പിറവം: കാഴ്ചകള്‍ ധാരാളമുണ്ട് പിറവത്ത്. ചിന്മയ അന്തര്‍ദേശീയ കേന്ദ്രമായ വെളിയനാട്ടിലെ ആദിശങ്കര നിലയം തുടങ്ങി പാഴൂര്‍ പെരുംതൃക്കോവിലും, പടിപ്പുരയും പിറവത്തെ വിശുദ്ധരാജാക്കളുടെ പള്ളിയും പാമ്പാക്കുട പിറമാടത്തെ അരുവിക്കല്‍ വെള്ളച്ചാട്ടവുമെല്ലാം അവയില്‍ ചിലതാണ്.

ഇപ്പോഴിതാ ഏഴക്കരനാട്ടില്‍ ചെറിയൊരു വെള്ളച്ചാട്ടവും. പിറവത്ത് നിന്ന് ഏറെ അകലെയല്ലാതെ മണീട് ഏഴക്കരനാട്ടിലെ തിരുബലി ക്ഷേത്രത്തിന് മുന്നിലാണ് കാണാന്‍ രസമുള്ള ഈ കാഴ്ച.

സ്വയംഭൂവായ ശിവപാര്‍വതിമാരുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തിരുബലി ക്ഷേത്രത്തിന് മുന്നില്‍ നിര്‍മിച്ച തടയണയാണ് ഈ വെള്ളച്ചാട്ടത്തിന് കരുത്ത് പകരുന്നത്. തിരുബലി തോട്ടിലാണ് തടയണ. അതിന് മുകളിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളം മുത്തുമാല കണക്കേ താഴേക്ക് പതിക്കുന്നത് കാണാം. നല്ല മഴയുളള കാലത്ത് മാത്രമേ ഈ ദൃശ്യം കാണാനാകൂവെങ്കിലും ഇതൊരു കാഴ്ച തന്നെയാണ്.

കര്‍ക്കടക വാവിന് നൂറുകണക്കിന് ഭക്തര്‍ പിതൃതര്‍പ്പണത്തിനെത്തുന്ന തിരുബലിയില്‍ ഭക്തര്‍ക്ക് മുങ്ങിക്കുളിക്കാന്‍ സൗകര്യമൊരുക്കാനാണ് തടയണ നിര്‍മിച്ചത്. മലനിരകളില്‍ നിന്നുള്ള വെള്ളം ഏഴക്കരനാട്ടിലെ കുട്ടണം പുറത്ത് ചിറയിലെത്തി ചിറ കവിഞ്ഞൊഴുകി പെരുന്തോട്ടിലൂടെ ചെറു വെള്ളച്ചാട്ടങ്ങള്‍ തീര്‍ത്ത് തടയണയിലേക്കത് പതിക്കുന്നതും കാഴ്ചയാണ്.

തടയണയില്‍ നിന്നും പരന്നൊഴുകുന്ന വെള്ളം താഴേക്ക് പതിച്ച് പാറക്കെട്ടുകള്‍ നിറഞ്ഞ തിരുബലി തോട്ടിലൂടെ വെള്ളിക്കുമിളകളുതിര്‍ത്ത് ഒഴുകി ഓട്ടുകമ്പനിക്ക് സമീപമാണ് പുഴയില്‍ പതിക്കുന്നത്.

Content highlights : piravam ezhakkaranadu thirubali temple near a small waterfall formed