ലവര്‍ണങ്ങള്‍ നിറഞ്ഞ ഒരു ചിത്രംപോലെയാണ് ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്ത് തൈക്കാട്ടുശ്ശേരി സ്വദേശി രതീഷ് രാജന്റെ കഥ. പരസ്പര ബന്ധമില്ലാത്ത രണ്ട് മേഖലകള്‍ രതീഷിന്റെ ജീവിതത്തില്‍ പിണഞ്ഞുകിടക്കുന്നു. ജോലി കൊണ്ട് ഹൈക്കോടതി ജസ്റ്റിസിന്റെ സുരക്ഷാ ജീവനക്കാരനാണെങ്കിലും ക്യാമറയോടാണ് ഈ യുവാവിന്റെ പ്രണയം. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദേഹത്ത് കാക്കിയുണ്ട്. പ്രൊഫഷണല്‍ ക്യാമറ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമേ ആയിട്ടുള്ളൂ എങ്കിലും അതില്‍ പതിഞ്ഞ ചിത്രങ്ങള്‍ പറയും കൈത്തഴക്കവും നിരീക്ഷണപാടവമുള്ള ഒരു പ്രകൃതിസ്‌നേഹിയുടെ കയ്യൊപ്പ്.

നേരത്തെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ ഡെപ്യൂട്ടേഷനില്‍ കമാന്‍ഡോ ആയി ജോലി ചെയ്തിരുന്നു രതീഷ്. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. മകള്‍ ജനിച്ചപ്പോള്‍ അവളുടെ ചിത്രങ്ങളെടുക്കാനായി നിക്കോണ്‍ കൂള്‍പിക്‌സിന്റെ ചെറിയൊരു ക്യാമറ വാങ്ങിയിരുന്നു. പിന്നെ അത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ജോലിക്ക് പോകുമ്പോള്‍ ക്യാമറയും ഒപ്പം കരുതും. എത്തുന്ന സ്ഥലത്തെ കാഴ്ചകളും ജീവിതങ്ങളും പകര്‍ത്തി സൂക്ഷിച്ചു.

Ratheesh Rajan Photography 1

Ratheesh Rajan Photography Three Birds2013 കാലഘട്ടം. അട്ടപ്പാടി, അഗളി, പറമ്പിക്കുളം ഭാഗങ്ങളില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന സമയം. തിരച്ചിലിനായി കാടുകയറിയ കമാന്‍ഡോ സംഘത്തിനൊപ്പം രതീഷുമുണ്ടായിരുന്നു. പതിവുപോലെ സന്തസഹചാരിയായി ക്യാമറയും. പുലര്‍ച്ചെ അഞ്ചുമണി-അഞ്ചരയാവുമ്പോള്‍ കാട്ടില്‍ കയറും. വൈകിട്ട് ആറുമണിയാവും തിരിച്ചെത്തുമ്പോള്‍. ആ ദിവസങ്ങളിലാണ് കാടുമായി കൂടുതലടുത്തത്. ഒരുപാട് ചിത്രങ്ങള്‍ അന്നെടുത്തു. ഈ അനുഭവമാണ് വന്യജീവി ഫോട്ടോഗ്രാഫിയിലേക്ക് രതീഷിനെ എത്തിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് സ്വന്തമായി ഡി.എസ്.എല്‍.ആര്‍ ക്യാമറയും വലിയ ലെന്‍സുമെടുത്തു. പക്ഷേ അന്നൊരു തെറ്റുപറ്റി. ബേസിക് ക്യാമറയില്‍ വലിയ ലെന്‍സുപയോഗിച്ചതിനാല്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല. ചിലപ്പോള്‍ ഷട്ടറടിക്കില്ല, അല്ലെങ്കില്‍ ഓഫാകും. അതോടെ ആറുമാസം മുമ്പ് ക്യാമറയുടെ ബോഡി മാറ്റി.

പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ ഒരുപാട് യാത്രകള്‍ അങ്ങനെ പോകാന്‍ പറ്റാറില്ല.Ratheesh Rajan Snakes Mating അതുകൊണ്ട് കണ്‍മുന്നില്‍ കാണുന്നത് പകര്‍ത്തുക എന്നതാണ് രതീഷ് സ്വീകരിക്കുന്ന രീതി. ചേര്‍ത്തലയിലെ വീടിന് സമീപം ഒരു പാടമുണ്ട്. ഒഴിവുവേളകളില്‍ അങ്ങോട്ടിറങ്ങും. ചിലപ്പോള്‍ സുഹൃത്തുക്കളോ ഭാര്യയോ മകളോ ഉണ്ടാകും. എല്ലാവരും ചോദിക്കും പക്ഷികളെ മാത്രം എടുക്കുന്നതെന്താണെന്ന്. സഫാരിക്ക് പോവുമ്പോഴാണ് മൃഗങ്ങളുടെ ചിത്രമെടുക്കാന്‍ പറ്റാറ്. നിലവില്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാലാണ് പക്ഷികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നു നോക്കിയാല്‍ നമ്മുടെ ചുറ്റും ഇഷ്ടം പോലെ പക്ഷികളെ കാണാമെന്ന് ഇദ്ദേഹം പറയുന്നു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു യാത്ര പോകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ അത് മുടക്കിയെന്ന് രതീഷ് പറയുന്നു. 'കബനി ഒന്നു കൂടി പോകണമെന്നുണ്ട്. പിന്നെ ജിം കോര്‍ബറ്റ് ദേശീയോദ്യാനം. കബനിയിലെ കരിമ്പുലിയുടെ ചിത്രം ഒരു സ്വപ്‌നമായി മനസില്‍ നില്‍ക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയാണ് ഇപ്പോള്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവന്നാല്‍ ഉറങ്ങുന്നതിനുപകരം ക്യാമറയുമായി തൊടിയിലേക്കിറങ്ങുകയാണ് ചെയ്യാറ്. അല്ലെങ്കില്‍ അടുത്തുള്ള പോവാന്‍ പറ്റിയ സ്ഥലങ്ങളില്‍ പോകും. ഒഴിവ് കിട്ടുന്ന മുറയ്ക്ക് ക്യാമറ കയ്യിലെടുക്കുന്നു.' രതീഷ് പറഞ്ഞു.

രണ്ട് പക്ഷികള്‍ ചുണ്ടുകള്‍ തമ്മില്‍ മുട്ടിച്ച് ഭക്ഷണം പങ്കുവെയ്ക്കുന്ന ചിത്രമെടുത്തത് മണിക്കൂറുകള്‍Ratheesh Rajan Photography Birds Food കാത്തിരുന്നാണ്. കൃത്യമായ ബാക്ക്‌ലൈറ്റ് കിട്ടുന്നതിനായാണ് അത്രയും നേരം കാത്തിരുന്നത്. അന്ന് വേറെയും കുറെ നല്ല ചിത്രങ്ങള്‍ കിട്ടി. എവിടെ പോയാലും എന്തെങ്കിലും കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ മെനക്കെടണമെന്ന്‌ പറയുന്നു രതീഷ്. കൂടാതെ മാനസിക സമ്മര്‍ദം കുറയ്ക്കാനും ഫോട്ടോഗ്രഫിയിലൂടെ സാധിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രമെടുക്കുന്നതിനൊപ്പം ജീവികളേക്കുറിച്ച് കൂടുതല്‍ പഠിക്കാനും ഇദ്ദേഹം ശ്രമിക്കുന്നു.

Ratheesh Rajan Photography Owlഫോട്ടോയെടുക്കുമ്പോള്‍ ഒപ്പം വന്ന് മകള്‍ക്കും പക്ഷികളുടെ സാന്നിധ്യം അറിയാമെന്ന് രതീഷ് ചൂണ്ടിക്കാട്ടി. ഒരനുഭവം ഇങ്ങനെ. 'ഒരിക്കല്‍ ഒരു ചടങ്ങിന് പോയതായിരുന്നു ഞങ്ങള്‍. രാത്രി ഒമ്പതരയായിക്കാണും. ഭക്ഷണം കഴിച്ച് കൈകഴുകി പുറത്തേക്കിറങ്ങിയപ്പോള്‍ മകള്‍ പെട്ടന്ന് പറഞ്ഞു. അച്ഛാ അവിടെ എന്തോ ഉണ്ടെന്ന്. ഞാന്‍ ആദ്യം നോക്കിയപ്പോള്‍ ഒന്നും കണ്ണില്‍പ്പെട്ടില്ല. പിന്നെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ്, ശരിയാണ്, ഒരു മൂങ്ങ ഇരിപ്പുണ്ടായിരുന്നു അവിടെ'.

മൂങ്ങകളെ തന്നെയാണ് രതീഷിന് ഏറെയിഷ്ടം. നേരത്തെ ഒരെണ്ണം പോലും കണ്ണില്‍പ്പെടില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ എവിടെ പോയാലും എങ്ങനെയെങ്കിലുമൊക്കെ ഒരെണ്ണം മുന്നില്‍ വരും. അവയുടെ സവിശേഷമായ കണ്ണാണ് അതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ എടുത്തിട്ടുള്ളതും മൂങ്ങകളുടെ ചിത്രമാണ്. 

ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പോയ സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടം രാജസ്ഥാന്‍, ഛത്തീസ്ഗഢ്,Ratheesh Rajan Vezhambal മധ്യപ്രദേശ് എന്നിവിടങ്ങളാണ്. അതില്‍ മധ്യപ്രദേശില്‍ വച്ചൊരു സംഭവമുണ്ടായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതായിരുന്നു. ഡ്യൂട്ടി സമയം കഴിയാറായപ്പോള്‍ പുറത്ത് വലിയൊരു ശബ്ദം കേട്ടു. പുറത്തേക്കിറങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എണ്ണിയാലൊടുങ്ങാത്തത്ര തത്തകള്‍. ഒരു വന്‍മരത്തില്‍ നേരിയ ഇടപോലുമില്ലാതെ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഒരിക്കലും മറക്കാനാവില്ല ആ കാഴ്ച. അത്രയും കണ്ണ് നിറഞ്ഞാസ്വദിച്ചൊരു രംഗമായിരുന്നു അത്. ചിത്രമെടുക്കാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ദൗര്‍ഭാഗ്യവശാല്‍ ഈ ചിത്രമുള്‍പ്പെടെ കൂള്‍പിക്‌സ് ക്യാമറയിലെടുത്ത മുഴുവന്‍ ചിത്രങ്ങളും നഷ്ടമായി എന്നത് ഏറെ വേദനിപ്പിക്കുന്നു. രതീഷ് ഓര്‍ക്കുന്നു.

'ഒരിക്കല്‍ ആലപ്പുഴയില്‍ വെച്ച് പക്ഷികളുടെ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോള്‍ വളരെ പ്രായം ചെന്ന ഒരമ്മ അടുത്തുവന്നു. പക്ഷികളുടെ ചിത്രമെടുക്കുന്ന കൂട്ടത്തില്‍ അമ്മയറിയാതെ അവരുടെ ഒരു ചിത്രം കൂടിയെടുത്തു. എല്ലാം കഴിഞ്ഞ് ചിത്രം കാണിച്ചുകൊടുത്തപ്പോള്‍ സ്വന്തം ഫോട്ടോ കണ്ട് ആ അമ്മ ചിരിച്ചൊരു ചിരിയുണ്ട്. അതിന്റെ ഭംഗി പറഞ്ഞറിയിക്കാനാവില്ല. അമ്മയുടെ ചിരി കണ്ട് ഞാനും ചിരിച്ചുപോയി'. രതീഷ് പറഞ്ഞ് നിര്‍ത്തുന്നു. ഭാവികയാണ് മകള്‍, ഭാര്യ മഞ്ജുഷ.

Content Highlights: Ratheesh Rajan Photography, Photos of Owls, Wlidlife Photography