മലയാളികളുടെ ആനക്കമ്പത്തെ വര്‍ണിക്കാന്‍ വാക്കുകളില്ല. ആനയില്ലെങ്കിൽ എന്ത് പൂരം, എന്ത് ഉത്സവം എന്ത് ആഘോഷം. ഗുരുവായൂർ കേശവനും പത്മനാഭനും തെച്ചിക്കോട്ട് കാവ്  രാമചന്ദ്രനും ചെങ്ങല്ലൂര്‍ രംഗനാഥനും കണ്ടമ്പുള്ളി ബാലനാരായണനും ചിറക്കൽ കാളിദാസനുമെല്ലാം കേരളത്തിന്റെ അഭിമാനമാണ്. സ്വകാര്യ അഹങ്കാരമാണ്. 

അതുകൊണ്ടു തന്നെ ഗുരുവായൂരിലെ ആനപ്രപഞ്ചമായ പുന്നത്തൂര്‍ കോട്ട ആനപ്രേമികൾക്ക് ഒരു തീർഥാടനകേന്ദ്രം തന്നെയാണ്. ഗുരുവായൂരപ്പന്റെ സന്തത സഹചാരികളായ ആനകള്‍ ഇവിടെ വസിക്കുന്നു. ഗുരുവായൂര്‍ സന്ദര്‍ശിക്കുന്ന മിക്കവരും പുന്നത്തൂര്‍ കോട്ട കാണാതെ മടങ്ങാറില്ല. അത്രയേറെ മലയാളികളോട് ഇഴുകിച്ചേര്‍ന്നിരിക്കുകയാണ് ഈ ഇടമാണത്.

2

എന്നാല്‍ പുന്നത്തൂര്‍ കോട്ട സന്ദര്‍ശിക്കുന്നവര്‍ വെറും ഭക്തര്‍ മാത്രമായി ഒതുങ്ങുകയാണ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഏറെ കാഴ്ചകള്‍ പുന്നത്തൂര്‍ കോട്ടയിലുണ്ടെങ്കിലും അതിനെ ഒരു ടൂറിസം സെന്ററാക്കി മാറ്റാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ലോകത്തില്‍ തന്നെ ഏറ്റവുമധികം നാട്ടാനകളെ കാണാന്‍ കഴിയുന്ന അപൂര്‍വമായ ഇടങ്ങളിലൊന്നാണ് പുന്നത്തൂര്‍ കോട്ട. ആനകളുടെ പരിചരണവും സംരക്ഷണവും അവയുടെ കളികളുമെല്ലാം സഞ്ചാരികളിലേക്കെത്തിച്ചാല്‍ ലോകസഞ്ചാര ഭൂപടത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ കേരളത്തിന് സാധിക്കും. 

1

അതിനായി പുന്നത്തൂര്‍ കോട്ടയില്‍ കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുന്നത്തൂര്‍ കോട്ട സന്ദര്‍ശിച്ചുമടങ്ങുന്നവരില്‍ നിന്നും ചില അഭിപ്രായങ്ങള്‍ തേടുകയുണ്ടായി. പ്രവേശന കവാടം മോടിപിടിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുക എന്നതാണ് ആദ്യമായി ഏവരും ചൂണ്ടിക്കാണിച്ച കാര്യം.

3

ആനകളുടെ പ്രൗഢി പ്രകടമാക്കുന്നതരത്തിലുള്ള പ്രവേശന കവാടം ലോക സഞ്ചാരികളുടെ മനം കവരും. യുവാക്കളെ ആകര്‍ഷിക്കാന്‍ സൗജന്യ വൈഫൈ സൗകര്യവും ആനകളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ബോര്‍ഡുകളുമെല്ലാം ഉപയോഗപ്പെടുത്താം. ആനക്കോട്ടയുടെ ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സെഷനുകളും ഡിജിറ്റല്‍ ഇന്ററാക്റ്റീവ് കിയോസ്‌കുകളുമെല്ലാം സഞ്ചാരികള്‍ക്ക് ഗുണകരമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

ആനക്കോട്ട് വൃത്തിയാക്കണമെന്നതാണ് പ്രധാനമായും ഉയര്‍ന്നുവന്ന ആവശ്യം. പുന്നത്തൂര്‍ കോവിലകവും അതിനോടുചേര്‍ന്നുള്ള അമ്പലവും പുനഃരുദ്ധരിച്ചാല്‍ പൈതൃക ടൂറിസത്തിനും സാധ്യതകളുണ്ട്. പ്രായമായവര്‍ക്ക് ആനക്കോട്ട ചുറ്റിക്കാണാന്‍ ചെറിയ വാഹന സൗകര്യങ്ങള്‍ തുടങ്ങാവുന്നതാണ്. 

4

'നമ്മുടെ വനസ്ഥലികളുടെ അഭിജാത സാന്നിധ്യങ്ങളാണ് ആനകള്‍. വിത്ത് വിതരണത്തിലുടെ കാടിനെ പച്ചചൂടിക്കുന്ന umbrella species ആയും,Land Scape species ആയും 'ഗജരാജ വിരാജിത മന്ദഗതി'യില്‍ കാടുവാഴുന്ന ഇവരില്‍ ചിലര്‍, എതോ നിയോഗം കൊണ്ട്  നാം, മനുഷ്യരുടെ ഇടയില്‍ എത്തികൊടിയ ചുഷണത്തിനും, പീഡനത്തിനും ഇരയാവുകയാണ് പതിവ്.എന്നാല്‍, ഇതിനൊരു അപവാദ മെന്നോണം ആനകള്‍ക്ക് സുഖചികില്‍സ നല്‍കി, തണലും തണുപ്പും പരിരക്ഷയും പകര്‍ന്നു സംരക്ഷിക്കുന്ന അഭിനന്ദനീയമായ സംരംഭമാണ് പുന്നത്തൂര്‍ കോട്ടയിലെ ആനവളര്‍ത്ത് കേന്ദ്രം.

പക്ഷേ, ആനപ്രേമികളെയോ, പഠിതാക്കളെയോ, വിനോദസഞ്ചാരികളെയോ വേണ്ടവിധം ആകര്‍ഷിക്കാന്‍ ഇന്ന് ഈ കേന്ദ്രത്തിന് സാധ്യമാകുന്നില്ല. ചെറിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഈ ആന വീടിന് ആനപ്രേമികളെ ആകര്‍ഷിക്കാന്‍ സാധ്യമാവും. ഒരു പരിപാലിത വനം പോലെ കൂടുതല്‍ വൃക്ഷങ്ങള്‍ വളര്‍ത്തി സ്വാഭാവിക ജൈവപ്രകൃതിയില്‍, വിദേശങ്ങളിലോക്കെ കാണും പോലെ ഒരു Elephant Park ആയി ഇവിടം സംരക്ഷിച്ചാല്‍ അതു ആന പ്രേമികള്‍ക്കും വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടും .ഈ രീതിയിലേക്ക് അധികൃത ശ്രദ്ധ പതിയുന്നത് നന്നാവും'.-
അസീസ് മാഹി പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്‍, പ്രകൃതി സ്‌നേഹി

'പുന്നത്തൂര്‍ കോട്ട പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. എപ്പോഴും ഒരേ കാഴ്ചയാണ്. നവീകരണം വേണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. പക്ഷേ അത് ആനകളുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കുന്ന തരത്തിലാകരുത്. അവയെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള നവീകരണങ്ങള്‍ കേരളത്തെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കും. വിദേശികള്‍ ഇവിടേക്ക് പറന്നെത്തും'-
ശ്രീലേഷ്, ആനപ്രേമി

പുന്നത്തൂര്‍ കോട്ടയെ ലോകോത്തര നിലവാരത്തിലെത്തിക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാനുമായി  ഇനിയും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കും. അവയെന്തൊക്കെയാണ്?

നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തൂ...

Content Highlights: Punnathoor Kotta in Guruvayur can attract tourists through its wide variety of elephants