റെയ്കിലെ ആ കുരിശ് പിന്നിട്ടാല്‍ ജീവന്‍ തന്നെ ചിലപ്പോള്‍ നഷ്ടമായേക്കും...


എഴുത്തും ചിത്രങ്ങളും: മനു റഹ്മാന്‍

മിസോറാമിന്റെ തലസ്ഥാനമായ ഐസോളിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ റെയ്ക്കിലെ വേറിട്ട കാഴ്ചകള്‍

മിസോറാമിലെ റെയ്ക്‌

മിസോറാമില്‍ ഒരുപാട് കാഴ്ചകള്‍ കാണാനുണ്ട്. പക്ഷേ ഒന്നും കൈയെത്തും ദൂരങ്ങളിലല്ല. പലയിടത്തേക്കും പോകാമെങ്കിലും തിരിച്ചുവരാന്‍ പിന്നീട് വാഹനം ലഭിക്കില്ലെന്നത് പ്രശ്‌നമാണ്. നഗരത്തിലൂടെ ചുറ്റിനടന്നു. നേരം ഉച്ചയാവുന്നു. ഐസ്വാളിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ റെയിക്കിലേക്ക് പോകാനുള്ള അന്വേഷണമായി. നഗരഹൃദയത്തില്‍നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് അത് സ്ഥിതിചെയ്യുന്നത്. ഐസ്വാളില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായി അത് രൂപാന്തരപ്പെട്ടിട്ടില്ല. ഇന്നും തദ്ദേശീയരായ സഞ്ചാരികളാണ് ആ മലയിലേക്ക് പോകുന്നത്.

നഗരത്തിന്റെ ഏതെങ്കിലും കോണില്‍ റെയ്കിനോട് കൂടുതല്‍ അടുത്ത സ്ഥലത്ത് ഇറങ്ങിയാല്‍ യാത്ര സാധ്യമാവുമോയെന്ന അന്വേഷണമാണ് സിറ്റിബസില്‍ കയറാന്‍ പ്രേരണയായത്. സിറ്റിക്കകത്ത് ഓടുന്ന ബസുകളില്‍ പത്തു രൂപയാണ് മിനിമം ചാര്‍ജ്. നഗരത്തിന്റെ ഏത് ഭാഗത്തേക്കുള്ള യാത്രയായാലും ഒരു ട്രിപ്പിന് ആ തുക മതി.

ടാക്‌സിക്കാര്‍ രണ്ടായിരം രൂപയാണ് റെയ്കില്‍ കൊണ്ടുപായി തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ടത്. അര്‍കാന അറീന കഫേയില്‍നിന്നു പുറത്തിറങ്ങിയ ശേഷം അല്‍പം മാറിയുള്ള ഇസ്രായേല്‍ പോയന്റ് എന്ന സിറ്റി ബസ് സ്‌റ്റോപ്പില്‍നിന്നായിരുന്നു റെയികിലേക്ക് പോകാന്‍ എളുപ്പമാവുമെന്ന ധാരണയില്‍ ബസ് കയറിയത്. ഒരു ചെറിയ പയ്യനായിരുന്നു കണ്ടക്ടര്‍. റെയ്കിലേക്ക് പോകാനാണെന്നും അങ്ങോട്ട് പോകുന്ന വഴിയരുകില്‍ ഇറക്കണമെന്നും അവേനാട് ആവശ്യപ്പെട്ടിരുന്നു. അവന്‍ തലകുലുക്കി എല്ലാം ഏറ്റെങ്കിലും ഇറങ്ങാന്‍ പറഞ്ഞ സ്റ്റോപ്പിന് റെയെ്കിലേക്കുള്ള പാതയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.

മിസോറാമിലെ റെയ്ക്‌

നഗരമൂലയിലുള്ള ചെങ്കുത്തായ കുന്നിന്‍പുറത്തെ കവലയിലാണ് എത്തിയത്. സമീപത്തുള്ള ചെറിയ വഴിയില്‍നിന്ന് ചുവന്ന സ്‌കേര്‍ട്ടും വെള്ള ബ്ലസുമണിഞ്ഞ പെണ്‍കുട്ടികളും അതേ നിറത്തിലുള്ള പാന്റ്‌സും ഷേര്‍ട്ടും ധരിച്ച ആണ്‍കുട്ടികളും കൂട്ടമായി വന്നുക്കൊണ്ടിരുന്നു. കുത്തനെ ഇറങ്ങിപോകുന്ന ആ വഴിയില്‍ താഴെ എവിടെയോ ആവണം ആ കുട്ടികള്‍ പഠിക്കുന്ന പള്ളിക്കൂടം.

പ്രായമായ ഒരാള്‍ ഐസ്‌ക്രീം വില്‍ക്കുന്നു. വലിയൊരു പ്ലാസ്റ്റിക് ബക്കറ്റുമായാണ് റോഡരികില്‍ ആ മനുഷ്യന്റെ നില്‍പ്. പത്തു രൂപയായിരുന്നു കോണില്‍നിറച്ചു നല്‍കുന്ന പിങ്ക് നിറമുള്ള ഐസ്‌ക്രീമിന്. കുട്ടികള്‍ ധാരാളമായി അയാള്‍ക്കുചുറ്റും കൂടിയിട്ടുണ്ട്. ഒരെണ്ണം വാങ്ങി കഴിച്ചു. ആരെയും വീണ്ടും തിന്നാന്‍ പ്രേരിപ്പിക്കുന്ന രുചി. അത് തന്നെയാവണം ആ മനുഷ്യന്റെ വിജയം.

മിസോറാമിലെ റെയ്ക്‌

കവലയില്‍ കുറേനേരം നിന്നു. ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്നു. മഞ്ഞഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാര്‍ ശ്രദ്ധയാകര്‍ഷിച്ചു. ഒട്ടും നേരമില്ലാതെയാണ് അവര്‍ കുതിച്ചോടുന്നത്. ഐസ്വാള്‍ നഗരത്തിന്റെ പ്രത്യേകതയായ ബൈക്ക് ടാക്‌സികളായിരുന്നു അവ. 2016 ജൂലൈ 27ന് ആയിരുന്നു നഗരത്തിലെ ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന സമയനഷ്ടം ഇല്ലാതാക്കാന്‍ മിസോറാം സര്‍ക്കാര്‍ ടൂവീലര്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കിയത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത 125 സി.സിയില്‍ കുറയാത്ത എഞ്ചിനുള്ളവയ്ക്കായിരുന്നു ടാക്‌സി പെര്‍മിറ്റ്. മഞ്ഞ ഹെല്‍മറ്റും ടാക്‌സികള്‍ക്കായുള്ള മഞ്ഞ നമ്പര്‍പ്ലേറ്റും ഉപയോഗിക്കാന്‍ തായാറുള്ളവര്‍ക്കായാണ് ഇത്തരം പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്തത്. തുടക്കത്തില്‍ 250 പെര്‍മിറ്റുകളായിരുന്നു നല്‍കിയത്. ആദ്യത്തെ ഒരു കിലോമീറ്ററിന് 10 രൂപയും പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അഞ്ചുരൂപ വീതവും എന്നതാണ് യാത്രാ ചാര്‍ജ്.

മിസോറാമിലെ റെയ്ക്‌

ബൈക്ക് ടാക്‌സിയില്‍ റെയിക്കിലേക്ക് എത്താന്‍ സാധിക്കുമോയെന്ന അന്വേഷണവും ഫലവത്തായില്ല. അവരുടെ നിരക്കും കാറുകള്‍ക്ക് സമാനമായിരുന്നു. ഏത് നിമിഷവും പെയ്യാന്‍ നില്‍ക്കുന്ന കാര്‍മേഘങ്ങളും ആ സാധ്യതയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല. റോഡരുകിലായി ഏതാനും ടാക്‌സികള്‍ പാര്‍ക്ക് ചെയ്തിരുന്നു.

ടാക്‌സി കാറുകള്‍ അധികവും അല്‍പനേരം നിര്‍ത്തി പുതിയ യാത്രക്കാരുമായി വേഗത്തില്‍ കുന്നിറങ്ങി അപ്രത്യക്ഷമാവുന്നു. പല ടാക്‌സിക്കാരെയും സമീപിച്ച് റെയ്കിലേക്കുള്ള വാടക ചോദിച്ചു. ആയിരത്തി എണ്ണൂറും രണ്ടായിരവുമാണ് ആവശ്യപ്പെട്ടത്. ഒന്നോ രണ്ടോ പേര്‍ കൂടിയുണ്ടെങ്കില്‍ ഷെയര്‍ ചെയ്ത് പോകാമായിരുന്നു. അതിനുള്ള സാധ്യത തീരെയില്ല.

ഒരു ഐസ്‌ക്രീമില്‍ ഒതുങ്ങുന്നതായിരുന്നില്ല ഇന്നലെ മുതലേയുള്ള കത്തുന്ന വിശപ്പ്. സമീപത്തായി എന്തോ ഒരു പലഹാരം തകൃതിയായി വില്‍ക്കുന്നത് കണ്ടു. സ്‌കൂള്‍ കുട്ടികള്‍ വട്ടംകൂടി നില്‍ക്കുന്നതിനാല്‍ ആ പലഹാരം എന്താണെന്ന് കാണാനായില്ല. വിശപ്പായിരുന്നു അങ്ങോട്ട് നയിച്ചത്. ചെറിയൊരു ടേബിള്‍. പൊരിയും മിക്ച്ചറും മുളക്‌പൊടിയും നാരങ്ങാനീരും ചേര്‍ത്ത ആ വിഭവത്തിന് മിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ജ്യൂസിനായി ഉപയോഗിക്കുന്ന വലിയ കടലാസ് ഗ്ലാസിലാണ് നല്‍കുന്നത്. അത് ഏറെ രുചികരമായിരുന്നു. സുന്ദരിയായ ഒരു യുവതിയായിരുന്നു വില്‍പനക്കാരി. അവള്‍ക്ക് ഇരുപത്തിയഞ്ചു വയസ് പ്രായം തോന്നിച്ചു. സ്‌കൂള്‍ കുട്ടികളാണ് അവളുടെ മുഖ്യ ഉപഭോക്താക്കള്‍. യൂണിഫോമിട്ട പെണ്‍കുട്ടിയായിരുന്നു ആ വില്‍പനക്കാരിക്കൊപ്പം എന്റെ ഫോട്ടോസ് പകര്‍ത്തിയത്.

മിസോറാമിലെ റെയ്ക്‌

വീണ്ടും റോഡരുകിലേക്ക് വന്നു. റെയ്ക്കിലേക്ക് എത്താനാവുമെന്ന പ്രതീക്ഷ മങ്ങുകയാണ്. നേരം കുതിക്കുന്നു. ഒടുവിലായിരുന്നു ലോമയെ കണ്ടുമുട്ടിയത്. അവന്‍ വാടക പറഞ്ഞത് എയിറ്റീന്‍ ഹണ്‍ഡ്രഡ് രൂപ ആയിരുന്നു. ഞാന്‍ കേട്ടത് എയ്റ്റ് ഹണ്ട്രഡ് എന്നായിരുന്നു. ഇംഗ്ലീഷുകാരെപ്പോലെ വടക്കുകിഴക്കന്‍ മേഖലയില്‍ വസിക്കുന്നവരും ആയിരത്തിന് പകരം നൂറിന്റെ ഗുണനങ്ങളായാണ് സംഖ്യകള്‍ പറയുന്നത്. റെയിക്ക് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വാടക 1,800 ആണെന്ന് ബോധ്യപ്പെട്ടത്.

മുപ്പത് വയസില്‍ താഴെ പ്രായമുള്ള സുന്ദരനായ ഒരു യുവാവായിരുന്നു ലോമ. ലാല്‍ ലൊ സ്വാലയെന്നായിരുന്നു അവന്റെ യഥാര്‍ഥ പേര്. ഹൃദ്യമായ പെരുമാറ്റം. 2.25ന് റെയ്ക് ലക്ഷ്യമാക്കി പുറപ്പെട്ടു. നഗരത്തില്‍നിന്ന് അല്‍പം ഓടിയശേഷം ആള്‍സഞ്ചാരം ലോഭിച്ച ഒരു പാതയിലേക്ക് വാഹനം എത്തി. മൂന്നോ, നാലോ കിലോമീറ്റര്‍ ഓടിയപ്പോഴേക്കും തീര്‍ത്തും വിജനമായ അന്തരീക്ഷമായി. കാട്ടിലൂടെയാണ് വാഹനം ഓടുന്നത്. വഴിയോരക്കാഴ്ച ഇലപൊഴിച്ചുനില്‍ക്കുന്ന മരങ്ങള്‍ മാത്രം...
ആ പാതയില്‍ പോകാവുന്ന പരമാവധി വേഗത്തിലാണ് കാര്‍ ഓടുന്നത്. ആ മേഖലയുടെ പൊതു സവിശേഷതയായ ചുറ്റിവളഞ്ഞുളള റോഡ്. ഏതാനും കിലോമീറ്റര്‍ പോയതോടെ എസ്‌റ്റേറ്റ് റോഡുകളെ അത് അനുസ്മരിപ്പിച്ചു. കുത്തനെയുള്ള മലയുടെ ഓരത്തുകൂടിയാണ് റോഡ് വെട്ടിയിരിക്കുന്നത്. പലയിടത്തും പൊട്ടിപ്പൊളിഞ്ഞാണ് റോഡിന്റെ കിടപ്പ്. വാഹനങ്ങള്‍ അത്യപൂര്‍വമായ ഒരു പാത.

യാത്ര ഇരുപത് മിനുട്ട് പിന്നിട്ടതോടെ റോഡിനോട് ചേര്‍ന്ന് ചെങ്കുത്തായ ഇറക്കത്തിലൂടെ ഒഴുകുന്ന ത്‌ലാവ്ങ് നദി കണ്ടു. വേനലായതിനാലാവണം വെള്ളം കുറവായിരുന്നു. മിസോറാമിലുടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദികളില്‍ ഒന്നാണിത്. നദിക്കരയിലായി ഒരു പമ്പിങ് സ്റ്റേഷന്‍ കണ്ടു. ഐസ്വാള്‍ നഗരത്തിന് ആവശ്യമായ ശുദ്ധജലം പമ്പുചെയ്യുന്നത് അവിടെ നിന്നാണെന്ന് ലോമ വിശദീകരിച്ചു. കുന്നുകള്‍ മുക്കാലും പലയിടത്തും തീയിട്ട് ചുട്ടിരിക്കുന്നു. ജൂം കൃഷിക്കായുള്ള മുന്നൊരുക്കം.

മിസോറാമിലെ റെയ്ക്‌

വഴിയില്‍ വൈപ്പ് വങ്‌പോ വെള്ളച്ചാട്ടം കണ്ടു. സമാന്യം ഭേദപ്പെട്ട നിലയില്‍ വെള്ളം നിലത്തേക്ക് പതിക്കുന്നു. റോഡിനോട് ചേര്‍ന്നായിരുന്നു അത്. മഴക്കാലത്ത് ഹൂങ്കാരത്തോടെ താഴോട്ട് പതിക്കാറുണ്ടെന്ന് ആ സുന്ദരി മൗനമായി മൊഴിയുന്നു. യാത്രയില്‍ മറ്റ് രണ്ട് വെള്ളച്ചാട്ടങ്ങള്‍കൂടി ഞങ്ങള്‍ക്ക് കാണാനായി. കുറേക്കൂടി പോന്നതോടെ ഒരു ഇരുമ്പുപാലത്തിലെത്തി. ഇംഗ്ലീഷുകാരുടെ കാലത്ത് പണിതതാവണം, ഉരുക്കില്‍ ഒരുപാട് ആഡംബരങ്ങളോടെയുള്ള ആ പാലം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ളിടങ്ങളില്‍ ഇതിന്റെ സമാന മാതൃകകള്‍ കാണാനാവും. പാലം കടന്നതോടെ വീണ്ടും ചുറ്റിവളഞ്ഞു മല കയറിത്തുടങ്ങി. കാട്ടിലൂടെയുള്ള ആ യാത്ര ഒന്നര മണിക്കൂറോളമെടുത്തു.

സമുദ്രനിരപ്പില്‍നിന്ന് 1,465 മീറ്റര്‍(4806 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതമാണ് റെയ്ക്. മിസോറാമിലെ മാമിത് ജില്ലയില്‍പ്പെടുന്ന റെയ്ക് പര്‍വതം ലുഷാഇ പര്‍വതനിരയുടെ ഭാഗമാണ്. പര്‍വതത്തിന് ചുവട്ടില്‍ ഇതേ പേരില്‍ മിസോകളുടെ ഒരു പരമ്പരാഗത ഗ്രാമവുമുണ്ട്. മിസോ ഗോത്രത്തിന്റെ ഉപവിഭാഗങ്ങളാണ് ഈ മേഖലയില്‍ വസിക്കുന്നത്. വന്നെത്തുന്ന സഞ്ചാരികള്‍ക്കായി മിസോറാം വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ ഇവിടെ കഫറ്റീരിയയും റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ മാസം ഏപ്രിലാണെങ്കിലും റെയിക്കിനെ പ്രശസ്തമാക്കുന്നത് സെപ്തംബറില്‍ നടക്കുന്ന ആന്തൂറിയം ഫെസ്റ്റിവലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മിസോറാം വിനോദസഞ്ചാര വകുപ്പും ഹോട്ടികള്‍ച്ചര്‍ വിഭാഗവുമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

മിസോറാമിന്റെ പ്രകൃതി സൗന്ദര്യം വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ആന്തൂറിയം കൃഷി പ്രോത്സാഹിപ്പിക്കാനും ഫെസ്റ്റിവര്‍ ലക്ഷ്യമിടുന്നു. കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും അമ്പെയ്ത്ത് മത്സരം, റൈഫിള്‍ ഷൂട്ടിങ്, പരമ്പരാഗത കളികള്‍ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുണ്ട്. മിസോ സംസ്‌കാരം അതിഥികളിലേക്ക് എത്തിക്കാനായി പാട്ടും നൃത്തവും ഉള്‍പ്പെടെയുളള കലാപരിപാടികളും അരങ്ങേറാറുണ്ട്.

റെയ്ക് വില്ലേജില്‍ റോഡിനോട് ചേര്‍ന്ന് ഏതാനും വീടുകള്‍ സ്ഥിതിചെയ്തിരുന്നു. ചെറിയ അങ്ങാടിയുടെ പ്രതീതിയായിരുന്നു ആ പ്രദേശത്തിന്. കുറച്ചുകൂടി മുന്നോട്ടു പോയതോടെ ടാര്‍ ചെയ്ത റോഡ് അവസാനിച്ചു. ഒന്നു രണ്ടു കിലോമീറ്റര്‍ ഓഫ് റോഡിലൂടെയായി പിന്നീടുള്ള യാത്ര. ആ വഴിയിലെ വലിയ കല്ലുകള്‍ കണ്ടാല്‍ അതിലൂടെ വാഹനം പോകുമെന്ന് കരുതാന്‍ വയ്യ. ലോമ വണ്ടി ശ്രദ്ധയോടെ ആ റോഡിലേക്ക് കയറ്റി. മരങ്ങളുടെ ഇലച്ചാര്‍ത്തിനിടയിലൂടെ സഞ്ചരിക്കവേ ഏതോ ഗുഹയിലേക്ക് ചെന്നെത്തിയ പ്രതീതിയായിരുന്നു. കാര്‍ കുത്തിമറിഞ്ഞാണ് നീങ്ങുന്നത്.

കല്ലുകള്‍ തെന്നിത്തെറിക്കുന്ന ശബ്ദം. ഓളത്തില്‍പ്പെട്ട വള്ളത്തിന് സമാനമായി കാര്‍ ചാഞ്ചാടുന്നു. ഇടുങ്ങിയ ആ വഴി ചെന്നെത്തിയത് ഒന്നു രണ്ട് കാറുകള്‍ക്ക് തിരിച്ചുനിര്‍ത്താന്‍ സാധിക്കുന്ന കാട്ടിനുള്ളിലെ ഒരു തുറസിലായിരുന്നു. മറ്റു വാഹനങ്ങള്‍ എത്തിയാല്‍ ബുദ്ധിമുട്ടില്ലാതെ തിരിച്ചുനിര്‍ത്താന്‍ പാകത്തില്‍ ലോമ വണ്ടി അരികുചേര്‍ത്തിട്ടു. ഞങ്ങള്‍ വണ്ടിയില്‍നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങി. ഇനിയും രണ്ടു കിലോമീറ്ററിലധികം നടന്നാലെ റെയ്കിന് മുകളിലെത്തൂ. പന്തലിട്ടപോലെ വൃക്ഷങ്ങള്‍ നിറഞ്ഞ ആ മേഖലയിലെ ഇടുങ്ങിയ പാതയിലൂടെ ഞങ്ങള്‍ നടന്നു. കുറച്ചു ദൂരം പിന്നിട്ടതോടെ വിശാലമായ ഒരു പാറയുടെ അടിയിലെത്തി. നൂറു മീറ്ററോളം നടവഴിയിലേക്ക് തള്ളിനില്‍ക്കുന്ന ആ പാറക്കടിയില്‍ എത്രപേര്‍ക്കു വേണമെങ്കിലും കാറ്റും മഴയുമേല്‍ക്കാതെ കഴിയാം. വളരെ വിശാലമായ ഒരു ഗുഹയെന്ന് അതിനെ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം.

ബൈക്കുകളുമായി എത്തിയ ഒരു സംഘം യുവാക്കള്‍ അവിടെ തമ്പടിച്ചിരുന്നു. അവരുടെ ബൈക്കില്‍ ഇരുന്നും ഗുഹയുടെ ഉള്‍ഭാഗത്തേക്ക് കയറിനിന്നുമെല്ലാം കുറെ പടങ്ങള്‍ പകര്‍ത്തി. വീണ്ടും ഞങ്ങള്‍ മുന്നോട്ടു നടന്നു. അര കിലോമീറ്ററോളം കാടുനിറഞ്ഞ വഴിയിലൂടെ നടന്നതോടെ നേര്‍രേഖയിലുള്ള ആ ഒറ്റയടിപ്പാത ഒരു കുരിശിനു മുന്നില്‍ അവസാനിച്ചു. അപകടം നിറഞ്ഞ റെയ്കിന്റെ കിഴക്കാംതൂക്കായ ഭാഗത്തുകൂടി ഇടത്തോട്ടും വലത്തോട്ടുമായി ആ വഴി രണ്ടായി പിരിഞ്ഞു.

ലോമയും ഞാനും അവിടെ അല്‍പനേരം വിശ്രമിച്ചു. ആ കുരിശില്‍ എഴുതിയത് ഇംഗ്ലീഷായിരുന്നെങ്കിലും മിസോ ഭാഷയായതിനാല്‍ വായിക്കാനായില്ല. ആ കുരിശിന് മുന്നില്‍വരെ ജീവിതമുണ്ടെന്നും പിന്നില്‍ അതില്ലെന്നും ആ കുരിശ് സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുന്നതായി ലോമ വിശദീകരിച്ചപ്പോള്‍ സര്‍വനാഡികളും ഒരു നിമിഷം നിശ്ചലമായി.

റെയ്ക് പര്‍വതത്തിന്റെ ആ ഭാഗം കിലോമീറ്ററുകളോളം താഴ്ചയില്‍ വെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. പുല്ലും കാട്ടുചെടികളും വളര്‍ന്നുമുറ്റിയ ഒരിടം. ഗര്‍ത്തത്തിന്റെ അരികിനോട് ചേര്‍ന്നായിരുന്നു റെയ്കിലെ പ്രധാന ആകര്‍ഷകമായ വിശ്രമിക്കാവുന്ന പരന്ന പാറയിലേക്ക് നയിക്കുന്ന കല്ലുപാകിയ വഴി. തുറസായ പ്രദേശമായതിനാല്‍ ആളുകളെ പറത്തിക്കൊണ്ടുപോകാന്‍മാത്രം ശക്തിയുള്ളതായിരുന്നു അവിടെ വീശിക്കൊണ്ടിരുന്ന കാറ്റ്.

കുരിശില്‍ കുറിച്ചിട്ടത് ലോമ വിവര്‍ത്തനം ചെയ്തതോടെ ദേഹമാസകലം ഒരു വിറയായിരുന്നു. ചവിട്ടുപടികള്‍ കയറാനായി എഴുന്നേറ്റെങ്കിലും വിറ കാരണം വീണ്ടും അതേയിടത്ത് ഇരുന്നു. രണ്ടടിയോളം വീതിയിലാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. അതില്‍ പാതിയും കാട്ടുപുല്ല് വളര്‍ന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഇരുഭാഗത്തേക്കുമായി മൂന്നു നാലു കിലോമീറ്ററെങ്കിലും ദൂരമുണ്ട്. ഞങ്ങള്‍ക്ക് പോകേണ്ട ഭാഗത്തേക്ക് ഒരു കിലോമീറ്ററെങ്കിലും പടിപടിയായി കയറണം. ലോമ എന്റെ കൈയില്‍ മുറുകേപ്പിടിച്ച് ധൈര്യം പകര്‍ന്നു. തികച്ചും അപരിചിതനായ ഒരാള്‍. അയാളുടെ കാരുണ്യത്തിലാണ് പടികള്‍ കയറാന്‍ തുടങ്ങിയത്. ഏതാനും അടി പിന്നിട്ടതോടെ ആ അവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടു.

മിസോറാമിലെ റെയ്ക്‌

ദേഹത്തെ ആവേശിച്ച വിറയും മനസിനെ ബാധിച്ച ഭയവും അപ്രത്യക്ഷമായി. ലോമ വെറുതെയൊന്നു തിക്കിയാല്‍ മതി അത്യഗാധമായ കൊക്കയിലേക്ക് വീഴും. അയാള്‍ എത്ര ആത്മാര്‍ഥതമായാണ് അകമ്പടിക്കാരന്റെ റോള്‍ ചെയ്യുന്നത്. എന്റെ നടത്തം സുഖമമാക്കാന്‍ അയാള്‍ പരമാവധി സഹായിച്ചു. ചൂളംവിളിച്ച് കുത്തിമറിഞ്ഞു വരുന്ന കാറ്റില്‍ കാലിടറുന്നു. ബാലന്‍സ് തെറ്റിയാല്‍ പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്താനാവില്ല. പത്തിരുപത് മിനുട്ടോളം കയറിയാണ് മുകളിലെ വ്യൂപോയന്റിനും പരന്ന പാറക്കും അരികിലേക്ക് എത്തിയത്. തുടക്കത്തില്‍ ചവിട്ടുപടികള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള മിക്കയിടത്തും ഏന്തിവലിഞ്ഞു കയറിപോകേണ്ടിയിരുന്നു. ചില സ്ഥലങ്ങളില്‍ കയറാന്‍ പ്രയാസം നേരിട്ടപ്പോള്‍ ലോമ സഹായഹസ്തവുമായെത്തി.

ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍നിന്നും മോചിപ്പിക്കപ്പെട്ട ഒരു മാനസികാവസ്ഥയാണ് റെയ്കിലേക്ക് എത്തുന്ന ഏതൊരു സഞ്ചാരിയും അനുഭവിക്കുക. പാറയില്‍ കയറിനിന്ന് കുറേ പടമെടുത്തു. അഞ്ചോ, പത്തോ കിലോമീറ്റര്‍ താഴ്ചയിലേക്കാണ് ആ പാറയില്‍നിന്ന് കാല്‍തെന്നിയാല്‍ ഒരു തടസവുമില്ലാതെ റോക്കറ്റ് വേഗത്തില്‍ ചെന്നുവീഴുക. ആ പാറയില്‍ ഇരുന്നപ്പോള്‍ ഹൃദയം പെരുമ്പറകൊട്ടി. പത്തുമിനുട്ടോളം അവിടെ ഇരുന്നു. വ്യൂപോയന്റിനോട് ചേര്‍ന്ന് ഒരു ചാരുബെഞ്ചും മിസോറാം വിനോദസഞ്ചാര വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കുറച്ചുനേരം ലോമക്കൊപ്പം അതില്‍ ഇരുന്നു. തെളിഞ്ഞ കാലാവസ്ഥയില്‍ ഐസ്വാള്‍ നഗരവും അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഭാഗങ്ങളും അവിടെ ഇരുന്നാല്‍ കാണാനാവുമെന്ന് അവന്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ നേരമായതിനാല്‍ മൂടല്‍മഞ്ഞില്‍ കാഴ്ചകളെല്ലാം അപ്രത്യക്ഷമായിരുന്നു.

ഞങ്ങള്‍ പാറയില്‍ എത്തിയപ്പോള്‍ എട്ടുപത്ത് പയ്യന്മാര്‍ അവിടെ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ പരന്ന പാറയ്ക്കു മുകളില്‍ കയറി ഗര്‍ത്തത്തിലേക്ക് കാലുകള്‍ തൂക്കിയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത രംഗം നെഞ്ചിടിപ്പോടെയാണ് നോക്കിനിന്നത്. ആ മേഖലയിലെ യുവത്വം ധീരരാണൈന്ന് പല തവണ ബോധ്യപ്പെട്ടതാണ്. അവര്‍ ഇരിക്കുന്നതുപോലെ ഇരുന്ന് ഫോട്ടോയെടുക്കാന്‍ നമ്മുടെ എത്ര പയ്യന്മാര്‍ക്ക് ധൈര്യമുണ്ടാവും. സാഹസികതയെന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആണും പെണ്ണുമാണ് ഈ മേഖലയിലുള്ളത്, പ്രത്യേകിച്ചും യുവാക്കള്‍. ഇവരെപോലെയുള്ള യുവാക്കള്‍ ആവശ്യമായ ഭക്ഷണവും വെള്ളവും കരുതി രാവിലെ റെയ്കിന് മുകളിലെത്തി വൈകുന്നതുവരെ കസര്‍ത്തുകള്‍ നടത്തി മടങ്ങുന്നവരാണ്.

മിസോറാമിലെ റെയ്ക്‌

പതിവായി ഇവിടെ എത്തുന്ന സംഘങ്ങളുമുണ്ട്. പരന്ന പാറയില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യവേ ആ സംഘത്തെക്കൂടി ക്ഷണിച്ചു. അവര്‍ വീതിക്കപ്പെട്ട മദ്യത്തിന്റെ വീര്യവുമായി പാറയില്‍ എനിക്കൊപ്പം ചേര്‍ന്നുകിടന്നു ഒരു കിടിലന്‍ പടമെടുത്തു. നാലു മണിയായപ്പോഴേക്കും റെയ്കിന് മുകളില്‍ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. കാടുകടന്നു പോകേണ്ടതിനാല്‍ ഞങ്ങള്‍ തിരിച്ചു നടന്നു.

നടക്കുന്നതിനിടെയാണ് പിന്നിലെ ഡോര്‍ ലോക്ക് ചെയ്തില്ലെന്ന് ഓര്‍ത്തത്. ജാക്കറ്റും ബാഗുമെല്ലാം അതിലാണ്. ആ ആന്തലുമായാണ് കാറിനുനേരെ നടന്നത്. വിജനമായ വഴിയില്‍ അപ്പോള്‍ ആരെയും കാണാനുണ്ടായില്ല. കാര്‍ നിര്‍ത്തിയിടത്ത് എത്തി ബാഗ് ഉണ്ടെന്ന് ഉറപ്പാകുവോളം ഹൃദയം പടപടാ പിടച്ചു. ആ വസ്തുക്കളെല്ലാം നഷ്ടമായെങ്കില്‍ ആ യാത്രയുടെ ഓര്‍മ ഏതുവിധമാവുമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.

വന്ന വഴിയിലൂടെ ലോമ വണ്ടി ഓടിച്ചു. ഓഫ് റോഡ് അവസാനിക്കുന്നതിന് മുന്‍പായി ഒരിടത്ത് നിര്‍ത്തി, റോഡരുകിലെ പാറക്കരുകിലേക്ക് അയാള്‍ എന്നെ ക്ഷണിച്ചു. റോഡിനോട് ചേര്‍ന്ന് രണ്ടോ, മൂന്നോ മീറ്റര്‍ മാറി ഒരു ഗുഹ. ആദിമനിവാസികള്‍ അധിവസിച്ച ഒരു ഗുഹയായിരുന്നു അത്. ഗുഹയുടെ പ്രവേശന ഭാഗത്തിന് കഷ്ടി ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാവുന്ന വട്ടമേയുള്ളൂ. ഉള്ളില്‍ മുറികള്‍ വേര്‍തിരിച്ചിരിക്കുന്നപോലെ തോന്നി. നേരിയ ഇരുട്ടായിരുന്നു അതിനകത്ത്. മിസോറാമില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ മനുഷ്യവാസം ഉണ്ടായിരുന്നൂവെന്നതിന്റെ പ്രധാന തെളിവാണ് ആ ഗുഹയെന്ന് ലോമ വിശദീകരിച്ചു.

reiek

വണ്ടി വീണ്ടും ഓടാന്‍ തുടങ്ങി. വളഞ്ഞുപുളഞ്ഞു താഴ്ന്നുപോകുന്ന പാതയില്‍ വേഗത്തില്‍ കാര്‍ ഓടുന്നു. കയറിവന്ന കുന്നുകള്‍ മുഴുവന്‍ ഇറങ്ങിവേണം ഐസ്വാളിലേക്കുള്ള കുന്നിന്റെ താഴ്‌വാരത്തേക്കു എത്താന്‍. സന്ധ്യ മൂടാന്‍ ഇനിയും മണിക്കൂറുകള്‍ ഉണ്ടെങ്കിലും റെയ്കിന്റെ വഴികള്‍ മങ്ങിയിരുന്നു. കാട്ടിലൂടെ വണ്ടി ഓടുമ്പോള്‍ പുറംകാഴ്ചകളെല്ലാം നേരിയ ഇരുട്ടില്‍ അമര്‍ന്നു. കാടും മങ്ങിയ ആകാശവുമാണ് ആ പ്രതീതി സൃഷ്ടിക്കുന്നത്.

ഐസ്വാളില്‍ വണ്ടിയെത്തിയപ്പോഴേക്കും സമയം ആറാവാറായിരുന്നു. ലോഡ്ജിന് സമീപത്ത് എന്നെ ഇറക്കി അയാള്‍ മടങ്ങി. ഓരോ യാത്രയിലും എത്രയെത്ര പേരെയാണ് പരിചയപ്പെടുന്നത്. അവരുടെ സ്‌നേഹവും കരുതലുമെല്ലാം തനിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. ആ തിരിച്ചറിവുമായാണ് കടുത്ത ക്ഷീണത്തോടെ ഹോട്ടലിലേക്ക് നടന്നത്.

Content Highlights: Reiek mountain trekking, travelogue, Mizoram tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented