പ്പൂപ്പന്‍ താടി വിളിച്ചാല്‍ ഞങ്ങള്‍  യാത്രാപ്രേമികളായ പെണ്ണുങ്ങള്‍ പോകാതിരിക്കുന്നതെങ്ങനെ? ഇത്തവണ ധനുഷ്‌കോടി, രാമേശ്വരം, മധുര ഇവയായിരുന്നു ലക്ഷ്യസ്ഥാനം. മാര്‍ച്ച് 30 വെള്ളിയാഴ്ച  രാത്രി 10.30 ഓടെ ഞങ്ങള്‍ 25 പെണ്ണുങ്ങള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. 11.30 ഓടെ ട്രാവലറില്‍ അവിടെ നിന്ന് യാത്ര തിരിച്ചു. തിരുനെല്‍വേലി വഴിയാണ് പോയത്. ഏകദേശം 380 കിലോമീറ്റര്‍ ദൂരമുണ്ട് രാമേശ്വരത്തേക്ക്. രാത്രിയായതുകൊണ്ടും ഉറക്കത്തിലായതു കൊണ്ടും കാഴ്ചകളൊന്നും കണ്ടില്ല.

Dhanushkodi 1

പുലര്‍ന്നപ്പോഴേക്കും ഇന്ത്യയിലെ ആദ്യത്തെ കടല്‍ പാലമായ പാമ്പന്‍ പാലത്തിലെത്തി. അവിടെ റെയില്‍പാതയും മറ്റു വാഹനങ്ങള്‍ക്കുള്ള പാലവും ഉണ്ട്. വാഹനം ഒതുക്കിയിട്ട് പാലത്തില്‍ നിന്നുള്ള കാഴ്ചകള്‍ കാണാന്‍ ഒരുപാട് ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. കൂടെ ഞങ്ങളും ഇറങ്ങി. ഇന്ത്യന്‍ മഹാസമുദ്രം, അതിലൂടെ പോകുന്ന കടല്‍ പാലവും ചെറു ബോട്ടുകളും ആകെക്കൂടി രാവിലെ തന്നെ നല്ല കണിയൊരുക്കി.  

Rameswaram 1ശനിയാഴ്ച രാവിലെ 8 മണിക്കു മുമ്പായി രാമേശ്വരത്തെ ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു. അവിടെ നിന്ന് ഫ്രെഷായി ഭക്ഷണവും കഴിച്ച്  9.30 ഓടെ കാഴ്ചകള്‍ക്കായി പുറത്തിറങ്ങി. രാമനാഥപുരം രാമപാദ ടെംപിള്‍  ആണ് ആദ്യം സന്ദര്‍ശിച്ചത്. വഴിയില്‍ ഇരുവശവും കച്ചവടക്കാര്‍ ഉണ്ട്. പ്രധാനമായും കക്ക ഉപയോഗിച്ചുള്ള കൗതുകവസ്തുക്കള്‍ വില്പനയ്ക്കു വെച്ചിരിക്കുന്നു. അമ്പലത്തില്‍ പൂജാകര്‍മങ്ങള്‍ നടക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് പൂജാദ്രവ്യങ്ങള്‍ വാങ്ങാം. അല്ലാത്തവര്‍ക്കും എല്ലായിടവും കയറി കാണുന്നതിനും വിരോധമില്ല. ചെരുപ്പ് അഴിച്ചു വെച്ച് എല്ലാവരും അകത്തു കയറി കാഴ്ചകള്‍ കണ്ടും ചിത്രങ്ങളെടുത്തും നടക്കുന്നു. ശ്രീരാമപാദം  പതിഞ്ഞ പാദുകങ്ങള്‍ ആണത്രേ അവിടെയുള്ളത്. പുരാണകഥയുടെ ചിത്രീകരണവും ചുവരില്‍ കാണാം. അമ്പലത്തിനു പുറത്ത് നിന്നാല്‍ മനോഹരമായ ദൃശ്യം കാണാം. പഞ്ചാര മണല്‍പരപ്പ് വിശാലമായി കിടക്കുന്നു. ഇടക്കിടെ പച്ചപ്പും. കാഴ്ചകള്‍ പകര്‍ത്തി ഞങ്ങള്‍ ഇറങ്ങി.

പിന്നീട് ധനുഷ് കോടിയില്‍ ... കടലിനുള്ളിലേക്ക് ഇറങ്ങിക്കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ നിരയായി പോകുന്നു. ബീച്ചില്‍ ധാരാളം ആളുകളുണ്ട്. നട്ടുച്ചയ്ക്കും എത്ര കണ്ടാലും മതിവരാത്ത കടലിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന്  വെള്ളത്തിലിറങ്ങിയും ഫോട്ടോ  എടുത്തും പരമാവധി ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍. 1964ലെ സുനാമി ദുരന്തത്തില്‍ ഒരു നഗരം നാമാവശേഷമായതിന്റെ സ്മാരകമായി ധനുഷ് കോടിയിലെ പുരാതനനഗരം ഇന്നും ശേഷിപ്പുകളുമായി നിലകൊള്ളുന്നു. തകര്‍ന്ന റെയില്‍വേ സ്റ്റേഷനും ചര്‍ച്ചും വീടുകളും തകര്‍ന്ന ബോട്ടുകളും ഒരു പ്രേതനഗരത്തിന്റെ കാഴ്ച ഒരുക്കുന്നു. അകാലത്തില്‍ മരണപ്പെട്ട ഒരു സമൂഹത്തിന്റെ ഓര്‍മയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്' അവിടെ നിന്നും ഇറങ്ങി.

Pamban Palam

വില്ലൂണ്ടി തീര്‍ത്ഥം കാണുക എന്നതാണ് അടുത്ത ലക്ഷ്യം. സീതയുടെ ദാഹം ശമിപ്പിക്കുന്നതിനായി രാമന്‍ തന്റെ വില്ലെടുത്ത് കടലില്‍ അമ്പെയ്ത് ഒരു ഉറവ സൃഷ്ടിച്ചത്രേ. അതിപ്പോള്‍ കിണര്‍ രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്നു. കടല്‍ വെള്ളത്തില്‍ നിന്നു വ്യത്യസ്തമായി ഈ വെള്ളത്തിന് ഉപ്പുരസമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. തുടര്‍ന്ന് കോദണ്ഡരാമ ക്ഷേത്രം. അവിടെ വെച്ചാണത്രേ രാമന്‍ വിഭീഷണനെ രാജ്യഭാരം ഏല്പിച്ചത്. അവിടെയും അമ്പലത്തിനു ചേര്‍ന്ന് ധാരാളം കച്ചവടക്കാരുണ്ട്. അവിടെ നിന്ന് വിവേകാനന്ദ സ്മാരകം സന്ദര്‍ശിക്കാനായി തിരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നമ്മെ സ്വാഗതം ചെയ്യുന്നു.  ജീവചരിത്രം ചുവരില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ സ്മാരകത്തിനു പുറകില്‍ വിശാലമായ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ചെറു ബോട്ടുകള്‍  നിരയായി കിടക്കുന്നതും നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പഞ്ചാരമണല്‍ തീരവും കണ്ണിനുവിരുന്നായി. തൊട്ടടുത്തു തന്നെ ഒരു മ്യൂസിയം പണി നടക്കുന്നുണ്ട്. അധികം താമസിയാതെ ഇവിടം നല്ലൊരു ടൂറിസ്റ്റ് ഏരിയ ആയി മാറും.

തുടര്‍ന്ന് പാമ്പന്‍ പാലം റെയില്‍വേ ട്രാക്ക് സന്ദര്‍ശിച്ചു. ഇത് കപ്പല്‍ കടന്നു പോകാനായി ആവശ്യ സമയത്ത് തുറക്കാവുന്ന തരത്തില്‍ പണിതിരിക്കുന്ന ട്രാക്കാണ്. ഇതിനു സമാന്തരമായി മറ്റു വാഹനങ്ങള്‍ക്കു പോകാനുള്ള പാലത്തില്‍ നിന്നാണ് രാവിലെ കാഴ്ചകള്‍ കണ്ടത്. മുകളില്‍ നിന്നു കണ്ട അത്രസുന്ദരമായ കാഴ്ചകള്‍ ആയിരുന്നില്ല താഴെ നിന്നുള്ള കാഴ്ചകള്‍. വൃത്തിഹീനമായ പരിസരവും അലഞ്ഞു നടക്കുന്ന നായ്ക്കളും കാലികളും ഭാരതമെന്നാല്‍ ഇതെല്ലാം ചേര്‍ന്നതാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ധരിക്കാന്‍ വസ്ത്രങ്ങളില്ലാഞ്ഞിട്ടാവും ആ പൊരിവെയിലിലും ഉടുപ്പിടാത്ത കുറച്ചു കുട്ടികളെയും കണ്ടു. ഒരു നേരമെങ്കിലും ഇത്തരം കാഴ്ചകള്‍ നമ്മുടെയൊക്കെ  കണ്ണുതുറപ്പിച്ചെങ്കില്‍... എന്നു ആഗ്രഹിച്ചു കൊണ്ട് അവിടെ നിന്നും നീങ്ങി.

ഈ യാത്രയില്‍ ഏറ്റവും പ്രധാനമായത് നമ്മുടെ രാഷ്ട്രപതിയായിരുന്ന മിസൈല്‍മാന്‍ ശ്രീ. എ പി.ജെ അബ്ദുല്‍ കലാമിന്റെ വസതിയും അദ്ദേഹത്തിന്റെ സ്മാരകവുമാണ്. കലാം ജനിച്ചു വളര്‍ന്ന വീടും  ജീവിച്ച നാടും സന്ദര്‍ശിക്കാനായതിന്റെ സന്തോഷം അതിരില്ലാത്തതാണ്. നവതലമുറയെ സ്വപനം കാണാന്‍ പ്രേരിപ്പിച്ച, വിഷന്‍ 2020 ഭാരതത്തിനു  പ്രദാനം ചെയ്ത, കുട്ടികളോട് സംവദിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ, സംഗീതത്തെ ഉപാസിച്ച, സാത്വികനായ ശാസ്ത്രജ്ഞനായ രാഷ്ട്രപതിയുടെ ഓര്‍മ്മകളും ഭൗതികാവശിഷ്ടം മറ ചെയ്ത ഇടവും സന്ദര്‍ശിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കാലത്ത് ഈ രാജ്യത്ത് ജീവിച്ചിരിക്കാന്‍ സാധിച്ചതിന്റെ ഉള്‍പ്പുളകം കുറച്ചൊന്നുമല്ല അനുഭവിച്ചത്.

APJ Statue

രാമേശ്വരമെന്നാല്‍ ക്ഷേത്രനഗരം ആണ്. ഒരു വിശ്വാസി രാമേശ്വരത്ത് വരുന്നത് ഇവിടെയുള്ള അമ്പലങ്ങളില്‍ തൊഴുത് പാപപരിഹാര കര്‍മ്മങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. രാമേശ്വരത്തെ പ്രധാനക്ഷേത്രത്തിലെത്തിയാല്‍ ഇരുപത്തിരണ്ട് തീര്‍ത്ഥങ്ങളില്‍ നിന്ന് ജലധാര ചെയ്യുക എന്നതത്രേ പ്രധാന കര്‍മ്മം. അതിനൊക്കെ ക്ഷേത്രം വക സഹായികളുമുണ്ട്. വിശ്വാസികളല്ലാത്തവര്‍ ക്ഷേത്രത്തിന്റെ പ്രൗഢിയും ഗാംഭീര്യവും കലാവിരുതും ആസ്വദിച്ച് നടക്കുന്നുണ്ടായിരുന്നു. നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്‌കൃതിയും മനസിലാക്കാന്‍ വ്യത്യസ്ത മത വിശ്വാസങ്ങള്‍ ഒരിക്കലും തടസ്സമല്ല.

ഒന്നാം ദിവസം ഇത്രയൊക്കെ കണ്ട് തിരികെ റൂമിലെത്തി കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് എല്ലാവരും റൂമില്‍ ഒത്തുകൂടി. പരിചയപ്പെടുത്തല്‍ സെഷനു മുന്‍പ് തന്നെ ഒരു ദിവസത്തെ കൂട്ടായ്മ കൊണ്ട് എല്ലാവരും തന്നെ പരസ്പരം അറിയാന്‍ ശ്രമിച്ചിരുന്നു. വ്യത്യസ്ത ചിന്തകളുള്ള കുറച്ച് പെണ്ണുങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവെച്ച് നാളെ ഒരു പാട് കാഴ്ചകള്‍ക്കായി ആഗ്രഹിച്ച് ഉറക്കത്തിലേക്ക്.

Sajitha

അതിരാവിലെ ഉണര്‍ന്ന് പദ്മതീര്‍ത്ഥത്തില്‍ സൂര്യോദയം കാണാന്‍ എത്തി. മേഘം മറച്ചതിനാല്‍ കുറെ നേരത്തേക്ക് സൂര്യോദയം കാണാനായില്ല. അവസാനം കണ്ടിട്ടേ പോകൂ എന്നായപ്പോള്‍ അര്‍ക്ക ദേവന്‍ നമുക്ക് ദര്‍ശനമേകി. പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി പാപനാശത്തിനായും പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാനായും ഒത്തിരി ആളുകള്‍ വന്നിട്ടുണ്ട് പദ്മ തീര്‍ത്ഥത്തില്‍. ശേഷം ഹോട്ടലില്‍ എത്തി ചെക്ക് ഔട്ട് ചെയ്തു വാഹനത്തില്‍ കയറി. ഇനി മധുരയിലേക്ക്. 84 കി.മീ. ഉണ്ട് രാമേശ്വരത്ത് നിന്ന് .11 മണിയോടെ ക്ഷേത്ര നഗരത്തില്‍ എത്തി. ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. എങ്കിലും കൂട്ടത്തില്‍ കുറെ പേരൊക്കെ തൊഴുതു മടങ്ങി. ബാക്കിയുള്ളവര്‍ റോഡിനിരുവശവുമുള്ള കടകള്‍ കയറിയിറങ്ങി.

Dhanushkodi 2

തിരിച്ചുപോരും വഴി മധുരയിലെ തിരുമല നായ്ക്കര്‍ പാലസ് കൂടി കണ്ടു. ഗതകാല പ്രൗഢി വിളിച്ചോതുന്ന ആ കൊട്ടാരം ചരിത്രാന്വേഷികള്‍ക്ക് താല്പര്യമുണര്‍ത്തുന്നതാണ്. ഗംഭീരമായ രാജ സിംഹാസനം, വലിയതൂണുകള്‍, വിശാലമായ സദസ്സ്, മേല്‍ക്കൂരയിലെ ചിത്രപ്പണികള്‍ ഇവയെല്ലാം കണ്ണിലും കരളിലും ഒപ്പം ക്യാമറയിലും പകര്‍ത്തി ഞങ്ങള്‍ മധുരയോട് വിട പറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നാടും നാട്ടാരും കുളിരുമ്പോള്‍ മനസ്സിനു കിട്ടിയ പുതിയ ഊര്‍ജ്ജം കൊണ്ട് കുളിര്‍മ നേടി ഞങ്ങള്‍.

Dhanushkodi 2

ഇനി 7 മണിക്കൂര്‍ നീണ്ട  യാത്ര.തിരുവനന്തപുരത്തേക്ക്. അപ്പൂപ്പന്‍ താടി ലീഡര്‍ സജ്‌നയ്ക്കും സജ്‌നയുടെ അഭാവത്തില്‍ ഞങ്ങള്‍ക്ക് ലീഡറായി വന്ന വിജിക്കും ഹൃദയം നിറഞ്ഞ സ്‌നേഹവും നന്ദിയും അര്‍പ്പിച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍   അപ്പൂപ്പന്‍ താടികള്‍ യാത്രാമൊഴി ചൊല്ലി പിരിഞ്ഞു.

Content Highlights: Rameswaram Travel, Dhanushkodi Travel, Appoppanthadi, Women Travel