തൊപ്പിയും ഗുജറാത്തി വേഷവും ധരിച്ച് ട്രെയിൻ ഹോസ്റ്റസുമാർ, അടിമുടി രാജകീയം ഈ തേജസ് യാത്ര


സി.കെ. സന്തോഷ്

4 min read
Read later
Print
Share

സാധാരണ തീവണ്ടിയാത്രയല്ല തേജസ്സിലേത്. പുതിയൊരനുഭവമാണ് ഈ സ്വകാര്യ വണ്ടി. ആദ്യ സ്വകാര്യവണ്ടി ഡൽഹി-ലഖ്‌നൗ റൂട്ടിൽ ഓടുന്നുണ്ട്. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ വണ്ടിയാണ് ജനുവരി 19 മുതൽ അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ഓടുന്നത്. ഒരു യാത്രാനുഭവം

ഫോട്ടോ: പ്രവീൺ കജ്രോൽക്കർ

പുലർച്ചെ ആറുമണി. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ. പുറത്ത് സ്വകാര്യവാഹനങ്ങളുടെയുംമറ്റും നല്ല തിരക്ക്. വണ്ടിപിടിക്കാൻ സ്റ്റേഷനിലേക്ക് പോകുന്നവരും ഏറെ. ഒരു മണിക്കൂറിനുള്ളിൽ ഇവിടെനിന്ന്‌ മുംബൈ ഭാഗത്തേക്കും ഡൽഹിയിലേക്കുമായി ഒട്ടേറെ വണ്ടികളുണ്ട്. നാലാംനമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു തിരക്ക് കൂടുതൽ. ഇവിടെ ഓടാൻ ഒരുങ്ങിനിൽക്കുകയാണ് തേജസ്സ് എക്സ്‌പ്രസ്-രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടിയിൽ. യാത്രചെയ്യാനെത്തിയവരുടെ തിരക്കല്ല. വണ്ടി കാണാനും സെൽഫിയെടുക്കാനുമായി എത്തിയവരാണ് കൂടുതൽ. വണ്ടിയുടെ കവാടങ്ങളിൽ ഗുജറാത്തിവേഷം ധരിച്ച ട്രെയിൻ ഹോസ്റ്റസുമാർ യാത്രക്കാരെ സ്വീകരിക്കുന്നു. വോക്കി ടോക്കിയുമായി ഐ.ആർ.സി.ടി.സി. ജീവനക്കാർ ഓടിനടക്കുന്നു. ഓരോ കോച്ചിലെയും ഗാർഡുമാർ യാത്രക്കാരുടെ ലഗ്ഗേജുകൾ കയറ്റിവെക്കാൻ സഹായിക്കുന്നു. അകത്ത് യാത്രക്കാർക്കുള്ള ഭക്ഷണങ്ങൾ ഒരുക്കിവെക്കുന്ന മറ്റൊരു സംഘം. യാത്രക്കാർക്ക് ഇതെല്ലാം പുതുമയുള്ള അനുഭവം. അതെ, തേജസ്സിൽ എല്ലാം പുത്തൻ അനുഭവമാണ്.

സമയം 6.38.

ഓരോ കോച്ചിനുമുന്നിൽനിന്നും ഗാർഡുകൾ വിസിലൂതാൻ തുടങ്ങി. യാത്രക്കാർ ആരെങ്കിലും പുറത്തുണ്ടെങ്കിൽ കയറാനുള്ള നിർദേശമാണ്. ആരുമില്ല. ഒരു മിനിറ്റിനുശേഷം
Tejas Train
വീണ്ടും നീണ്ടവിസിൽ. വാതിലുകൾ ബീപ് ശബ്ദത്തോടെ സ്വയം അടഞ്ഞു. കൃത്യം 6.40-നുതന്നെ തേജസ്സ് മുംബൈയിലേക്കുള്ള കന്നിയോട്ടം ആരംഭിച്ചു. പുറത്തെ 20 ഡിഗ്രി തണുപ്പിൽനിന്ന്‌ രക്ഷപ്പെട്ടതിന്റെ സന്തോഷം യാത്രക്കാർക്ക്. പുറത്ത് സെൽഫിയെടുത്തവർ അകത്തും അതാവർത്തിച്ചുകൊണ്ടിരുന്നു. ഇന്നുവരെയില്ലാത്ത പുതുമകളോടെയുള്ള യാത്ര പലരും മൊബൈലിൽ വീഡിയോ കോൾ വിളിച്ച് വീട്ടുകാരെ തത്‌സമയം കാണിച്ചു. വിമാനത്തിലേതുപോലുള്ള സീറ്റുകൾ. ഒരു ലിവർ വലിച്ചാൽ കാലുകൾ മുന്നോട്ടുയരും. മറ്റൊന്നുവലിച്ചാൽ സീറ്റ് പിറകിലോട്ട് ചായും. യാത്രക്കാരന് ഇഷ്ടത്തിനനുസരിച്ച് സീറ്റുകളുടെ ഘടന മാറ്റാം.

എല്ലാം ഐ.ആർ.സി.ടി.സി. മയം

തേജസ്സ് എക്സ്‌പ്രസ് രണ്ടുവർഷത്തേക്ക് നടത്താൻ റെയിൽവേ ഐ.ആർ.സി.ടി.സി. യെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപ്പറേഷൻ)ഏൽപ്പിച്ചിരിക്കയാണ്. വണ്ടിയോടിക്കുന്ന രണ്ട് ലോക്കോ പൈലറ്റുമാരൊഴിച്ചാൽ റെയിൽവേ ജീവനക്കാരായി മറ്റാരും വണ്ടിയിലില്ല. ടിക്കറ്റ് പരിശോധനമുതൽ എല്ലാനിയന്ത്രണവും ഐ.ആർ.സി.ടി.സി.യാണ്. കപ്പലിലെപ്പോലെ തേജസ്സ് എക്സ്പ്രസിന്റെ മൊത്തം ചുമതല ക്യാപ്റ്റനാണ്. വണ്ടിയുടെ രണ്ടറ്റത്തുമായി കൺട്രോൾ റൂമുകൾ. അതിന് ഒരു താക്കോൽ. പിറകിലത്തെ കൺട്രോൾ റൂമിലായിരിക്കും താക്കോലുമായി ക്യാപ്റ്റന്റെ ഇരിപ്പിടം. ഈ താക്കോൽ കൺട്രോൾ ബോർഡിന്റെ സുഷിരത്തിൽ പ്രതിഷ്ഠിച്ചാൽമാത്രമേ വണ്ടിയുടെ നിയന്ത്രണങ്ങൾ പ്രവർത്തിച്ചുതുടങ്ങൂ. വണ്ടി മറുഭാഗത്തേക്ക്‌ ഓടുന്നസമയത്ത് ഇതേ താക്കോൽതന്നെയാണ് മറുഭാഗത്തെ കൺട്രോൾറൂമിലും ഉപയോഗിക്കേണ്ടത്. ‘‘ഒരു വണ്ടിക്ക്‌ ഒരു താക്കോൽ’’ -ക്യാപ്റ്റൻ സുനിൽ കൗശിക് പറഞ്ഞു. ‘‘വാതിലുകളുടെ നിയന്ത്രണംമുതൽ എയർ ബ്രേക്ക്, എമർജൻസി ഹാൻഡ്‌ ബ്രേക്ക്, സ്മോക്ക് ഡിറ്റക്ടർ എന്നിവയൊക്കെ ഈ കൺട്രോൾറൂമിലുണ്ട് ’’.

‘‘യാത്രക്കാർ വണ്ടിയിൽ കയറിയാൽപ്പിന്നെ ഇറങ്ങേണ്ട സ്റ്റേഷനിൽ അല്ലാതെ മറ്റൊരിടത്തും പുറത്തേക്കിറങ്ങരുത്. ഓട്ടോമാറ്റിക് ഡോർ അടഞ്ഞുകഴിഞ്ഞാൽ പിന്നെ വണ്ടി നീങ്ങിത്തുടങ്ങും. വണ്ടി അഞ്ചുകിലോമീറ്റർ വേഗത്തിൽ എത്തുന്നതോടെ അത് തുറക്കാൻ പറ്റാത്ത രീതിയിൽ അടയും. പിന്നെ അടുത്തസ്റ്റേഷനിലെത്തുമ്പോൾമാത്രമേ തുറക്കുകയുള്ളൂ. അത്യാവശ്യമായി തുറക്കാനുള്ള സംവിധാനം വാതിലിനുസമീപം തന്നെയുണ്ട് ’’ -കൗശിക് ചൂണ്ടിക്കാട്ടി.

കഴിക്കാം, കിടക്കാം കാഴ്ചകൾ കാണാം

ഓരോ സീറ്റിലും ഇംഗ്ലീഷ്, ഗുജറാത്തി ന്യൂസ് പേപ്പറുകളുണ്ട്. അവയിലേക്ക് കണ്ണോടിച്ചുതുടങ്ങുമ്പോഴേക്കും ചായയും ബിസ്കറ്റുമെത്തി. ഡിപ്പ് ടീക്ക്‌ പഞ്ചസാരയും പാൽപ്പൊടിയും പ്രത്യേകമായാണ്. മധുരമില്ലാത്തതോ കട്ടൻചായയോ യാത്രക്കാരന് സ്വയമുണ്ടാക്കാം. കോഫീ മിക്സുമുണ്ട്. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഫ്രൂട്ട് ജ്യൂസ് എത്തി. എട്ടുമണിയോടെ പ്രാതലും. ഇഡ്ഡലിയും തണുത്ത സാമ്പാറും പരിപ്പുവടയും. തണുത്ത സാമ്പാർ വേണ്ടാത്തവർക്ക് അവിൽ ഉപ്പുമാവ് വേറെ. പഴവും ഓറഞ്ചും ബദാമും വേറെയുണ്ട്. ഇടനാഴിയിലൂടെ ട്രോളി ഉരുട്ടിയാണ് ഭക്ഷണവിതരണം. ചായയും കാപ്പിയും വെള്ളവും എത്രവേണമെങ്കിലും ആകാം.

പ്രാതൽ കഴിഞ്ഞ ഉടൻതന്നെ പലർക്കും മയങ്ങണം. സീറ്റ് ‘മലർത്തി’യിടാൻ ട്രെയിൻ ഹോസ്റ്റസുമാരായ അനിൽ കുമാറും ഹേമാലിയും സഹായിക്കുന്നുണ്ടായിരുന്നു. ഉത്തർപ്രദേശുകാരനായ അനിൽ കുമാർ ‘രാജധാനി’യിലുംമറ്റും ജോലിചെയ്തിട്ടുണ്ട്. എന്നാൽ, ഗുജറാത്തിൽനിന്നുള്ള ഹേമാലി എയർ ഹോസ്റ്റസ് ട്രെയിനിങ് കഴിഞ്ഞാണ് ഇവിടെയെത്തുന്നത്. പരമ്പരാഗതമായ ഗുജറാത്തിവസ്ത്രങ്ങളിലാണ് ഇരുവരും. ചുണ്ടിൽനിന്ന് ചിരിമായ്ക്കാതെ യാത്രക്കാരുടെ ഓരോ ആവശ്യവും അവർ നിറവേറ്റി. സീറ്റിനുമുകളിലായുള്ള കോൾ ബട്ടണിൽ വിരലമർത്തിയാൽ അവരെത്തും. വെളിച്ചം കുറവാണെങ്കിൽ പത്രവുംമറ്റും വായിക്കാൻ ഒാരോ യാത്രക്കാരനും ഉപയോഗിക്കാൻ സ്പോട്ട് ലൈറ്റുകളും സമീപത്തുണ്ട്. അഞ്ചടിയോളം നീളമുള്ള ജനലിലൂടെ പുറത്തുള്ള ദൃശ്യങ്ങൾ യാത്രക്കാർക്ക് നന്നായി കാണാം. ജനലിലെ രണ്ട് ഗ്ലാസ് പാനലുകൾക്കിടയിലായി സ്ഥാപിച്ച കർട്ടൺ ഉയർത്താനും താഴ്ത്താനും പ്രത്യേക ബട്ടണുകൾ വേറെയും. മുന്നിലെ സീറ്റിനുപിറകിലായി ഘടിപ്പിച്ച ഏഴിഞ്ച് സ്ക്രീനിൽ സിനിമയോ വീഡിയോകളോ(അതിനകത്തുള്ള) കണ്ടിരിക്കാം. എക്സിക്യുട്ടീവ് ക്ലാസിൽമാത്രമാണ് ഈ സൗകര്യം. ചെയർകാറിൽ ഇല്ല.

491കി.മീ @ 6മണിക്കൂർ

വണ്ടി മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ഓടിക്കൊണ്ടിരുന്നത്. അഹമ്മദാബാദിൽനിന്ന്‌ മുംബൈയിലേക്കുള്ള 491 കിലോമീറ്റർ പിന്നിടുന്നത് ആറുമണിക്കൂർകൊണ്ട്. കണ്ണൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ദൂരം. വണ്ടിക്കകത്ത് ഭൂരിപക്ഷംപേരും സുഖനിദ്രയിലേക്ക് വീണുകഴിഞ്ഞു. ചിലർ ഹോളിവുഡ് സിനിമകളിൽ ആസ്വദിക്കുകയാണ്. ആവശ്യപ്പെട്ടാൽ ഹെഡ് ഫോൺ ലഭിക്കും.

ബോറിവിലിയെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോൾതന്നെ ഇറങ്ങാനുള്ളവർ തയ്യാറായിക്കഴിഞ്ഞു. 90 ശതമാനം ആളുകളും ഇവിടെ ഇറങ്ങുന്നു. അരമണിക്കൂർമുമ്പേ എന്തിന് തയ്യാറാകണമെന്ന സംശയത്തിന് പ്രായമായ ഒരു വനിത ഉത്തരം തന്നു: ‘വാതിലടയുന്നതിനുമുമ്പുതന്നെ ഇറങ്ങണ്ടേ...’

അഞ്ചുമിനിറ്റുമുമ്പുതന്നെ തേജസ്സ് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി. കുറച്ചുയാത്രക്കാരേ ഇറങ്ങാനുള്ളൂ. ഇനി മടക്കയാത്രയാണ്. രണ്ടരമണിക്കൂറിനുശേഷം. അതുവരെ ഒന്നാം പ്ലാറ്റ്‌ഫോമിൽ വിശ്രമം. അവിടെയും സെൽഫിക്ക്‌ കുറവുണ്ടായിരുന്നില്ല. മറ്റുവണ്ടികളിൽ യാത്രചെയ്യാനെത്തിയവരും ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി തേജസ്സിനോട് ചേർന്നുനിന്ന് ഫോട്ടോ പകർത്തുന്നുണ്ടായിരുന്നു.

തേജസ്സിന്റെ യാത്ര​

വ്യാഴാഴ്ചയൊഴികെ എല്ലാദിവസവും അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിൽ തേജസ്സ് ഓടുന്നു. രണ്ട് എക്സിക്യുട്ടീവ് ക്ലാസും എട്ട്‌ ചെയർകാറുമടക്കം പത്ത് കോച്ചുകൾ. ആകെ 736 യാത്രക്കാർ. ചെയർകാറിന് 1600 രൂപയോളവും എക്സിക്യുട്ടീവ് ക്ലാസിന് 2500 രൂപയോളവുമാണ് നിരക്ക്. 60 ദിവസംമുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐ.ആർ.സി.ടി.സി. വെബ്സൈറ്റ്‌വഴിയോ ഇതുമായി ബന്ധപ്പെട്ട പേടിയം, ഫോൺ പേ, മേക്ക് മൈ ട്രിപ്, റെയിൽ യാത്രി തുടങ്ങിയ ട്രാവൽ പോർട്ടലുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ കൗണ്ടറിൽ ടിക്കറ്റ് ലഭിക്കില്ല.

വെയിറ്റിങ്‌ ലിസ്റ്റ് ടിക്കറ്റ് യാത്രക്കാരൻ റദ്ദാക്കുകയാണെങ്കിൽ 25 രൂപ ക്ലറിക്കൽ ചാർജ് ഒഴികെ ബാക്കി പണമെല്ലാം തിരികെലഭിക്കും. വെയിറ്റിങ്‌ ലിസ്റ്റ് ടിക്കറ്റ് സ്വയം റദ്ദാവുകയാണെങ്കിൽ മുഴുവൻ തുകയും തിരികെ അക്കൗണ്ടിലെത്തും. ചാർട്ട് തയ്യാറാക്കിയശേഷം ഭാഗികമായി കൺഫേമായ ടിക്കറ്റ് വണ്ടി പുറപ്പെടുന്നതിന് മുപ്പതുമിനിറ്റ്‌ മുമ്പുവരെ റദ്ദാക്കിയാലും മുഴുവൻ തുകയും യാത്രക്കാരന് ലഭിക്കും. തീവണ്ടി റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെങ്കിലും തുക തിരികെക്കിട്ടും. ചാർട്ട് തയ്യാറായിക്കഴിഞ്ഞാലും കറന്റ് ബുക്കിങ്ങിലൂടെ യാത്രക്കാർക്ക് ടിക്കറ്റെടുക്കാവുന്നതാണ്. അഞ്ചുവയസ്സിനുമുകളിലുള്ള എല്ലാവർക്കും ടിക്കറ്റ് വേണം. ഒരു സൗജന്യവും ഇതിലില്ല. തിരക്കുള്ള സമയം, തിരക്കില്ലാത്ത സമയം, ഉത്സവസീസൺ തുടങ്ങി മൂന്നുതരത്തിലാണ് ടിക്കറ്റ് നിരക്കുകൾ. ഇതുകൂടാതെ 40 ശതമാനം ടിക്കറ്റ് വിറ്റുകഴിഞ്ഞാൽ നിരക്ക് 10 ശതമാനം വീതം ഉയരുന്ന ഡൈനാമിക് പ്രൈസിങ്ങാണ് ഇതിലും. ജനറൽ ക്വാട്ടയും വിദേശക്വാട്ടയും മാത്രമേയൂള്ളൂ. വിദേശികൾക്ക് എക്സിക്യുട്ടീവ് ക്ലാസിൽ ആറുസീറ്റും ചെയർകാറിൽ 12 സീറ്റും മാറ്റിവെച്ചിട്ടുണ്ട്. യാത്രക്കാരന് 25 ലക്ഷംരൂപയുടെ ഇൻഷുറൻസാണ് ഐ.ആർ.സി.ടി.സി. നൽകുന്നത്. യാത്രചെയ്യുന്ന സമയത്ത് വീട്ടിൽ കവർച്ച നടന്നാൽ ഒരു ലക്ഷംരൂപ വരെ നഷ്ടപരിഹാരം ലഭിക്കും എന്ന പുതുമയുമുണ്ട്. ഇതുകൂടാതെ വണ്ടി ഒരു മണിക്കൂറിലധികം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നതെങ്കിൽ 100 രൂപയും രണ്ടുമണിക്കൂറിലധികം വൈകിയാൽ 250 രൂപയും നഷ്ടപരിഹാരം.

Content Highlights: private train tejas journey travel experience

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shenaz treasurywala

2 min

മൂന്നാറുമായി പ്രണയത്തിലായെന്ന് പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍; ആരാണ്‌ ഷനാസ് ട്രഷറിവാല?

Jun 9, 2023


Palm Jebel Ali

2 min

കടലില്‍ 80-ലേറെ ഹോട്ടലുകള്‍, 110 കി.മീ ബീച്ച്‌, 7 ഉപദ്വീപുകള്‍; ദുബായില്‍ ഒരുങ്ങുന്നത് ആഡംബര വിസ്മയം

Jun 3, 2023


Neelkantha Mountain

2 min

ഹിമാലയത്തിലെ സ്വര്‍ണമല ദര്‍ശനം...! എന്റെ കാത്തിരിപ്പിന് പര്‍വതേശ്വരന്‍ തന്ന സമ്മാനം

Jul 9, 2020

Most Commented