പുലര്‍ച്ചവെയിലിന്റെ നേര്‍ത്ത തലോടല്‍ ആ ചെറുപുഴയോരത്തെ പുല്ലുകളില്‍ സ്വര്‍ണവര്‍ണം തീര്‍ത്തു. ഞാനും സുഹൃത്ത് ജലീലും പുഴയ്‌ക്കൊപ്പം നീങ്ങുകയായിരുന്നു. വളരെ നേര്‍ത്ത ആ നീരൊഴുക്കില്‍ അങ്ങിങ്ങായി ചെറുതടാകങ്ങള്‍ പോലെ ജലം കെട്ടിനില്ക്കുന്നു. കുറച്ചു മുന്‍പേ ഞങ്ങള്‍ ആ പുഴയോരത്തുകൂടി നടന്നുപോകുന്ന ഒരു കരടിയെ കണ്ടിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കരടി ക്യാമറയില്‍ നിറയുന്നു. ചിലപ്പോള്‍ കായ്ച്ചുകിടക്കുന്ന ആല്‍മരച്ചോട്ടില്‍ പഴം തിരഞ്ഞു നടക്കുന്നതും അതേ വൃക്ഷത്തില്‍ പൊത്തിപ്പിടിച്ചു കയറുന്നതുമൊക്കെ കാഴ്ചകളുടെ ഉത്സവം തീര്‍ക്കുകയായിരുന്നു.

പൊടുന്നനെയായിരുന്നു പുഴയില്‍ ഒരു പുളച്ചില്‍. വലിയ മത്സ്യം എന്തെങ്കിലുമായിരിക്കാം എന്നാണ് ജലീല്‍ പറഞ്ഞത്. ഞങ്ങള്‍ പുഴയോട് ചേര്‍ന്നുകിടക്കുന്ന ചെറിയൊരു പാറയില്‍ ചെന്നിരുന്നു. പക്ഷേ, പുഴയിലെങ്ങും മത്സ്യത്തെ കണ്ടില്ല. അപ്പോഴേക്കും തൊട്ടരികിലുള്ള വൃക്ഷത്തിലേക്ക് ഒരു മലയണ്ണാന്‍ എത്തി. ഞാനെന്റെ ക്യാമറയും 400 mm f2.8 ലെന്‍സും അങ്ങോട്ട് തിരിച്ച് ചിത്രങ്ങള്‍ എടുക്കാനാരംഭിച്ചു. അപ്പോള്‍ ജലീല്‍ എന്നെ മൃദുവായി തോണ്ടുകയും ഞങ്ങള്‍ ഇരിക്കുന്ന പാറയും പുഴയും ചേരുന്ന ഭാഗത്തേക്ക് കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിക്കുകയുംചെയ്തു. ഞാന്‍ അനങ്ങാതെ അങ്ങോട്ട് നോക്കി.

Python 2
ഒഴുക്കിനെതിരെ

ഞങ്ങളുടെ തൊട്ടരികില്‍ ജലോപരിതലത്തില്‍ വലിയൊരു മലമ്പാമ്പിന്റെ ശിരസ്സ് ഉയര്‍ന്നുവന്നിരിക്കുന്നു! അത്രമാത്രം വലുപ്പമാര്‍ന്ന ഒരു പാമ്പിന്റെ ശിരസ്സ് ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞങ്ങള്‍ പതുക്കെ പിന്നിലേക്ക് മാറി. എന്റെ കൈവശം വൈഡ് ആംഗിള്‍ ലെന്‍സുകള്‍ ഒന്നുംതന്നെ കരുതിയിട്ടുണ്ടായില്ല. 400 എം.എം. ലെന്‍സുമായി പിന്നിലേക്ക് മാറിയാലേ എന്തെങ്കിലും ചിത്രങ്ങള്‍ ലഭിക്കൂ. ആ വലിയ ശിരസ്സ് മെല്ലെ നീങ്ങിവന്നു ഞങ്ങള്‍ കുറച്ചു മുന്‍പെ ഇരുന്ന പാറയോട് മുട്ടിനിന്നു. അപ്പോഴേക്കും ഞാന്‍ ആ ശിരസ്സിന്റെ ക്ലോസപ്പുകള്‍ എടുക്കാനാരംഭിച്ചു. 

പൊടുന്നനെ അത് ജലത്തിനന്തര്‍ഭാഗത്തേക്ക് ആഴ്ന്നുപോയി അപ്രത്യക്ഷമായി. ഞങ്ങള്‍ പുഴയിലാകെ തിരയുമ്പോള്‍ കുറച്ചപ്പുറത്തായി ജലം തീരെ കുറഞ്ഞ ഭാഗത്തുകൂടി പാമ്പ് കടന്നുപോകുന്നു. അപ്പോഴാണ് അതിന്റെ വലുപ്പം ഞങ്ങള്‍ കണ്ടത്. ഞാന്‍ ക്യാമറയുമായി ഏറെ പിന്നിലേക്കു മാറി. കാരണം വൈഡ് ആംഗിള്‍ ലെന്‍സ് കരുതാതിരുന്ന എനിക്ക് നല്ലൊരു ചിത്രം കിട്ടാനായി അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. അതിന്റെ വലുപ്പം ഞങ്ങളെ അദ്ഭുതപ്പെടുത്തി. മലമ്പാമ്പുകളെ പലപ്പോഴും കാടുകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയൊന്നിനെ ഞങ്ങള്‍ രണ്ടുപേരും ആദ്യമായിട്ടായിരുന്നു കാണുന്നത്. ആ വലിയ ശിരസ്സ് ഞങ്ങള്‍ക്കു നേരെ തിരിയുകയും ഇടയ്ക്കിടെ അതിന്റെ നാക്ക് വെളിയിലേക്ക് നീട്ടുകയും ചെയ്തുകൊണ്ടിരുന്നു.

Python 3
ഒരു കുളിയാവാം

വലിയ ലെന്‍സുമായി (ഏകദേശം ആറുകിലോ ഭാരം) ആ പാമ്പിനെ പിന്തുടരുക അല്പം പ്രയാസകരമായിരുന്നു. വഴുതലുകള്‍ ഉള്ള പാറയിലൂടെ അതിനരികിലേക്ക് ചെല്ലുമ്പോള്‍ പിന്നെ അനക്കം കൂടാതെ ഫോക്കസ് ചെയ്യലുമൊക്കെ പുതിയ പഠനങ്ങള്‍ തന്നെയായിരുന്നു. ഏകദേശം ഒന്നരമണിക്കൂറോളം ആ വലിയ മലമ്പാമ്പ് ഞങ്ങളെ പുഴയിലൂടെയും അതിനോരത്തൂടെയും അങ്ങാട്ടും ഇങ്ങാട്ടുമൊക്കെ അലയുവാന്‍ നിര്‍ബന്ധിതരാക്കി. പിന്നീട് അത് പൊടുന്നനെ കുറ്റിക്കാടിനിടയിലേക്ക് കയറി. അവിടെ ചുരുണ്ടുകൂടിയ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ യാതൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല. ഏറെനേരം ഞങ്ങളവിടെ തങ്ങിയെങ്കിലും ഫോട്ടോഗ്രാഫിക്കാവശ്യമായ പ്രകാശമോ വ്യക്തതയോ നല്ലൊരു ഫ്രെയിമോ പിന്നീട് വീണുകിട്ടിയില്ല.

Yathra August 2020
യാത്ര വാങ്ങാം

തിരികെ പോരുമ്പോള്‍ കൈവശം എല്ലായ്‌പ്പോഴും കരുതേണ്ടുന്ന ലെന്‍സുകളെക്കുറിച്ച് ഓര്‍മിച്ചു. അതിവിടെ നിങ്ങള്‍ക്കായും എനിക്കായും കുറിക്കുന്നു. കാട്ടില്‍ നമ്മള്‍ ഒന്നിന്റെയും സ്‌പെഷലൈസ് ഫോട്ടോഗ്രാഫിയിലല്ലെങ്കില്‍ തീര്‍ച്ചയായും നല്ലൊരു വൈഡ് ആംഗിള്‍ ലെന്‍സ് കരുതാന്‍ മറക്കണ്ട. ഞാന്‍ സാധാരണ കരുതുന്ന ലെന്‍സ് കാനണ്‍ 17-40 L സീരീസ് എ4 ലെന്‍സാണ്. കൂടാതെ 100-400 mm എ5.6 ലെന്‍സും കരുതാറുണ്ട്. 100 f2.8 mm മാക്രോലൈന്‍സ് (താംറോണ്‍ കമ്പനി) കിറ്റിലുണ്ടാകും.

Python 4
മുങ്ങി നിവര്‍ന്നപ്പോള്‍

ഇതിലെ ചിത്രങ്ങള്‍ക്ക് ഉപയോഗിച്ചത് കാനണ്‍ 7D ക്യാമറയും കാനണ്‍ 400 എ2.8 mm ലെന്‍സുമാണ്.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Python, NA Naseer Photography, Wildlife Photography