പൊന്നാനി വലിയ ജാറം | വര: ശ്രീലാൽ എ.ജി മാതൃഭൂമി
മണ്ണിനും മനുഷ്യർക്കുമിടയിൽ പ്രകൃതി ജലംകൊണ്ട് വരച്ച അതിരുകളാണ് കടലുകളും പുഴകളും. കടലിനക്കരെയും പുഴയ്ക്കക്കെരെയും ഉള്ള ഭൂമി പുരാതനകാലം മുതൽക്കേ മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ടാവണം, അക്കരപ്പച്ച പോലെ.. അത് തേടിയുള്ള സാഹസിക ജലയാത്രകൾ മനുഷ്യനെ സാമ്പത്തികവും സാംസ്കാരികവുമായ കൊടുക്കൽ വാങ്ങലുകളിലേക്ക് നയിച്ചിട്ടുണ്ടാവും.
പൊന്നാനി അത്തരത്തിൽ കടലിനക്കരെയും പുഴയ്ക്കക്കരെയുമുള്ള ഭൂമികയാണ്. പൊന്നാനിയെത്തടി യവനരും ചീനക്കാരും അറബികളും യൂറോപ്യന്മാരും വന്നത് അറബിക്കടൽ താണ്ടിയാണ്. വടക്കും തെക്കുമുള്ള പുഴകളിലൂടെ ഉൾനാടുകളിൽനിന്ന് പൊന്നാനിയിലേക്കും തിരിച്ചും സമ്പത്ത് ഒഴുകി. മറുനാടുകളുമായുള്ള വ്യാപാരബന്ധങ്ങൾ സാമൂതിരിയുടെ ഈ രണ്ടാം ആസ്ഥാനത്തിന് പെരുമയേറെയുണ്ടാക്കി. പൊന്നാനിയിലേക്കെത്തിയ സ്വദേശികളെയും വിദേശികളെയും മാത്രമല്ല അവർ കൊണ്ടുവന്ന വിഭവങ്ങളും ആശയങ്ങളും ഈ ദേശം ഇരുകൈയും നീട്ടി സ്വീകരിച്ചു. പൊന്നാനിയുടെ കിഴക്കേ അതിർത്തിയും ജലം കൊണ്ടുള്ളതാണ്, കനോലി കനാൽകൊണ്ട് "വരച്ചത്'.
ചെറിയ മക്ക
പൊന്നാനിക്കാരനായ അധ്യാപകൻ മുഹമ്മദ് സക്കീ റിനെയും ക്യാമറാമാനായ സമീർ അഹമ്മദിനെയും കൂട്ടുകിട്ടിയതിനാൽ പൊന്നാനിയിലെ നടത്തം ഏറെ എളുപ്പമായി, പൊന്നാനിയിലെ ഏത് വഴിയിലൂടെ നടന്നാലും ഏതെങ്കിലുമൊരു പള്ളിയോ ജാറമോ കാണാം. ഏകദേശം ആറ് ചതുരശ്രകിലോമീറ്ററിലായി പരന്നുകിടക്കുന്ന ഈ ചെറിയ പട്ടണത്തിൽ ഉള്ളയത്രയും മുസ്ലിം പള്ളികൾ മറ്റൊരു പട്ടണത്തിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചെറുതും വലുതുമായി ഒരുപാട് പള്ളികൾ.

വലിയ ജുമാഅത്ത് പള്ളി
പതിനാറാം നൂറ്റാണ്ടിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനാണ് ഇത് സ്ഥാപിച്ചത്. തനി കേരളീയശൈലിയിൽ നിർമിച്ച മനോഹരമായ ഈ പള്ളിയിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള പഠിതാക്കൾ മതപഠനത്തിനായി വന്നിരുന്നു. ഇവിടത്തെ വിളക്കിന് ചുറ്റും ഇരുന്ന് പഠിക്കുന്ന രീതി പിന്നീട് "വിളക്കത്തിരിക്കൽ' എന്ന പേരിൽ അറിയപ്പെട്ടു.
വെട്ടത്തുരാജാവ് സമ്മാനമായി കൊടുത്ത ഒറ്റത്തടിയിലാണ് പള്ളി നിർമിച്ചത് എന്നും പള്ളിയുടെ പണി പൂർത്തിയാക്കിയശേഷം മിനാരത്തിൽനിന്ന് പടിഞ്ഞാറോട്ട് നോക്കിയ തച്ചൻ ദിവ്യവെളിച്ചം കണ്ടു എന്നുമൊക്കെ കഥകളുണ്ട്.
വലിയ ജാറം

പൊന്നാനിയിൽ അങ്ങിങ്ങായി മുസ്ലിം പുണ്യാത്മാക്കളുടെ ജാറങ്ങൾ കാണാം. അതിൽ പ്രധാനമാണ് പൊന്നാനി വലിയ ജാറം. സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദറൂസി തങ്ങൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഇതിനോട് ചേർന്നുതന്നെ പുരാതനമായ തറവാടും കുളവുമുണ്ട്. ദേശാടനക്കിളികളും സൂഫികളും പൊന്നാനിയോട് ചേർന്ന നിളാതീരം ദേശാടനക്കിളികളുടെ പറുദീസയാണ്. ഇതേ തീരത്താണ് ഫരീദ് ഔലിയ എന്ന അവധൂത സൂഫിവര്യനാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ തോട്ടുങ്കൽപള്ളി സ്ഥിതിചെയ്യുന്നത്. പുരാതനകാലത്ത് കരവഴിയും പുഴകടന്നും കടൽകടന്നുമെല്ലാം സൂഫികൾ ഇവിടെ വന്നിരുന്നുവത്രേ. മതമൈത്രിയുമായി ബന്ധപ്പെട്ട ഒരുപിടി കഥകൾ ഈ പള്ളിയെ ചുറ്റിപ്പറ്റിയുണ്ട്.

പൊന്നാനി ഹാർബറിലലേക്ക് പോവുന്ന വഴി കോടതി സമുച്ചയത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയിലുള്ള ഒരു പഴയ കെട്ടിടമുണ്ട്. കാലപ്പഴക്കമോ നിർമാണചാതുരിയോ അല്ല, ആ കെട്ടിടത്തെ പുണർന്നുനിൽക്കുന്ന ആൽമരമാണ് അതിന്റെ പ്രത്യേകത. ഭൂമിയിലേക്കിറങ്ങിനിൽക്കുന്ന തന്റെ ആയിരം കൈകൾകൊണ്ട് മരം കെട്ടിടത്തെ ചേർത്തുപിടിച്ചിരിക്കുന്നു. ഒരു കൗതുകക്കാഴ്ചയ്ക്കപ്പുറം ഇത് നോക്കിനിന്നാൽ മനുഷ്യൻ പ്രകൃതിയിൽനിന്ന് പിടിച്ചെടുത്ത ഏത് ഭൂവിഭാഗവും എന്നെങ്കിലുമൊരിക്കൽ പ്രകൃതി തിരിച്ചുപിടിക്കുമെന്ന് തോന്നിപ്പോവും. അല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ മനുഷ്യൻ അത് പ്രകൃതിക്ക് വിട്ടുകൊടുത്ത മതിയാവൂ.
എന്തൊക്കെയാണെങ്കിലും പ്രകൃതിയുടെ ഈ തിരിച്ചുപിടിക്കലിന്, ചേർത്തുപിടിക്കലിന് മനോഹാരിതയേറെയാണ്. സിനിമാക്കാരുടെയും ഫോ ട്ടോഗ്രാഫർമാരുടെയും വ്ലോഗർമാരുടെയും സെൽഫിക്കാരുടെയും ഇഷ്ടലൊക്കേഷനാണ് ഇതിപ്പോൾ. ഇവിടെവെച്ചൊരു സെൽഫിയാകാം.
പാനൂസവിളക്കും മുത്താഴവെടിയും
പൊന്നാനിയുടെ പഴയ റംസാൻ രാവുകൾക്ക് നിറംപകർന്ന രണ്ട് കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവഴികൾ അവസാനിച്ചത് കോയ എന്നറിയപ്പെടുന്ന ഇബ്രാഹിംകുട്ടിയുടെ വീട്ടിലായിരുന്നു. റംസാൻകാലത്ത് പൊന്നാനിയിലെ വീടുകളിൽ തൂക്കിയിട്ടിരുന്ന അലങ്കാര വിളക്കുകളാണ് പാനൂസവിളക്കുകൾ. മുളംചീളുകൾ കൊണ്ടുണ്ടാക്കിയ ഫ്രെയിമിന് മുകളിൽ വർണക്കടലാസുകൾ ഒട്ടിച്ചാണ് ഇത് ഉണ്ടാക്കുന്നത്. പ്രകാശത്തിനായി ഉള്ളിൽ വിളക്കുകളോ മെഴുകുതിരികളോ കത്തിക്കും. ഇന്ന് വൈദ്യുതവിളക്കുകൾ ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ബോട്ടിന്റെയും വിമാനത്തിന്റെയും ആകൃതിയിലുള്ള പാനൂസവിളക്കുകളുണ്ട്. ആവശ്യക്കാർ കുറഞ്ഞെങ്കിലും കാലങ്ങൾക്കിപ്പുറം ഒരു ധ്യാനംപോലെ അദ്ദേഹം ഇപ്പോഴും റംസാൻകാലത്ത് പാനുസവിളക്കുകൾ ഉണ്ടാക്കുന്നു.

റംസാൻരാത്രികളിൽ പൊന്നാനിയിലെങ്ങും മുഴങ്ങിയിരുന്ന മുത്താഴവെടികൾ പഴയ തലമുറക്കാർ ഇന്നും ഓർക്കുന്നുണ്ട്. രാത്രി നമസാരമായ തറാവീഹ് മുതൽ അത്താഴംവരെയുള്ള സമയം തള്ളിനീക്കാൻ കുട്ടികൾ ഏർപ്പെടുന്ന വിനോദമാണ് മുത്താഴവെടി പൊട്ടിക്കൽ. മുത്താഴവെടിയെ പീരങ്കിയുടെ ഒരു മിനിയേച്ചർ രൂപമായി പരിഗണിക്കാം. ഒരുമീറ്ററോളം നീളമുള്ള ഒരു വശം അടഞ്ഞ അകം പൊള്ളയായ മുളങ്കുറ്റിയാണ് ഇത്. വെടി പൊട്ടുമ്പോൾ മുള ചിതറിപ്പോവാതെയിരിക്കാൻ അറ്റത്ത് കയർ ചുറ്റിയിട്ടുണ്ടാവും. മുളംകുറ്റിയുടെ ഒരറ്റത്ത് ചെറിയ ഒരു ദ്വാരമുണ്ടാക്കും. അതിലൂടെ മണ്ണെണ്ണയൊഴി ച്ച് തീകൊളുത്തി ചൂടാക്കും. അല്പസമയത്തിനുശേഷം ദ്വാരത്തിലൂടെ ഊതി തീ കൊളുത്തുമ്പോൾ തീപ്പൊരിയോടുകൂടി വെടി മുഴങ്ങും.

പടാപ്പുറങ്ങളും കോലായി ക്ലബ്ബുകളും

പൊന്നാനിയിലെ മുസ്ലിംസമൂഹത്തിൽ മരുമക്കത്തായമായിരുന്നു നിലനിന്നിരുന്നത്. ഒരു തറവാട്ടിലെ പെൺകുട്ടിയുടെ വിവാഹം കഴിയുമ്പോൾ അവർക്കുവേണ്ടി "അറ' ഒരുക്കുന്ന ഏർപ്പാടുണ്ട്. അറകൾക്ക് മത്താക്ക് എന്ന പേരിലുള്ള മനോഹരമായ കവാടങ്ങളാണ് പണിയുക. ഓരോ അറയ്ക്കും അനുബന്ധമായുള്ള മുറികളും പ്രത്യേകം ബാത്ത്റൂമുകളും കിണറുകളും മുറ്റവുമുള്ള തറവാടുകളുണ്ട് ഇവിടെ. പൊന്നാനിയിലെ തറവാടുകളുടെ പൂമുഖത്തിന്റെ ഒരറ്റത്ത് ചെറുപ്പക്കാർക്ക് മുതിർന്നവർക്കും കൂടിയിരുന്ന് സംസാരിക്കാനുള്ള ഒരു ഇടമുണ്ട്. "കോലായി ക്ലബ്ബ്' എന്നാണ് ഈ സ്ഥലത്തിന്റെ വിളിപ്പേര്. വെറും ചായകുടിയും സൊറപറയലും മാത്രമാണ് ഇവിടത്തെ പരിപാടി എന്ന് തെറ്റിദ്ധരിക്കേണ്ട. പല പുതിയ ബിസിനസ് സംരംഭങ്ങളുടെയും സാംസ്കാരികരാഷ്ട്രീയ പരിപാടികളുടെയും ആശയങ്ങൾ മുളയ്ക്കുന്നത് ഇത്തരം കോലായിക്ലബ്ബുകളിൽ നിന്നുമാണ്.
തിൻഡീസ്
പൊന്നാനി കാണുമ്പോൾ മെയിൻ റോഡിൽ അങ്ങാടിപ്പാലത്തിനടുത്തുള്ള തിൻഡീസ് എന്ന ആന്റിക് ഷോപ്പ് കാണാതെ പോവരുത്. ഒരു ആന്റിക് ഷോപ്പ് എന്നതിലുപരി പൊന്നാനിയുടെ പൗരാണികതയുടെ ഒരു മിനിയേച്ചറാണിത്. രണ്ട് ചെറുപ്പക്കാരുടെ- സമീർ ഡയാനയുടെയും ഫോട്ടോഗ്രാഫറും ചിത്രകാരനുമായ സലാം ഒളാട്ടയിലിന്റെയും ആശയമാണ് ഇത്. പൊന്നാനിയിലെ പല പഴയ തറവാടുകളിൽനിന്നും ശേഖരിച്ച വസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. പൊന്നാനിയെക്കുറിച്ച് പഠിക്കാൻ വരുന്നവരും ചരിത്രവിദ്യാർഥികളും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ഇത്.
(മാതൃഭൂമി യാത്ര 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: ponnani, destination drawing, history of ponnani, features of ponnani, mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..