റമ്പിക്കുളത്തുനിന്ന് കടുവയുടെ ചിത്രങ്ങൾ എടുക്കണമെന്നത് കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം യാത്രയ്ക്ക് തയ്യാറെടുത്തു. പുലർച്ചെതന്നെ ബൈക്കിൽ യാത്ര തുടങ്ങി. ആറു മണിയോടുകൂടി ആനമല എത്താനായിരുന്നു പ്ലാൻ. 6.45-ന് പൊള്ളാച്ചിയിൽനിന്നു വരുന്ന പറമ്പിക്കുളം ബസ്സിലാണ് പോകേണ്ടത്. പറമ്പിക്കുളത്തേക്ക് ബൈക്ക് യാത്ര അനുവദനീയമല്ല. പറമ്പിക്കുളം ടൈഗർ റിസർവ് കേരളത്തിലാണെങ്കിലും തമിഴ്നാട് ആനമല വഴിയേ റോഡ് മാർഗം പോവാൻ കഴിയൂ.

Tiger 1

ആദ്യ ദിവസം ഞാനും വാച്ചർ ശ്രീകുമാറും കൂടി തുണക്കടവിലൂടെ പോകുമ്പോൾ ഒരു കൃഷ്ണപ്പരുന്ത് വെള്ളത്തിനു മീതെ വട്ടമിട്ടു പറക്കുന്നത് കണ്ട് ഞങ്ങൾ കൗതുകപൂർവം കാത്തിരുന്നു. അവനെന്തോ ലക്ഷ്യം വെച്ചാണ് താഴ്ന്നു പറക്കുന്നത്. നല്ല ഒരു ഫ്രെയിം കിട്ടാൻ സാധ്യതയുണ്ടെന്ന് ഞാൻ കൂടെയുള്ളവരോട് പറഞ്ഞു. തീർന്നതും പരുന്ത്, കുയിൽ എന്ന മീനുമായി പറന്നുപോകുന്നതാണ് കണ്ടത്. എന്റെ മൂവി ക്യാം അപ്പോൾ റെഡിയായിരുന്നില്ല. വെള്ളത്തിന് മുകളിലൂടെ അത്രയും വലിയ മീനുമായി പോകുന്ന പാനിങ് ഷോട്ട് വലിയൊരു നഷ്ടം തന്നെയായിരുന്നു. സെക്കൻഡുകൾക്കുശേഷം പരുന്ത് മീനുമായി മരത്തിൽ വന്നിരുന്നു. ഞാൻ കുറച്ച് പടങ്ങളെടുത്തു. കാലിൽ മീനിനെ മുറുകെ പിടിച്ചിരിക്കുന്ന ചിത്രങ്ങൾ. പഴയ ട്രാംവേ ട്രാക്കിലൂടെ പുഴയോരത്തുകൂടി നടക്കുമ്പോൾ പാറയിലേക്ക് തലവെച്ച് ഒരു മുതല ഇര കാത്തുകിടക്കുന്നുണ്ട്. അടുത്തുള്ള മരത്തിന്റെ പൊത്തിലിരിക്കുന്ന മൂങ്ങയെ പിടിക്കാൻ ഒരു ഉടുമ്പ് മരം കയറുന്നു. ഉടുമ്പ് മുകളിലേക്ക് വന്നതും മൂങ്ങ മറ്റൊരു കൊമ്പിലേക്ക് പറന്നുപോയി.

രണ്ടാം ദിവസം ഞങ്ങൾ രാവിലെത്തന്നെ യാത്ര തുടങ്ങി. ലക്ഷ്യം കടുവ തന്നെ. നിശ്ശബ്ദരായി കുറെദൂരം പിന്നിട്ട് ആനക്കൽ വയലും കടന്നുപോയി. കടുവയ്ക് ചതുപ്പിലെ ശബ്ദം പോലും തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് ഞങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് നടന്നു നീങ്ങിയത്. ഒടുവിൽ ഒരു തോടിന് മുന്നിലെത്തി. ഷൂ കൈയിൽ പിടിച്ച് വെള്ളത്തിലൂടെ മെല്ലെ നടന്നു. തോട്ടിലെ ചെളിയിൽ കടുവയുടെ കാൽപ്പാട് കണ്ടു. ഞങ്ങളുടെ അനക്കം കേട്ട് അവൻ മാറിയതാകാം. പ്രതീക്ഷ കൂടിക്കൂടി വന്നു. ഏതു സമയവും കടുവയെ കാണാം. കന്നിമാരാപ്പുഴയുടെ തീരത്ത് ഞങ്ങൾ കുറച്ച് സമയമിരുന്നു. യാത്ര തുടങ്ങിയിട്ട് നാലു മണിക്കൂറായി. കൈയിൽ കരുതിയ പഴവും വാച്ചർ ശ്രീനി ഫ്ളാസ്കിൽ കൊണ്ടുവന്ന കട്ടൻചായയും കഴിച്ചു. വീണ്ടും കാൽപ്പാടുകൾ.

Tiger 2

മുമ്പിൽ നടന്ന ശ്രീനി പെട്ടെന്ന് നിന്നു. കൈകൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ചു. കുറച്ചു ദൂരെ അതാ ഒരു കടുവ കിടന്നുറങ്ങുന്നു. അവന്റെ ശരീരം കുറച്ച് വെള്ളത്തിലാണ്, ബാക്കി പാറയിലും. ഞങ്ങൾ ഇലകളുടെ മറപിടിച്ച് ഇരുന്നു. ഓമനത്തമുണ്ട് ഉറങ്ങുന്ന കടുവയ്ക്ക്. മനുഷ്യർ കിടക്കുന്നതു പോലെ കെ തലയുടെ അടിയിൽ വെച്ച് സുന്ദരമായ ഉറക്കം. കടുവ ഇങ്ങനെ ഉറങ്ങുന്നത് കാണാൻ പ്രയാസമാണ്. കുറെ ചിത്രങ്ങൾ പകർത്തി. പുഴയും പാറയുമെല്ലാം ചേർന്ന് നല്ല ലൊക്കേഷനിലാണ് അവന്റെ ഉറക്കം. കടുവ ഉറങ്ങിയാലും ഉണർന്നിരിക്കുമെന്ന് പറയാറുണ്ട്. അത്രയ്ക്ക് ശ്രവണശക്തിയുണ്ട് അവയ്ക്ക്. തണുപ്പ് കിട്ടാൻ വേണ്ടിയാവണം വെള്ളത്തിൽ വന്ന് കിടക്കുന്നത്. ഏതെങ്കിലും കാട്ടുപോത്തിനെയോ മാനിനെയോ കൊന്നുതിന്ന് ഉച്ചമയക്കത്തിന് എത്തിയതുമാകാം. ശ്വാസോച്ഛ്വാസം പോലും കടുവയ്ക്ക് ശല്യമാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. കടുവ ഇങ്ങനെ സമാധാനമായി തലയ്ക്കടിയിൽ കൈവെച്ച് ഉറങ്ങുന്നത് കാണുന്നത് ആദ്യമാണ്. ആ നിമിഷങ്ങൾ ഞാൻ ക്യാമറയിൽ പകർത്തിക്കൊണ്ടേയിരുന്നു.

Tiger 3

Mathrubhumi Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

ഇതിനിടയിൽ അവൻ ഞങ്ങളെ കണ്ടു. കണ്ണ് തുറന്ന് അവൻ എന്തൊക്കെയോ ചിന്തിച്ച് കിടക്കുന്നുണ്ടായിരുന്നു. പിന്നെ വീണ്ടും കിടന്നു. അതൊരനുഭവമായിരുന്നു. ഞങ്ങൾ കുഴപ്പക്കാരല്ല എന്ന് അവന് തോന്നിയിട്ടുണ്ടാകും. ഞങ്ങളും കടുവയും ഇണങ്ങിയ മുഹൂർത്തം. ഒരു മണിക്കൂർ പോയതറിഞ്ഞില്ല. വാച്ചർ ശ്രീകുമാർ ഒന്നു ചുമച്ചു. പക്ഷേ, സാധിച്ചില്ല. കടുവ് എഴുന്നേറ്റില്ല. രണ്ടാമതും ചുമച്ചപ്പോൾ അവൻ എണീ റ്റിരുന്നു ഞങ്ങളെ നോക്കി. തീക്ഷ്ണമായ നോട്ടം. അതൊരു കാഴ്ച തന്നെയായിരുന്നു. ഞങ്ങളും കടുവയും നേർക്കുനേർ. എന്റെ വിരൽ ക്യാമറയുടെ ട്രിഗറിലേക്ക് തന്നെ പോയി. അവൻ എഴുന്നേറ്റ് പതുക്കെ നടന്നു. പുഴയിൽ രണ്ടു ചാട്ടം ചാടി കാട്ടിലേക്ക് മറഞ്ഞു.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: rare pictures of a snoozing tiger, Parambikkulam Wildlife Sanctury, Indian Tiger, Wildlife Photography