടിള തുടങ്ങിയവയ്ക്കും ഈ കല്ലുതന്നെയാണ് വേണ്ടത്. കല്ലിന്റെ അളവ് നിശ്ചയിക്കുന്നതോടെയാണ് വിഗ്രഹനിര്‍മാണം ആരംഭിക്കുന്നത്. യവം അഥവാ ഒരു നെല്‍മണി എന്ന അളവാണ് ഇതിന്റെ അടിസ്ഥാനം. എട്ട് യവമാണ് ഒരു വിരല്‍. 19 മുതല്‍ 191 യവം വരെയുള്ള കല്ലുകളാണ് വിഗ്രഹത്തിന് വേണ്ടത്. കല്ലും അളവും ലഭിച്ചാല്‍ പിന്നീട് കല്ലിന്റെ ഗുണമേന്മ നോക്കണം. കല്ലില്‍ ചുറ്റികകൊണ്ട് കൊട്ടിനോക്കിയാണ് അത് മനസ്സിലാക്കുന്നത്. തുടര്‍ന്ന് പണിയാരംഭിക്കും. പണിക്കിടയില്‍ കല്ലില്‍ എന്തെങ്കിലും കേട് കണ്ടാല്‍ അത് ഉപേക്ഷിക്കും. കേടുപാടുകള്‍ തീര്‍ന്ന വിഗ്രഹങ്ങള്‍ മാത്രമേ പ്രതിഷ്ഠയ്ക്കായി നല്‍കുകയുള്ളൂ.

പണിക്കുറ്റം തീര്‍ത്തൊരു കരിങ്കല്‍ത്തൂണ്‍

കൈ-കാലുകള്‍, മുഖം എന്നിവ പൂര്‍ത്തിയാക്കാനാണ് കൂടുതല്‍ സമയമെടുക്കാറുള്ളത്. ഒന്‍പതുമുതല്‍ പന്ത്രണ്ടുവരെ ദിവസത്തിനുള്ളില്‍ വിഗ്രഹനിര്‍മാണം പൂര്‍ത്തിയാവും. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ നല്ലെണ്ണയുപയോഗിച്ച് അവ നന്നായി മിനുസപ്പെടുത്തിയെടുക്കും. ''വിഗ്രഹനിര്‍മാണത്തില്‍ ചില ചിട്ടകളൊക്കെയുണ്ട്. പണി പൂര്‍ത്തിയാകുന്നതുവരെ വ്രതമെടുക്കും. വിഗ്രഹത്തിന്റെ മുഖത്ത് ഭാവം വരുത്തുകയാണ് പ്രധാന വെല്ലുവിളി. കവിളില്‍ ഉളിയുപയോഗിച്ച് അല്പം താഴ്ത്തിക്കൊത്തിയാണ് അത് സാധിക്കുന്നത്്'', ശില്പി സുരേഷ് ആനായിക്കലിന്റെ വാക്കുകളില്‍ നിര്‍മാണത്തിനിടയില്‍ അനുഭവിക്കുന്ന ഉദ്വേഗമെല്ലാം നിറഞ്ഞിരുന്നു. ശില്പനിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ മുന്‍പ് തമിഴ്നാട്ടില്‍നിന്നാണ് വന്നിരുന്നത്. ഇപ്പോള്‍ പെരുമ്പിലാവ്, കടങ്ങോട്, എരുമപ്പെട്ടി എന്നിവിടങ്ങളില്‍നിന്നുതന്നെ കല്ലുകള്‍ ലഭിക്കുന്നുണ്ട്. കുറുക്കന്‍പാറയിലുള്ള വെള്ളക്കല്ലുകള്‍ വിളക്കുകാലുകള്‍, അമ്മിക്കല്ലുകള്‍ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അവ ഉപയോഗിക്കാറില്ല.

ശില്പി സുരേഷ് തന്റെ നിര്‍മ്മിതികള്‍ക്കൊപ്പം

അധ്വാനം അതിജീവനം

എഴുപതിലധികം കുടുംബങ്ങള്‍ ശില്പനിര്‍മാണവുമായി ബന്ധപ്പെട്ട് കുറുക്കന്‍പാറയിലുണ്ട്. നാനൂറിന് മേലെ പണിക്കാരും. ചിലരെല്ലാം ദൂരദേശങ്ങളില്‍ പോയി ഈ ജോലിചെയ്യുന്നു. ഇവിടെയുണ്ടാക്കുന്ന വിഗ്രഹങ്ങള്‍ക്കും ശില്പങ്ങള്‍ക്കും കേരളത്തില്‍ എല്ലായിടത്തും ഡിമാന്റുണ്ട്. ചിലതെല്ലാം കടല്‍കടന്നുപോകുന്നു. ജീവിച്ചുപോകാനുള്ള വരുമാനം ശില്പകലയില്‍നിന്ന് ലഭിക്കുന്നുണ്ടെങ്കിലും മറ്റ് പല പ്രയാസങ്ങളും ഇവര്‍ക്കുണ്ട്. കല്ല് ഗ്രൈന്‍ഡ് ചെയ്യുമ്പോഴുള്ള പൊടി ശ്വസിച്ചാണ് ദിവസം മുഴുവന്‍ പണിയെടുക്കുന്നത്. അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
''ഞങ്ങള്‍ക്ക് ദിവസവരുമാനം എന്നൊന്നില്ല. ഒരു ശില്പമോ വിഗ്രഹമോ പൂര്‍ത്തിയാക്കിയാല്‍ അതിനുള്ള കൂലി ലഭിക്കും, അത്രമാത്രം. ഞങ്ങളുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 'ശില്‍പി' എന്നൊരു സംഘടനയുണ്ട്. അധികൃതരുടെ സഹായങ്ങളൊന്നും ലഭിക്കാറില്ല. കട നടത്താനും ഉപകരണങ്ങള്‍ വാങ്ങാനുമെല്ലാം ബാങ്ക് ലോണ്‍ എടുക്കുകയേ നിവൃത്തിയുള്ളൂ. ശില്പങ്ങള്‍ വേണ്ടവരെല്ലാം നേരിട്ട് ഇവിടേക്ക് വരുന്നതിനാല്‍ കുറുക്കന്‍പാറ വിട്ട് ഞങ്ങള്‍ക്കൊരു ജീവിതമില്ല.'', -ശില്പിയായ മനോജ് കോഴിപറമ്പില്‍ പറഞ്ഞു.

ശില്പി മനോജ്‌

സംസാരത്തിനിടെ റോഡരികില്‍ വാഹനം നിര്‍ത്തി പലരും വരുന്നുണ്ടായിരുന്നു. വിഗ്രഹങ്ങളും ശില്പങ്ങളും വാങ്ങാനെത്തുന്നവരാണ്. തട്ടുവിളക്കും ബുദ്ധപ്രതിമകളുമാണ് പ്രധാനമായി വിറ്റുപോകുന്നത്. വലിപ്പമനുസരിച്ച് രണ്ടായിരം മുതല്‍ ആറായിരംവരെ വിലയു്. മീസാന്‍ കല്ലുകള്‍ക്ക് ഇഞ്ച് കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്. റിസോര്‍ട്ടുകളിലേക്കും വീടുകളിലേക്കുമുള്ള കരിങ്കല്‍ കട്ടിളകള്‍ക്കും നല്ല ഡിമാന്റാണ്. പണിയായുധങ്ങള്‍ക്ക് ശില്പനിര്‍മാണത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അവ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശില്പിക്ക് മാത്രമേ കിടയറ്റ ശില്പങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കൂ. ഒടെയ്പ്പ് ആണ് ശില്പികളുടെ പ്രധാന ഉപകരണം. കല്ലിനെ ഉടച്ച് പരുവപ്പെടുത്താന്‍ സഹായിക്കുന്ന പ്രത്യേകതരം ഉളിയാണ് ഇത്. ഉടച്ചുകഴിഞ്ഞാല്‍ വലിയ ഉളി ഉപയോഗിച്ച് കല്ലിനെ ഒതുക്കിയെടുക്കും. കണ്ണ്, ചെവി, മാല എന്നിവ ചെത്തിയെടുക്കാനായി തേവുളി വേണം. കല്ലിന്റെ പ്രതലത്തിന് ആകൃതി വരുത്താനായി പരമന ഉപയോഗിക്കുന്നു. കല്ലിന്റെ അളവും മറ്റും നിശ്ചയിക്കുന്നത് മട്ടം, മെഴുക്കോല്‍ എന്നിവകൊണ്ടാണ്. ശില്പങ്ങളുടെ ഫിനിഷിങ്ങിനും മറ്റുമായി ഗ്രൈന്‍ഡര്‍, ഡ്രില്‍ മെഷീന്‍ എന്നീ നൂതന ഉപകരണങ്ങളുമുണ്ട്.

പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകളും ശില്പനിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ട്. കുറുക്കന്‍പാറ സ്വദേശിയായ മോളി അവരില്‍ ഒരാളാണ്. കഴിഞ്ഞ ഇരുപതുവര്‍ഷമായി ശില്പങ്ങള്‍ക്കൊപ്പമാണ് മോളിയുടെ ജീവിതം. ''എന്റെ അപ്പനും അമ്മച്ചിക്കും ഇതായിരുന്നു പണി. അപ്പനുള്ള സമയത്ത് തഞ്ചാവൂരില്‍ നിന്നെല്ലാം ആളുകള്‍ ഇവിടെവന്ന് പണിയെടുത്തിരുന്നു. അപ്പനും അമ്മയും മരിച്ചപ്പോള്‍ ഞാന്‍ ഏറ്റെടുത്തു. പ്രായമായില്ലേ, ഇപ്പൊ ഓടിനടക്കാനൊന്നും വയ്യ. ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ പണിക്കാരെവെച്ച് ശില്പങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും'', മോളി ജോലിക്കാര്യങ്ങള്‍ പറഞ്ഞുതന്നു.

ജാതി-മത ഭേദമന്യേ ഇവിടെ ആളുകള്‍ കല്പണിയെടുക്കുന്നുണ്ട്. ഒരുമയോടെ അവര്‍ ജോലിചെയ്യുന്നു. അല്ലെങ്കിലും ശിലയ്ക്കും ശില്പികള്‍ക്കും മതമില്ലല്ലോ. കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്നു. മാമോദീസയ്ക്കുള്ള കല്‍ത്തൊട്ടി പള്ളികളിലേക്കും മീസാന്‍കല്ലുകള്‍ ഖബറിലേക്കും ചെന്നെത്തുന്നു. അപ്പോള്‍ മാത്രമാണ് കല്ലുകള്‍ മതങ്ങളുടേതായിമാറുന്നത്. ശില്പങ്ങള്‍ കണ്ടും ശില്പികളോട് സംസാരിച്ചും സമയം ഉച്ചയാകാറായി. പലരും രാവിലെ തുടങ്ങിയ പണിയാണ്. പണിയാലയുടെ കുടുസ്സുമുറിക്കുള്ളില്‍ പൊടിയില്‍ പുതഞ്ഞ് വിയര്‍പ്പില്‍ കുളിച്ച് അവരെല്ലാം ക്ഷീണിച്ചിട്ടുണ്ട്. ഇനി അല്പം വിശ്രമിക്കാനുള്ള ഒരുക്കത്തിലാണ്. ശില്പങ്ങളുടെ ആ ലോകത്തുനിന്ന് മടങ്ങുമ്പോഴും കൃഷ്ണശിലയില്‍ ഉളി വീഴുന്ന താളപ്പെരുക്കം കാതില്‍ വീണുകൊണ്ടിരുന്നു. നാളെ ഏതേതോ കോവിലുകളില്‍ അവ ദൈവങ്ങളായി അവതരിച്ചേക്കും. അന്നും ഈ ദേവശില്പികളുടെ ജീവിതം വെയിലും പൊടിയുമേറ്റ് ഇങ്ങനെതന്നെ തുടരും.

'യാത്ര'യില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Rock sculpture arts in Kurukkanpara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented