വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത പൊന്നമ്പലമേട്ടിലേക്ക്; ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ യാത്ര


എഴുത്തും ചിത്രങ്ങളും: ജെ.ആര്‍ അനി

മ്ലാവുകൾ പൊന്നമ്പലമേട്ടിന് സമീപം

വീണ്ടുമൊരു മണ്ഡലകാലം സമാപിച്ചിരിക്കുകയാണ്. കാനനവാസനെന്നും ഹരിഹരസുതനെന്നും സര്‍വാഭീഷ്ട പ്രദായകനെന്നും പുകള്‍പെറ്റ ശബരിഗിരീശനെ തൃക്കണ്‍ പാര്‍ക്കാന്‍ ദേശങ്ങള്‍ താണ്ടി ലക്ഷക്കണക്കിന് ഭക്തര്‍ പമ്പയിലേക്ക് ഒഴുകിയെത്തി.

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികപരിവേഷങ്ങളോടെ ഒരു ദശാബ്ദത്തിനും മുന്‍പ് നടത്തിയ യാത്ര, ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടായിരുന്നു പൊന്നമ്പലമേട്ടിലേക്കുള്ള ഈ യാത്ര. മറ്റൊരു മണ്ഡലകാലത്തിന്റെ ആരംഭത്തിലായിരുന്നു യാത്രയ്ക്ക് തുടക്കം കുറിച്ചത്. പുലര്‍ച്ചെ ആറരയോടെ കൊച്ചുപമ്പയിലെ വൈദ്യുതി ബോര്‍ഡിന്റെ അതിഥി ബംഗ്ലാവില്‍ ഉറക്കമുണരുമ്പോള്‍ വല്ലാത്ത ഒരുന്മേഷമായിരുന്നു. മണ്ഡലകാലം തുടങ്ങി ഒരുമാസം പിന്നിട്ടിരിക്കുന്നു. വേനല്‍ കനക്കുമ്പോഴും സൂര്യരശ്മികള്‍ക്ക് തീക്ഷ്ണത കുറവ്. എന്നാല്‍, ഇനിയുള്ള നാളുകളില്‍ വനത്തില്‍ തീപിടിത്തത്തിന് സാധ്യതകള്‍ ഏറെയാണ്.

യാത്രികര്‍ കെടുത്താതെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയില്‍നിന്നോ തീപ്പെട്ടിക്കൊള്ളിയില്‍നിന്നോ പടരുന്ന ഒരുതരി കനല്‍ മതി ഈ അത്യപൂര്‍വ കാനനം ഒന്നാകെ കത്തിയമരാന്‍. വേനലില്‍ ഉണങ്ങിയ പുല്‍മേടുകളില്‍ തീപിടിച്ചാല്‍ നിമിഷാര്‍ധത്തില്‍ അത് നിയന്ത്രണങ്ങളുടെ ചരടുകളെല്ലാം പൊട്ടിച്ചെറിയുമെന്ന് പറയേണ്ടതില്ലല്ലോ.

രാമക്കുളം

കാടറിഞ്ഞ് ഒരുയാത്ര

പൊന്നമ്പലമേട്ടിലേക്കുള്ള യാത്രയ്ക്കും തൊട്ടുമുന്‍പത്തെ വര്‍ഷമായിരുന്നു പുല്‍മേട് ദുരന്തം ഉണ്ടായത്. 2011 ജനുവരി 14-ന് ഉപ്പുപാറയിലെ പുല്‍മേട്ടില്‍ മകരവിളക്കിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 104 മനുഷ്യജീവനുകളായിരുന്നു പൊലിഞ്ഞത്. കൊച്ചുപമ്പയിലെ കെ.എസ്.ഇ.ബി. കാന്റീനില്‍നിന്ന് ഇഡ്ഡലിയും സാമ്പാറും കഴിച്ച് വനംവകുപ്പിന്റെ ജീപ്പിലായിരുന്നു യാത്ര ആരംഭിച്ചത്. കൊച്ചുപമ്പ ചെക്ക് പോസ്റ്റ് പിന്നിട്ട് കാടിനുള്ളിലൂടെ നാല് കിലോമീറ്ററോളം നീളുന്ന ജിപ്പ് യാത്ര. രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും ഇരുവശവും പുല്‍മേടുകള്‍ നിറയുകയായി. വനംവകുപ്പിന്റെ പീരുമേട് ഗ്രാസ് ലാന്‍ഡ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡിവിഷനിലായിരുന്നു ഈ പുല്‍മേടുകള്‍. പിന്നീട് റാന്നി ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ചില്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ (വെസ്റ്റ്) പമ്പ റേഞ്ചിന്റെ പരിധിയിലാണ്. കൊച്ചുപമ്പയില്‍നിന്ന് രണ്ട് ചെക്ക് പോസ്റ്റുകള്‍ കടന്നുവേണം പൊന്നമ്പലമേട്ടിലേക്ക് എത്താന്‍. അവിടേക്ക് വിനോദസഞ്ചാരികളെ കടത്തിവിടാന്‍ അനുവാദമില്ല. ജീപ്പിന് സഞ്ചരിക്കാന്‍ മാത്രം കഴിയുന്ന റോഡ് അവസാനിക്കുന്ന സ്ഥലത്ത് വനംവകുപ്പിന്റെ തന്നെ ഒരു കാട്ടുതീ നിരീക്ഷണ ടവറുണ്ട്. കേരളത്തില്‍ ഡിസംബര്‍ മുതല്‍ മേയ്-ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് കാട്ടുതീ വീഴ്ചയ്ക്ക് സാധ്യതയുള്ളത്.

അഗ്‌നിനിരീക്ഷണ ടവര്‍

വനസമ്പത്തിന് കൊടിയ ആഘാതമേല്‍പ്പിക്കുന്ന കാട്ടുതീയെ ചെറുക്കാനായി വര്‍ഷംതോറും അഗ്‌നിരേഖകള്‍ തെളിയിക്കുന്നത് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ വനംവകുപ്പ് നടപ്പാക്കിവരുന്നുണ്ട്. അതിലൊന്നാണ്, കാട്ടുതീയുണ്ടായാല്‍ ദൂരയിടങ്ങളില്‍നിന്നുപോലും അത് കണ്ടെത്താനായി സ്ഥാപിക്കുന്ന അഗ്‌നിനിരീക്ഷണ ടവറുകള്‍. നിരീക്ഷണ ടവര്‍ ഉള്ള സ്ഥലത്തുനിന്ന് കിഴക്ക് ഭാഗത്തുകൂടി പുല്‍മേടുകളിലൂടെ ഒരു കിലോമീറ്ററോളം നടന്നു. മുന്നില്‍ത്തെളിയുന്ന പാറപ്പുറത്ത് പണ്ടെപ്പോഴോ ആദിവാസികള്‍ വരഞ്ഞിട്ട അടയാളങ്ങള്‍ പായല്‍ മൂടിക്കിടന്നിരുന്നു. അതെ, മൂലസ്ഥാനം! ചോലക്കാടുകള്‍ക്ക് ചുറ്റിനും വ്യാപിച്ചുകിടക്കുന്ന പുല്‍മേടുകളില്‍ അകലെ അങ്ങിങ്ങായിക്കാണുന്ന മലമടക്കുകളിലൊതുങ്ങുന്ന നിത്യഹരിത സസ്യസഞ്ചയം.

മൂലസ്ഥാനം

ഐതിഹ്യം

സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് കഠിനമായ കുട്ടികളില്ലാത്ത ദുഃഖത്തില്‍ അകപ്പെട്ടിരുന്ന പന്തളരാജാവ് പൊന്നമ്പലമേട്ടിലെ പാറപ്പുറത്തുവെച്ചാണ്, കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞയ്യപ്പനെ കണ്ടെത്തിയതത്രേ! ഋഷികളുടെ തപസ്സ് മുടക്കുകയും ദേവന്മാരെയും ജനങ്ങളെയും ദ്രോഹിക്കുകയും ചെയ്തിരുന്ന മഹിഷിയെന്ന രാക്ഷസിയുടെ നിഗ്രഹാര്‍ഥമാണ് അയ്യപ്പന്‍ അവതാരമെടുത്തതെന്നാണ് ഐതിഹ്യം. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവികവേഴ്ചയിലൂടെ ജനിക്കുന്ന ഒരു സൃഷ്ടിക്കും തന്നെ വധിക്കാനാകരുതെന്ന വരം നേടിയ മഹിഷിയുടെ ഉന്മൂലനത്തിനായി മഹാവിഷ്ണുവിന്റെ (ഹരി) മോഹിനിരൂപത്തില്‍ ആകൃഷ്ടനായ പരമശിവനില്‍ (ഹരന്‍) പിറന്ന സന്തതിയാണ് ഹരിഹരസുതന്‍ എന്നാണ് വിശ്വാസം. മഹിഷി വധിക്കപ്പെട്ടപ്പോള്‍ ശാപഗ്രസ്തയായ രാജകുമാരി പൂര്‍വരൂപം പ്രാപിക്കുകയും അയ്യപ്പനില്‍ അനുരക്തയാവുകയും ചെയ്തു. എന്നാല്‍, അയ്യപ്പന്റെ നിര്‍ദേശപ്രകാരം മാളികപ്പുറത്തമ്മയായി അയ്യപ്പനെ വേള്‍ക്കാനായി ഒരു കന്നി അയ്യപ്പനും വരാത്ത മണ്ഡലകാലത്തിനായി ശബരിമലയില്‍ അനന്തമായ കാത്തിരിപ്പിലാണെന്നും വിശ്വസിക്കപ്പെടുന്നു.

സോപാനവും ഇരുമ്പറക്കി മരവും

സമുദ്രനിരപ്പില്‍നിന്ന് ഒരുപാട് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൊന്നമ്പലമേട്ടില്‍ നിന്നാല്‍ ചക്രവാളസീമയില്‍ തെളിയുന്ന മകരനക്ഷത്രം എളുപ്പത്തില്‍ ദൃശ്യമാകും. പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്‌നിജ്ജ്വാലകള്‍ തടസ്സങ്ങളേതുമില്ലാതെ സന്നിധാനത്ത് കാണത്തക്കവിധം മൂലസ്ഥാനത്തുനിന്ന് ഏതാനും മീറ്റര്‍ മാറി ഒരു സിമന്റ് പ്ലാറ്റ്ഫോം നിര്‍മിച്ചിട്ടുണ്ട്. നിലയ്ക്കാത്ത ശരണംവിളികള്‍ക്കും പ്രാര്‍ഥനകള്‍ക്കും സാക്ഷിയായി ആ സിമന്റ് തിട്ടയ്ക്കരികെ തലയുയര്‍ത്തിനില്‍ക്കുന്ന ഇരുമ്പറക്കി എന്ന മരം അപ്പോഴും കാറ്റിലുലഞ്ഞ് തലയാട്ടിക്കൊണ്ടിരുന്നു. അവിടെനിന്ന് അധികം അകലെയല്ലാതെ രാമക്കുളം എന്ന് വിളിപ്പേരുള്ള ഒരു ജലസംഭരണിയുണ്ട്.

വന്യമൃഗങ്ങള്‍ അവിടത്തെ നിത്യസന്ദര്‍ശകരാണെന്ന് ചെളിയില്‍ പതിഞ്ഞുകിടക്കുന്ന കാല്പാടുകള്‍ കണ്ടാലറിയാം. അവിടെ നിന്നാല്‍ താഴ്വാരത്ത് തെളിഞ്ഞുകാണുന്ന ശബരിമലക്ഷേത്രത്തിന്റെ ദിവ്യദര്‍ശനത്തിലും മനോഹാരിതയിലും എത്ര നേരം സ്വയം മറക്കുമെന്ന് പറയാനാകില്ല. ആകാശത്തിന്റെ പടിഞ്ഞാറേ അതിരില്‍ ചെഞ്ചായം പടര്‍ന്നിരിക്കുന്നു. മടക്കയാത്ര ഇനിയും വൈകിക്കാനാവില്ല. ഇരുട്ടുവീണാല്‍ ഒറ്റയാന്മാരുടെയും ഇരപിടിയന്മാരുടെയും തട്ടകമായി കാട് മാറും. ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങകലെ തെളിഞ്ഞ കുന്നില്‍മുകളില്‍ ഞങ്ങളെത്തന്നെ നോക്കിനില്‍ക്കുന്ന ഒരുകൂട്ടം നിഴലുകള്‍! മ്ലാവുകളാണ്. ഇനിയും എത്രയോ അധികം കണ്ണുകള്‍ സസ്യനിബിഡതയിലൊളിച്ചിരുന്ന് ക്രൗര്യത്തോടെയും ജുഗുപ്സയോടെയും ഞങ്ങളെ ഉറ്റുനോക്കുന്നുണ്ടാകാം. മലമുകളിന് താഴെ പാര്‍ക്ക്‌ചെയ്തിരുന്ന ജീപ്പിന്റെ സുരക്ഷിതത്വത്തിലേക്കെത്താന്‍ കാലുകള്‍ക്കൊപ്പം മനസ്സും വ്യഗ്രതപ്പെട്ടുകൊണ്ടിരുന്നു.

പൊന്നമ്പലമേട്

ശബരിമല ക്ഷേത്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്നും 1170 മീറ്റര്‍ ഉയരത്തില്‍ പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള ഈ പ്രദേശത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ല

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: ponnambalamedu sabarimala pamba travel

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented