റക്കല്‍ കൊട്ടാരത്തിലേക്ക് പാണക്കാട്ടെ തങ്ങള്‍മാരെ വരവേറ്റത് ഉറുമിവീശിയും കളരിപ്പയറ്റ് അടവുകള്‍ കാട്ടിയും. ഇപ്പോള്‍ മ്യൂസിയമായ കൊട്ടാരത്തിന്റെ അകത്തളത്തിലെത്തിയ അതിഥികളെ സ്വീകരിച്ചിരുത്തി ജാതിച്ചപ്പില്‍ (തേക്കില) നല്‍കിയത് ആചാരപരമായ വിഭവങ്ങള്‍. തേനും കല്‍ക്കണ്ടിയും കൊപ്രയും കശുവണ്ടിയും ഈത്തപ്പഴവും ഇതിലുള്‍പ്പെടും. വിവിധ സംസ്‌കാരങ്ങളുടെകൂടി പ്രതീകമായ വിഭവങ്ങളോടെയുള്ള സ്വീകരണത്തിനുശേഷം അറയ്ക്കല്‍  ചരിത്രത്തിന്റെ രേഖകളും ചിത്രങ്ങളും കണ്ട് പാരമ്പര്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് തിരക്കുകള്‍ തീര്‍ന്ന ഉടനെയാണ്  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കുടുംബത്തിന്റെ ആരൂഢകേന്ദ്രങ്ങളിലേക്ക് പഠനയാത്ര പുറപ്പെട്ടത്.

ഒരു ബസ്സിലും ഏതാനും കാറുകളിലുമായി പാണക്കാട് കൊടപ്പനക്കല്‍ ഫാമിലി ട്രസ്റ്റ് വക പഠനയാത്ര. ഒരുവര്‍ഷംമുമ്പ് നടന്ന കുടുംബയോഗത്തിലാണ് പാണക്കാട് കുടുംബത്തിലെ പുതിയ തലമുറയ്ക്ക് ആദികേന്ദ്രങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് തീരുമാനിച്ചത്. ഏതാനും മാസംമുമ്പ് യാത്ര തീരുമാനിച്ചതാണെങ്കിലും പ്രളയത്തിന്റെ സാഹചര്യത്തില്‍  നീട്ടിവെക്കുകയായിരുന്നു. സാദിഖലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുടെകൂടി നേതൃത്വത്തിലുള്ള സംഘം പരേതനായ ഇ.അഹമ്മദിന്റെ വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷമാണ് അറക്കല്‍ കെട്ടിലേക്കു പുറപ്പെട്ടത്. പിന്നീട് സംഘം വളപട്ടണത്ത് കക്കുളങ്ങര പള്ളി സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് നേതാക്കളായ വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.പി.വമ്പന്‍ എന്നിവര്‍ വഴികാട്ടികളായി ഒപ്പം സഞ്ചരിച്ചു.

ആരൂഢകേന്ദ്രമായ വളപട്ടണത്തെ കക്കുളങ്ങര പള്ളിയില്‍ പ്രാര്‍ഥിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പാണക്കാട് കുടുംബത്തിന്റെ യാത്ര. പ്രശസ്തമായ കക്കുളങ്ങര പള്ളിയെക്കുറിച്ച്, എ.ഡി. 1342-ല്‍ വളപട്ടണം സന്ദര്‍ശിച്ച ഇബിന്‍ ബത്തൂത്ത പരാമര്‍ശിച്ചിട്ടുണ്ട്. പാണക്കാട് കുടുംബവുമായി ബന്ധമുള്ള വളപട്ടണത്തെ തങ്ങള്‍കുടുംബക്കാരെല്ലാം ഹൈദരലി ശിഹാബ് തങ്ങളെയും സംഘത്തെയും സ്വീകരിക്കാനെത്തി.

Arakkal Tour
പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അറക്കല്‍ മ്യൂസിയത്തിലെത്തിയപ്പോള്‍ വാള്‍ നല്‍കി സ്വീകരിക്കുന്നു

കക്കുളങ്ങര പള്ളിയില്‍ പ്രാര്‍ഥനയോടെ, ആചാരപരമായാണ് തങ്ങള്‍കുടുംബത്തെ വരവേറ്റത്. വളപട്ടണത്തു നിന്ന് കോഴിക്കോട്ടെത്തിയ തങ്ങള്‍ കുടുംബത്തിന്റെ പിന്‍തലമുറയാണ് പാണക്കാട് തറവാടിന്റെ സ്ഥാപകര്‍. വളപട്ടണവുമായും കണ്ണൂര്‍ അറയ്ക്കല്‍ തറവാടുമായുമുള്ള കുടുംബബന്ധം എങ്ങനെയെന്ന് സംഘത്തിലെ അംഗങ്ങള്‍ക്ക്  മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

യെമന്‍ ബന്ധം

യെമനിലെ ഹസര്‍മൗത്തിലെ തരീം എന്ന സ്ഥലത്തുനിന്ന് വളപട്ടണത്തെത്തി താമസമാക്കിയ സയ്യിദ് അലി ശിഹാബുദ്ദീന്റെ പുത്രനായ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ അറയ്ക്കല്‍ കൊട്ടാരത്തില്‍നിന്നാണ് വിവാഹം ചെയ്തത്. ഹുസൈന്‍ തങ്ങള്‍ നാലുമക്കളടങ്ങിയ കുടുംബത്തോടെ താമസം കോഴിക്കോട്ടേക്കു മാറ്റി. ഹുസൈന്‍ തങ്ങളുടെ മകനായ സയ്യിദ് മുഹ്ലാര്‍ ശിഹാബുദ്ദീന്റെ മകനായ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളാണ് പാണക്കാട് തങ്ങള്‍കുടുംബത്തിന്റെ പിതാമഹനായി അറിയപ്പെടുന്നത്

Content Highlights: Panakkad Family Travel, Panakkad Family Travel to Arakkal Palace, Arakkal Palace and Museum