ഡ്യാഡ് കിപ്ലിങ്ങിന്റെ കൃതിയായ ജംഗിള്‍ബുക്കില്‍ മധ്യപ്രദേശിലെ കന്‍ഹ ദേശീയോദ്യാനത്തോടൊപ്പം പശ്ചാത്തലമായ കാടാണ് പെഞ്ച് ദേശീയോദ്യാനം. മൗഗ്ലിയും ഷേര്‍ഖാനുമെല്ലാം ഈ വനഭൂമിയിലെവിടെയോ നിന്ന് ഗൃഹാതുരസ്മൃതിയുണര്‍ത്തി തൊട്ടുവിളിക്കുന്നു! കാടിന്റെ ഉള്‍വിളി ഉയരുമ്പോള്‍ കൂടുവിട്ടിറങ്ങുന്നു. അങ്ങനെ പെഞ്ചിന്റെ ഹൃദയകവാടത്തിലാണിപ്പോള്‍ നില്‍ക്കുന്നത്.കടുവയും പുലിയും മാനും മയിലും നീലക്കാളയും നീര്‍പക്ഷികളും കാട്ടുനായ്ക്കുട്ടവും കലമാനും കാട്ടുപന്നിയും പുള്ളിമാനും കേഴമാനും ഹനുമാന്‍ കുരങ്ങും റീസസ് കുരങ്ങും സഹവര്‍ത്തിത്വത്തോടെ വാഴുന്ന, ശൈശവസ്വപ്നങ്ങളിലെ കാടിടംതന്നെ ഇവിടം. 

ഇടയ്ക്കിടെ തൂവെള്ള ശരീരം മുഴുവന്‍ ശില്പചാരുതയാര്‍ന്ന ശിഖര ങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്ന വൈറ്റ് കുളു വൃക്ഷങ്ങളും ചേരുമ്പോള്‍ മധ്യപ്രദേശിലെ ഈ വനഭൂമി വേറിട്ടൊരനുഭവമാകും. നീര്‍ത്തടങ്ങളും നിബിഢ വനങ്ങളും ചെറുവൃക്ഷസമുച്ചയങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ, നന്നായി പരിരക്ഷിക്കപ്പെടുന്ന കാട്.

പെഞ്ച് ദേശീയോദ്യാനത്തിലെ പ്രവേശനം തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരിക്കപ്പെട്ടതാകുന്നു. അനുഭവസമ്പന്നനായ മധ്യവയസ്സുള്ള ഒരു സാരഥിയും 'പനയോലപ്പുറത്ത് മഴ പെയ്യും പോലെ' പെഞ്ചിന്റെ സവിശേഷ തകള്‍ വാഴ്ത്തിപ്പാടുന്ന വനിതാ വഴികാട്ടിയുമൊത്തായിരുന്നു. ആദ്യയാത്ര. പെഞ്ചിലെ തുരിയ കവാടം കടന്ന് വാഹനം അല്പദൂരം പിന്നിട്ടേയുള്ളൂ. ഗൈഡ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായി രുന്നു ''ടൈഗര്‍!''ഒരുപക്ഷേ, ഒരു വനചാരി കടുവയെ കണ്ടെത്തുന്നതിനെക്കാള്‍ ആവേശത്തോടെയാണ് വനത്തിലെ നിത്യസഞ്ചാരിയായിട്ടും ഗൈഡിന്റെ പ്രതികരണം. ഷേര്‍ഖാന്റെ സന്ത തിപരമ്പരയിലെ ഇളമുറക്കാരിയായ പഥ്‌ദേവ് ക്യാമറ കൈയിലെടുക്കുംമുന്‍പ് റോഡിന് കുറുകെ കടന്ന് കാടകം പൂകി ചാഞ്ഞുകിടപ്പായി. പഥ് ദേവിന്റെ വിദൂരദൃശ്യം മാത്രമേ പകര്‍ത്താനായുള്ളൂവെങ്കിലും കാടുകറിയ ഉടനെ കടുവയെ കണ്ടത് ശുഭലക്ഷണമാണെന്ന് കരുതി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

Pathdev

വൃക്ഷവ്യൂഹത്തിനിടയില്‍നിന്ന് തുറസ്സിലേക്കിറങ്ങിവന്ന ഒരു നീലക്കാളയും സഹധര്‍മിണിയും കുറച്ചുനേരം മുഖദര്‍ശനം നല്‍കിയശേഷം പ്രത്യേക താ ളത്തില്‍ ചലിച്ച് കാടകം പൂകി. ഉത്തരേന്ത്യന്‍ കാടുകളിലും ചിലപ്പോഴൊക്കെ ഗ്രാമവയലിടങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള നീലക്കാളകളില്‍ ആണ്‍ പെണ്‍ വ്യതിയാനം വളരെ പ്രത്യക്ഷമാണ്. ആണിന് ഇളംനീലയില്‍ നിന്ന് പ്രായമാകുമ്പോള്‍ കറുപ്പ് കലര്‍ന്ന നിലയിലേക്ക് മാറുന്ന നിറവും, ചെറിയ കൂര്‍ത്ത കൊമ്പുകളും കുഞ്ചിരോമങ്ങളും കാണാം! പെണ്ണിന് കലമാനിന്റെയും കുതിരയുടെയും മിശ്രിത ഘടനയാണ്. ഇവയ്ക്ക് സ്വര്‍ണ വര്‍ണവും കുഞ്ചിരോമങ്ങളും തിളക്കമേറിയ കണ്ണുകളും ചന്തം ചാര്‍ത്തുന്നു.

പെഞ്ചിലേക്ക് യാത്രതിരിക്കും മുന്‍പ് മനസ്സില്‍ പ്രത്യാശയോടെ കുറിച്ചിട്ടതായിരുന്നു ''കോളര്‍വാലി' എന്ന് പുകള്‍ പെറ്റ പെണ്‍കടുവയും അവരുടെ മൂന്ന് കുഞ്ഞുങ്ങളുമായുള്ള മുഖാമുഖം. മുപ്പതോളം കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയ പെഞ്ചിന്റെ അഭിമാനമായ പെണ്‍കടുവയായിരുന്നു കോളര്‍വാലി. മിക്കവാറും എല്ലാ വനയാത്രികര്‍ക്കും കോളര്‍വാലി സമ്മുഖദര്‍ശനാഹ്ലാദം പകര്‍ന്നേകാറുണ്ടെന്നും നമുക്കും അവരെ കണ്ടെത്താനാകുമെന്നും സാരഥി പ്രതീക്ഷയുടെ തിരിയണയാതെ കാത്തു. പിന്നീട് വനപാതകളില്‍ അതിസൂക്ഷ്മതയോടെ കണ്ണും കാതും തുറന്നായിരുന്നു ഓരോ നിമിഷവും! എവിടെയെങ്കിലും അലാം കോള്‍ കേള്‍ക്കുന്നുണ്ടോ? വഴിയോരങ്ങളില്‍ കടുവ യുടെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ടോ? എന്നായിരുന്നു ശ്രദ്ധ മുഴുവന്‍.

Pench Birds

വന്യജീവിസമ്പത്ത് എന്നത് കടുവയും പുലിയും മാത്രമല്ലെന്ന് ഓര്‍മിപ്പിക്കുംവിധം പ്രലോഭനീയമായ സൗന്ദര്യത്തികവോടെ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെ പെഞ്ചിന്റെ നെഞ്ചകം ഞങ്ങള്‍ക്കായി കാത്തുവെച്ചിരുന്നു. വഴിക്ക് കുറുകേ നീങ്ങുന്ന കലമാനും കുഞ്ഞും, നീര്‍ത്തടം തേടിവരുന്ന കലമാന്‍കുടുംബവും, നൃത്തമാടുന്ന മയിലിന്റെ പിഞ്ഛികാവര്‍ണപ്പൊലിമയും കണ്ണിന് കൗതുകമായി. ഇടയ്ക്ക് അപ്രതീക്ഷിതമായി പെയ്ത ചെറുമഴയില്‍ പീലിയൊതുക്കി വിശ്രമിക്കുന്ന ആണ്‍മയിലും ആനകളുടെ സാന്നിധ്യമില്ലാത്ത കാടിടത്തില്‍ ആനയോളം വലുപ്പമുള്ള കൂറ്റന്‍ കാട്ടുപോത്തുകള്‍ തീറ്റയെടുക്കുന്നതുമെല്ലാം ഇടയ്ക്ക് കാണാമായിരുന്നു.

Peacock

കാട് തുറന്നുതരുന്ന നിഗൂഢതയുടെ കവാടങ്ങളോരോന്നായി പിന്നിടവേ പെഞ്ചിന്റെ ജലസ്രോതസ്സുകളായ ചതുപ്പുകളിലൊന്നില്‍ ഒരു ആമയും അതിന്റെ കുഞ്ഞുങ്ങളും ഒരു ചരടില്‍ കോര്‍ത്തിണക്കിയ മുത്തുകള്‍പോലെ ജലാശയത്തില്‍ വീണുകിടക്കുന്ന വൃക്ഷശാഖയില്‍ വിശ്രമിക്കുന്നതും കാണാമായിരുന്നു. പണ്ടൊക്കെ നാട്ടിന്‍പുറത്തെ ചെറുതോടുകളില്‍ ആമകളെ സമൃദ്ധമായി കാണാമായിരുന്നു എന്നാല്‍ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റംമൂലം ചെറുതോടുകള്‍ നികത്തപ്പെടുകയോ വറ്റിവരണ്ടുപോവുകയോ ചെയ്തതിനാല്‍ നാട്ടിന്‍പുറങ്ങളിലൊന്നും ആമകളെ കാണാറില്ല. ഏഴോ എട്ടോ അംഗസംഖ്യവരുന്ന ആമ കുടുംബത്തെ ഒന്നിച്ച് കണ്ടപ്പോള്‍ അത് ഗൃഹാതുരത്വമുണര്‍ന്ന ഒരു പൂര്‍വസ്തുതിയുടെ പ്രത്യാനയമായി.

കാടിന്റെ സൂക്ഷ്മാംശങ്ങളില്‍ മിഴിയുടക്കി നീങ്ങുന്നവരുടെ മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടു എന്ന ദുശ്ശാഠ്യമുള്ളതുപോലെ ഒരു ഉണക്ക വൃക്ഷത്തിന്റെ ചെറു പൊത്തിലിരുന്ന് പ്രണയരഹസ്യങ്ങള്‍ കൈമാറുന്ന ഇന്ത്യന്‍ സ്‌കൂപ് ഔള്‍ എന്ന ചെറുമൂങ്ങയും കുടുംബത്തിന്റെ സ്‌നേഹപരത ഓരോ ചലനത്തിലും പ്രകടമാക്കുന്ന ഹനുമാന്‍ കുരങ്ങുകളും ശരതീക്ഷ്ണമായ നയനങ്ങള്‍കൊണ്ട് കാടിടമാകെ ഇരയെ പരതുന്ന പ്രാപ്പിടിയനെന്ന ഷിക്രയും കേഴമാനുകളുമെല്ലാം മികച്ച ദൃശ്യ വിരുന്നായി ക്യാമറയ്ക്കുമുമ്പില്‍ തെളിഞ്ഞു.

Pench 2

പെട്ടെന്ന് ഞങ്ങളുടെ യാത്രാ വാഹനത്തിന് തൊട്ടുമുന്നിലായി തലങ്ങും വിലങ്ങും വാഹനങ്ങള്‍. ആദ്യം വന്നെത്തിയവരുടെ മുഖങ്ങളില്‍ ആഹ്ലാദവും അല്പം വൈകിയെത്തിയവരുടെ മുഖങ്ങളില്‍ ഇച്ഛാഭംഗത്തിന്റെ മാനതയും നിറഞ്ഞുകാണാമായിരുന്നു. വൈകിയെത്തിയ ഞങ്ങളെയും കാത്തിരുന്നത് ഈ പ്രതീക്ഷാഭംഗമായിരുന്നു. കോളര്‍വാലി അല്പംമുമ്പ് കാനനപാതയിലെ തുറസ്സില്‍നിന്നും ഉള്‍ക്കാട്ടിലലിഞ്ഞിരുന്നു. പക്ഷേ, അവരുടെ മൂന്നുമക്കള്‍ തീര്‍ച്ചയായും അമ്മയുടെ പാദമുദ്രകള്‍ പിന്‍പറ്റി വരും എന്നറിയാവുന്ന ഞങ്ങള്‍ കാത്തിരിപ്പായി. ക്ഷമാപൂര്‍വമായ കാത്തിരിപ്പിനൊടുവില്‍ മക്കളോരോരുത്തരായി കാടിറങ്ങിവരുന്നു. മൂന്നുപേരും വളര്‍ന്നിരിക്കുന്നു, മൂന്നോ നാലോ മാസത്തിന്റെ വളര്‍ച്ച പിന്നിട്ടതിന്റെ ഗാംഭീര്യവും പേ ശീബലവും അവയില്‍ പ്രകടമായിരുന്നു. മൂന്ന് കടുവകള്‍ ഒന്നിന് പിറകെ ഒന്നായി കാടിറങ്ങി വരുന്ന ദൃശ്യചാരുതയില്‍ അലതല്ലി ഉണര്‍ന്ന ആഹ്ലാദം കാനനപാതയിലെ മുഴുവന്‍ വനചാരികളുടെയും പ്രതികരണങ്ങളില്‍ പ്രതിഫലിച്ചുകണ്ടു.

Pench 3

നാല്പതോളം കടുവകളുടെ ആവാസകേന്ദ്രമെന്നപോലെ, പെഞ്ച് പുള്ളിപ്പുലികളുടെ സാന്നിധ്യംകൊണ്ടും ധന്യമാണ്. പാറക്കൂട്ടങ്ങളില്‍ ചാഞ്ഞ് വിശ്രമിക്കുന്ന നിലയിലാണ് പുള്ളിപ്പുലികളെ പലപ്പോഴും കാണാനാവുക. പക്ഷേ, രണ്ടുദിവസം നീണ്ടുനിന്ന യാത്ര അവസാന നിമിഷത്തോടടുക്കുമ്പോഴാണ് പുലിദര്‍ശനം സാധ്യമായത്. പ്രഭാതസവാരി അവസാനിക്കുന്നു. സ്വപ്നസന്നിഭമായ കാടനുഭവത്തോട് വിടപറയാന്‍ നേരമായി. അപ്രതീക്ഷിതമായാണ് ഞങ്ങളില്‍ ആഹ്ലാദം കോരിയിട്ടുകൊണ്ട് സാമാന്യം വലുപ്പമുള്ള ഒരു പുള്ളിപ്പുലി കാടിറങ്ങിവന്നത്. അല്പനേരം പുല്‍മേടിലലഞ്ഞശേഷം കാടു കയറുമ്പോഴേക്കും ഞങ്ങള്‍ക്ക് കുറച്ച് നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നു.

ഇന്ത്യന്‍ വനപ്രകൃതിയുടെ ഹൃദയതടത്തിലാണ് മധ്യപ്രദേശിലെ 758 ച.കി.മീ. വിസ്തൃതിയുള്ള പെഞ്ച് വ്യാപിച്ചു കിടക്കുന്നത്. മധ്യപ്രദേശിന്റെ തെക്കുഭാഗത്തുള്ള സിയോണി, ചിന്ദ്വാര ജില്ലകളില്‍ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിട്ടാണ് ഇത് നിലകൊള്ളുന്നത്. 1992-ല്‍ ഇവിടം കടുവസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്നിപ്പോള്‍ പ്രൊജെക്ട് ടൈഗറിന്റെ ഭാഗമാണ്. മധ്യപ്രദേശിലെ പെഞ്ച്, പ്രിയദര്‍ശിനി ദേശീയോദ്യാനം, മൗഗ്ലി പെഞ്ച് സാങ്ച്വറി എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചിരി ക്കുന്നു. വനഭൂമിക്ക് ദാഹജലം പകരുന്ന 'പെഞ്ച് നദിയുടെ പേരിലാണ് വനമേഖല അറിയപ്പെടുന്നത്. 

കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുന്ന പെഞ്ചിനോട് വിടചൊല്ലുമ്പോള്‍ കോളര്‍വാലിയെ ഒരുനോക്ക് കാണാനാവാത്തതിന്റെ നൊമ്പരം ഉള്ളില്‍ തികട്ടിവരുന്നുണ്ടായിരുന്നു.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Pench Safari, The Jungle Book by Rudyard Kipling, Madhya Pradesh Tourism